Opinion : ഈ ഡോക്ടര്‍മാര്‍ തന്ന ഉള്‍ക്കരുത്താണ് കാന്‍സറില്‍നിന്നും എന്നെ കരകയറ്റിയത്!

By Hospital DaysFirst Published May 5, 2022, 4:44 PM IST
Highlights

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം. ടി.ജി. സുരേഷ് എഴുതുന്നു 

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ.  സബ് ജക്ട്  ലൈനില്‍  'ആശുപത്രിക്കുറിപ്പുകള്‍'  എന്നെഴുതാനും മറക്കരുത്

 

 

2019 ആഗസ്റ്റ് എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജീവിതം അവസാനിച്ചിടത്തുനിന്ന് പുതിയ ഒരു ജീവിതം തുടങ്ങിയ ദിനങ്ങള്‍. ആശുപത്രിയിലെ എന്റെ നേരങ്ങള്‍. 

കടുത്ത ചുമയായിട്ടാണ് ഞാന്‍ കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെത്തിയത്! പിന്നീട് കണ്‍തുറന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച എം. വി. ആര്‍. ക്യാന്‍സര്‍ സെന്റര്‍ എന്ന ബോര്‍ഡാണ്. ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ആര്‍ത്തുപെയ്യുന്ന മഴ; അടുത്ത് നിറകണ്ണുകളോടെ ഭാര്യ. എന്റെ മനസ്സിലും കടലിരമ്പുന്നുണ്ട്. ചുറ്റും കണ്ണീരായ് ആര്‍ത്തുപെയ്യുന്ന ആര്‍ദ്രതയുടെ ഭാവം.

അല്പസമയം കഴിഞ്ഞപ്പോള്‍ റിസള്‍ട്ടുമായി ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍ റൂമിലെത്തി. എന്റെ മുഖത്തുനോക്കി കൊണ്ട് പറഞ്ഞു, ഭയപ്പെടാനൊന്നുമില്ല, ഒന്ന് രണ്ട് കീമോ ചെയ്തുകഴിഞ്ഞാല്‍ മാറിക്കോളും. പരിഭ്രമിക്കണ്ട. 

ഡോക്ടറുടെ മുഖത്തെ പുഞ്ചിരികണ്ടപ്പോള്‍ എനിക്കും ആശ്വാസമായി. ആര്‍ത്തിരമ്പുന്ന മഴയെ നോക്കികൊണ്ട് ഞാന്‍ മനസ്സില്‍ വിചാരിച്ചു; ഒരുതരത്തിലും ടെന്‍ഷനടിപ്പിക്കാതെ, എത്ര കയ്യൊതുക്കത്തോടെയാണ് അദ്ദേഹം ഈ വിഷയം എനിക്കു മുന്നില്‍ അവതരിപ്പിച്ചത്.

എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതാണ് എന്നു കരുതി അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തെ ചെന്നുകണ്ടു സംസാരിച്ചു. അപ്പോഴും ഇതു തന്നെയായിരുന്നു ഡോക്ടറുടെ മറുപടി. അതെന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. കാരണം നിരവധി തവണ രോഗിയായും സഹായിയായും ഹോസ്പിറ്റലില്‍ പോയിട്ടുണ്ട്. ഒരുപാട് ഡോക്ടര്‍മാരെ കണ്ടിട്ടുമുണ്ട്. രോഗിയെയോ രോഗിയുടെ കൂടെയുള്ളവരെയോ ഒന്നും തന്നെ ടെന്‍ഷനടിപ്പിക്കാതെ കാര്യം പറയുന്നതും, കേള്‍ക്കുന്നതും ഇതാദ്യമായാണ്. മറക്കില്ല കോഴിക്കോട് മുക്കത്തിനടുത്തുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ പച്ചപ്പ് എന്റെ മനസ്സിലെ പച്ചപ്പ് കൂടിയാണ്. 

വളരെ വിഷാദഭാവത്തോടെയാണ് അന്ന് എന്റെ അടുത്ത് രോഗവിവരം ഡോട്കര്‍ പറഞ്ഞതെങ്കില്‍ ഒരു പക്ഷേ എനിക്കത് താങ്ങാനാവുമായിരുന്നില്ല.   
 
