പ്രേതകഥകളിലെ ആ നിഗൂഢ വഴിയില്‍...

By Nidheesh NandanamFirst Published Jan 18, 2021, 6:45 PM IST
Highlights

ലണ്ടന്‍ വാക്ക്. പറഞ്ഞുറപ്പിച്ച കാരവന്‍ തേടി ഒരു പാതിര...നിധീഷ് നന്ദനം എഴുതുന്നു

ഇതൊക്കെ കാണുമ്പോള്‍, കണ്ടു തീര്‍ത്തതോ വായിച്ചു രസിച്ചതോ ആയ ഏതോ പ്രേതകഥയിലെ വഴികള്‍ ഉള്ളില്‍ തെളിയുന്നു. കൂടെയുള്ള മുഖങ്ങളിലെല്ലാം അതേ ഭയം കാണാം. ഭയം വളര്‍ന്നെന്റെ ശബ്ദത്തെ  ഗ്രസിക്കാന്‍  തുടങ്ങിയതും താഴ്വരയിലെ  ഒരു ഊക്കന്‍ മരത്തിനു കീഴില്‍ തേടിയെത്തിയ മേല്‍വിലാസം  അവസാനിച്ചു. 

 

 

പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നില്‍ ദിനവും കള്‍ച്ചറല്‍ അപ്‌ഡേറ്റ്‌സ് പറയാന്‍ നിയോഗിക്കപ്പെട്ട സുന്ദരി പെണ്‍കുട്ടി ക്രിസ്റ്റി ബോര്‍ഡിന്റെ  വലതു മൂലയില്‍ കുറിച്ചിട്ടു '100 Days to  Easter.'

ഈസ്റ്റര്‍ പ്രലോഭിപ്പിക്കുന്നത് നാല് നാള്‍ നീളുന്ന അവധി ദിനങ്ങളാലാണ്. schengal visa  ഇല്ലാത്തതിനാല്‍ യൂറോപ്യന്‍ യാത്ര നടക്കില്ല. അപ്പോള്‍ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്‌കോട്‌ലന്‍ഡിലേക്കാവാമെന്ന് തീരുമാനിച്ചു. നാല് ദിവസം കയ്യിലുള്ളതിനാല്‍ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം. ഒരുപാട് ദിനങ്ങളിലെ നെടു നീളന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥലങ്ങള്‍ തീരുമാനമായി. എഡിന്‍ബറയും ഗ്ലാസ്‌ഗോയും പിന്നെ ഇന്‍വെര്‍നെസും ബെന്‍ നെവിസും. പോകേണ്ട റൂട്ടുമാപ്പുകളും  ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകള്‍ക്കുമൊടുവില്‍ താമസിക്കാനുള്ള സ്ഥലങ്ങള്‍ ബുക്ക് ചെയ്തു.ചിലവേറിയ റൂമുകള്‍ ഒഴിവാക്കി കാരവാനുകള്‍ ആണ് ഇത്തവണ പരീക്ഷണം. എന്താകുമോ എന്തോ...

 

 

പെസഹാ വ്യാഴവും ദു:ഖ വെള്ളിയുമുള്ള നീണ്ട ആഴ്ചാവസാനത്തിനു മുന്നോടിയായി ബുധനാഴ്ചതന്നെ ഓഫീസ് ശുഷ്‌കമായിരുന്നു. നീണ്ട യാത്രയുടെ ആവേശത്തിലായിരുന്ന എല്ലാവരും. നാല് മണിക്കേ യാത്രക്ക് തയ്യാറായി. ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്‌കോട്‌ലന്‍ഡിലെ ഇന്‍വെര്‍നെസ് ആണ് ലക്ഷ്യം. ഉദ്ദേശം പാതി വഴിയില്‍, കേട്ടുകേള്‍വി പോലുമില്ലാത്ത ആസ്‌ക്ഹാം  എന്നൊരിടത്ത് കാരവാനില്‍ താമസം ബുക്ക് ചെയ്തിട്ടുണ്ട്. 

റോഡിലെങ്ങും ഈസ്റ്റര്‍ അവധിയുടെ തിരക്കായതിനാല്‍ യാത്രക്ക് ഉദ്ദേശിച്ച വേഗത പോരാ. 10 മണിക്ക് എത്തുമെന്ന് പ്ലാന്‍ ചെയ്ത ആസ്‌ക് ഹാമിനോടടുക്കുമ്പോള്‍ സമയം 12 കഴിഞ്ഞു. ആറു വരി പാതയുടെ ധാരാളിത്തത്തില്‍ നിന്ന് പുറത്തിറങ്ങി, ഇടവഴികളിലൂടെയാണ് ഇപ്പോള്‍ യാത്ര. നിരത്തുകളോ വണ്ടികളോ  ഇല്ല ചുറ്റിലും.

 

 

തണുപ്പു  പുതച്ച് നീണ്ടു നിവര്‍ന്നുറങ്ങുന്ന വിശാലമായ കൃഷിയിടങ്ങള്‍. അരികില്‍ കുന്നില്‍ ചെരുവിലൂടൊരരുവി ഞങ്ങളോടൊപ്പം ഒഴുകി വരുന്നുണ്ട്. 'റ' കണക്കെ ഉയര്‍ത്തിക്കെട്ടിയൊരു പാലം. ഒരു വണ്ടി മാത്രം പോകാന്‍ വഴിയുള്ള പാലത്തിനക്കരെ കുന്നിന്‍ മുകളില്‍ ഒരുപാട് കൂറ്റന്‍ കെട്ടിടവുങ്ങളും ഒരു ഒറ്റ വെളിച്ചവുമുണ്ട്. യാത്ര പോകുന്നതേതോ പ്രേത കഥയില്‍ കണ്ട, കുന്നിന്‍ മുകളിലെ കോട്ടയില്‍ അവസാനിക്കുന്നൊരു ഒറ്റയടിപ്പാതയിലൂടെ ആണോ എന്ന സന്ദേഹം ഉള്ളില്‍ പതുക്കെ വളരുന്നുണ്ട്. 

