അതിമനോഹരം, വ്യത്യസ്തം, ഈ നഗരം!

By Nidheesh NandanamFirst Published Feb 15, 2021, 7:23 PM IST
Highlights

ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന ലണ്ടന്‍ യാത്രാനുഭവങ്ങള്‍ തുടരുന്നു. 

കാറ്റിനനുസരിച്ച് തനിയെ കറങ്ങാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിതിയാണ് 127 മീറ്റര്‍ ഉയരമുള്ള ഗ്ലാസ്ഗോ ടവര്‍. വിമാനങ്ങളുടെ ചിറകിനു സമാനമായ എയ്റോ ഫോയില്‍ രൂപത്തിലുള്ള ഈ നിര്‍മ്മിതി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് ബ്ലണ്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധമാണ്.  ഡിസൈനിലെ മേന്മയൊഴിച്ചാല്‍ എഞ്ചിനീറിങ്ങിലെ പോരായ്മകള്‍ കാരണം 2001-ല്‍ തുറന്നതിലിന്നോളം ഏകദേശം 80 ശതമാനം സമയവും ഇത് അടച്ചിടേണ്ടി വന്നു.. കാറ്റിന്റെ ഗതിയും വേഗതയും കൂടാതെ തനിയെ കറങ്ങാന്‍ നിലത്തുറപ്പിച്ചിട്ടുള്ള ബെയറിങ്ങുകളും പലപ്പോഴും ഇതിന്റെ പ്രവര്‍ത്തനം താറുമാറാക്കി.

 



സ്‌കോട്‌ലാന്റ് യാത്രയുടെ അവസാന ലക്ഷ്യമായ ഗ്ലാസ്ഗോയിലേക്ക് എഡിന്‍ബറയില്‍ നിന്നും ഒരൊറ്റ മണിക്കൂര്‍ ദൂരമേയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 50 മൈല്‍ ദൂരം. ഓരോ അണുവിലും ചരിത്രം പറയുന്ന, പൗരാണികതയുടെ നാള്‍വഴികള്‍ കാത്തു സൂക്ഷിക്കുന്ന എഡിന്‍ബറയില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്  സ്‌കോട്‌ലാന്റിന്റെ ഇരട്ട നഗരങ്ങളിലൊന്നായ ഗ്ലാസ്ഗോ. പരമ്പരാഗതമായി തുറമുഖ നഗരമായ ഇവിടം സ്‌കോട്‌ലാന്റിന്റെ ഏറ്റവും പ്രധാന വ്യവസായ കേന്ദ്രമായി വളരുകയും ക്രമേണ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് ഉയരുകയുമായിരുന്നു. 

വടക്കന്‍ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമായുള്ള വ്യാപാര ബന്ധം ഗ്ലാസ്ഗോയെ തുറമുഖ വ്യവസായത്തിന് ഏറ്റവും യോജിച്ച സ്ഥലമാക്കി. കപ്പല്‍ - കപ്പലാനുബന്ധ വ്യവസായങ്ങള്‍ ഇവിടെ തഴച്ചു വളര്‍ന്നു. വിക്‌ടോറിയന്‍ - എഡ്വേര്‍ഡിയന്‍ കാലഘട്ടങ്ങളില്‍ ലണ്ടന് പിന്നില്‍ യുകെയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക സ്രോതസ് ആയി ഗ്ലാസ്ഗോ മാറി. ഇതേ തുറമുഖ സാമീപ്യം കാരണം തനത് സെല്‍റ്റിക് - ഗീലിക് സംസ്‌കാരങ്ങളുടെ കൂടെ ഇംഗ്ലീഷ് - ഇംഗ്ലീഷ് ഇതര സംസ്‌കാരങ്ങളും കൂട്ടിയോജിപ്പിക്കപ്പെട്ടു. 1990 -കളില്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പദവി പോലും ഗ്ലാസ്ഗോയെ തേടിയെത്തി.

