കേരളപ്പിറവി; കളിയിക്കാവിളയിൽ അവസാനിക്കുന്ന കേരളചരിത്രം, ഒറ്റപ്പെട്ട് പോയ തമിഴ് മലയാളി

Published : Nov 27, 2025, 03:15 PM ISTUpdated : Nov 27, 2025, 03:28 PM IST
 Kerala lost Kanyakumari

Synopsis

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിൽ കേരളത്തിന് കന്യാകുമാരി നഷ്ടമായതിന്‍റെ പിന്നിലെ കാരണങ്ങൾ ഭാഷാവാദം മാത്രമല്ല. ജാതിപ്പോരും രാഷ്ട്രീയക്കളികളും അധികാര വടംവലികളും ഈ വിഭജനത്തിന് വഴിവെച്ചു. തമിഴ്നാടിനോട് ചേർന്നതോടെ തമിഴ് മലയാളി അവഗണിക്കപ്പെട്ടു. 

 

കിഴക്ക് ബംഗാൾ ഉൾക്കടൽ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് ഇന്ത്യൻ മഹാസമുദ്രം. മൂന്ന് മഹാസമുദ്രങ്ങളൊന്നിക്കുന്ന ഇന്ത്യയുടെ തെക്കൻ മുനമ്പ്. തമിഴും മലയാളവും പേശുന്നൊരു മിശ്രനാഗരികതയുടെ അൻപൊലി. കന്യാകുമാരി, എഴുപത് വർഷങ്ങൾക്ക് മുൻപ് കേരളസംസ്ഥാനത്തിന് അതൊരു നവംബറിന്‍റെ നഷ്ടമായി. ഭാഷവാദത്തിന്‍റെ ചുട്ടികുത്തി കൂടപ്പിറപ്പുകളായ തമിഴരും മലയാളിയും തമ്മിൽ നടന്ന ജാതിപ്പോരിൽ ഒരു ദേശം രണ്ടായി ഭിന്നിച്ചു. നായരും നമ്പൂതിരിയും രാജാവും കൈകോർത്തപ്പോൾ നട്ടം തിരിഞ്ഞ കീഴ്ജാതിക്കാരുടെ ദൈന്യതയെ ഭാഷവാദമാക്കി ഒരുപക്ഷം രാഷ്ട്രീയക്കളിക്കിറങ്ങിയപ്പോൾ ദേശത്ത് ചോര കിനിഞ്ഞു. പത്തോളം രക്തസാക്ഷികൾ, നൂറുകണക്കിനാളുകൾക്ക് പരിക്ക്. ഒരു മുഖ്യമന്ത്രിക്ക് രണ്ട് വട്ടം, പിന്നൊരാൾക്ക് തമിഴർക്കൊത്താശ ചെയ്തുവെന്ന ആരോപണത്തിലൊരുവട്ടവും രാജിവയ്ക്കേണ്ടിവന്നു. ഒക്കെക്കഴിഞ്ഞ് പൊക്കിൾക്കൊടി ബന്ധമറ്റുകഴിയുമ്പോൾ ശരിക്കും പെരുവഴിയാധാരമായത് കന്യാകുമാരിയിലെ മലയാളി ന്യൂനപക്ഷം മാത്രം. കേരളസംസ്ഥാനത്തിന് പ്രായം എഴുപത് കഴിഞ്ഞിട്ടും ആ മുറിവിൽ തേൻപുരട്ടാൻ ആരുമെത്തിയില്ല. ഒന്നൊന്നുമറിയാതെ ലക്ഷങ്ങളിന്നും ഉദായാസ്തമയം കണ്ട് മടങ്ങുമ്പോൾ ആ മണ്ണിന്‍റെ അക്ഷാംശങ്ങളിൽ നിശ്ശബ്ദമായൊരു തേങ്ങൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. യാത്രയിലെ വഴിയമ്പലങ്ങളെ അത് വീണ്ടും വിളിച്ചുണർത്തുകയാണ്.

മേടമാസത്തിലെ ചിത്രപൗർണ്ണമിയുടെ പ്രഭാതങ്ങളിൽ ഒരേകാലം കിഴക്ക് സൂര്യോദവും പടിഞ്ഞാറ് ചന്ദ്രാസ്തമയവും സംഭവിക്കുന്ന സാഗര സംഗമ ഭൂമി. മഹാഭാരതം സഭാപർവ്വത്തിലും വനപർവ്വത്തിലുമായി മൂന്ന് അദ്ധ്യായങ്ങളിൽ പരാമർശിക്കുന്ന കന്യാതീർത്ഥം. 1,800 വർഷങ്ങൾക്ക് മുൻപ് ടോളമി കുറിച്ചിട്ട കൗമരിയ ആക്രോണെന്ന സ്നാനഘട്ടം. 800 വർഷങ്ങൾക്ക് മുൻപ് മാർക്കോ പോളോ ധ്രുവനക്ഷത്രം കണ്ടുനിന്ന കൊമരി. യക്ഷികളും യുദ്ധങ്ങളും ബലിത്തറകളും നിറഞ്ഞ പഴയ തിരുവിതാംകൂറിൻ്റെ പിതൃഭൂമി. മണ്ണിൽ പൊന്നു വിളയിച്ച കർഷകരുടെ വിയർപ്പിൽക്കുതിർന്ന നാഞ്ചിനാടൻ നെല്ലറ. തായ്ത്തമിഴ് സമൃദ്ധിയുടെ ദ്രാവിഡത്തുടികളും സംഘകാലനിനവും മിടിക്കുന്ന കന്യാകുമാരി. തിരുവിതാംകൂറിൻ്റെ നഷ്ടസമൃദ്ധി. കേരള സംസ്ഥാനത്തിന് സപ്തതിയെത്തുമ്പോൾ, തോവാള കൽക്കുളം, അഗസ്തീശ്വരം വിളവൻകോടെന്നിങ്ങനെ നാല് താലുക്കുകളിലായി ചിതറിപ്പോയ കന്യാകുമാരിയിലെ ശിഷ്ടം മലയാളികൾക്ക് കേരളമോർത്താൽ കണ്ണുനിറയും. വിഭജനത്തിൻ്റെ നഷ്ടം ശരിക്കുമേറ്റുവാങ്ങിയത് അവരായിരുന്നു. ഭാഷയും ദേശവും സ്വത്വവും നഷ്ടപ്പെട്ടൊരു തലമുറ മനസ്സാ കരയുന്നുണ്ടവിടെ.

