അഞ്ചുപേരെ രക്ഷിക്കാന്‍ ഒരാളെ മരിക്കാന്‍ വിടാമോ, കൊറോണക്കാലത്തെ തര്‍ക്കത്തിന്റെ കഥ

By Alaka NandaFirst Published Apr 28, 2020, 5:46 PM IST
Highlights

ലോക്ക്ഡൗണിനു പകരമെന്ത്; പ്രയോജനവാദവും റിവേഴ്‌സ് ക്വാറന്റീന്‍, ഹെര്‍ഡ് ഇമ്യൂണിറ്റിയും.  അളകനന്ദ എഴുതുന്നു

ഇപ്പോഴത്തെ കൊറോണ പ്രതിസന്ധിക്കിടെ വെന്റിലേറ്ററുകള്‍ കുറഞ്ഞപ്പോള്‍ അതാര്‍ക്ക് കൊടുക്കണം എന്നതില്‍ പ്രയോജനവാദമാണ് മാതൃകയാണ് ഇറ്റലി സ്വീകരിച്ചത്. അതേ രീതി കൊറോണ നേരിടുന്നതില്‍ പ്രയോഗിക്കണം എന്ന് വാദിക്കുന്നു പ്രശസ്ത ചിന്തകനായ പീറ്റര്‍ സിംഗര്‍.  ജീവിതം വിലയേറിയതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ചിന്ത തള്ളിക്കളയണം എന്നാണ് സിംഗറിന്റെ പക്ഷം. അതിനെപ്പറ്റി അദ്ദേഹം എഴുതുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചുപേരെ രക്ഷിക്കാന്‍വേണ്ടി ഒരാളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ല, എന്നതാണ് പ്രയോജനവാദം പറയുന്നത്.

 

 

ആരോഗ്യമാണോ സമ്പദ് വ്യവസ്ഥയാണോ വലുത്? ലോകത്തെ സാമ്പത്തിക വിദഗ്ധരും ആരോഗ്യ വിദഗ്ധരും തമ്മില്‍ ഇക്കാര്യത്തില്‍, ആശയത്തര്‍ക്കം നടക്കുകയാണിപ്പോള്‍. കൊവിഡ്  ഉയര്‍ത്തിവിട്ടതാണീ ചോദ്യം. അതുമായി ബന്ധപ്പെട്ടതാണ് ഇന്ന് നമ്മള്‍ കേള്‍ക്കുന്ന റിവേഴ്‌സ് ക്വാറന്റീന്‍, ഹെര്‍ഡ് ഇമ്യൂണിറ്റി (Herd Immunity)  എന്ന വാക്കുകള്‍. അതിന്റെ പിന്നിലെ ധാര്‍മ്മികതയെയും നൈതികതയെയും  ചൊല്ലിയാണ് തര്‍ക്കം.

''കൊവിഡ് പരക്കുന്നത് തടയാന്‍ ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതം കൊവിഡിനേക്കാള്‍ വലിയ ദുരന്തമാകുമോ?''. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കത്തില്‍ പറഞ്ഞതാണീ വാക്കുകള്‍. ആദ്യം അമേരിക്ക ലോക് ഡൗണിന് വിസമ്മതിച്ചത് ഈ സംശയം കാരണമാണ്. പക്ഷേ മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ട്രംപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം കേള്‍ക്കാന്‍ തീരുമാനിച്ചു, ലോക് ഡൗണ്‍ നടപ്പിലാക്കി. ബ്രിട്ടനിലും സംഭവിച്ചത് അതുതന്നെയാണ്. ലോക് ഡൗണ്‍  നടപ്പിലാക്കിയപ്പോഴേക്കും മരണനിരക്ക് കുതിച്ചുയര്‍ന്നിരുന്നു.  പക്ഷേ ചൈന രോഗവ്യാപനം തടഞ്ഞത് ലോക് ഡൗണിലൂടെയാണ്.

ഇതാണ് ഇപ്പോഴത്തെ ആശയസംഘര്‍ഷത്തിന്റെ രണ്ട് വശങ്ങള്‍.

