
1982 ഫെബ്രുവരി. ഷബീര്‍ കാമുകിയോടൊപ്പം കാറില്‍ യാത്ര ചെയ്യുകയാണ്. വിവാഹപ്പാര്‍ട്ടി എന്ന് തോന്നിപ്പിക്കുന്നവിധം പൂക്കളാല്‍ അലങ്കരിച്ച ഒരു കാര്‍ അവരെ പിന്തുടരുന്നുണ്ടായിരുന്നു. മാന്യയും ആലം സേബും അമീര്‍ സാദയും ആയിരുന്നു ആ വണ്ടിയില്‍. ഷബീറിന്റെ കാര്‍ ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയിട്ടു. പിറകിലെ കാറില്‍ നിന്നും മാന്യ പുറത്തിറങ്ങി. അയാള്‍ ഷബീറിനെ തുതുതുരാ വെടിവെച്ചു
രത്‌നഗിരിയില്‍ നിന്നും അമ്മയോടൊപ്പം ബോംബയില്‍ എത്തുമ്പോള്‍ മനോഹറിന് പ്രായം എട്ട് വയസ്സ്. പഠിപ്പില്‍ മിടുക്കന്‍. കീര്‍ത്തി കോളേജില്‍ ബിഎയ്ക്ക് ചേരുംവരെ മാന്യ പേരുപോലെ മാന്യനായിരുന്നു. ആറടിയിലേറെ ഉയരം. കരുത്തുള്ള ആകാരം. തലയെടുപ്പ്. മനോഹറിന്റെ പഠിത്തം കുടുംബത്തെ സംരക്ഷിക്കുമെന്ന് വീട്ടുകാര്‍ കണക്കുകൂട്ടി. ചേട്ടന്‍ ഭാര്‍ഗ്ഗവും കൂട്ടുകാരന്‍ സുരേഷ് ദേശായിയും മനോഹറിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. 'നീ പഠിക്കൂ' എന്നായിരുന്നു ചേട്ടന്റെ ഉപദേശം.
പിതാവ് അര്‍ജുന്‍ സുര്‍വേ കുടുംബത്തോടൊപ്പമില്ലെങ്കിലും മുത്തച്ഛനും മുത്തശ്ശിയും അമ്മയും ചേട്ടനും മറ്റു കുടുംബാംഗങ്ങളും കൂടെയുള്ളതിനാല്‍ കോളേജ് പഠനം സുഗമമായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ കെമിസ്ട്രിയില്‍ ബി.എസ്.സി പാസ്സായത് എഴുപത്തിയെട്ടു ശതമാനം മാര്‍ക്ക് വാങ്ങിയാണ്. പക്ഷേ കുടുംബം സ്വപ്നംകണ്ടതുപോലായിരുന്നില്ല അവന്റെ ഭാവി. പഠിച്ച് നല്ല ജോലി നേടുമെന്നു കരുതിയവന്‍ മാന്യ സുര്‍വേ എന്ന പേരില്‍ അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയി. മാന്യതയുടെ പ്രതീകമായി വളര്‍ന്ന അവന്‍ അതോടെ അമാന്യതയുടെ പ്രതിരൂപമായി.
ചേട്ടന്‍ ഭാര്‍ഗ്ഗവ് സുര്‍വേയുടെ (പില്‍ക്കാലത്ത് ഭാര്‍ഗ്ഗവ് ദാദ) വഴിപിഴച്ച ജീവിതമായിരുന്നു അതിനു കാരണം. കള്ളവാറ്റും അടിപിടിയും കളവും ഒക്കെയായി നടക്കുകയാണ് ചേട്ടന്‍. ഇടയ്ക്കിടെ ചേട്ടനെ അന്വേഷിച്ചു വീട്ടിലെത്തുന്ന ദാദര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ധാബോല്‍ക്കര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കോളേജ് വിദ്യാര്‍ഥിയായ മനോഹറിനെ തല്ലുക പതിവായിരുന്നു.