കന്യാകുമാരിയുടെ സാംസ്കാരികമായ സമ്പത്ത് മാത്രമല്ല ആ നഷ്ടത്തിൻ്റെ വേദനയിരട്ടിപ്പിച്ചത്. താമ്രപർണ്ണിയുടെ എക്കൽ സമൃദ്ധി, വേളിമലക്കപ്പുറത്തും ഇപ്പുറത്തുമായി പടർന്ന നാ‌ഞ്ചിനാടിനെ സമ്പന്നമാക്കുന്ന രണ്ട് മഴക്കാലം. ആ മരുതനിലങ്ങളിൽ ഇറ്റുവീഴുന്ന ആനയടിച്ചാറൽ മഴയുടെ കനിവിൽ നാഞ്ചിനാട്ടെ നെൽപ്പാടങ്ങളിൽ കുട്ടനാടിനും പാലക്കാടിനും മേലെ സ്വർണ്ണം വിള‌‌ഞ്ഞു. മൂന്ന് സമുദ്രങ്ങളൊന്നിച്ച നെയ്തൽത്തീരങ്ങൾ തീരാത്ത മത്സ്യസമ്പത്ത് തന്നു. കാടിൻ്റെ മുല്ലയും മലയോരങ്ങളുടെ കുറിഞ്ഞിയും പൊന്നുംവിലയുള്ള ധാതുക്കളെ ഗർഭം ധരിച്ചു. ഭാഷക്കും ദേശത്തിനും അനശ്വര സംഭാവനകൾ ദക്ഷിണ വച്ച വലിയ മനുഷ്യരുണ്ടായി. മണ്ണും മനുഷ്യനും ചരിത്രവും കൊണ്ട് സഹസ്രാബ്ദങ്ങളുടെ പെരുമകൾ ബാക്കിവച്ച ആ ചരിത്രഭൂമി മലയാളത്തിന് നഷ്ടമായതെങ്ങനെയാണ്?

ജാതി, ഭാഷ, രാഷ്ട്രീയം, അധികാരം മൂന്ന് മഹാസമുദ്രങ്ങളെ നെഞ്ചേറ്റിനിൽക്കുന്ന കന്യാകുമാരിയെ ശിരസ്സാക്കിയൊരു കേരളം യാഥാർത്ഥ്യമാകാതെ പോയതിന് പിന്നിലെ കാരണങ്ങൾ ഇപ്പറഞ്ഞവയാണ്. കന്യാകുമാരി തൊട്ട് പെരിയാർത്തടം വരെ കീഴ്പ്പെടുത്തി പുതിയ തിരുവിതാംകൂറിനെ സൃഷ്ടിച്ച മാർത്താണ്ഡവർമ്മക്ക് ശേഷം സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി സ്വപ്നം കണ്ടത് സാക്ഷാൽ സർ.സി.പി.രാമസ്വാമി അയ്യരാണ്. അങ്ങനെ ചിന്തിക്കാൻ മാത്രം നെഞ്ചൂക്ക് സർ.സി.പിക്കൊത്തുകിട്ടിയതിന് പിന്നിൽ തിരുവിതാംകൂറിൻ്റെ സമൃദ്ധിയായിരുന്നു. ആ സമൃദ്ധിയുടെ കലവറകളിലൊന്ന് കന്യാകുമാരിയും. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് അതിനെയെതിർത്തപ്പോൾ തമിഴ്നാട് തിരുവിതാംകൂ‍ർ കോൺഗ്രസ് സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ചു. നായർ സർവ്വീസ് സൊസൈറ്റിയും സർ.സി.പിക്കൊപ്പം നിന്നു. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി. പക്ഷേ, സ്വതന്ത്ര തിരുവിതാംകൂർ സ്വപ്നം പൊളിഞ്ഞു. തീർത്തും സ്വാഭാവികം. പക്ഷേ, ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം പിറന്നപ്പൊഴും കന്യാകുമാരി നഷ്ടമായതെങ്ങനെയാണ്?

മലയാളി എതിർപ്പ് ഇയക്കം

തത്വത്തിൽ കാരണമായി കൽപ്പിക്കപ്പെട്ടത് തമിഴ് ഭാഷാവാദമായിരുന്നു. പക്ഷേ, ശരിക്കുള്ള കാരണം ഭാഷയിലൊതുങ്ങുന്നില്ല. എഴുപത് കടന്ന പുതിയ കേരളത്തിൽ ഇന്നിപ്പോൾ ആ കാരണങ്ങളത്രയും ഒളിവിലാണ്. കന്യാകുമാരിയിലെ തമിഴരുടെ സംഘടിതമായ ഒരു മുന്നേറ്റത്തിന് ഇരുന്നൂറ്റിപ്പതിനഞ്ച് വർഷം പഴക്കമുണ്ട്. 1810 -ൽ, മോസസ്, സാലമോൻ, അരുമനായകം, ഏസുവടിയൻ, പുലിപ്പണം ഇശക്കിമാടൻ എന്നിവർ സ്ഥാപക നേതാക്കളായി, കന്യാകുമാരിയിലെ മലയാളികൾക്കെതിരെ 'മലയാളി എതിർപ്പ് ഇയക്കം' എന്ന സംഘടനയാരംഭിച്ചു. അവിടുന്നിങ്ങോട്ട് രാജാവും പുരോഹിതനും കാര്യക്കാരനുമൊരുമിക്കുന്ന ക്ഷത്രീയ - ബ്രഹ്മണ - നായർ ത്രികോണ അധികാര സമവാക്യവും ദേശത്തെ കീഴ്ജാതിക്കാരും തമ്മിലുള്ള പോര് കടുത്തു. കന്യാകുമാരിയിലെ നാടാർ സമുദായം അതിനെയൊരു സംഘടിത മുന്നേറ്റമാക്കി. അവരായിരുന്നു തമിഴ് മോചനത്തിനായി നിന്ന പ്രബലവിഭാഗം.