ഒരാഴ്ചത്തെ കീമോയ്ക്ക്ശേഷം വീട്ടിലെത്തി, 15 ദിവസം കൂടുമ്പോള്‍ അവിടെ ചെല്ലണമായിരുന്നു. 12 കീമോയ്ക്ക്ശേഷം പിന്നെ 3 മാസം കൂടുമ്പോഴായിരുന്നു ചെക്കപ്പ്. ഓരോതവണ എം വി ആറിലേയ്ക്ക് പോവുമ്പോഴും എനിക്കു പേടിയില്ലായിരുന്നു, മറിച്ച് എന്റെ കൂടെയുള്ളവര്‍ക്കായിരുന്നു ഭയം. എനിക്ക് എന്തുകൊണ്ട് പേടിയില്ല എന്നു ചോദിച്ചാല്‍; ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം കൂടുതലുള്ളവര്‍ വരെ ഈ രോഗബാധയില്‍പ്പെട്ടുഴലുന്നതു കാണുമ്പോള്‍ എനിക്കു തോന്നിയത് ഞാന്‍ അനുഭവിക്കുന്നത് ഒന്നുമല്ലെന്നാണ്. 

ജീവിതത്തിന്റെ അവസാനമല്ല ക്യാന്‍സര്‍ എന്ന തോന്നലില്‍ നിന്ന് ഉടലെടുത്ത ഉള്‍കരുത്തായിരുന്നു അത്. ഞാനിതും തരണം ചെയ്യും എന്ന് പറഞ്ഞ് എന്റെ മനസ്സിനെ പഠിപ്പിച്ചുകഴിഞ്ഞിരുന്നു. ഈ കരുത്തെനിക്കു പകര്‍ന്നുതന്നത് എം.വി.ആറിലെ ഡോ. നാരായണന്‍കുട്ടി വാരിയരും, ഡോ. ശ്രീധരനുമാണ്. അവിടുത്തെ ഡോക്ടര്‍മാരെപ്പോലെ തന്നെ രോഗിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ളവരായിരുന്നു അവിടത്തെ നേഴ്സ്മാരും സാനിറ്റേഷന്‍ ജീവനക്കാരുമെല്ലാം. 

കീമോ ചെയ്യുന്നതിനിടെ എനിക്ക് ഇന്‍ഫക്ഷന്‍ പിടിപ്പെട്ടു. വേദന കടിച്ചമര്‍ത്തിയ ദിനങ്ങളായിരുന്നു അത്. മലവും മൂത്രവും കിടക്കയില്‍ തന്നെയായ ദിവസങ്ങള്‍. ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ആ സമയത്ത് എന്നെ പരിചരിച്ചത് ഭാര്യയും സാനിറ്റേഷന്‍ ജീവനക്കാരുമാണ്.  

കീമോ ചെയ്ത 20 കിലോ ശരീരഭാരം കുറഞ്ഞ് ശരീരം ക്ഷീണിച്ചപ്പോഴും മനക്കരുത്തുകൊണ്ടും, ചുറ്റുമുള്ളവരുടെ പ്രാര്‍ത്ഥനകൊണ്ടും അതിജീവനത്തിന്റെ പുതിയ പാത വെട്ടിതെളിച്ചു. ഈ അതിജീവനയാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത സാന്നിധ്യം എന്റെ അളിയന്‍ സുജിയാണ്. വേദന കൊണ്ട് പുളഞ്ഞ ദിവസങ്ങളില്‍ ഉള്ളിലെ വിഷമം പുറത്തുകാണിക്കാതെ കിടക്കുമ്പോഴും സുജി അരികിലേയ്ക്ക് വരുമ്പോള്‍ പറയാതെ തന്നെ അവന്‍ എന്റെ ഉള്ളറിയും, എന്നെ സാന്ത്വനിപ്പിക്കും.

തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ സന്തോഷവും അതിലുപരി അത്ഭുതവുമാണ്. മരണത്തിന്റെ മുടുപടം അഴിഞ്ഞുവീഴുകയായിരുന്നു എന്റെ മുന്നില്‍. കൈവിട്ടുപോയി എന്നു കരുതിയ ജീവിതം പുതിയ ചിറകുകളോടെ തിരിച്ചുകിട്ടി. ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടാവും അതില്‍ പതറാതെ മുന്നോട്ടുപോവാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ. ഇന്നിപ്പോ നിസ്സാരപ്രശ്നങ്ങള്‍ക്കു മുന്നില്‍ പതറിയോടുന്ന ഒരു തലമുറയാണുള്ളത്. അവരോടായി പറയാനുള്ളത്, സ്വയം കരുത്താര്‍ജ്ജിക്കണം എന്നാണ്. എന്നാല്‍ മാത്രമേ അടിപതറാതെ മുന്നോട്ടു നടക്കാന്‍ പറ്റൂ.


 

click me!