കുടുംബത്തെ കൊണ്ടുവരാനിരിക്കയായിരുന്നു ചാച്ചാ..!

By corona daysFirst Published Jun 3, 2021, 5:41 PM IST
Highlights

അത് കൊവിഡ് ആയിരുന്നില്ല! കൊറോണക്കാലം. ഹര്‍ഷാദ് എഴുതുന്നു

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

 

കൊറോണ കാരണം പലരെയും നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്നലെയും വേദനിപ്പിക്കുന്ന മരണ വാര്‍ത്തയുണ്ടായി, മൂന്ന് വര്‍ഷത്തോളമായി ഒപ്പം ജോലി ചെയ്യുന്ന, ഞാന്‍ ചാച്ചാ എന്ന വിളിക്കുന്ന, അസ്ഗര്‍.

കുറച്ചു മാസങ്ങളായി നാട്ടില്‍ പോകാത്തത് കൊണ്ട് ഫാമിലിയെ കൊണ്ട് വരാന്‍ ചാച്ചയ്ക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഫാമിലി വിസയൊക്കെ ഞാനായിരുന്നു ചെയ്തു കൊടുത്തത്. അപ്പോള്‍ തന്നെ ഭാര്യക്കും മക്കള്‍ക്കുമുള്ള എയര്‍ ടിക്കറ്റും എടുത്തിരുന്നു. ആ സമയത്താണ് വീണ്ടും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു എ ഇ വിലക്കേര്‍പ്പെടുത്തുന്നത്. പത്ത് ദിവസത്തിന് ശേഷം വിലക്കുനീങ്ങുമെന്നുള്ള ശുഭപ്രതീക്ഷയിലായിരുന്നു ചാച്ച. എന്നാല്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് വിലക്ക് നീട്ടി. അതോടെ അദ്ദേഹം നിരാശനായി.

അതിനിടെയാണ് അപ്രതീക്ഷിതമായി എനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. അതോടെ എന്റെ ജീവിതമാകെ മാറി. 

നോമ്പ് ഇരുപത്തിയൊമ്പതു മുതല്‍പെരുന്നാള്‍ അവധി ആയിരുന്നു. മൊത്തം അഞ്ച് ദിവസത്തെ ലീവ്. പെരുന്നാളിന്റെ തലേ ദിവസം അബുദാബിയില്‍ നിന്ന് അനിയന്‍ വന്നിരുന്നു. ഒരുപാട് വിശേഷങ്ങള്‍ സംസാരിച്ച ശേഷം ഭക്ഷണമൊക്കെ കഴിച്ച് അവന്‍ അന്ന് തന്നെ മടങ്ങി. രാത്രിയില്‍ അവന്റെ കോള്‍ വന്നു.

''റൂമിലെ രണ്ടു പേര്‍ക്ക് പോസിറ്റീവാണ്, എനിക്ക് കുഴപ്പം ഒന്നുല്ല, നിനക്കു കുഴപ്പമൊന്നും ഇല്ലല്ലോ''

അതുവരെ ഒന്നുമുണ്ടായില്ലെങ്കിലും കുറച്ചു കഴിഞ്ഞു കടുത്ത തലവേദന തുടങ്ങി. താഴെ ഫാര്‍മസിയില്‍ പോയി ഗുളിക കഴിച്ചെങ്കിലും തലവേദന സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. രാവിലെയാകുമ്പോഴേക്കും നല്ല പനിയും, തൊണ്ടവേദനയും, ചുമയും. ഇത് കൊറോണ ആണെന്ന് ഞാന്‍ ഉറപ്പിച്ചു.

റൂമില്‍ ഒറ്റയ്ക്കായിരുന്നു താമസം, രാത്രിയില്‍ വല്ലതും സംഭവിക്കുമോ, മരിച്ചുപോവുമോ എന്നൊക്കെയുള്ള ഭയം എന്നെ വല്ലാതെ അലട്ടി.

ഡോക്ടറെ കാണിച്ച് മരുന്നും ഗുളികയും കഴിക്കുന്നുണ്ടെങ്കിലും തലവേദനയ്‌ക്കോ പനിക്കോ ഒരു കുറവും ഉണ്ടായില്ല. ഉറക്കമില്ലാത്ത വേദനയുടെ രാത്രികളായിരുന്നു. കൊറോണ ടെസ്റ്റ് എടുത്തിരുന്നെങ്കിലും ഹോളിഡേ തിരക്ക് കാരണം റിസള്‍ട്ട് വരാന്‍ 48  മണിക്കൂര്‍ എടുത്തു. 

ആ 48 മണിക്കൂര്‍ ഞാനനുഭവിച്ച ടെന്‍ഷന്‍ മറക്കാന്‍ പോലും പറ്റാത്തതാണ്. എന്നെ ഞെട്ടിച്ചു കൊണ്ട് റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു, ഞാന്‍ വിചാരിച്ചത് ഇനി അവര്‍ക്ക് വല്ല തെറ്റും സംഭവിച്ചതാണോ എന്നാണ്. കൊറോണയുടെ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു.

വീണ്ടും ഡോക്ടറെ കണ്ടു, മരുന്നും ഗുളികയൊക്കെ മാറ്റി തന്നു. അസുഖമൊക്കെ മെല്ലെ മാറി തുടങ്ങിയപ്പോഴേക്കും അഞ്ച്  ദിവസത്തെ ലീവ് തീര്‍ന്നിരുന്നു. അത്കഴിഞ്ഞു മൂന്ന്  ദിവസത്തിന് ശേഷമാണ് ഓഫീസില്‍ പോയത്. അപ്പോഴാണ് അറിയുന്നത്, ഞാനീ വെപ്രാളത്തിലായതിനിടെ, അസ്ഗര്‍ ചാച്ചയ്ക്ക് കൊറോണ പോസിറ്റീവ് ആയെന്ന്. നാട്ടില്‍നിന്നും ഫാമിലിയെ കൊണ്ടുവരാനിരുന്ന അദ്ദേഹം ഐ സി യു വിലാണ് എന്നാണ് പിന്നെ അറിഞ്ഞത്. 

ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു. പക്ഷേ, എല്ലാം വിഫലമായി.

click me!