 

 

ഞങ്ങളുടെ യാത്രയില്‍, അവസാന ദിനത്തിന്റെ ഏതാനും മണിക്കൂറുകള്‍ മാത്രമേ ഗ്ലാസ്‌ഗോയ്ക്കായി നീക്കിവെച്ചിരുന്നുള്ളൂ. അതിനാല്‍ മേല്‍പ്പാതകളും അടിപ്പാതകളും വിസ്മയം തീര്‍ക്കുന്ന നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു ക്ലൈഡ് നദിക്കരയിലെ പ്രധാന സ്ഥലങ്ങള്‍ മാത്രം കണ്ടു മടങ്ങാനായിരുന്നു പ്ലാന്‍. വ്യത്യസ്ത ശൈലികളിലുള്ള വാസ്തു ശില്പ മാതൃകകളാല്‍ സമ്പന്നമാണ് ക്ലൈഡ് നദീ തീരം. ഓരോ കെട്ടിടവും ആകാരത്തിലെ വ്യത്യസ്തതകള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും.

ആദ്യം പോകുന്നത് റിവര്‍സൈഡ് വാഹന മ്യൂസിയത്തിലേക്കാണ്. പുറത്തു കാര്‍ പാര്‍ക്കിങ്ങിലോ മ്യൂസിയത്തിന് പുറത്തോ തെല്ലും തിരക്കില്ല. ഈസ്റ്റര്‍ ദിന പ്രഭാതത്തിന്റെ ആലസ്യത്തില്‍ നിന്നും ഗ്ലാസ്ഗോ ഉണര്‍ന്നിട്ടില്ല. അതിമനോഹരവും നൂതനവുമാണ് മ്യൂസിയത്തിന്റെ ആകാരം. 2011 -ല്‍ തുടങ്ങി രണ്ടു വര്‍ഷത്തിനകം തന്നെ 'യൂറോപ്യന്‍ മ്യൂസിയം ഓഫ് ദി ഇയര്‍' ബഹുമതി നേടിയ ഇടം. പ്രവേശനം തികച്ചും സൗജന്യമാണ്. അകത്തു വാഹനങ്ങളുടെ അത്യപൂര്‍വ കളക്ഷന്‍. 

ആദ്യമായി ബ്രിട്ടന്റെ നിരത്തിലോടിയ ബസു മുതല്‍ കേബിള്‍ ട്രക്ഷനില്‍ ഓടുന്ന തീവണ്ടി വരെ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അടിപ്പാതത്തീവണ്ടി സര്‍വീസുകളിലൊന്നാണ് (Underground subway train) ഗ്ലാസ്ഗോയിലേത്. തീവണ്ടി ഓടുന്നതിന് ലണ്ടന്‍കാര്‍ ആവി എന്‍ജിന്‍ തിരഞ്ഞെടുത്തപ്പോള്‍ ഹംഗറിയിലെ ബുഡാപെസ്റ്റുകാര്‍ അതിനായി വൈദ്യുതി തിരഞ്ഞെടുത്തു. എന്നാല്‍ ഗ്ലാസ്‌ഗോയിലെ എന്‍ജിനീയര്‍മാര്‍ തീരുമാനിച്ചത്  കേബിള്‍ സിസ്റ്റം ആയിരുന്നു. ഇരുപുറം അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന കേബിളില്‍ ഒരു പ്രത്യേക ഉപകരണം മൂലം പിടിത്തമിടുമ്പോള്‍ തീവണ്ടി സഞ്ചരിക്കുകയായി. നിര്‍ത്തേണ്ടപ്പോള്‍ അത് കേബിളില്‍ നിന്ന് വിടുവിക്കുകയും പതിയെ നിര്‍ത്തുകയുമാണ് ചെയ്തിരുന്നത്. ഒട്ടും സങ്കീര്‍ണതകളില്ലാതെ അര മണിക്കൂറില്‍ ഗ്ലാസ്ഗോ ചുറ്റിയടിക്കുന്ന ഈ സിസ്റ്റം 1933 വൈദ്യുതിക്ക് വഴിമാറി.

ഇനി മോട്ടോര്‍ ബൈക്കുകളുടെ ശ്രേണിയിലേക്ക് നോക്കിയാല്‍ ആദ്യകാല റോയല്‍ എന്‍ഫീല്‍ഡ്, ട്രയംഫ്, പ്യൂഷെ മോട്ടോര്‍ ബൈക്കുകള്‍ മുതല്‍ പുതിയ കാല ബിഎംഡബ്‌ള്യൂ, ഡുക്കാറ്റി മോഡലുകള്‍ വരെ കാണാം. ചക്രങ്ങളിലേറിയുള്ള മനുഷ്യകുലത്തിന്റെ വളര്‍ച്ചയുടെ ചരിത്രം ഈ മ്യൂസിയം ഭംഗിയായി അനാവരണം ചെയ്യുന്നു.

