'യുദ്ധമൊക്കെ കഴിഞ്ഞാൽ, എന്നെ എന്റെ മകൻ മരിച്ച ആ സ്ഥലം ഒന്ന് കൊണ്ടുപോയി കാണിക്കണം...'

By Babu RamachandranFirst Published Jul 23, 2019, 3:24 PM IST
Highlights

ജൂലൈയിൽ, ഹനീഫ് മരിച്ച് ഒരു മാസം കഴിഞ്ഞ്, ജനറൽ ഭാട്ടിയ ആകെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ യൂണിറ്റ് ജൂലൈ 10-ന് തുർതുക്കിലെത്തി. അദ്ദേഹം തന്റെ യൂണിറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, "നമ്മുടെ സഹപ്രവർത്തകരുടെ, ഈ രാജ്യത്തിന്റെ ധീര രക്തസാക്ഷികളുടെ  മൃതദേഹങ്ങൾ, തിരിച്ചെത്തിക്കണം, ഇപ്പോൾ തന്നെ ഏറെ വൈകി..." 

കാർഗിൽ യുദ്ധത്തിന് ഇരുപതുവർഷം തികയുന്ന ഈ വേളയിൽ രാജ്യം നിറഞ്ഞ നന്ദിയോടെ ഓർക്കുന്ന ഒരു ജീവത്യാഗമുണ്ട്. അത്, ക്യാപ്റ്റൻ ഹനീഫുദ്ദീന്റെയാണ്. കശ്മീരിന്റെ പച്ചപുതച്ച താഴ്വരകൾക്കും, ആപ്രിക്കോട്ട് തോട്ടങ്ങൾക്കും ഒക്കെ ഏറെ മുകളിലായി കാരക്കോണം മലനിരകൾ അതിരിടുന്ന മഞ്ഞുമലകള്‍... അതിലൂടെയാണ് ക്യാപ്റ്റൻ ഹനീഫുദ്ദീൻ എന്ന ഇന്ത്യയുടെ ധീരനായ സൈനിക ഓഫീസർ, ഒരു കയ്യിൽ റൈഫിളുമേന്തിക്കൊണ്ട് ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടും ശത്രുസൈനികരുടെ വെടിയുണ്ടകളെ നേരിട്ടത്. ഈ മഞ്ഞുപുതച്ച കൊടുമുടികളുടെ ശിഖരങ്ങളിലൊന്നിലാണ്, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്ന വിശിഷ്ട സ്ഥാപനത്തിലെ തന്റെ പരിശീലനം കഴിഞ്ഞ്, ആർമിയിൽ കമ്മീഷൻ ചെയ്ത് കൃത്യം രണ്ടുവർഷം തികയുന്ന ദിവസം  അദ്ദേഹം മരിച്ചുമരവിച്ചുകിടന്നത്. ആ മൃതദേഹം തിരികെ ബേസിലേക്ക് എത്തിക്കാനാവാതെ 43  ദിവസം ആ മഞ്ഞിൽ അങ്ങനെ തന്നെ കിടന്നു. 

എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. ഹിന്ദുവായ അമ്മയ്ക്കും, മുസ്ലീമായ അച്ഛനും ജനിച്ച്, ഈദും ദിവാലിയും ഒരുപോലെ ആഘോഷിച്ചുകൊണ്ട് വളർന്നു വന്ന ഒരു യുവാവ്, മതത്തിന്റെ പേരിൽ രണ്ടായി വിഭജിക്കപ്പെട്ട രണ്ടു രാഷ്ട്രങ്ങൾക്കിടയിലുണ്ടായ യുദ്ധത്തിനിടയിൽ വീരചരമം പ്രാപിക്കുന്നു! 11  രാജ് പുത്താനാ റൈഫിൾസിന്റെ ധീരനായ ഒരു പോരാളിയായിരുന്നു ഹനീഫുദ്ദീൻ. 

ഹനീഫിന്റെ അമ്മ ഹേമലതാ അസീസിനെ കാണാൻ വേണ്ടി അന്നത്തെ ആർമി ചീഫ് ജനറൽ വേദ് പ്രകാശ് മാലിക്, നേരിട്ടുചെന്നു അവരുടെ ദില്ലി മയൂർവിഹാറിലുള്ള അപ്പാർട്ട്‌മെന്റിൽ. സങ്കടം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം അവരോടു പറഞ്ഞു, "ശത്രുപക്ഷം ഇപ്പോഴും നിരന്തരം ഷെല്ലിങ്ങ് നടത്തുന്നതിനാൽ, അമ്മയുടെ മകന്റെ മൃതദേഹം ഇതുവരെ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല." ജനറലിന്റെ മുഖത്ത് ഉറ്റുനോക്കിക്കൊണ്ട് അവർ പറഞ്ഞു, "വേണ്ട, എന്റെ മോന്റെ ശരീരം തിരിച്ചെത്തിക്കാൻ പോയി, ഇനിയൊരു കുട്ടിക്കുകൂടി ജീവൻ നഷ്ടപ്പെടേണ്ട... സാവകാശം മതി..." 

