ചോര പൊടിയുന്ന കണ്ണുകള്‍ പതിയെ അടഞ്ഞു, ആ നാവും കണ്ണുകളും അനക്കമറ്റു... 

By Hospital DaysFirst Published Nov 7, 2022, 3:25 PM IST
Highlights

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം.  റീന സാറ വര്‍ഗീസ് എഴുതുന്നു

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

 


 

മുപ്പത്തിയഞ്ചു പേരടങ്ങുന്ന ഒരു സംഘം നഴ്‌സുമാരുടെ മറ്റൊരു രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കം ബോളിവുഡ് സിനിമകളുടെ ആസ്ഥാനമായ വ്യവസായ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമായിരുന്നു. അവരില്‍ ഒരാളായിരുന്നു ഞാനും.

നാടാടെ പോകുന്ന രാജ്യത്തെ ഭാഷയും സംസ്‌കാരവും കേട്ടറിഞ്ഞു മാത്രമാണ് പരിചയം. വിമാനയാത്ര മുതല്‍ പിന്നീടങ്ങോട്ട് ഉള്ളതെല്ലാം പുതുമ നിറഞ്ഞതായിരുന്നു. 

മറവിയിലാണ്ട കഴിഞ്ഞു പോയ ഇന്നലെകളിലെ ചില കാഴ്ചകള്‍ പൊട്ടും പൊടിയുമായി കാണാം.
എന്നാല്‍ മറ്റുചിലത് ദൂരദര്‍ശനിയില്‍ എന്നതു പോലെ ഓര്‍മകളില്‍ സുവ്യക്തവും. നിലാവായും സൂര്യനായും മഴയായും മിന്നല്‍പ്പിണറായും വരുന്ന ജീവിതാനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ് ഓര്‍മകള്‍ എന്നു തോന്നാറുണ്ട്. അതാവും നിലാവു പൊഴിയുന്ന നേരത്തും മാനം ഇരുളുമ്പോഴും നക്ഷത്രങ്ങള്‍ തിളങ്ങുമ്പോഴും മഴ പെയ്യുമ്പോഴുമൊക്കെ ഓര്‍മകള്‍ വിവിധ ഭാവങ്ങളില്‍ തല്ലിയും തലോടിയും മനസ്സില്‍ നിറയുന്നത്. 
അങ്ങനെയൊരു ഓര്‍മയാണ് അവരെനിക്ക്. സാറ-എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയവര്‍.

പല്ലുകളില്ലാത്ത മോണ കാട്ടി കൊച്ചുകുഞ്ഞിനെ പോലെ വെളുക്കെ ചിരിച്ചിരുന്ന വയോധിക. നീലഞരമ്പുകള്‍ തെന്നിയും തെളിഞ്ഞും നിന്നിരുന്ന ചുക്കിച്ചുളിഞ്ഞ് ദശവറ്റിയ അവരുടെ ദുര്‍ബലമായ കൈകള്‍ കൊണ്ട് എന്റെ കവിളുകളില്‍ തലോടും. ധൈര്യം വീണ്ടെടുക്കാന്‍ എന്നപോലെ ആവുന്നത്ര ശക്തിയെടുത്ത് കൈകളില്‍ അമര്‍ത്തി പിടിക്കും. എന്റെ പേരും നിന്റെ പേരും ഒന്നാണെന്ന് പറഞ്ഞ് ആരൊക്കെയോ ഉണ്ടെന്ന് ആശ്വാസം കൊള്ളും. മകളായോ കൊച്ചുമകളായോ കരുതിയിട്ടുണ്ടാവണം.

ആശുപത്രിയിലെ എട്ടാം നമ്പര്‍ മുറിയില്‍ ആരോഗ്യം പണിമുടക്കി ദീര്‍ഘനാളുകളായി കിടപ്പിലാണ്. പലതരം ശാരീരിക അവശതകള്‍ മൂലം തീര്‍ത്തും ശയ്യാവലംബിയായി മലമൂത്ര വിസര്‍ജനം ഡയപ്പറിലായ അവസ്ഥ. ഭക്ഷണവും മരുന്നുകളും കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ ഇനി ഒരിക്കലും മുറിയിലേക്കു വരില്ലെന്നും പരസ്പരം കാണില്ലെന്നുമുള്ള സ്‌നേഹപൂര്‍വമായ ശാസനയില്‍ മറുത്തൊന്നും പറയാതെ കഴിക്കും.