ആയിടയ്ക്കാണ് ഒരു സംഭവം നടന്നത്. ചേട്ടനും കൂട്ടുകാരന്‍ സുരേഷ് യാദവും ചേര്‍ന്നു ഖണ്ഡേക്കര്‍ എന്ന വ്യവസായിയെ തല്ലിച്ചതച്ചു. അമ്പതിനായിരം രൂപ ചോദിച്ചിട്ട് കൊടുക്കാത്തതായിരുന്നു കാരണം. അടി കാര്യമായി ഏറ്റു. ഗുരുതരമായി പരിക്കേറ്റ ഖണ്ഡേക്കര്‍ കൊല്ലപ്പെട്ടു. തല്ല് നടക്കുന്നിടത്ത് മനോഹറും വന്നുപെട്ടതിനാല്‍ പോലീസ് മൂവരെയും പൊക്കി. മുന്‍കരുതല്‍ എന്ന കാരണത്താലാണ് നിരപരാധിയായ മനോഹറും പിടിക്കപ്പെട്ടത്. ശരിയോ തെറ്റോ നോക്കാതെ പിടിക്കപ്പെട്ടവനെ പ്രതിചേര്‍ക്കുന്ന പോലീസ് തന്ത്രം. നിസ്സാര കുറ്റങ്ങള്‍ ചെയ്യുന്നവരെ വെറുതെ വിട്ടാല്‍ പില്‍ക്കാലം അത് പോലീസിന് തലവേദന ആയേക്കുമെന്ന ഭയമായിരുന്നു അതിനു പിന്നില്‍.
പക്ഷേ, തിരിച്ചായിരുന്നു അനുഭവം. ഇത്തരം കേസുകളില്‍ പെട്ടുപോയാല്‍, ഒരാള്‍ക്കു മുന്നില്‍ പിന്നെയുണ്ടാവുക കുറ്റകൃത്യങ്ങളുടെ ലോകം മാത്രമായിരിക്കും. പില്‍ക്കാല ജീവിതം അധോലോകവുമായി കെട്ടുപിണഞ്ഞു പോകും. ജയിലില്‍ അകപ്പെടുന്നത്തോടെ കൊടുംക്രിമിനലുകളുമായുള്ള സൗഹൃദം തുടങ്ങും. പുറത്തിറങ്ങുന്നത് മറ്റൊരാളായിട്ടായിരിക്കും. എന്തും ചെയ്യാനുള്ള ധൈര്യമാണ് ആ തടവുജീവിതം സമ്മാനിക്കുക.
ഖണ്ഡേക്കര്‍ വധക്കേസില്‍ മനോഹറും പ്രതിചേര്‍ക്കപ്പെട്ടു. മൂവരെയും കോടതി പതിനാല് വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അങ്ങനെ മനോഹറും പൂനെയിലെ യേര്‍വാദാ ജയിലില്‍ അടക്കപ്പെട്ടു. ശിക്ഷാവിധി കേട്ടയുടനെ മനോഹര്‍ രോഷാകുലനായി. വിധി പറഞ്ഞ ജസ്റ്റിസ് ഗുപ്തയെ സാക്ഷിനിര്‍ത്തി, അവനൊരു പ്രഖ്യാപനം നടത്തി. നിരപരാധിയായ തന്നെ അകത്താക്കിയ ഇന്‍സ്പെക്ടര്‍ ധാബോള്‍ക്കറെ വെറുതെ വിടില്ല! കോടതി മുറിക്കുള്ളില്‍ അത്തരമൊരു പ്രഖ്യാപനം പതിവുള്ളതല്ല!
ഒരു ഭീകര ജയിലായിരുന്നു യേര്‍വാദാ. ബോംബൈയില്‍നിന്നു പിടിക്കപ്പെടുന്നവരുടെ പതിവുതാവളം. ജയിലില്‍വെച്ച്, സുഹാസ് ഭാട്ക്കര്‍, പോത്യ, മുനീര്‍ ഷെയ്ഖ് എന്നീ കൊടുംക്രിമിനലുകളുമായി മനോഹര്‍ സൗഹൃദത്തിലായി. ജയിലില്‍ എതിരാളികളെ തല്ലുക ഇവരുടെ പതിവായിരുന്നു. കരുത്തനായ മനോഹറും അക്കൂട്ടത്തില്‍ ചേര്‍ന്നു. തന്നെ ആരു തൊട്ടാലും വെറുതെ വിടില്ലെന്നു അയാള്‍ പ്രഖ്യാപിച്ചു. തന്റെ സ്വപ്നം തകര്‍ത്ത നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി അവന്‍ പലരോടുമായി തീര്‍ത്തു. അവിടെ വെച്ചാണ് മനോഹര്‍ അര്‍ജുന്‍ സുര്‍വേ എന്ന ചെറുപ്പക്കാരന്‍ മാന്യ സുര്‍വെ എന്നറിയപ്പെട്ടു തുടങ്ങിയത്.