മാർത്താണ്ഡവർമ്മയുടെ കാലം മുതലാണ് കന്യാകുമാരിയിലെ ഈ നായർ - ബ്രാഹ്മണ സമവാക്യത്തിന് സ്വാധീനം കൂടിത്തുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിലെത്തുമ്പോൾ സകല ഗ്രാമങ്ങളിലും നായൻമാരോ എണ്ണത്തിൽക്കുറവുള്ള ബ്രാഹ്മണരോ ഭൂവുടമകളായി. ജാതീയമായ അനാചാരങ്ങളും കൂടി. ഇക്കൂട്ടരത്രയും മലയാളം സംസാരിച്ചു. സർക്കാർ ജോലികളിലധികവും മലയാളികളായി. പക്ഷേ, കന്യാകുമാരിയിലെ ഭൂരിപക്ഷം ജനതയും നാട്ടുനടപ്പനുസരിച്ച് കീഴ്ജാതിക്കാരായിരുന്നു. നാടാർ, പരവതർ, പറയർ, പുലയർ, കുറവർ, കമ്മാളർ, വെളളാളരെന്നിവരിൽ അധികവും തമിഴ് സംസാരിച്ചു. കൂട്ടത്തിലെ വെള്ളാളർ പക്ഷേ, മേൽജാതിക്കാരായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കമെത്തുമ്പോൾ ജാതിവിവേചനത്തോടും അധികാരത്തോടുമുള്ള എതിർപ്പ് ഭാഷയോടുള്ള എതിർപ്പാക്കി മാറ്റാൻ തമിഴ് മോചനത്തിൻ്റെ നേതാക്കാൾക്ക് കഴിഞ്ഞു. എന്നിട്ടും മലയാളി എതിർപ്പ് ഇയക്കമെന്ന സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങളുടെ മാറ്റൊലി പെട്ടെന്നൊടുങ്ങി. അല്ലെങ്കിൽ രാജാവും ഭടൻമാരും ഭൂപ്രഭുക്കൻമാരും ചേർന്ന് അടിച്ചൊതുക്കി.

ജാതിയമായ വേതിരിവ്

അപ്പോഴും തമിഴ് മോചനമെന്ന വികാരം അടിത്തട്ടിൽ കത്തിനിന്നു. ജാതിയും അധികാരവും മേധാവിത്വവും കിഴ്ജാതിക്കാർക്ക് നഷ്ടപ്പെട്ട ജീവിതാവസരങ്ങളുടെ അഭാവവും അതിനെ കെടാതെ കാത്തു. എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം അതാളിക്കത്തുന്നത് ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്കെ’ന്ന മുദ്രാവാക്യമുയർത്തി 1891 ജനുവരി പതിനൊന്നിന് രാജാവിന് സമർപ്പിക്കപ്പെട്ട ഭീമ ഹർജ്ജി അഥവ 'മലയാളി മെമ്മോറിയ'ലിന് ശേഷമാണ്. ഈ മെമ്മോറിയലിനെതിരെ നാല് മാസങ്ങൾക്ക് ശേഷം തമിഴരായ ഇ.രാമയ്യൻ, ആർ.രാമനാഥ റാവു എന്നിവരുടെ നേതൃത്വത്തിൽ രാജാവിന് എതിർ മെമ്മോറിയൽ സമർപ്പിച്ചു. ആദ്യത്തെ ഹർജ്ജിയിൽ നാട്ടുകാരായ ബ്രാഹ്മണരും വെള്ളാളരും ശൂദ്രരും കമ്മാളരും ചാന്നാൻമാരുമുൾപ്പെട്ട മൂന്ന് ലക്ഷത്തിലധികം തദ്ദേശീയരെ അന്യനാട്ടുകാരെന്ന് മുദ്രകുത്തിയതായിരുന്നു അവരുടെ പരാതി. തമിഴ് പക്ഷത്തിൻ്റെ ദേശബോധവും ഭാഷാബോധവും ജാതിക്കതീതമായി വീണ്ടുമുണർന്നു.

1923 -ൽ മറ്റൊന്നുകൂടി സംഭവിച്ചു. അതുവരെ നിലനിന്ന രാജഭാഷയെന്ന പദവി തമിഴിന് നഷ്ടമായി. മലയാളം രാജഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. പഴയ ശ്രീമൂലം പ്രജാസഭയിൽ അതിനെതിരെയുള്ള തമിഴരുടെ പ്രതിഷേധമുയർന്നു. തമിഴ് പേശുന്നവർക്കായി പ്രത്യേകം ഉദ്യോഗസ്ഥരും സ്കൂളുകളും സംവരണവും അവരാവശ്യപ്പെട്ടു. അതുകൊണ്ടും കഴിഞ്ഞില്ല. തെക്കൻ തിരുവിതാംകൂർ വസൂരിയും കോളറയും കൊണ്ട് വലയുമ്പോഴും ഡോക്ടർമാർ കീഴ്ജാതിക്കാർക്ക് ചികിത്സ നിഷേധിച്ചു. നമ്പൂതിരി - നായർ - വെള്ളാളർ തുടങ്ങിയ വിഭാഗത്തിലുള്ള വക്കീലൻമാർക്ക് മാത്രം കോടതികളിൽ നാല് കാലുള്ള കസേരയും ശിഷ്ടം ജാതിക്കാർക്ക് മൂന്ന് കാലുള്ള കസേരയും കൊടുത്തു. പ്രതി മേൽജാതിക്കാരനെങ്കിൽ വിചാരണ കോടതിക്കുള്ളിലും കീഴ്ജാതിക്കാരനെങ്കിൽ പുറത്തും നടന്നു. ജാതീയമായ ഈ അനീതികളത്രയും ഭാഷാവാദത്തിന് വളമായി, തമിഴ് വിമോചനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കും.