 

 

ഇതിന്റെ മുകള്‍ നിലയില്‍ മാരിടൈം മ്യൂസിയമാണ്. 500 -ലധികം കപ്പലുകള്‍ നിര്‍മ്മിച്ച A&J Inglis കപ്പല്‍ശാല നിലനിന്നിരുന്ന ഇടമായ ഇവിടം ഇന്ന് നമ്മെ സ്വീകരിക്കുന്നത് വിവിധതരം കപ്പല്‍ മാതൃകകളും അവയുടെ കഥകളുമായാണ്. കണ്ടും കേട്ടും നിന്ന് സമയം പോയതറിഞ്ഞില്ല.. പുറത്തെ വെയിലിന് കനം വച്ച് തുടങ്ങി. ഇപ്പോഴും ക്ലൈഡ് നദിക്കരയിലെ കാറ്റിന് ശമനമൊന്നുമില്ല. മ്യൂസിയത്തോടു ചേര്‍ന്ന് നദിയില്‍ ഒരു കപ്പല്‍ നിര്‍ത്തിയിട്ടിരിക്കുന്നു. നദിക്കരയിലെ പാര്‍ക്കില്‍ കൂടി മുന്നോട്ടു നടന്നു. 

 

 

തൊട്ടരികില്‍ ക്ലൈഡ്‌സൈഡ് ഡിസ്റ്റിലറി ആണ്. അതുല്യമായ സ്‌കോച്ച് വിസ്‌കി അനുഭവം പ്രദാനം ചെയ്യുന്നയിടം. സ്‌കോട്ടിഷ് പാരമ്പര്യം പേരില്‍ പോലും പേറുന്ന സ്‌കോച്ച് വിസ്‌കിയുടെ നിര്‍മാണം കാണാനും ക്ലൈഡ് നദിക്കരയിലെ കാറ്റിലലിഞ്ഞിരുന്ന് സ്‌കോച്ച് നുണയാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. ഇനിയും മുന്നോട്ട് നടന്നാല്‍ നദിക്കരയില്‍ സ്‌കോട്‌ലാന്റ് സയന്‍സ് സെന്റര്‍. രൂപഭംഗിയിലെ പുതുമ തന്നെയാണ് ഇവിടുത്തെ ആകര്‍ഷണവും. ചന്ദ്രക്കല രൂപത്തില്‍ കണ്ണാടി പോല്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന സയന്‍സ് മാളും അരികിലെ ഗ്ലാസ്ഗോ ടവറും ആരെയും അങ്ങോട്ടാകര്‍ഷിക്കും.  കാറ്റിനനുസരിച്ച് തനിയെ കറങ്ങാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിതിയാണ് 127 മീറ്റര്‍ ഉയരമുള്ള ഗ്ലാസ്ഗോ ടവര്‍. വിമാനങ്ങളുടെ ചിറകിനു സമാനമായ എയ്റോ ഫോയില്‍ രൂപത്തിലുള്ള ഈ നിര്‍മ്മിതി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് ബ്ലണ്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധമാണ്.  ഡിസൈനിലെ മേന്മയൊഴിച്ചാല്‍ എഞ്ചിനീറിങ്ങിലെ പോരായ്മകള്‍ കാരണം 2001-ല്‍ തുറന്നതിലിന്നോളം ഏകദേശം 80 ശതമാനം സമയവും ഇത് അടച്ചിടേണ്ടി വന്നു.. കാറ്റിന്റെ ഗതിയും വേഗതയും കൂടാതെ തനിയെ കറങ്ങാന്‍ നിലത്തുറപ്പിച്ചിട്ടുള്ള ബെയറിങ്ങുകളും പലപ്പോഴും ഇതിന്റെ പ്രവര്‍ത്തനം താറുമാറാക്കി.