മാന്യ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയിലിലെ നിരന്തര പ്രശ്‌നക്കാരനെ രത്‌നഗിരി ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായി. കൂട്ടുകാരായ മുനീറും ഭാട്ക്കറും അതിനകം ജയില്‍മോചിതരായിരുന്നു. പോകുംമുന്‍പ് അവര്‍ ചില രഹസ്യ ധാരണകള്‍ ഉണ്ടാക്കിയിരുന്നു. അതു പ്രകാരം മാന്യ നിരാഹാരം കിടന്നു. വിദ്യാസമ്പന്നനായ തന്നെ മറ്റു കുറ്റവാളികളെപ്പോലെ പരിഗണിക്കരുതെന്നും മികച്ച ഭക്ഷണവും പരിചരണവും വേണമെന്നുമായിരുന്നു ആവശ്യം. ജയിലധികൃതര്‍ ആവശ്യങ്ങള്‍ നിരസിച്ചു. ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ അവശനായ മാന്യയെ പൂനെയിലെ സസൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതു കിലോ ഭാരമാണത്രേ ഒറ്റയടിക്ക് കുറഞ്ഞത്. ആശുപത്രിയില്‍ കിടക്കുന്നതിനിടെ, എല്ലാ കാവല്‍നിന്ന പൊലീസുകാരെ ആക്രമിച്ച്, സര്‍വ്വസുരക്ഷാ മുന്‍കരുതലുകളും ഭേദിച്ച്, മുനീറും ഭാട്ക്കറും മാന്യയെ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. മാന്യയുടെ നിരാഹാരം രക്ഷപ്പെടാന്‍ നടത്തിയ തന്ത്രമായിരുന്നു.
1979 ലാണ് മാന്യ ബോംബയില്‍ തിരിച്ചെത്തിയത്. ഒളിവില്‍ കഴിയുന്നതിനിടെ അയാള്‍ പുതിയ ഗാങ് തുടങ്ങി. ധാരാവിയില്‍ നിന്നുള്ള ഷെയ്ഖ് മുനീര്‍, ഡോംബിവലിയിലെ പാട്ടീല്‍ എന്നിവരടങ്ങിയ മൂവര്‍ സംഘമായി അതുമാറി. എതിരാളികളെ ആക്രമിക്കാന്‍ കത്തിയോ തോക്കോ വേണ്ട, പല്ല് മതിയെന്ന് തെളിയിച്ച ആളാണ് മുനീര്‍. അനവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട അപകടകാരി. സംഘം വൈകാതെ ഉദയ് ഷെട്ടിയുമായി അടുത്തു.
മാന്യ ഇപ്പോള്‍ കേവലമൊരു ഗുണ്ടയല്ല. പേരെടുത്ത കൊലയാളിയും ഗാങ്സ്റ്ററുമാണ്. ഇതിനിടയില്‍ മാന്യയും സംഘവും ഒരു അംബാസഡര്‍ കാര്‍ മോഷ്ടിച്ചു. കൂടാതെ ഒരു കള്ളത്തോക്കും സംഘടിപ്പിച്ചു. തൊട്ടടുത്ത ആഴ്ച ഷെയ്ഖ് മുനീറിന്റെ ശത്രുവിനെ അവര്‍ കൊന്നു. കത്തി, സോഡാ ബോട്ടില്‍ എന്നിവ ആയുധമാക്കിയ അക്കാലത്ത് ഡോണുകള്‍ തോക്ക് ഉപയോഗിച്ചു തുടങ്ങിയത് മാന്യയുടെ കാലത്താണ്.