പിന്നെയും സംഘടനകൾ

1928 -ൽ, പിന്നെയും തിരുവിതാംകൂറിലെ മലയാളികളിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നുമുള്ള മോചനത്തിനായി തമിഴർ മറ്റൊരു സംഘടനക്ക് കൂടി രൂപം നൽകി. 'തമിഴ‍ർ വിടുതലൈ കോൺഗ്രസ്’. നെയ്യൂർ കാഞ്ചാംകുടി കുഞ്ഞൻ നാടാർ രൂപം കൊടുത്ത പ്രസ്ഥാനത്തിലും നാടാർ സാന്നിധ്യം ശക്തമായി. നെല്ല് വിളഞ്ഞാൽ കൊയ്തെടുക്കാനെത്തുന്ന ജന്മിയെത്തടയാൻ ഈ സംഘടനയുടെ നേതൃത്വത്തിൽ കളരികൾ സ്ഥാപിച്ചു. കവി.പി.രാമസ്വാമിയുടെ നേതൃത്വത്തിൽ ഭാഷാ സ്വാതന്ത്ര്യ സമിതിയുണ്ടായി. മനോൻമണീയം സുന്ദരൻ പിള്ള, ദേശി വിനായകം പിള്ള, കെ.എൻ.ശിവരാജൻ പിള്ള ചിതംബരം പിള്ള തുടങ്ങിയ തമിഴ് സാംസ്കാരിക നായകരും തമിഴ് വാദത്തിനെ പിന്തുണച്ചു. കലഹം മുറുകി. ആ പിന്തുണയിൽ 1945 -ൽ സാം തനതാനിയേലിൻ്റെ നേതൃത്വത്തിൽ ‘അഖില തിരുവിതാംകൂർ തമിഴർ കോൺഗ്രസ്’ ഉണ്ടായി. നാഞ്ചിനാട്ട് നാഞ്ചിൽ തമിഴർ കോൺഗ്രസ്സും വന്നു. 1945 -ലെ ഐക്യകേരള വാദത്തെ കേരളത്തിലെ രാഷ്ട്രീയപ്പാ‍ർട്ടികൾ അംഗീകരിച്ചപ്പോൾ ഈ രണ്ട് പാർട്ടികളും എതിർത്തു. അതും കഴിഞ്ഞ് 1947 -ൽ മാർഷൽ നേശമണിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സും വന്നു. മലയാളികളുടെ പിടിയിൽ നിന്നും കന്യാകുമാരിയെ പിടിച്ചെടുക്കുമെന്ന് 1947 ഒക്ടോബർ എട്ടിന് നേശമണി നാഗർകോവിലിൽ പ്രതിജ്ഞയെടുത്തു. 1948 -ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ രണ്ട് സീറ്റ് നേടി. അതേ തെരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രിയായി. കന്യാകുമാരി കൈവിട്ടുപോകരുതെന്ന് ഹൃദയം കൊണ്ടാശിച്ച പട്ടത്തിനും ആ വിധിയെ ചെറുക്കാനായില്ല. ജാതിയും അധികാരവും സമ്പത്തുമുൾപ്പെട്ട പ്രലോഭന സമവാക്യത്തിനെതിരെ ഒരാശയും നിലനിന്നില്ല.

ശ്രീമൂലം പ്രജാസഭ

തമിഴർ വിമോചനത്തിനായി പട കൂട്ടുമ്പോൾ കേരള രാഷ്ട്രീയത്തിൽ സത്യത്തൽ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്? അറുന്നൂറിലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ഒരു നിയമനിർമ്മാണ സഭയുണ്ടാക്കാനുള്ള ബോധം ആദ്യമുണ്ടായത് തിരുവിതാംകൂറിനാണ്. 1888 -ലുണ്ടായ ശ്രീമൂലം പ്രജാസഭ. അതിലും ജാതിയും പണവും കാര്യങ്ങളെ തീരുമാനിച്ചു. രാജാവ് തെരഞ്ഞെടുക്കുന്ന അഞ്ച് മുതൽ എട്ടുവരെ അംഗങ്ങൾ മാത്രമാണതിലുണ്ടായിരുന്നത്. ജനങ്ങളുടെ പ്രതിനിധി വേണമെന്നാദ്യം തോന്നിയത് ദിവാൻ വി.പി.മാധവറാവുവിനാണ്. അപ്പോഴും ആണ്ടിൽ അൻപത് രൂപയെങ്കിലും കരമടക്കാൻ ഗതിയുള്ളവർക്ക് മാത്രം പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം കിട്ടി. ചുരുക്കത്തിൽ ജനാധിപത്യവും സമ്പന്നരുടെ കൈയ്യിലായി. ഞാനും അപ്പനും സുഭദ്രയും മാത്രം കളി നിശ്ചക്കുമെന്ന സ്ഥിതി. നായരും നമ്പൂതിരിയും സുറിയാനി കൃസ്ത്യാനികളും ചേർന്നൊരു കൂട്ടുകൃഷിയായി പ്രജാസഭയൊതുങ്ങി. 1922 -ൽ പ്രജാസഭയിലെ അംഗസംഖ്യ അൻപതാക്കി. 28 പേർ തെരഞ്ഞെടുക്കപ്പെട്ടു. ശിഷ്ടം 22 പേരെ രാജാവ് തീരുമാനിക്കും. അപ്പോഴും വഞ്ചി തിരുന്നക്കരെ തന്നെ നിന്നു. പിന്നീട് വോട്ടവകാശം കിട്ടാൻ കരത്തുക അഞ്ച് മതിയെന്ന ഔദാര്യം നടപ്പിലായി. എന്നിട്ടുപോലും ഈഴവർക്കും ചാന്നാന്മാർക്കും ആ ഭാഗ്യമുണ്ടായില്ല. പിന്നെയാണ് ഗതിമുട്ടിയ പറയനും പുലയനുമുള്ള വോട്ടവകാശം.