ഒന്നുകില്‍ രോഗവ്യാപനം ലോക്‌ഡൌണിലൂടെ പിടിച്ചുനിര്‍ത്തുക അല്ലെങ്കില്‍ മുതിര്‍ന്നവരേയും കുഞ്ഞുങ്ങളേയും രോഗികളേയും സംരക്ഷിച്ചിട്ട് ആരോഗ്യമുള്ളവര്‍ക്കിടയില്‍ രോഗം പടരാന്‍ അനുവദിക്കുക. അതാണ് റിവേഴ്‌സ് ക്വാറന്റീന്‍. ഒരുതവണ രോഗം വന്നുപോകുമ്പോഴേക്കും പ്രതിരോധശേഷി കൈവരും.  അതായത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് സ്വാഭാവികമായി  പ്രതിരോധശേഷി കൈവരും. അപ്പോള്‍ രോഗവ്യാപനം കുറയും. അതാണ് ഹെര്‍ഡ് ഇമ്യൂണിറ്റി  (Herd Immunity). അതിനുവേണ്ടിയാണ് സാമ്പത്തികവിദഗ്ധരും ഒരു വിഭാഗം ആരോഗ്യവിദഗ്ധരും വാദിക്കുന്നത്.

സ്വീഡനില്‍ അതാണ് നടപ്പാക്കിയത്. മെയ് ആകുമ്പോഴേക്കും സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോം ഈ പറയുന്ന ഹെര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കും എന്നാണ് രാജ്യത്തെ വിദഗ്ധരുടെ പ്രതീക്ഷ. വാക്‌സിനാണ്  ഇത് കൈവരിക്കാനുള്ള  ഏറ്റവും പറ്റിയ മാര്‍ഗം. പക്ഷേ കൊവിഡ് 19 വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.  എന്നത്തേക്ക് കണ്ടുപിടിക്കുമെന്നും  എന്നത്തേക്ക് അത് വാണിജ്യാടിസ്ഥാനത്തില്‍ കിട്ടിത്തുടങ്ങും എന്നതും നിശ്ചയമില്ല. അതുവരെ ലോകം മുഴുവന്‍ ലോക ഡൗണിലാകുക എന്നതും പ്രായോഗികമല്ല. അതുകൊണ്ട് സ്വയം പ്രതിരോധശേഷി കൈവരിക്കുക എന്നത് മാത്രമാണ് വഴി.

പക്ഷേ ശേഷിക്കുന്ന ഒരു ചോദ്യം, കൊറോണവൈറസിന്റെ ആഘാതശേഷിയമോയി ബന്ധപ്പെട്ടതാണ്. ബ്രിട്ടനിലും അമേരിക്കയിലും സര്‍ക്കാരുകള്‍ പിന്മാറിയത് ആഘാതം താങ്ങാന്‍ പറ്റാതെയായതോടെയാണ്. വ്യാപനത്തോത് നിയന്ത്രണം വിട്ടു, ആശുപത്രികളും സൗകര്യങ്ങളും തികയാതെ വന്നു, മരണനിരക്കും കുതിച്ചുകയറി. അങ്ങനെയൊരു സ്ഥിതിവിശേഷം താങ്ങാന്‍ എത്ര രാജ്യങ്ങള്‍ക്ക് കഴിയും എന്നതാണ് സംശയം.

സ്വീഡനിലെ ജനസംഖ്യ 10 മില്യനാണ്. നഗരങ്ങളിലൊഴിച്ച് ജനവാസം കുറവുമാണ്. തൊട്ടടുത്ത ഡെന്മാര്‍ക്കിലും ഫിന്‍ലന്റിലും അതിന്റെ പകുതിയേ ഉള്ളു ജനസംഖ്യ. പക്ഷേ അവര്‍ അതിര്‍ത്തികളടക്കം അടച്ചു. അവരുടേതില്‍ നിന്ന് ഇരട്ടിയാണ് സ്വീഡനിലെ കൊവിഡ് ബാധിതരുടെ എണ്ണം. 15000 ത്തിലേറെ. മരണനിരക്ക് ഇരട്ടിയല്ലെങ്കിലും കൂടുതലാണ്. അതേസമയം വൃദ്ധര്‍ക്കായുള്ള കെയര്‍ സെന്ററുകളിലാണ് മരണനിരക്ക് കൂടുതലെന്നത് സ്വീഡന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

 

 

ഈ പറയുന്ന ഹെര്‍ഡ് ഇമ്യൂണിറ്റി അനുവദിക്കുന്നതിലെ ധാര്‍മ്മികതയെച്ചൊല്ലിയുള്ള ആശയസംഘര്‍ഷത്തില്‍ ഒരു രാഷ്ട്രീയനേതൃത്വം ഏതുവഴി സ്വീകരിക്കും എന്നതാണ് വിഷയം.