ഡ്യൂട്ടി ഇല്ലാതിരിക്കുന്ന സമയങ്ങളില്‍  'സാറ എവിടെ?' എന്ന്  അന്വേഷിക്കും. സ്വയം സംസാരിക്കും പൊട്ടിച്ചിരിക്കും ചിലപ്പോള്‍ കരയും മറ്റുചിലപ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ വല്ലാതെ ശാഠ്യം പിടിക്കും. അക്കാലയളവിനുള്ളില്‍ വിവിധ മാനസികാവസ്ഥകളിലൂടെ അവര്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.

ഇതൊക്കെയാണെങ്കിലും  ആരെയും ബുദ്ധിമുട്ടിക്കാനോ ശല്യം ചെയ്യാനോ അവര്‍ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് സംസാരത്തില്‍ നിറയുന്ന തത്ത്വചിന്തകളില്‍ കൂടി മനസ്സിലാക്കിയിരുന്നു. 

സാറാമ്മച്ചി കിടന്നിരുന്ന ജനാലയുടെ തിരശ്ശീല മാറ്റിയാല്‍ മനോഹരമായ കാഴ്ചകളാണ്. നീണ്ട മൂന്നുവരി പാതയിലൂടെ നിരനിരയായി പോകുന്ന വാഹനങ്ങള്‍. അതിനപ്പുറം  വലിയ തിരയിളക്കങ്ങളോ ബഹളങ്ങളോ ഇല്ലാത്ത, മുകളില്‍ നീലാകാശം കുടപിടിച്ചിരിക്കുന്ന അനന്തമായ കടല്‍. ചിലപ്പോള്‍ അങ്ങു ദൂരെ ഉള്‍ക്കടലില്‍ കപ്പലുകള്‍ ഒച്ചിഴയും പോലെ പോകുന്നതു കാണാം. പകല്‍ മായുമ്പോള്‍ മനംമയക്കുന്ന അസ്തമയവും. പുറംലോകവുമായുള്ള അവരുടെ ഏകബന്ധം ആ കാഴ്ചകള്‍ മാത്രമായിരുന്നു.

'ഞാന്‍ ഇങ്ങനെ കിടക്കയില്‍ ആകുമെന്ന് വിചാരിച്ചതേയില്ല. രോഗവും വാര്‍ദ്ധക്യവും കീഴ്‌പ്പെടുത്തിയത് പെട്ടെന്നായതു പോലെ. ഒരു നട്ടുച്ച കിനാവു കണ്ടുണരും പോലെ. രോഗവും വാര്‍ദ്ധക്യവും ഭൂതകാലത്തെ മാത്രമല്ല നമ്മില്‍നിന്ന് അകറ്റുന്നത് നാളയെ കാണാമെന്നുള്ള മോഹവും കൂടിയാണ്. കൂടെ ബന്ധുമിത്രാദികളേയും. തിരക്കുകള്‍ക്കിടയില്‍ ഒരു ദിനം നാം പോലുമറിയാതെ ജീവിത ഘടികാരം പുതുമ നശിച്ച് കൃത്യമല്ലാതെ ഓടുന്നു. അതോടെ ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ അതങ്ങനെ പൊടിപിടിച്ചു കിടക്കും. ആരെങ്കിലും നന്നാക്കാന്‍ കൊടുത്താലായി കൊടുത്തില്ലെങ്കിലായി. പോകെ പോകെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്  കാലങ്ങള്‍ കഴിയുമ്പോള്‍ മണ്ണോട് ചേരും.'