ഐക്യകേരളം

രാജാവും ഉപജാപക സംഘങ്ങളുമായി കളി തുടരുമ്പോഴാണ് 1921 ൽ തിരുവിതാംകൂറിൽ കേരള പ്രദേശ് കോൺഗ്രസ്സിൻ്റെ ശാഖ ജനിക്കുന്നത്. മഹാത്മ ഗാന്ധി സ്വാതന്ത്ര്യ സമരത്തിൻ്റെ അമരത്തെത്തിയിട്ട് അഞ്ചാണ്ട് കഴിയുന്ന കാലം. സ്വതന്ത്ര്യത്തിലേക്ക് പിന്നെയും 26 വർഷങ്ങളുടെ ദൂരം. ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിൽ തിരുവിതാംകൂറും കൊച്ചിയും മലബാറുമൊന്നിപ്പിച്ച് ഐക്യകേരളമുണ്ടാക്കാൻ കെ.കേളപ്പൻ്റെ നേതൃത്വത്തിൽ ഐക്യകേരള കൗൺസിൽ രൂപീകരിക്കുന്നു. അതിന് വേണ്ടി 1946 ൽ കേരള കലാണ്ഡലത്തിൽ നടന്ന സമ്മേളനത്തെ കൊച്ചി രാജാവ് അനുകൂലിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് എതിർത്തു. പക്ഷേ, രാജാവിനെ മറികടന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ആ നിർദ്ദേശത്തെ അംഗീകരിച്ചു. ഐക്യകേരളം തമിഴ് സ്വപ്നങ്ങളെ തകർക്കുമെന്ന് ഭയന്ന് നേശമണിയുടെ തിരുവിതാംകൂർ - തമിഴ്നാട് കോൺഗ്രസ്സ് ഐക്യകേരള സങ്കൽപ്പത്തെ എതിർത്തു. അത് സംഭവിച്ചാൽ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളെ തമിഴ്നാടിനോട് ചേർക്കണമെന്ന് ആവശ്യപ്പെട്ടു. കെ.കേളപ്പൻ ഐക്യകേരളമെന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോയി. കാസർകോഡ് തൊട്ട് തോവാള വരെയുള്ള ജനങ്ങളെയൊരുമിച്ച് തൃശ്ശൂരിൽ 1947 ഏപ്രിൽ മാസത്തിൽ നടത്തിയ സമ്മേളനത്തിൽ കേളപ്പൻ പറഞ്ഞു, ഭാഷ മാത്രമല്ല, പാരമ്പര്യവും ചരിത്രവും പരിഗണിച്ചാവണം കേരള സംസ്ഥാന രൂപീകരണമെന്ന്. മലബാറിനൊപ്പം തിരുവിതാംകൂറും കൊച്ചിയുമുണ്ടാകണമെന്നും.

അങ്ങനെ തമിഴകത്തും കേരളത്തിലും സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ബലാബലം തുടരുമ്പോഴാണ് 1948 -ൽ പട്ടം താണുപിള്ള തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രിയാകുന്നത്. ഭാഷ സംസ്ഥാന പുനഃസംഘടനാക്കമ്മിറ്റി ഓരോ സംസ്ഥാനവും സന്ദർശിക്കുന്ന കാലം. തെക്കൻ താലൂക്കുകൾ തമിഴ്നാട്ടിൽ ലയിക്കുമെന്ന ഭീതിയിൽ സഹമന്ത്രിമാരായ സി.കേശവനോടും ടി.എം.വർഗ്ഗീസിനോട് പോലും ആലോചിക്കാതെ ഭാഷാ സംസ്ഥാന പുനഃസംഘടനാ കമ്മിറ്റിയുടെ സന്ദർശനത്തെ പട്ടം മാറ്റിവച്ചു. സംസ്ഥാന പുനഃസംഘടനാ കമ്മിറ്റിയുടെ സന്ദർശനം തടഞ്ഞ പട്ടം താണുപിള്ളയുടെ തീരുമാനം ഐക്യകേരളത്തിനും സംസ്ഥാന രൂപീകരണത്തിനും എതിരാണെന്ന വിമർശനങ്ങളുയർന്നു. പുന്നപ്ര - വയലാർ പ്രതികളെ വിട്ടയക്കാൻ വിസമ്മതിച്ചതും, തിരുവനന്തപുരത്ത് സ്വദേശാഭിമാനിയുടെ പ്രതിമ സ്ഥാപിക്കാൻ വിസമ്മതിച്ചതും, സ്കൂളധ്യപകരുടെ സമരത്തെ ഗൗരവമായി എടുക്കാത്തതും പട്ടത്തിനെതിരെയുള്ള വിമർശങ്ങൾക്ക് കരുത്ത് കൂട്ടി. അങ്ങനെ കന്യാകുമാരി വിഭജന പ്രശ്നത്തിൽ പട്ടം താണുപിള്ള രാജിവച്ചു. 1948 ഒക്ടോബർ 22 -ന്.

തിരുക്കൊച്ചി

പട്ടം താണു പിള്ള പോയി, പറവൂർ ടി.കെ നാരായണ പിള്ള വന്നു. 1949 -ൽ തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളൊന്നിച്ച തിരുക്കൊച്ചിയായി. ടി.കെ.നാരായണപിള്ള തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായി. നേശമണി നാടാരും കൂട്ടരും തമിഴരുടെ വിമോചനത്തിന് വേണ്ടി ആ നിയമസഭയിലും പ്രക്ഷോഭം നടത്തി. പട്ടം താണുപിള്ള കന്യാകുമാരിയെ നഷ്ടപ്പെടാതിരിക്കാൻ അവസാന നിമിഷം വരെ പ്രയത്നിച്ചു. തെക്കൻ തിരുവിതാംകൂർ തമിഴ്നാട്ടിൽ ലയിച്ചാൽ അവിടത്തെ മലയാളികളുടെ അവസ്ഥ ദുരവസ്ഥയാകുമെന്ന് 1949 നവംബറിൽ ദില്ലി അസംബ്ലിയിൽ പ്രസംഗിച്ചു.