അമേരിക്കയില്‍ ഇന്ന് നടക്കുന്ന ലോക് ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ ഈ ആശയസംഘര്‍ഷത്തിന്റെ മറ്റൊരു മുഖമാണ്.  ന്യൂനപക്ഷത്തെ വിട്ടുകൊടുത്തിട്ട് ഭൂരിപക്ഷത്തെ രക്ഷിക്കുക. പ്രയോജനവാദം (Utilitarianism).  അത് അപകടകരം എന്നുതോന്നുന്നത് അമേരിക്കയിലെ ചില നേതാക്കള്‍ ആ നിലപാട് വ്യക്തമാക്കുമ്പോഴാണ്.. ഇന്ത്യാനയിലെ റിപ്പബ്ലിക്കന്‍ നേതാവ് ട്രേ ഹോളിംഗ്‌വര്‍ത്  ലോക് ഡൗണിനെതിരായി വാദിച്ചിരുന്നു. പിന്നീട് ആ വാക്കുകള്‍ തിരിച്ചെടുത്തെങ്കിലും. ടെക്‌സസിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് കുറച്ചുകൂടി കടുത്ത വാക്കുകളാണ് പറഞ്ഞത്. അമേരിക്കയിലെ മുതിര്‍ന്നവര്‍ രാജ്യത്തിനുവേണ്ടി തങ്ങളുടെ ജീവന്‍ ബലികഴിക്കാന്‍ തയ്യാറായേക്കാം എന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. 

അതാണ് പ്രയോജനവാദം. പതിനെട്ടാം നൂറ്റാണ്ടിലാണ് പ്രയോജനവാദത്തിന്റെ തുടക്കം. രാജകുമാരന്‍മാരെയും ദരിദ്രരേയും ഒരേപോലെ കാണണം എന്നതായിരുന്നു ആശയം. ഇപ്പോഴത്തെ കൊറോണ പ്രതിസന്ധിക്കിടെ വെന്റിലേറ്ററുകള്‍ കുറഞ്ഞപ്പോള്‍ അതാര്‍ക്ക് കൊടുക്കണം എന്നതില്‍ പ്രയോജനവാദമാണ് മാതൃകയാണ് ഇറ്റലി സ്വീകരിച്ചത്. അതേ രീതി കൊറോണ നേരിടുന്നതില്‍ പ്രയോഗിക്കണം എന്ന് വാദിക്കുന്നു പ്രശസ്ത ചിന്തകനായ പീറ്റര്‍ സിംഗര്‍. 

ജീവിതം വിലയേറിയതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ചിന്ത തള്ളിക്കളയണം എന്നാണ് സിംഗറിന്റെ പക്ഷം. അതിനെപ്പറ്റി അദ്ദേഹം എഴുതുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചുപേരെ രക്ഷിക്കാന്‍വേണ്ടി ഒരാളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ല, എന്നതാണ് പ്രയോജനവാദം പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പമാണ് സിംഗര്‍ അണിചേരുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നവരാണ് ഈ സമരങ്ങളിലും അണിനിരക്കുന്നത്. : നിലപാട് അംഗീകരിക്കുന്നുവെങ്കിലും ട്രംപ് അവരുടെ ആവശ്യം അംഗീകരിക്കാത്തത് രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതോടെയാണ്. 

പക്ഷേ രോഗവ്യാപനം കൂടിയ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ രക്ഷിക്കുന്നതില്‍ ഓരോദിവസവും പലതവണ ഈ ചോദ്യം സ്വയം ചോദിക്കേണ്ടിവരുന്നു, തീരുമാനമെടുക്കേണ്ടി വരികയും ചെയ്യുന്നു. അവര്‍ക്ക് മുന്നില്‍ വേറെ വഴിയില്ല.

 

 

click me!