വളരെപ്പെട്ടെന്ന് ഭയത്തിന്റെയും ഭീകരതയുടെയും പര്യായമായി മാറി മാന്യയും കൂട്ടരും. പോലീസ് സംഘത്തെ അവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. തന്നെ നശിപ്പിച്ച പോലീസുകാരോടുള്ള മാന്യയുടെ എക്കാലത്തെയും പകയായിരുന്നു അതിനു കാരണം. ലോക്കപ്പില്‍ തന്നെ നിരന്തരം പീഡിപ്പിച്ച സബ്ബ് ഇന്‍സ്പെക്ടര്‍ ധാബോല്‍ക്കര്‍ ആയിരുന്നു സുര്‍വേയുടെ പ്രധാന ശത്രു. അയാളെ വകവരുത്തുക എന്നത് മാന്യ അന്തിമലക്ഷ്യമായി കണ്ടു. പലപ്പോഴും നേരിട്ടുചെന്നും ഫോണ്‍ചെയ്തും ധാബോല്‍ക്കറെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. ഭയന്നുപോയ ധാബോല്‍ക്കര്‍ തന്റെ വെളുത്തമുടി ഡൈ ചെയ്ത് ആകാവുന്ന ശാരീരിക മാറ്റംവരുത്തി രായ്ക്കുരാമാനം ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടു. അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന മകളോടൊപ്പം താമസമാക്കി.
അതിനിടെ, സാമ്പത്തിക പ്രയാസം കാരണം മാന്യയ്ക്ക് ഭാവി ശൂന്യമായി അനുഭവപ്പെട്ടു. ഇനി പിടിച്ചുനില്‍ക്കാന്‍ ഒരു വഴിയേയുള്ളൂ. ദാവൂദുമായി അടുക്കുക. എന്നാല്‍ സ്വന്തം നാട്ടുകാരനായിട്ടും ദാവൂദ്, മാന്യയെ കൂടെ നിര്‍ത്തിയില്ല.
പല കാരണങ്ങളാല്‍ ദാവൂദും കരീം ലാലയും അകന്ന സമയമാണത്. ദാവൂദ് സമദ്ഖാനെ കൊന്നതിനാല്‍ ആ വൈരാഗ്യം ഇരട്ടിച്ചു കഴിഞ്ഞിരുന്നു. ഹാജി മസ്താന്‍ ആവട്ടെ പത്തൊന്‍പതാം വയസ്സില്‍ തന്റെ പണം കൊള്ളയടിച്ച ദാവൂദുമായി കാലങ്ങളോളമായി തുടരുന്ന ശത്രുതയിലും. ദാവൂദിന്റെ വളര്‍ച്ച എതിരാളികള്‍ക്ക് കണ്ടുനില്‍ക്കാനേ ആവുന്നുള്ളൂ. ദാവൂദിെനക്കുറിച്ചോര്‍ത്ത് അവനെയോര്‍ത്ത് ലാലയും മസ്താനും വരദരാജ മുതലിയാരും അസ്വസ്ഥരായ സമയം.
സാധാരണ ഗതിയില്‍ മാന്യയെപ്പോലെ നവാഗതനായ ഒരാള്‍ക്ക് ഹാജി മസ്താന്‍ സംഘത്തില്‍ പ്രവേശിക്കുക എളുപ്പമല്ല. അതിനാല്‍ മാന്യ കരീം ലാലയുമായി അടുത്തു. മാന്യ ബോംബയില്‍ വളരുന്ന കാര്യം ലാലയുടെ ചെവിയില്‍ എത്തിയിരുന്നു. അയാള്‍ മാന്യയെ സുര്‍വയെ സ്വാഗതം ചെയ്തു.
കരീം ലാല മാന്യയെ ഉപയോഗിച്ച് തന്നെ വധിക്കുമെന്ന സന്ദേശം ദാവൂദിന് കിട്ടി. മാന്യയുടെ ഓരോ ചുവടുവെപ്പും ബുദ്ധിപൂര്‍വ്വമാണെന്ന് ദാവൂദിനറിയാം. അതിനു മുന്‍പേ അവനെ തകര്‍ക്കണം. പിതാവ് ക്രൈംബ്രാഞ്ചില്‍ ആയതിനാല്‍ ദാവൂദിന് പോലീസില്‍ ധാരാളം ചങ്ങാതിമാരുണ്ട്. സാമ്പത്തിക സഹായം ചെയ്ത് ദാവൂദ് അവരെയൊക്കെ വരുതിയില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ പലതരത്തിലുള്ള സംരക്ഷണവും രഹസ്യവിവരങ്ങളും ദാവൂദിന് കിട്ടുക പതിവാണ്.