പറവൂരിന് ശേഷം സി.കേശവനും എ.ജെ.ജോണും മുഖ്യമന്ത്രിമാരായി വന്നു. അപ്പോഴും തമിഴ് - മലയാളം ബലാബലം മുറുകി നിന്നു. 1952-ൽ നേശമണി നാടാർ, എ.ജെ.ജോണിൻ്റെ മന്ത്രിസഭയിലും കന്യാകുമാരി എം.പിയായ താണുലിംഗ നാടാർ കേന്ദ്രമന്ത്രിസഭയിലും തമിഴ് വിമോചനത്തിനായി പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോണിൻ്റെ മന്ത്രി സഭ രാജിവച്ചപ്പോൾ 1954 -ലെ പൊതു തെരഞ്ഞെടുപ്പ് വന്നു. കോൺഗ്രസ് വിട്ട പട്ടം റാം മനോഹർ ലോഹ്യയുടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി അഥവാ പി.എസ്.പിയിൽ ചേർന്ന് മത്സരിച്ച് 19 സീറ്റുകൾ നേടി. ആ പത്തൊമ്പതിലൊന്ന് കന്യാകുമാരി ജില്ലയിലെ രാമസ്വാമിയായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാതായപ്പോൾ കോൺഗ്രസുമായിച്ചേർന്ന് പട്ടം മന്ത്രിസഭയുണ്ടാക്കി, പിന്നെയും മുഖ്യമന്ത്രിയായി.

കമ്മീഷനും പ്രക്ഷോഭവും

ഇതേ കാലമാണ് സംസ്ഥാന പുനഃസംഘടനക്ക് വേണ്ടി ഫസൽ അലി കമ്മീഷൻ കേരളം സന്ദർശിക്കുന്നത്. ഈയവസരം നേശമണിയുടെ തിരുവിതാംകൂർ - തമിഴ്നാട് കോൺഗ്രസ്സ് വസൂലാക്കി. തമിഴ് പ്രദേശങ്ങൾ മദ്രാസിൽ ലയിപ്പിക്കേണ്ടതിൻ്റെ ആവശ്യകത കമ്മീഷനെ ബോധ്യപ്പെടുത്താൻ മാരകമായ പ്രക്ഷോഭം തുടങ്ങി. സമരം അക്രമാസക്തമായാൽ സായുധമായി നേരിടാൻ പട്ടം താണുപിള്ള പോലീസിന് അനുമതി കൊടുത്തു. 1954 ആഗസ്റ്റ് 11 തമിഴ് പ്രദേശങ്ങളുടെ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ നിശ്ചയിച്ചു.

ഹർത്താലും സമ്മേളനങ്ങളും നടന്നു. പലതും പൊലീസ് അടിച്ചമർത്തി. മാർത്താണ്ഡത്തെ ഗാന്ധി മണ്ഡപത്തിലെ പരിപാടി കഴിഞ്ഞ് കുഴിത്തുറ കോടി ഉപരോധിക്കാനെത്തിയ സമരക്കാർ കല്ലേറ് നടത്തി. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സമരം പിന്നെയും അക്രമാസക്തമായപ്പോൾ പൊലീസ് വെടിവച്ചു. ആറ് പേർ തമിഴ് വിമോചനത്തിൻ്റെ രക്തസാക്ഷികളായി. നിരവധി പേർക്ക് പരിക്കേറ്റു. അടുത്ത ദിവസം സമരക്കാർ പൊലീസ് സ്റ്റേഷനും സബ് രജിസ്ട്രാ‍ർ ഓഫീസും, ട്രാൻസ്പോർട്ട് ബസ്സും കത്തിച്ചു. മാർത്താണ്ഡത്തും മങ്കാടും കുഴിത്തുറയും പൊലീസ് പിന്നെയും വെടിവെച്ചു. കന്യാകുമാരിയിൽ ചോര ചിന്തി. പിന്നെയും നാലാൾ മരിച്ചു. തിരുവിതാംകൂർ - തമിഴ്നാട് കോൺഗ്രസ്സിൻ്റെ പ്രവർത്തകരിലൊരു വലിയ പക്ഷം ജയിലിലായി. പക്ഷേ സാക്ഷാൽ സി.രാജഗോപാലാചാരി സമരക്കാരുടെ തുണക്കെത്തി. അങ്ങനെ നേശമണി ജാമ്യത്തിലിറങ്ങി പ്രവർത്തകരെയും നേതാക്കളെയും മോചിപ്പിച്ചു.

വിഭജന പ്രമേയം

കളി തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ, 1955 ഫെബ്രുവരി ഒൻപതാം തിയതി തിരുവിതാംകൂർ - തമിഴ്നാട് കോൺഗ്രസ് പട്ടത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പട്ടം താണുപിള്ളയുടെ സ്വന്തം പാർട്ടിക്കാരൻ രാമസ്വാമി, പ്രമേയം വായിച്ചു. 1955 ഫെബ്രുവരി 14 -ന് കന്യാകുമാരിക്ക് വേണ്ടി പട്ടം താണുപിള്ള ഒരിക്കൽക്കൂടി രാജിവച്ചു. പകരം പമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രിയായി. കന്യാകുമാരിക്ക് വേണ്ടി സന്ധിയില്ലാ സമരത്തിനൊന്നും പനമ്പിള്ളി തയ്യാറായിരുന്നില്ലെന്നും വിഭജനത്തിന് അംഗീകാരം നൽകാൻ പോലും തയ്യാറായിരുന്നുവെന്നും സി.നാരായണപിള്ള എഴുതിയിട്ടുണ്ട്. പനമ്പിള്ളിയുടെ മുഖ്യമന്ത്രി സ്ഥാനം പോലും കന്യാകുമാരിക്ക് വേണ്ടി തമിഴർക്ക് ഒത്താശ ചെയ്തതിൻ്റെ പ്രത്യുപകാരമായിരുന്നുവെന്ന് പിന്നീട് വിമർശനമുയർന്നു.

