ജൂലിയന്‍ അസാഞ്ച്; യുഎസിന് 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലായതെങ്ങനെ ?

Published : Jul 04, 2024, 12:44 PM ISTUpdated : Jul 04, 2024, 12:50 PM IST
ജൂലിയന്‍ അസാഞ്ച്; യുഎസിന് 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലായതെങ്ങനെ ?

Synopsis

അമ്മയും ഒരു സുഹൃത്തും ബ്രിട്ടന്‍റെ രഹസ്യ ആണവ പരീക്ഷണങ്ങളുടെ തെളിവ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, അത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങിയപ്പോൾ അമ്മയുടെ സുഹൃത്തിനെ തല്ലിച്ചതച്ചു, അമ്മയാകാൻ യോഗ്യയല്ലെന്ന കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.


14 വർഷം നീണ്ട നിയമയുദ്ധത്തിന് ശേഷം ജൂലിയൻ അസാഞ്ച് ഒടുവില്‍ മോചിതനായിരിക്കുന്നു.  അതും, ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ്. അമേരിക്കൻ നിയന്ത്രണത്തിലുള്ള നോര്‍ത്തേണ്‍ മരിയാന ദ്വീപിലെ കോടതിയിൽ ഹാജരായി കുറ്റം മാത്രമേറ്റ്, ശിക്ഷ ഏറ്റുവാങ്ങുക. ശിക്ഷാ കാലാവധി ഇതിനകം അനുഭവിച്ചത് കൊണ്ട് സ്വതന്ത്രനായി ഓസ്ട്രേലിയക്ക് പറക്കാം. പക്ഷേ, അമേരിക്കയിലേക്ക് ഇനി മുൻകൂർ അനുമതി ഇല്ലാതെ പ്രവേശനമില്ല. ഓസ്ട്രേലിയയുടെ ചരടുവലികൾ തന്നെയാണ് ഈ ധാരണക്കും മോചനത്തിനും പിന്നിൽ.

ബ്രിട്ടനിലെ ബെല്‍മഷ് അതീവ സുരക്ഷാ ജയിലിലായിരുന്നു അസാഞ്ച്. 5 വർഷത്തിലേറെ ഏതാണ്ട് ഏകാന്തത്തടവ്. അവിടെ നിന്ന് ബ്രിട്ടീഷ് ഹൈക്കോടതി നൽകിയ ജാമ്യവുമായി  സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്ക് വഴി നോര്‍ത്തേണ്‍ മരിയാനയുടെ തലസ്ഥാനമായ സായിപാനിലേക്ക്. യാത്രയ്ക്ക് 5 ലക്ഷം ഡോളർ വാടക. അതും നല്‍കിയത്  ഓസ്ട്രേലിയൻ സർക്കാർ. ആ തുക തിരികെ കൊടുക്കുമെന്നും സൻമനസ്സുള്ളവരുടെ സഹായം തേടുമെന്നും അറിയിച്ചു അസാഞ്ചിന്‍റെ ഭാര്യ സ്റ്റെല്ലാ അസാഞ്ച്. കോടതിയിൽ ഹാജരായി അസാഞ്ച് ഗൂഡാലോചനക്കുറ്റം മാത്രം സമ്മതിച്ചു. 62 മാസത്തെ ശിക്ഷ. അത് ഇതിനകം ബ്രിട്ടിഷ് ജയിലിൽ തന്നെ കഴിഞ്ഞു. ഒടുവില്‍, സ്വതന്ത്ര്യം.

അസാഞ്ച് കേസിന്‍റെ ചരിത്രം

ഒരു 'മാധ്യമ പ്രവർത്തകന്‍റെ ധ‍ർമ്മ'മാണ് അസാഞ്ച് നിർവഹിച്ചത് എന്ന് വാദിക്കുന്നവരാണ് കൂടുതലും. പക്ഷേ, ചില രഹസ്യങ്ങൾ, അത് രാജ്യസുരക്ഷക്ക് ഭീഷണിയാണെങ്കിൽ പറയരുതെന്ന് വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്. എന്തായാലും പടിഞ്ഞാറൻ നാടുകളിൽ സാധാരണമല്ലാത്ത ഒരു കഥയാണ് അസാഞ്ചിന്‍റെത്. 14 വർഷം ലോകത്തെ വൻശക്തിയെന്ന് അഭിമാനിച്ചിരുന്ന രാജ്യത്തെ സർക്കാരും ഒരു വ്യക്തിയും തമ്മില്‍ നടന്ന നിയമയുദ്ധം. നിയമത്തിന്‍റെ എല്ലാ നൂലാമാലകളും ഇഴകീറിയെടുത്ത് പ്രയോഗിച്ചു ഇരുകൂട്ടരും. ജയിക്കുമെന്ന് സാധാരണഗതിയിൽ വിശ്വസിക്കാനാവാത്ത ഒരു പോരാട്ടം.