അവരത് പറയുമ്പോള്‍ എന്തു മറുപടി കൊടുക്കും എന്നറിയാതെ ഞാനാ മുഖത്തേക്കും ശാന്തമായ കടലിലേക്കും മാറി മാറി നോക്കും. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത മനുഷ്യജീവിയുടെ സ്‌നേഹത്തിനായുള്ള വ്യഗ്രതയ്ക്കും തീവ്രമായ ആഗ്രഹത്തിനും ലോകത്ത് എവിടെയും മരുന്നു കണ്ടു പിടിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്‍പില്‍ വാക്കുകള്‍ക്കായി പരതി.

എല്ലാം നേടിയെടുക്കാം എന്ന വ്യാമോഹവും പേറി പരക്കം പായുന്ന പലര്‍ക്കും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയാതെ പോയിട്ടുണ്ടെന്ന് തെളിച്ചു പറയാതെ പറയുകയായിരുന്നു അവര്‍. ജനാലയ്ക്ക് അപ്പുറത്തെ കടലിന്റെ മറുകരയിലേക്ക് നടന്നു പോകണമെന്ന് കരുതും പോലെയാണ് തിരിച്ചു കിട്ടാത്ത സ്‌നേഹവും ലഭിക്കാത്ത പരിചരണവുമെന്ന് പലപ്പോഴും അവര്‍ പറഞ്ഞിട്ടുണ്ട്. ദിനചര്യകളും അവനവന്റെ കാര്യങ്ങളും സ്വയം ചെയ്യാനാകാതെ വരുമ്പോഴേ ഒട്ടുപേര്‍ക്കും അതേപ്പറ്റി തിരിച്ചറിവ് ഉണ്ടാകുവെന്ന് തോന്നിയ നിമിഷങ്ങള്‍.

ലോകത്തോടു വിളിച്ചുപറയുന്ന അവരുടെ ശബ്ദം മരുന്നുകളുടെ മണം തങ്ങി നില്‍ക്കുന്ന  മുറിയിലും എന്റെ കാതുകളിലും മാത്രമായി ഒതുങ്ങി. ജ്വലിച്ചു നില്‍ക്കുന്ന ഗ്രഹം സൂര്യനോട് അടുക്കുമ്പോള്‍ അതികഠിനമായ ചൂടേറ്റ് ശക്തി ക്ഷയിച്ചു പോകുന്നതു പോലെ മനോവ്യഥയാലും രോഗത്തിന്റെ കാഠിന്യത്താലും അവരുടെ ശബ്ദം പലപ്പോഴും ഇടറി.

പ്രിയപ്പെട്ടവര്‍ക്കൊപ്പം വീട്ടില്‍ പോകണമെന്നുള്ള അതിയായ ആഗ്രഹം  ഉണ്ടായിരുന്നു. നടക്കാത്ത ആഗ്രഹമാണ് അതെന്ന് നന്നായി അറിയുകയും ചെയ്യാം. അത്തരം മനോവ്യാപാരങ്ങളുടെ പ്രതിഫലനമാണ് അവരുടെ വാക്കുകളിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നത്.

നോക്കാന്‍ ചുമതലയില്ലാത്ത ദിവസങ്ങളിലെ ജോലി സമയത്ത് എത്ര തിരക്കിനിടയിലും അവരെ കാണാന്‍ പോകുന്നതും സംസാരിക്കുന്നതും ഞാന്‍ പതിവാക്കി. മരിച്ചുപോയ വല്യമ്മച്ചിയുടെ രൂപസാദൃശ്യം കൊണ്ടുകൂടിയാവണം സാറാമ്മച്ചിയോട് കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ നല്ലൊരാത്മബന്ധം ഉടലെടുത്തത്.

ജാതിയും മതവും സമ്പാദ്യവും അറിവും വര്‍ഗ്ഗ വര്‍ണ്ണ വലിപ്പച്ചെറുപ്പ വ്യത്യാസങ്ങളില്ലാത്ത ആതുരാലയങ്ങളാണ് സ്വയം ആരെന്ന് തിരിച്ചറിയുന്ന ലോകത്തെ ഏകയിടം.

വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട് ഏകദേശം രണ്ടു മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് അവരുടെ രോഗം കലശലായത്. കരളില്‍ അര്‍ബുദം ബാധിച്ചതു കൊണ്ട് ശരീരഭാരം ക്രമാതീതമായി കുറഞ്ഞു. വിശപ്പ് തീരേ ഇല്ലാതെയായി. കണ്ണുകളില്‍ നിന്നും രക്തം പൊടിയാന്‍ തുടങ്ങി. പതിയെ പതിയെ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും സംസാരവും കുറഞ്ഞു വന്നു. അബോധാവസ്ഥയിലേക്ക് വഴുതി വീഴുന്നതിനു മുന്‍പുള്ള ലക്ഷണങ്ങള്‍. ശരീരം മരുന്നുകളോട് പ്രതികരിക്കാതെയായി. അത്തരമൊരു അവസ്ഥയിലും എന്നെ തിരിച്ചറിയുമായിരുന്നു. 

ഡോക്ടര്‍മാര്‍, ട്രീറ്റ്‌മെന്റ് നോട്ട്‌സില്‍ മരുന്നുകള്‍ക്കൊപ്പം ടി. എല്‍. സി. അഥവാ 'ടെന്‍ഡര്‍ ലവിങ്ങ് കെയര്‍' എന്ന് ഒരോ ദിവസത്തെ റൗണ്ട്‌സിനു ശേഷവും ഞങ്ങള്‍ക്കായി കുറിച്ചു. 

മരുന്നുകള്‍ക്കും മീതെ ആര്‍ദ്രമായ സ്‌നേഹപരിചരണമാണ് ആരുടെയൊക്കെയോ ആരെല്ലാമോ ആയി ജീവിച്ചിരുന്നവര്‍ക്ക് ലോകം വിട്ടു പോകുന്നതിനു മുന്‍പ് കൊടുക്കേണ്ടത് എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍.

അന്ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് കയറിയതേ ഉണ്ടായിരുന്നുള്ളൂ. ആ ദിവസം സാറാമ്മച്ചിയെ നോക്കുന്ന ചുമതല എന്റേതല്ലായിരുന്നു. ജോലികള്‍ തീര്‍ത്ത് ഷിഫ്റ്റ് തീരുന്നതിനു മുന്‍പ് കണ്ടു് സംസാരിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ്

എട്ടാം നമ്പര്‍ മുറിയിലെ രോഗി 'ഗ്യാസ്പ്പിങ്ങ്' (ശ്വാസം എടുക്കാന്‍ വളരെ ബന്ധപ്പെടുന്ന അല്ലെങ്കില്‍ തീര്‍ത്തും കിട്ടാതെ വരുന്ന അവസ്ഥ) ആണെന്ന് ഗ്രൂപ്പ് ലീഡറോട് ചുമതലപ്പെട്ട സ്റ്റാഫ് പറയുന്നത്. 

വല്ലാത്തൊരങ്കലാപ്പോടെ ഞാനാ മുറിയിലേക്ക് ഓടി. അര്‍ദ്ധബോധത്തോടെ ഇരു കൈകളും പൊക്കി 'സാറ, സാറ' എന്നുവിളിച്ച് ചോര പൊടിഞ്ഞിരുന്ന കണ്ണുകള്‍ പതിയെ ചിമ്മി അടയുന്ന കാഴ്ച. ആരുമല്ലാതിരുന്ന എന്നോട് അവസാന യാത്ര പറഞ്ഞ് ആ നാവും കണ്ണുകളും അനക്കമറ്റു. മോണിറ്ററിലെ ഹൃദയ താളങ്ങള്‍ നേര്‍വരയില്‍ ആകുന്നതിനു മുന്‍പു് വരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പരമാവധി ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി.

എല്ലാ ശ്രമങ്ങളും വിഫലമാക്കി കൊണ്ട് ശബ്ദങ്ങളില്ലാത്ത ലോകത്തേക്ക് സാറാമ്മച്ചി മടങ്ങിയിരിക്കുന്നുവെന്ന തിരിച്ചറിവോടെ ചോര കിനിഞ്ഞ മനസ്സുമായി ഞാനാ മുറിവിട്ട് ഇറങ്ങി. 

click me!