1955 നവംബർ 24 -ന് സംസ്ഥാന വിഭജന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് പാർട്ടിയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയും കേരളാ സോഷ്യലിസ്റ്റ് പാർട്ടിയും വിഭജനത്തെ അനുകൂലിച്ചപ്പോൾ അരുതെന്ന് പറയാൻ ഒരേയരാൾ ബാക്കി, പട്ടം താണുപിള്ള. അന്ന് പട്ടം നിയമസഭയിൽ നടത്തിയ പ്രസംഗം കന്യാകുമാരിയിലെ മലയാളികൾ മറക്കില്ല. “ഈ വിഭജനവാദത്തെ എൻ്റെ സ്നേഹിതരായ ആർ.എസ്.പിയും കെ.എസ്.പിയും കമ്മ്യൂണിസ്റ്റുകാരും താലോലിക്കുന്നത് കാണുമ്പോൾ വിചിത്രമായി തോന്നുന്നു. ഭാഷയാണ് വലുതെന്നും അത് ജനഹൃദയങ്ങളിൽ വേരൂന്നിയിരിക്കുകയാണെന്നും അവർ പറയുന്നു. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ഭാഷ മാത്രം നോക്കിയാൽ മതിയോ? ഈ വിഭജനത്തിൻ്റെ ഗൂഢലക്ഷ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.” കന്യാകുമാരിയുടെ നഷ്ടമെന്തെന്ന് ഓരോ വേദിയിലും പട്ടം താണുപിള്ളയേറ്റു പറഞ്ഞു. മറ്റിടങ്ങളിൽ ഏക്കറിന് ആറ് ടൺ നെല്ലെങ്കിൽ നാഞ്ചിനാട്ടിലത് പതിനൊന്ന് ടൺ ആയിരുന്നു. അന്നത്തെ തിരുവിതാംകൂറിനാവശ്യമായ നെല്ലിൻ്റെ മൂന്നിലൊന്നും നാഞ്ചിനാട്ടെ പാടങ്ങളിൽ വിളഞ്ഞു. ലോഹ മണൽ വ്യാപാരത്തിലൂടെ പ്രതിവർഷം ഒരു കോടി, ഉപ്പ് വ്യവസായത്തിലൂടെ മുപ്പത് ലക്ഷം. വിഭജനത്തോടെ ഭക്ഷ്യക്ഷാമവും വരും. ഈ വിഭജനത്തിലൂടെ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നത് തെറ്റായ നടപടിയാണെന്ന സർ.സി.പിയുടെ അഭിപ്രായം ശരിയായിരുന്നുവെന്ന് പറയാൻ അവസരമുണ്ടാക്കരുത്. പട്ടം താണുപിള്ള ആ നഷ്ടഭാരം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. കന്യകുമാരിയിലെ വിളവൻകോട് താലൂക്കിൽ ജനിച്ച് പട്ടത്ത് വളർന്നൊരാൾക്ക് അത് പറയാതെ വയ്യ.

സംസ്ഥാന രൂപീകരണം

തമിഴ്നാട് കോൺഗ്രസ് അംഗങ്ങൾ തോവാള, അഗസ്തീശ്വരം കൽക്കുളം, വിളവംകോട്, നെയ്യാറ്റിൻകര, ദേവികുളം, പീരുമേട്, ചെങ്കോട്ട, ചിറ്റൂർ താലൂക്കുകൾ തമിഴകത്തോട് ചേർക്കാനാവശ്യപ്പെട്ടു, കാമരാജും പിന്തുണച്ചു. ഐക്യകേരള സങ്കൽപ്പത്തെ തകിടം മറിക്കുന്ന തീരുമാനത്തിൽ നിന്നും നേശമണി നാടാർ പിൻവാങ്ങണമെന്ന് എറണാകുളം എം.എൽ.എയും സഹമന്ത്രിയുമായ തോമസ് അഭ്യർത്ഥിച്ചെങ്കിലും നേശമണി ചെവിക്കൊണ്ടില്ല. തമിഴ് താലൂക്കുകളുടെ വിഭജനത്തെ അനുകൂലിക്കുമെന്നും അതിനെതിരായി യാതൊരു പ്രചരണവും നടത്തില്ലെന്നുമുള്ള ഉറപ്പ് നൽകിയാണ് പനമ്പിള്ളി ഗോവിന്ദമേനോൻ തിരുവിതാംകൂർ - തമിഴ്നാട് കോൺഗ്രസ്സിൻ്റെ പിന്തുണ നേടിയെടുത്തതെന്ന വസ്തുത പരസ്യമായി മാറുകയായിരുന്നുവെന്ന് സി.നാരായണപിള്ള എഴുതി. ഇതിനെതിരെ അഖണ്ഡ കേരളവാദവുമായി കെ.എൻ.ശങ്കുപ്പിള്ളയും ടി.എം.വർഗ്ഗീസും രംഗത്ത് വന്നു. 1956 മാർച്ച് 12 -ന് പനമ്പിള്ളി ഗോവിന്ദമേനോൻ രാജിവച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണവും വന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങൾ നിലവിൽ വന്നു. തെക്കൻ തിരുവിതാംകൂറിലെ നാല് താലൂക്കുകൾ ചേർന്ന് കന്യാകുമാരി ജില്ലയുണ്ടാക്കി അത് തമിഴ്നാടിനോട് ലയിപ്പിച്ചു. കേരളത്തിന് സാംസ്കാരിക - ഭൂവിഭവ കേന്ദ്രമായരുന്ന കന്യാകുമാരി നഷ്ടമായി. സംഘകാലവും കടന്നുമുന്നേറുന്ന കേരളചരിത്രം കളിയിക്കാവിളയിൽ അവസാനിച്ചു. തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് തമിഴ്നാട് ജില്ലാ കോൺഗ്രസിൽ ലയിച്ചു.