കുട്ടിക്കാലം

അമേരിക്കയിൽ അസാഞ്ച് 'വാണ്ടഡ്' ആയത് ക്രിമിനൽ കുറ്റത്തിലാണ്. വിക്കിലീക്സ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട രഹസ്യരേഖകളാണ് കാരണം. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്വദേശിയായ അസാഞ്ചിന്‍റെ കുട്ടിക്കാലം അത്ര സാധാരണമായിരുന്നില്ല. അമ്മ ക്രിസ്റ്റീനി, അച്ഛൻ ഷിപ്ടണെ പിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചു. നാടുചുറ്റി നാടകങ്ങൾ അവതരിപ്പിക്കുന്ന ബ്രെറ്റ് അസാഞ്ച് എന്നയാളെ. ഈ പേരാണ് വാൽക്കഷ്ണമായി അസാ‌ഞ്ചും സ്വീകരിച്ചത്. ജൂലിയന്  4 വയസുള്ളപ്പോൾ ഉണ്ടായ സംഭവവും അസാധാരണമാണ്.

ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

അമ്മയും ഒരു സുഹൃത്തും ബ്രിട്ടന്‍റെ രഹസ്യ ആണവ പരീക്ഷണങ്ങളുടെ തെളിവ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, അത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങിയപ്പോൾ അമ്മയുടെ സുഹൃത്തിനെ തല്ലിച്ചതച്ചു, അമ്മയാകാൻ യോഗ്യയല്ലെന്ന കുറ്റം ചുമത്തുമെന്ന് ക്രിസ്റ്റീനെ ഭീഷണിപ്പെടുത്തി. അതോടെ അതവസാനിച്ചു. പിന്നാലെ അമ്മയും ബ്രെറ്റ് അസാഞ്ചും പിരിഞ്ഞു. പിന്നെ അമ്മയുടെ പങ്കാളിയായ ആളെ പേടിച്ച് ഏറെക്കാലം അമ്മയും രണ്ടുമക്കളും പലയിടത്തായി ഒളിച്ചു താമസിച്ചു. ഇതിനിടെ അസാഞ്ച് കമ്പ്യൂട്ടർ പ്രോഗാമിംഗിൽ വിദഗ്ധനായി. ഒരു പുസ്തകവുമെഴുതി. അന്നത്തെ ബെസ്റ്റ് സെല്ലർ. 16 -ാം വയസിൽ  സമർത്ഥനായ ഹാക്കറുമായി. പിന്നെ കേസുകൾ, അറസ്റ്റ്, മാനസികാരോഗ്യ കേന്ദ്രത്തിലെ വാസം, അതിനിടെ 18 വയസ് ആകും മുമ്പ്  16 കാരിയുമായി വിവാഹം. ഒരു കുഞ്ഞ്. പിന്നെ കുഞ്ഞിന് വേണ്ടി കസ്റ്റഡി യുദ്ധം. ഇതിനെല്ലാം ശേഷമാണ് വിക്കിലീക്സിലേക്ക് അസാഞ്ച് എത്തുന്നത്.

വീക്കീലീക്സ്

2006 -ലാണ് വിക്കിലീക്സ് സ്ഥാപിച്ചത്. സർക്കാർ കോർപ്പറേറ്റ് രഹസ്യരേഖകൾ പ്രസിദ്ധീകരിക്കുന്ന ഏജൻസി, സുതാര്യത ഉറപ്പാക്കുക എന്നതാണ് ഉദ്ദേശ്യം. 2010 -ൽ വിക്കിലീക്സ് പ്രസിദ്ധീകരിച്ച രേഖകൾ അമേരിക്കയെ ഞെട്ടിച്ചു. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ അമേരിക്കൻ സൈന്യം നൂറുകണക്കിന് നിരായുധരായ സാധാരണക്കാരെ കൊന്നൊടുക്കിയതിന്‍റെ രേഖകളും രണ്ട് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകരടക്കം പന്ത്രണ്ടോളം പേരെ ഹെലികോപ്ടർ വെടിവയ്പിൽ കൊല്ലുന്ന ദൃശ്യങ്ങളുമാണ് വീക്കീലീക്സ് അന്ന് പുറത്തുവിട്ടത്. അതേ വർഷം തന്നെ അമേരിക്കൻ എംബസികൾ അയച്ച രഹസ്യ സന്ദേശങ്ങളും പുറത്തുവിട്ടു. മുൻ അമേരിക്കൻ ഇന്‍റലിജൻസ് അനലിസ്റ്റ് ചെല്‍സി മേനിങുമായി ചേർന്ന്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ സൈനികർ നടത്തിയ, എന്നാല്‍ പുറം ലോകമറിയാത്ത കൊലകളുടേത് അടക്കമുള്ള രേഖകൾ. അത് ആഗോളതലത്തിൽ യുഎസിന് പ്രത്യാഘാതമുണ്ടാക്കി. അതോടെ അമേരിക്കൻ സർക്കാരിളകി.