 

 

പിന്നെയും മുന്നോട്ടു നടക്കുമ്പോള്‍ ക്ലൈഡ് നദിക്കഭിമുഖമായി കാണുന്ന ചതുരപ്പെട്ടി കണക്കെയുള്ള ചില്ലു കൂടാരമാണ് ബിബിസി സ്‌കോട്‌ലാന്റ്. തൊട്ടരികില്‍ തന്നെ സ്‌കോട്‌ലാന്റ് ടെലിവിഷന്റെ (STV) ആസ്ഥാനവുമുണ്ട്.. നടന്നു നടന്ന് SSE അര്‍മാഡില്ലോ എന്ന ക്ലൈഡ് ഓഡിറ്റോറിയത്തിന്റെ മുറ്റത്തെത്തി.. സ്‌കോട്ടിഷ് ഇവന്റ്് കാമ്പസിലെ മൂന്നില്‍ ഒരു വേദിയാണിത്..  ആദ്യ കാഴ്ച്ചയില്‍ സിഡ്നിയിലെ ഒപേറ ഹൗസിനോട് സാമ്യം തോന്നുമെങ്കിലും ഈ ഡിസൈന്‍ കടം കൊണ്ടത് കപ്പലുകളുടെ ഉടല്‍ ഭാഗത്തു (Hulls) നിന്നാണ്. ഏതെങ്കിലും വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഉള്ള ഇത്തിള്‍ പന്നിയുടെ ആകാരമാണ് ഇതിന് അര്‍മാഡില്ലോ എന്ന പേര് വരാന്‍ കാരണം.

ഇതിനു തൊട്ടരികില്‍ തന്നെയാണ് വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയമായ SSE ഹൈഡ്രോ. സ്‌കോട്‌ലാന്റ് സതേണ്‍ എനര്‍ജി (SSE) ആണ് ഈ സ്റ്റേഡിയത്തിന്റെ പ്രായോജകര്‍. കുംഭ ഗോപുരകൃതിയിലുള്ളതും മുട്ടയുടെ രൂപത്തിന് സമാനവുമായ ഈ മാതൃക ഗ്രീക്ക് - റോമന്‍ ആംഫി തിയേറ്ററുകളില്‍ നിന്നും കടം കൊണ്ടതാണ്.

 

 

രൂപത്തിലെ വ്യത്യസ്തതകള്‍ അന്വേഷിച്ചുള്ള യാത്ര ഇവിടെയും തീരുന്നില്ല. ക്ലൈഡ് നദിക്കു കുറുകെയുള്ള ക്ലൈഡ് ആര്‍ക് പാലമാണ് മറ്റൊരതിശയം. പാലത്തിന്റെ ഒരറ്റത്തു തുടങ്ങി മറ്റേയറ്റത്തവസാനിക്കുന്ന ഒറ്റ ഞാണ്‍ നിര്‍മ്മിതിയാണിത്.  അതിലേക്ക് പാലത്തെ നൂലുകളാല്‍ കോര്‍ത്ത് കെട്ടിയിരിക്കുന്നു. രാത്രികാലത്ത് ഈ ആര്‍കിലെ വെളിച്ച വിന്യാസവും അവ നദിയില്‍ തീര്‍ക്കുന്ന പ്രതിബിംബവും ഒരു മാന്ത്രിക വളയത്തെ അനുസ്മരിപ്പിക്കും. പകല്‍കാഴ്ചയിലും മനോഹാരിതയ്ക്ക് തെല്ലൊട്ടും കുറവില്ല താനും.

പഴമയുടെ പ്രൗഢിയാണ് എഡിന്‍ബറയ്ക്കെങ്കില്‍ കാഴ്ചയുടെ ആഘോഷമാണ് ഗ്ലാസ്‌ഗോയില്‍. ക്ലൈഡ് തീരത്ത് ഈ മനോഹാരിതകളൊരുക്കിയാണ് ഗ്ലാസ്ഗോ 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ലോകത്തെ അങ്ങോട്ടേക്ക് മാടി വിളിച്ചത്. ഗെയിംസ് കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവ കാണാനിന്നും സഞ്ചാരികളുടെ ഒഴുക്കാണ് ഗ്ലാസ്ഗോയിലേക്ക്.

click me!