ജാതിയും അധികാരവും

കന്യാകുമാരിയുടെ വിഭജനം നേശമണി നാടാർക്കും സംഘത്തിനും ഒരു രാഷ്ട്രീയക്കളിയായിരുന്നുവെങ്കിലും സാദാജനത്തെ അതിലേക്ക് നയിച്ച കാരണങ്ങൾ ന്യായമായിരുന്നു. രാജഭരണകാലം തൊട്ട് മലയാളി നായർ വിഭാഗമാണ് അധികര സംബന്ധമായ സകല പണികളും ചെയ്തത്. താണജാതിക്കാരിൽ നിന്നും കൂടുതൽ കരം പിരിച്ചു, ഉപദ്രവിച്ചു. അങ്ങനെ കീഴ്ജാതിക്കാ‍ർ ഭാഷാവാദത്തോട് അനുകൂലിച്ചു. പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭയ്ക്ക് ശേഷവും അതിൽ കാര്യമായ മാറ്റമുണ്ടായില്ല. സുറിയാനി കൃസ്ത്യാനിക്കും മുസ്ലിമിനും ഈഴവർക്കും അധികാരത്തിൽ പ്രാതിനിധ്യമുണ്ടായി. അപ്പോഴും കീഴ്ജാതിക്കാർക്കും തമിഴർക്കുമില്ല. ഈ വസ്തുതകളെ ആളിക്കത്തിച്ചാണ് നേശമണി തമിഴർക്കിടയിൽ മലയാളി വിരോധം വളർത്തിയത്. തരുവിതാംകൂർ ജില്ലാ ജഡ്ജി, തിരുവനന്തപുരം ജില്ലാ സുപ്രണ്ട്, വിളവംകോട് തക്കല ഇരണിയൽ തിരുവട്ടാർ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ തഹസീൽദാർമാർ എന്നിവരെല്ലാം നായർ വിഭാഗത്തിൽപ്പെട്ട മലയാളികളായിരുന്നു.

ഒറ്റപ്പെട്ട് പോയ തമിഴ് മലയാളി

തെക്കൻ തിരുവിതാംകൂറിൽ ഒരടിത്തറയും ഇല്ലാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിഭജനത്തോട് ഒരു വിരോധവുമുണ്ടായില്ല. പെരുഞ്ചാണി അണക്കെട്ടിൻ്റെയും തൃപ്പരപപ്പ് കനാലിൻ്റെയും പണി നിർത്തിവച്ചപ്പോൾ നാഞ്ചിനാട്ടിൽ കൃഷി ആവശ്യത്തിന് വെള്ളമെത്തിക്കുന്നില്ലെന്ന വാദവും തമിഴ്നാട് കോൺഗ്രസ് ഉയർത്തി. നാഞ്ചിനാട്ടിലെ ന്യൂനപക്ഷമായ മലയാളി വിഭാഗത്തെ സംരക്ഷിക്കുമെന്ന ഉറപ്പിലായിരുന്നു വിഭജനം. പക്ഷേ, കാമരാജിൻ്റെ കാലം കഴിയുന്നതോടെ അവരുടെ ദുർഗതി തുടങ്ങി. ദ്രാവിഡ പാർട്ടികൾക്ക് മലയാളികളോട് ഒരു ദാക്ഷിണ്യവും ഉണ്ടായില്ല. 'നെല്ല് എങ്കള്ക്ക് എല്ലൈ, കുമരി എങ്കള്ക്ക് തൊല്ലൈ’ എന്ന് കരുണാനിധി പ്രഖ്യാപിച്ചു. കന്യാകുമാരിയിലെ തമിഴൻ പോലും തമിഴകത്തിന് അന്യനായി. പിന്നെയാണ് കന്യാകുമാരിയിലെ മലയാളി. സ്കൂളുകളിൽ മലയാളം നിർത്തലാക്കി. സർക്കാർ ജോലിക്ക് തമിഴ് പഠനം നിർബ്ബന്ധമാക്കി. മലയാളം പഠിക്കുന്ന മലയാളികൾ പോലുമില്ലാതായി. കേരളപുരത്തും തിരുവിതാംകോട്ടും മുഞ്ചിറയിലും തോവാളയിലുമൊക്കെയായി ആ മലയാളി സമൂഹം രണ്ടാംതരക്കാരായി കാലക്ഷേപം കഴിച്ചു.

കാവേരീ തടത്തിൽ നിന്നും നിളാതീരത്തേക്കും താമ്രപർണ്ണീതടത്തിൽ നിന്നും കോതയാറിൻ്റെ തീരങ്ങളിലേക്കുമുള്ള കുടിയേറ്റത്തിലൂടെയാണ് പാലക്കാടും നാഞ്ചിനാടും കേരളത്തിൻ്റെ നെല്ലറയായി മാറിയത്. കാവേരിപൂം പട്ടണത്തിൽ നിന്നും മലബാർതീരത്തെ കൊടുംകോളൂരിലേക്ക് ചോഴൻമാർ പടനയിച്ചത് ബംഗാൾ ഉൾക്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിച്ചൊരു വർത്തകച്ചാൽ നിർമ്മിക്കാനായിരുന്നു. കർണ്ണാട്ടിക് തീരത്തെ തൂത്തുക്കുടിയിൽ നിന്നും അറബിക്കടലിൻ്റെ തീരത്തെ ആറ്റിങ്ങലിലേക്ക് പാണ്ഡ്യൻമാർ പടനയിച്ചതും വർത്തകച്ചാൽ നിർമ്മിക്കാനായിരുന്നു. ആരുവാമൊഴി കടന്ന് നാഞ്ചിനാടിൻ്റെ കിഴക്കൻ നടവരമ്പ് വഴി നീളുന്ന ആ മലയോരപാത വനവിഭവങ്ങളുടെ വിതരണമേഖലകളെ സ്പർശിച്ചുകൊണ്ട് അഗസ്ത്യമലയുടെ താഴ്വരയും കടന്ന് അഞ്ചുതെങ്ങിലെത്തുന്നു. തെന്നിന്ത്യയെ കുറുകെ മുറിച്ച് ബംഗാൾ ഉൾക്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന വർത്തകച്ചാലുകൾ നിർമ്മിച്ചെടുത്ത് വ്യാപാരം കൊഴുപ്പിച്ച നാഞ്ചിനാടും പാലക്കാടും മലയാളക്കരയുടെ ഭാഗമാകേണ്ടതായിരുന്നുവെന്ന് ചരിത്രകാരൻമാരെഴുതി. പക്ഷേ, ചരിത്രം മറ്റൊന്നായി. ഓരോ കന്യാകുമാരി യാത്രയിലും വിശേഷ ബുദ്ധിയുള്ള മലയാളി ആ നഷ്ടമറിഞ്ഞു. അഭിമാനവും ജീവിതാവകാശങ്ങളും നഷ്ടമായ കന്യാകുമാരിയിലെ ശിഷ്ടം മലയാളി ആ വിഭജനത്തിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുമായി.

 

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്