അതിനിടയില്‍ ദാവൂദിനെയും കരീം ലാലയെയും അനുരഞ്ജനത്തില്‍ എത്തിക്കാന്‍ ഹാജി മസ്താന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷേ ലാലയുടെ അനുയായികളായ ആലം സേബും അമീര്‍ സാദയും അതിന് വിഘാതമായി. അവര്‍ ദാവൂദിനോടുള്ള പഴയ ശത്രുത തുടര്‍ന്നു. ദാവൂദ് ഗ്രൂപ്പിന്റെ നിയന്ത്രണം ചേട്ടന്‍ ഷബീറിന്റെ കയ്യിലായിരുന്നു അപ്പോള്‍. അവനെ വധിച്ച് ദാവൂദ് ഗ്രൂപ്പിനെ നിര്‍വീര്യമാക്കാന്‍ ലാല പദ്ധതിയിട്ടു. മാന്യ ആ ദൗത്യം ഏറ്റെടുത്തു.
1982 ഫെബ്രുവരി. ഷബീര്‍ കാമുകിയോടൊപ്പം കാറില്‍ യാത്ര ചെയ്യുകയാണ്. വിവാഹപ്പാര്‍ട്ടി എന്ന് തോന്നിപ്പിക്കുന്നവിധം പൂക്കളാല്‍ അലങ്കരിച്ച ഒരു കാര്‍ അവരെ പിന്തുടരുന്നുണ്ടായിരുന്നു. മാന്യയും ആലം സേബും അമീര്‍ സാദയും ആയിരുന്നു ആ വണ്ടിയില്‍. ഷബീറിന്റെ കാര്‍ ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയിട്ടു. പിറകിലെ കാറില്‍ നിന്നും മാന്യ പുറത്തിറങ്ങി. അയാള്‍ ഷബീറിനെ തുതുതുരാ വെടിവെച്ചു. പ്രശസ്ത ക്രൈം നോവലിസ്റ്റ് റിച്ചര്‍ഡ് ഹാര്‍ഡി ചേസിന്റെ വായനക്കാരനായിരുന്ന സുര്‍വ്വേക്കു കൊലപാതകത്തിനുള്ള ആശയങ്ങള്‍ നല്‍കിയത് ചേസിന്റെ പുസ്തകങ്ങളായിരുന്നു.
ഷബീറിന്റെ കൊല ദാവൂദിനെ ഇളക്കിമറിച്ചു. അയാള്‍ പ്രതികാരം തുടങ്ങി. ദാവൂദിന്റെ ഗ്യാങ് ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെട്ടു. മാന്യ വെറുതെ നിന്നില്ല. അയാള്‍ മറ്റു പല കുറ്റകൃത്യങ്ങളിലും സജീവമായി. മാഹിമിലെ ഒരു ജിംനേഷ്യത്തില്‍ കയറി പാട്ടീല്‍ എന്നൊരു ചെറുപ്പക്കാരന്റെ ഇരു കാല്‍മുട്ടുകളും വെടിവെച്ചു തകര്‍ത്ത കേസും അതിനിടയില്‍ മാന്യയുടെ പേരിലുണ്ടായി.
ഷബീറിന്റെ കൊലയ്ക്ക് ശേഷം മാന്യയെ പിടികൂടാനുള്ള സമ്മര്‍ദ്ദം പലയിടങ്ങളില്‍ നിന്നും പോലീസിനുണ്ടായി, വിശേഷിച്ച് ദാവൂദില്‍ നിന്ന്. അതിനിടയിലാണ് ഒരു വിവാഹപ്പാര്‍ട്ടിയില്‍ മാന്യയും വരദരാജ മുതലിയാരും തമ്മില്‍ വാക്‌പ്പോര് നടക്കുന്നത്. മാട്ടുംഗയിലേക്ക് മാന്യ കടന്നുകയറുന്നു എന്നതായിരുന്നു വരദക്ക് പറയാനുള്ള കാരണം. മാന്യയെ 'ബേട്ടാ' എന്ന് സംബോധന ചെയ്തിരുന്ന വരദയ്ക്ക് അതോടെ അയാള്‍ ശത്രുവായി. വരദയും മാന്യയ്ക്കായി കെണിയൊരുക്കി കാത്തിരുന്നു. മാന്യയുടെ നീക്കങ്ങള്‍ അവര്‍ പോലീസിന് നല്‍കിക്കൊണ്ടിരുന്നു.