ആ അമ്മ ജനറലിനോട് ആകെ ഒരാവശ്യം  മാത്രമാണ് പറഞ്ഞത്. "യുദ്ധമൊക്കെ കഴിഞ്ഞാൽ, എന്നെ എന്റെ മകൻ മരിച്ച ആ സ്ഥലം ഒന്ന് കൊണ്ടുപോയി കാണിക്കണം.." തീർച്ചയായും അതിനുള്ള അവസരമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കി ജനറൽ പിരിഞ്ഞു. ഒടുവിൽ 43  ദിവസങ്ങൾ കഴിഞ്ഞ്, സാഹചര്യങ്ങൾ അനുകൂലമായപ്പോൾ, സേന ഹനീഫിന്റെ മൃതദേഹം തിരിച്ചുകൊണ്ടുവന്നു.  പൂർണ്ണ സൈനികബഹുമതികളോടെ ദില്ലിയിൽ ഹനീഫിന്റെ അന്തിമകർമ്മങ്ങളും നടന്നു. ശഹീദ് കാപ്റ്റൻ ഹനീഫുദ്ദീനെ മരണാനന്തരം വീർ ചക്ര നൽകി രാഷ്ട്രം ആദരിച്ചു.

അതിനു ശേഷം, ഹേമലതാ അസീസ് എന്ന ആ അമ്മ, തന്റെ അവശേഷിച്ച രണ്ടുമക്കളോടൊപ്പം തുർതുക്കിലേക്ക് പോയി. അവിടെ ഇന്നൊരു സെക്ടർ തന്നെ ഹനീഫിന്റെ പേരിലാണ്. രണ്ടു രാജ്യങ്ങൾക്കിടയിലെ വിവാദാസ്പദമായ ഒരു വാഗ്ദത്തഭൂമിയാണ് തുർതുക്ക്. അവിടെയാണ് ഹനീഫിന്റെ ജീവൻ പൊലിഞ്ഞത്. തന്റെ കൂടെ ചെലവിടാൻ മാത്രം അമ്മയ്ക്ക് നേരമില്ലല്ലോ എന്ന് ഹനീഫ്  ഇടയ്ക്കിടെ അമ്മയോട് കളി പറയുമായിരുന്നു. ഇത്തവണ, ആ അമ്മയെ കാണാൻ ഹനീഫ് കാത്തുനിന്നില്ല. ആ ബറ്റാലിയനിലെ ഏറ്റവും ചെറുപ്പം പയ്യനായിരുന്നു ഹനീഫ്. അവനെത്തന്നെ വിധി നേരത്തേ കൂടെക്കൂട്ടി. തുർതുക്കിലെ ആദ്യത്തെ നുഴഞ്ഞുകയറ്റം കണ്ടെത്തിയത് 12 ജാട്ട് റജിമെന്റിലെ പട്രോൾ സംഘം ആയിരുന്നെങ്കിലും പിന്നീടുള്ള പ്രധാന പോരാട്ടങ്ങളിൽ ഏർപ്പെട്ടത് ഹനീഫ് ഭാഗമായിരുന്ന 11 രാജ് പുത്താനാ റൈഫിൾസ് ആയിരുന്നു. അതിനിടയിലായിരുന്നു ഹനീഫിന്റെ ജീവൻ നഷ്ടപ്പെടുന്നതും. ലക്ഷ്യസ്ഥാനത്തില്‍നിന്ന് വെറും 200 മീറ്റര്‍ അകലെവെച്ചാണ് ഹനീഫ് വെടിയേറ്റു മരിക്കുന്നത്. ആദ്യവെടികൊണ്ടിട്ടും പിന്മാറാതെ മുന്നോട്ടുതന്നെ പോവുകയായിരുന്ന ഹനീഫ് ഒടുവില്‍ ശത്രുക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. നാലുപാടുനിന്നും അദ്ദേഹത്തിന് നേരെ വെടിയുണ്ടകള്‍ പാഞ്ഞുവന്നു. ആ ധീരയോദ്ധാവിന് ഒടുവില്‍ മരണത്തെ പുല്‍കേണ്ടി വന്നു. 

ജൂലൈയിൽ, ഹനീഫ് മരിച്ച് ഒരു മാസം കഴിഞ്ഞ്, ജനറൽ ഭാട്ടിയ ആകെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ യൂണിറ്റ് ജൂലൈ 10-ന് തുർതുക്കിലെത്തി. അദ്ദേഹം തന്റെ യൂണിറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, "നമ്മുടെ സഹപ്രവർത്തകരുടെ, ഈ രാജ്യത്തിന്റെ ധീര രക്തസാക്ഷികളുടെ  മൃതദേഹങ്ങൾ, തിരിച്ചെത്തിക്കണം, ഇപ്പോൾ തന്നെ ഏറെ വൈകി..." 