സൈനികരുടെ ജീവഹാനിക്ക് ഇടവരുത്തുന്ന രേഖകൾ എന്നാരോപിച്ച് അസാഞ്ചിനെതിരെ കേസെടുത്തു. ഗൂഢാലോചന കുറ്റമടക്കം ചുമത്തി. ചെൽസീ മേനിങിനെ അറസ്റ്റ് ചെയ്തു.  35 വർഷത്തെ തടവിന് വിധിച്ചു. അത് പിന്നെ ഇളവ് ചെയ്ത് 2017 -ൽ അവരെ മോചിപ്പിച്ചു. പക്ഷേ, അസാഞ്ചിലെ പോരാളി കീഴടങ്ങാൻ തയ്യാറായില്ല. രേഖകൾ പ്രസിദ്ധീകരിച്ച സമയത്ത് അസാഞ്ച് സ്വീഡനിലായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ലൈംഗികാതിക്രമവും ബലാൽസംഗവും അസാഞ്ചിന് മേലെ അരോപിച്ചു. രാഷ്ട്രീയാരോപണം എന്ന് പറഞ്ഞ അസാഞ്ച് അതിൽ നിന്ന് രക്ഷപ്പെടാൻ ലണ്ടനിലേക്ക് പലായനം ചെയ്തു. പിന്നാലെ സ്വീഡൻ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

(ബ്രിട്ടനിലെ ഇക്വഡോര്‍ എംബസില്‍ അഭയം തേടിയ കാലത്ത് ജൂലിയന്‍ അസാഞ്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു)

ഭരണം സുഗമമാക്കാൻ തെരഞ്ഞെടുപ്പ് നേരത്തെയാക്കി; മക്രോണിന് അടിപതറുമോ?

കീഴടങ്ങല്‍

അസാഞ്ച് യുകെയിൽ കീഴടങ്ങി. ജാമ്യം കിട്ടി പുറത്തിറങ്ങി. പക്ഷേ, സ്വീഡിഷ് കോടതി മറ്റൊരു ഉത്തരവിട്ടു. അസാഞ്ചിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്. അതോടെ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടി. പുറത്ത് ബ്രിട്ടിഷ് സൈനികർ കാത്തുനിന്നു, പുറത്തിറങ്ങിയാൽ അറസ്റ്റ്. അങ്ങനെ, എംബസിക്കുള്ളിൽ 2010 മുതൽ 2019 വരെ നീണ്ട ഒമ്പത് വർഷം. പക്ഷേ,  ഇതിനിടെ ഇക്വഡോർ സർക്കാരുമായി തെറ്റി. അവര്‍ അസാഞ്ചിനെ പുറത്താക്കി. അതോടെ ലണ്ടൻ പൊലീസിന്‍റെ പിടിയിലുമായി. എല്ലാം തികച്ചും നാടകീയമായിരുന്നു. പിന്നെ ബെല്‍മഷ് ജയിലിൽ. ഇതിനിടെ അമേരിക്ക, അസാഞ്ച് കുറ്റക്കാരനെന്ന് കണ്ടെത്തി. വിട്ടുകിട്ടാനുള്ള നടപടികളും തുടങ്ങി. നിയമയുദ്ധം തുടങ്ങിയത് അന്നാണ്. അസാഞ്ച് നാടുകടത്തലിനെതിരെ അപ്പീൽ നൽകി. ഇനി അമേരിക്കയിൽ പോയാൽ അസാഞ്ച് ജീവനോടെ തിരിച്ചെത്തില്ലെന്ന് അന്ന് സ്റ്റെല്ലാ അസാഞ്ച് പറഞ്ഞിരുന്നു. അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതി, അഭിപ്രായ സ്വാതന്ത്ര്യം , അനുസരിച്ചുള്ള സംരക്ഷണം വേണം എന്ന് അസാഞ്ചിന്‍റെ അഭിഭാഷകർ വാദിച്ചു. 2022 -ൽ നാടുകടത്തലിനെതിരായി അപ്പീൽ നൽകുന്നതിൽ നിന്ന് അസാഞ്ചിനെ കോടതി വിലക്കി. സർക്കാർ നാടുകടത്താന്‍ ഉത്തരവിട്ടു.  പിന്നാലെ ഹൈക്കോടതിയുടെ ഉത്തരവുമെത്തി. ഇതിനിടെ അമേരിക്ക മൂന്ന് പ്രസിഡന്‍റുമാർ മാറി മാറി ഭരിച്ചു. ഒബാമ, ട്രംപ്, ബൈഡൻ. ചെൽസി മാനിങിന്‍റെ ശിക്ഷ ഇളവ് ചെയ്തത് ഒബാമയാണ്. പക്ഷേ, ട്രെപിന്‍റെ നീതിന്യായ വകുപ്പ് 18 കേസുകളിൽ കുറ്റം ചാർത്തി. ബൈഡനടക്കം അസാഞ്ചിനെ വിട്ടുകിട്ടാനാണ് നീക്കങ്ങൾ നടത്തിയത്.

 

നാളെ; മോചനത്തിന് വഴി തുറക്കുന്നു


 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്