ക്ലാസ് മുറിയില്‍ കിട്ടേണ്ടത്  ഓണ്‍ലൈനില്‍ കിട്ടുമോ?

By Web TeamFirst Published Jul 6, 2021, 8:04 PM IST
Highlights

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. കവിത എസ് കെ എഴുതുന്നു

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in

 

 

വിദ്യാലയം എന്നത് കേവലം പാഠപുസ്തകങ്ങള്‍ പഠിക്കുന്ന ഒരിടം മാത്രമല്ല. മനുഷ്യനെ ഒരു സാമൂഹ്യ ജീവി ആക്കി മാറ്റുന്ന ഒരിടം കൂടിയാണത്. അത്തരത്തില്‍ നോക്കുമ്പോള്‍ കോവിഡിനനുബന്ധമായി വന്ന വിദ്യാലയങ്ങളുടെ അടച്ചിടല്‍ ശാരീരികവും മാനസികവുമായി കുട്ടികളെ ഒരു പാട് മാറ്റിയിട്ടുണ്ട്.

ഒരധ്യാപിക എന്ന നിലയിലും ഒരു രക്ഷിതാവ് എന്ന നിലയിലും ഈ വസ്തുതകളെ നോക്കി കാണുമ്പോള്‍ പലപ്പോഴും വിഷമം തോന്നാറുണ്ട് വീട്ടിലിരുന്നുള്ള പഠനം അക്കാദമികമായി കുട്ടിയെ സഹായിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. തീര്‍ത്തും നിശ്ശബ്ദരായി പോവുമായിരുന്ന ഒരു മേഖലയെ ജീവസുള്ളതാക്കി നിലനിര്‍ത്താന്‍ ഓണ്‍ലൈന്‍ പഠനം കൊണ്ട് കഴിയുന്നുണ്ട്. പല പരിമിതികളും അതിനുണ്ടെങ്കിലും അതാത് വിദ്യാഭ്യാസ സ്ഥാനങ്ങളും അധ്യാപകരും അതിനെയൊക്കെ മറികടന്ന് ഓണ്‍ലൈന്‍ പഠനം സുഗമമായി നടത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നവീകരിക്കുന്നുമുണ്ട് ഏറെകുറെ കുറ്റമറ്റ രീതിയില്‍ അതൊക്കെ നടക്കുന്നുമുണ്ട്..

 

...........................................

Read more: കൊറോണക്കാലത്തെ പരീക്ഷാ സാധ്യതകള്‍
...........................................

 

ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ ഈ അവസ്ഥയില്‍ രക്ഷ തന്നെയാണെങ്കിലും. കളിച്ചും നിരീക്ഷിച്ചും, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും, സൗഹൃദങ്ങള്‍ പങ്കുവെച്ചും, സാമൂഹിക മാറ്റങ്ങള്‍ മനസ്സിലാക്കിയും, വേര്‍തിരിവുകളില്ലാതെ സമത്വത്തോടെ ജീവിക്കാന്‍, പഠിച്ചു വളരേണ്ട വിദ്യാലയങ്ങളില്‍ ചെലവഴിക്കേണ്ടിയിരുന്ന ബാല്യ, കൗമാര കാലങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടി, ദൃശ്യങ്ങളുടെ ഒഴുക്കില്‍ പെട്ട് ഭാവന നഷ്ടപ്പെട്ട് ചേതന നഷ്ടപ്പെട്ട് എന്തായി തീരുമെന്ന് ഇനി വരുന്ന കാലം തന്നെ സാക്ഷ്യപ്പെടുത്തേണ്ടി വരും.

കുട്ടികളോട് സംസാരിക്കുമ്പോള്‍ മനസ്സിലാവുന്നത് വീട്ടില്‍ തളച്ചിടപ്പെടുന്ന അവരുടെ ഊര്‍ജത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെ വരുന്നു എന്ന കാര്യമാണ്.അത് അവരെ അസഹിഷ്ണുത ഉള്ളവരാക്കി മാറ്റി കൊണ്ടിരിക്കുന്നു. നിരന്തരമായ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവര്‍ക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ പ്രയാസങ്ങളും കേള്‍വിയുടെ ബുദ്ധിമുട്ടുകളുമാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ വേണ്ടത്ര ഗൗരവത്തോടെ ഈ പഠന രീതിയെ ഉള്‍ക്കൊള്ളുന്നില്ല എന്നത് ഒരു വിഷമമായി നില നില്‍ക്കുന്നു. സ്വതവേ പഠനതല്‍പരരല്ലാത്തവര്‍ക്ക് ഇതൊരു ഒഴിഞ്ഞു മാറല്‍ കൂടിയാവുന്ന കാഴ്ച സാധാരണമാണ്.

കളിക്കാനാളില്ലാതെ സന്തോഷങ്ങള്‍ പങ്കിടാന്‍ കൂട്ടുകാരില്ലാതെ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദികളില്ലാതെ അസ്വസ്ഥരാവുന്ന കുട്ടികള്‍ പതുക്കെ മടി പിടിച്ച ഒരു ലോകത്തേക്ക് മാറുന്നു അല്ലെങ്കില്‍ വീട്ടില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു എന്ന കാര്യവും പലരോടും സംസാരിക്കുമ്പോള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. 

ഇത്തരം സംഭാഷണങ്ങളിലൂടെ മനസ്സിലായ മറ്റൊരു കാര്യം കുട്ടികള്‍ സാങ്കേതികമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മിടുക്കരാവുകയും അതിന്റെ സാധ്യതകള്‍ അവര്‍ സ്വയമന്വേഷിച്ച് കണ്ടു പിടിക്കുകയും ചെയ്യുന്നുണ്ട്. അതിന് ഗുണവശങ്ങളും അതേപോലെ ദോഷവശങ്ങളും ഉണ്ട്. സ്വയം ടെക്കികള്‍ ആയി മാറുന്ന ഇത്തരം കുട്ടികള്‍ യഥാര്‍ത്ഥ ലോകത്ത് നിന്ന് മാറി സഞ്ചരിക്കുന്നതായി തോന്നാറുണ്ട്'. ലോകം വിശാലമാവുന്നതിന് പകരം അവരുടെത് മാത്രമായി ചുരുങ്ങി പോവുന്ന ഒരവസ്ഥ അവരറിയാതെ പലപ്പോഴും സംജ്ഞാതമാവുന്നു.

വിദ്യാലയങ്ങളിലൂടെ അധ്യാപകരിലൂടെ ഒരു തലമുറ വാര്‍ത്തെടുക്കപ്പെട്ടു വരുമ്പോള്‍ അവിടെ നടക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഒന്നും വരും കാലഘട്ടങ്ങളില്‍ നമുക്ക് കാണാനാവതെ വരുമോ എന്ന ഭീതി ഏവരിലും ഉണ്ട്. അത് മറികടക്കേണ്ടതെങ്ങനെ എന്ന ചോദ്യമാണ് അവശേഷിപ്പായി ഇവിടെ നില്‍ക്കുന്നത്. കാലം തരേണ്ടത് അതിനുള്ള ഉത്തരവുമാണ്.

 

Read more: അടഞ്ഞു പോവുന്നു, നമ്മുടെ കുട്ടികള്‍!

 

 

click me!