പോലീസ് കമ്മീഷണര്‍ ജൂലിയോ റെബിറോ മാന്യയെ പിടികൂടാന്‍ വലിയ സന്നാഹങ്ങള്‍ ഒരുക്കി. മാന്യയുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയണം. അതിനായി അയാളുടെ കാമുകി വിദ്യയുമായി പരിചയത്തിലാവാന്‍ ഒരു യുവാവിനെ അവര്‍ കണ്ടെത്തി. മാന്യയെ ഹണീട്രാപ്പില്‍ കുടുക്കാന്‍ മറ്റൊരു പെണ്‍കുട്ടിയേയും. ബോംബെ ക്രൈംബ്രാഞ്ചിലെ മിടുക്കാരായ ഐസക് സാംസണ്‍, യശ്വന്ത് ഭഡെ, രാജാ താംബേ, സഞ്ജയ് പരന്തെ എന്നിവരടങ്ങിയ പതിനെട്ടു പേരടങ്ങുന്ന ഒരു ടീം മാന്യെയ്ക്കായി വലവിരിച്ചു. ലോണാവാലയിലേക്കുള്ള മൂന്ന് വഴികളിലും പോലീസ് പാറാവ് നിന്നു്
1982 ജനുവരി 11. കാമുകിയോടൊപ്പം ഉല്ലാസയാത്രയ്ക്കു പോകാന്‍ മാന്യ ഒരു ടാക്‌സിയില്‍ പുറപ്പെടുന്നു. വഡാലയിലെ അംബേദ്കര്‍ കോളജിനു മുന്നില്‍ അവള്‍ കാത്തുനില്‍പ്പുണ്ട്. അവിടെ വെച്ച് അവളെ കാറില്‍ കയറ്റണം. കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേന പതിനെട്ടു പോലീസുകാര്‍ വേഷം മാറിനിന്നു. അവരുടെ കയ്യിലെ പുസ്തകങ്ങളില്‍ ഒളിപ്പിച്ചുവെച്ച റിവോള്‍വറുകള്‍.
മാന്യ പുറത്തിറങ്ങിയതും യശ്വന്ത് ഭഡെ 'ഇവന്‍ തന്നെ' എന്ന് അടയാളം നല്‍കി. രാജ താംബേ തോക്കുമായി മാന്യയുടെ അടുത്തെത്തി കീഴടങ്ങാന്‍ ആവശ്യട്ടു. അയാള്‍ വഴങ്ങിയില്ല. മാന്യ വെടിയുതിര്‍ക്കാന്‍ ശ്രമിക്കും മുന്‍പേ ഇഷാക് ഭഗവാന്‍ എന്ന പോലീസുകാരന്‍ തുരുതുരാ വെടിവെച്ചു.
മാന്യ മരിച്ചില്ല. പൊലീസ് അയാളെ സയേണ്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആ യാത്രയില്‍ ശരീരത്തില്‍ എട്ടോളം വെടിയുണ്ടകള്‍ ഉണ്ടായിട്ടും രക്തംവാര്‍ന്ന് അവശനായിട്ടും അയാള്‍ പോലീസുകാര്‍ക്ക് നേരെയുള്ള ഭീഷണിയും ചീത്തവിളിയും നിര്‍ത്തിയില്ല. എന്നാല്‍ വഴിക്കുവെച്ച് ആ സംസാരം നിലച്ചു. മരണം വന്ന് മാന്യയുടെ കൈപിടിച്ചു. ഷബീറിന്റെ കൊലപാതകത്തിന് ഒരുവര്‍ഷം തികയും മുമ്പ് കൊലയാളിക്കും അതേ വിധി. മരിക്കുമ്പോള്‍ മാന്യയ്ക്ക് പ്രായം മുപ്പത്തിയേഴ്. ഇന്ത്യയിലെ ആദ്യത്തെ ഏറ്റുമുട്ടല്‍ കൊലയായി സുര്‍വേയുടെ അന്ത്യം അറിയപ്പെട്ടു.
2012 -ല്‍ സഞ്ജയ് ഗുപ്ത മാന്യയുടെ ജീവിതകഥ സിനിമയാക്കി. 'ഷൂട്ട് ഔട്ട് അറ്റ് വാഡാല.' ജോണ്‍ എബ്രഹാം ആയിരുന്നു മാന്യ സുര്‍വേയായി അഭിനയിച്ചത്.
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)