ഇതൊക്കെ കാണുമ്പോള്‍, കണ്ടു തീര്‍ത്തതോ വായിച്ചു രസിച്ചതോ ആയ ഏതോ പ്രേതകഥയിലെ വഴികള്‍ ഉള്ളില്‍ തെളിയുന്നു. കൂടെയുള്ള മുഖങ്ങളിലെല്ലാം അതേ ഭയം കാണാം. ഭയം വളര്‍ന്നെന്റെ ശബ്ദത്തെ  ഗ്രസിക്കാന്‍  തുടങ്ങിയതും താഴ്വരയിലെ  ഒരു ഊക്കന്‍ മരത്തിനു കീഴില്‍ തേടിയെത്തിയ മേല്‍വിലാസം  അവസാനിച്ചു. 

ഒരുപാട് പഴക്കമുള്ളൊരു ഉള്‍നാടന്‍ ഇഗ്ലീഷ്  ഗ്രാമമാണിത്. എല്ലാവരും പുറത്തിറങ്ങി. 'വാസന്ത പൗര്‍ണ്ണമിയോടടുത്ത' (First  full moon  of the spring - Pink moon) ദിവസമായതിനാല്‍ വഴി വിളക്കുകളില്ലെങ്കിലും നിലാവുണ്ട്. തെരുവിലെ ഓരോ വീടുകളുടെ മുന്നിലും നമ്പര്‍ തിരഞ്ഞെങ്കിലും ഒന്നും ഒത്തു വന്നില്ല.  പോസ്റ്റ് കോഡ് കൃത്യമാണ്, രാത്രിയുടെ രണ്ടാം യാമത്തില്‍ ഒട്ടുമിക്ക വീടുകള്‍ക്കുള്ളിലെയും മെഴുകുതിരി വെട്ടങ്ങള്‍ കെട്ട് തീരാറായി. ഞങ്ങളൊഴികെ ഈ ഗ്രാമത്തിലെ മറ്റെല്ലാ മനുഷ്യരും ഉറക്കത്തിലാണ്. 

ശിഷ്യനായ യൂദാസ്, യേശുദേവനെ  30 വെള്ളിക്കാശിന്  ഒറ്റു കൊടുത്ത ദിവസമാണ്. ദൈവമേ, അഞ്ചു പേര്‍ക്കും ആള്‍ക്കൊന്നിനു 30 പൗണ്ട് എണ്ണിവാങ്ങി കാരവന്‍ പാര്‍ക്ക് എന്നുപറഞ്ഞു ബുക്ക് ചെയ്തു തന്നത് ഇവിടെയാണോ. എന്തായാലും തേടിയിറങ്ങിയ ആ വീടിന്റെ നമ്പര്‍ 13 അല്ല. പകരം അഞ്ചു 13കള്‍ ചേര്‍ന്ന 65 ആണ്. വീട് തിരഞ്ഞു പലവഴി പോയവരൊക്കെ തിരിച്ചെത്തി. ഇന്റര്‍നെറ്റ് കണക്ഷനോ റേഞ്ചോ ഒരു തരിയില്ലാത്തതിനാല്‍  വീടിന്റെ ഉടമസ്ഥനെ വിളിക്കാന്‍ വകുപ്പില്ല. ഫോണില്‍ സേവ് ചെയ്തിരുന്ന പുള്ളിയുടെ ഇ മെയില്‍ തപ്പിയെടുത്തു...

 

 

മുമ്പേ കളിച്ച ട്രഷര്‍ ഹണ്ടിലെ സൂചകങ്ങള്‍ ഇതിലും എത്രയോ ഭേദം. സൂചകങ്ങളില്‍ പറഞ്ഞ 'പഞ്ച് ബൗള്‍' പബ്ബ് കണ്ടു പിടിക്കാന്‍ തന്നെ ഈ ഇരുട്ടത്ത് ഏറെ ഏറെ നേരമെടുത്തു. ഒരു ഇംഗ്ലീഷ് പബ്ബിന്റെ യാതൊരു രൂപഭാവവുമില്ലാത്ത പഴയൊരു ചെറു കെട്ടിടം. അതിനരികിലെ ചെറു വഴിയിലൂടെ പിന്നിലേക്ക് പോകണം. അടുത്തെവിടെയോ കുതിരലായമുണ്ടെന്ന് മണത്തില്‍ തിരിച്ചറിയാം. 

അതിനടുത്തു തന്നെ കുറെ കാരവാനുകളുണ്ട്. പ്രത്യേക രീതിയിലടച്ച മരഗേറ്റുകള്‍ തുറക്കാന്‍ പിന്നെയും സമയമെടുത്തു. പിന്നെ അടുത്ത സൂത്രപ്പണി. നമ്പര്‍ പൂട്ടിട്ടു പൂട്ടിയ ചെറു പെട്ടി തുറന്നാലേ കാരവന്‍  വാതിലിന്റെ താക്കോല്‍ കിട്ടൂ. അങ്ങനെ ഒരു വിധത്തില്‍ മണിച്ചിത്ര താഴുകള്‍ കുത്തിത്തുറന്ന് കാരവാനില്‍ എത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു. സമയം രണ്ടു മണിയോടടുത്തു. ഇനി ഉറക്കം. നാളെ ഇന്‍വെര്‍നെസിലെ കാഴ്ചകള്‍ കാണാന്‍ നേരത്തെ ഉണരണം.

click me!