അത് ഓപ്പറേഷൻ അമർ ഷഹീദ് എന്ന ഒരു രഹസ്യ ദൗത്യത്തിന്റെ ആരംഭമായിരുന്നു. അന്നേക്ക് എട്ടാം നാൾ, അതായത് ക്യാപ്റ്റൻ ഹനീഫ് മരിച്ചുവീണിട്ട് 43  ദിവസങ്ങൾക്കപ്പുറം ക്യാപ്റ്റൻ എസ് കെ ധിമാൻ, മേജർ സഞ്ജയ് വിശ്വാസ് റാവു, ലെഫ്റ്റനന്റ് ആശിഷ് ഭല്ല, ഹവിൽദാർ സുരീന്ദർ, റൈഫിള്‍മാന്‍ ധരംവീർ എന്നിവരടങ്ങുന്ന സംഘം സാങ്ങ് പാലിൽ നിന്നും ആറുകിലോമീറ്റർ അകലെയുള്ള സിയാച്ചിൻ ഗ്ലേസിയർ ലക്ഷ്യമാക്കി പുറപ്പെട്ടു. 

ചെങ്കുത്തായ മലനിരകൾ കേറിയിറങ്ങി, അവർ ഹനീഫ്, പര്‍വേശ് എന്നിവരുടെ മരവിച്ചു കിടന്ന മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടു മൃതദേഹങ്ങളും തോളിലേറ്റി മലമുകളിൽ നിന്നും തിരിച്ചിറങ്ങി രാവിലെ ഏഴുമണിയോടെ തിരിച്ച് സാങ്ങ് പാലിൽ എത്തി. അടുത്ത ദിവസം രാവിലെ പട്ടാള ഹെലിക്കോപ്റ്ററുകളിൽ മൃതദേഹങ്ങൾ ദില്ലി ലക്ഷ്യമാക്കി കൊണ്ടുപോകുന്നു. ആ ഹെലികോപ്ടറിനെ യാത്രയാക്കിക്കൊണ്ട് കേണൽ ഭാട്ടിയ ഒന്നേ പറഞ്ഞുള്ളൂ, "ഇതിനു ഞങ്ങൾ പകരം  ചോദിച്ചിരിക്കും.." 

തുടർന്ന് ശത്രുക്കൾ കയ്യേറിയിരുന്ന പോയിന്റ് 5590 കീഴടക്കാനുള്ള ദൗത്യമായിരുന്നു. കേണൽ ഭാട്ടിയ  അതിന് ഓപ്പറേഷൻ ഹനീഫ് എന്ന് പേരിട്ടു. ഏറെ ദുഷ്കരം എന്നും, ഒത്തിരി ജീവനാശമുണ്ടാകും എന്നും കരുതപ്പെട്ടിരുന്ന ആ ഓപ്പറേഷൻ, എന്നാൽ വൻവിജയമായിരുന്നു. ഒരു സൈനികനുമാത്രമാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. 11  രാജ് പുത്താനാ റൈഫിൾസ് പീക്ക് 5590 കീഴടക്കി. അന്ന് ആ പീക്കിൽ കയ്യേറിയിരുന്ന സകല പാക്ക് സൈനികരെയും വധിച്ച് അവർ തങ്ങളുടെ സൈനികരുടെ ജീവനാശത്തിന് പകരം വീട്ടി. പോരാട്ടങ്ങളിൽ പ്രകടിപ്പിച്ച അസാമാന്യ വീര്യത്തിന്റെ പേരിൽ ക്യാപ്റ്റൻ അനിരുദ്ധ് ചൗഹാൻ, റൈഫിൾമാൻ കിഷൻ കുമാർ എന്നിവർക്ക് സേനാമെഡലുകൾ ലഭിക്കുകയുണ്ടായി.

മകന്റെ അവിചാരിതമായ മരണം സമ്മാനിച്ച സങ്കടങ്ങളെ ഒരു സംഗീതാധ്യാപികയായ  ഹേമലത അതിജീവിക്കുന്നത് കുഞ്ഞുങ്ങളെ ഹിന്ദുസ്ഥാനി അഭ്യസിപ്പിച്ചുകൊണ്ടാണ്. താൻപുര ശ്രുതി ചേർത്ത്, അവർ ഒരു സർഗം ആലപിക്കുമ്പോൾ, തുറന്നിട്ട ജനാലയിലൂടെ ഒരു നനുത്ത കാറ്റ് അവരുടെ കവിളിൽ വന്നു തൊടും... അപ്പോൾ അതിൽ തന്റെ മകന്റെ ഗന്ധമുള്ളതായി, അവന്റെ ചിരിയൊച്ച മുഴങ്ങുന്നതായി അവർ സങ്കൽപ്പിക്കും. ആ ചിരിയോർക്കുമ്പോൾ അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും!

മഞ്ഞിന്റെ മറവിൽ നടന്നത് കടുത്ത വിശ്വാസ വഞ്ചന..!

ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം

15 വെടിയുണ്ടകളേറ്റിട്ടും മരിച്ചില്ല, പാക് സൈന്യത്തിനു നേരെ ഗ്രനേഡെറിഞ്ഞു; യോഗേന്ദ്ര സിങ് യാദവിന്‍റെ ധീരത

click me!