സ്വന്തം കുഞ്ഞ് കരയുമ്പോഴും അന്യന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ വിധിക്കപ്പെട്ടവര്‍!

By Theresa JosephFirst Published Jan 20, 2023, 5:36 PM IST
Highlights

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് കരയുന്ന കുഞ്ഞുങ്ങള്‍
 

കറുത്ത വര്‍ഗക്കാരന്‍ അടിമയായിരുന്ന കാലം. സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ അനുവാദമില്ലാതിരുന്ന ഒരു കാലം. നൊന്ത് പെറ്റ കുഞ്ഞ് വിശന്ന് കരയുമ്പോഴും യജമാനന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ നൊമ്പരം.

 

കുഞ്ഞുവായ പിളര്‍ത്തി കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞിക്കുരുന്നിന്റെയും സങ്കടപ്പെട്ടിരിക്കുന്ന ഒരമ്മയുടെയും അടുത്തായിരുന്നു ഞാന്‍. അവന്‍ പിറന്നു വീണിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളു. അമ്മയുടെ ക്ഷീണം കണ്ടപ്പോള്‍ എനിക്കും സങ്കടം തോന്നി. അടുത്ത് ചെന്ന് പതിയെ അവളുടെ തോളില്‍ ഒന്നമര്‍ത്തി പിടിച്ചു. പിന്നെ അവളോട് പറഞ്ഞു 'You are doing an amazing job.'

വിശ്വാസം വരാത്ത കണ്ണുകളോടെ അവള്‍ എന്നെ ഒന്ന് നോക്കി. 

അവളുടെ ഭര്‍ത്താവും അമ്മയും പിന്നെയും കുറേ ബന്ധുക്കളും മുറിയില്‍ ഉണ്ടായിരുന്നു. സന്ദര്‍ശകര്‍ അധികം പാടില്ല എന്ന് എപ്പോഴും പറയുമെങ്കിലും ചിലപ്പോഴൊക്കെ കുറേ ആളുകള്‍ ഉണ്ടാവാറുണ്ട്. ഒരു പുതിയ ജീവനെ എതിരേല്‍ക്കാനും ആഘോഷിക്കാനുമുള്ള തിക്കുമുട്ടല്‍ കാണുമ്പോള്‍ അത്ര കര്‍ശനമായി ഒന്നും പറയാന്‍ തോന്നാറില്ല. 

ആഫ്രിക്കന്‍ അമേരിക്കന്‍ കുടുംബമായിരുന്നു അത്. പതിവ് പോലെ കുഞ്ഞിനെ നോക്കി അമ്മയോട് വിശേഷങ്ങള്‍ തിരക്കിതുടങ്ങി. അമ്മ മടുത്തിരുന്നു. കുഞ്ഞ് ഒരു നിമിഷം പോലും തൊട്ടിലില്‍ കിടക്കില്ല. പാല് കുടിച്ചു കഴിഞ്ഞ് അവന്‍ ഉറക്കമാകുമ്പോള്‍ അമ്മ അവനെ തൊട്ടിലില്‍ കിടത്തും. അടുത്ത നിമിഷം അവന്‍ ഉണര്‍ന്ന് കരയാന്‍ തുടങ്ങും. പിന്നെ അമ്മയുടെ നെഞ്ചില്‍ ചേര്‍ന്നിരുന്നാല്‍ അല്ലാതെ കരച്ചില്‍ നില്‍ക്കില്ല.

 എനിക്ക് സുഗതകുമാരിയുടെ രാത്രിമഴ ഒന്ന് ചൊല്ലാനാണ് തോന്നിയത്. 

'അറിയുന്നതെന്തു കൊണ്ടെന്നോ സഖീ

ഞാനുമിത് പോലെ രാത്രി മഴ പോലെ' എന്ന വരികള്‍ മനസ്സില്‍ കനക്കുന്നു.

ആ അമ്മ ഇപ്പോള്‍ അനുഭവിക്കുന്ന സങ്കടം കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും അനുഭവിച്ചതാണ്. മൂന്ന് മാസത്തോളം എന്നെയൊന്ന് കിടക്കാന്‍ സമ്മതിക്കാതിരുന്ന കുഞ്ഞു കുറുമ്പ് ഇപ്പോള്‍ പതിനഞ്ചു വയസ്സുകാരിയായിരിക്കുന്നു.  

ഇവിടെയും ഒരു കുഞ്ഞു പൈതല്‍. അവനും അമ്മയുടെ നെഞ്ചില്‍ ചേര്‍ന്നിരുന്നാല്‍ മാത്രം മതി. അതാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അവന്‍ ഇപ്പോഴേ അറിഞ്ഞത്‌പോലെ.  

വെല്യ വല്യമ്മൂമ്മയുടെ മടിയിലായിരുന്നു കുഞ്ഞ്. അമ്മയുടെ അമ്മയുടെ അമ്മ. വീല്‍ചെയറില്‍ ആയിരുന്നു അവര്‍. ചുറ്റിനും പിന്നെയും കുറേ ബന്ധുക്കള്‍ കുഞ്ഞിനെ താരാട്ട് പാടുകയോ കളിപ്പിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവന്‍ ഒന്നും ശ്രദ്ധിക്കാതെ എട്ടരക്കട്ടക്ക് കാറിപ്പൊളിക്കുന്നു.  

ഞാന്‍ കുഞ്ഞിനെ എടുത്ത് ചേര്‍ത്ത് പിടിച്ച് പതുക്കെ ഒന്ന് താളംപിടിച്ചു. പിന്നെ അവനെ അമ്മയുടെ നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ചു. മതി, ഇനി കരച്ചിലില്ല. പതുക്കെ അവന്‍ ചേര്‍ന്നിരുന്ന് പാല് കുടിക്കാന്‍ തുടങ്ങി. നിശബ്ദതയുടെ സംഗീതം... ശാന്തതയുടെ ആഴങ്ങള്‍....

ഞാനെന്തോ മാജിക് ചെയ്തത് പോലെ എല്ലാവരും എന്നെ ബഹുമാനത്തോടെ നോക്കാന്‍ തുടങ്ങി. അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞപ്പാലിന്റെ മണവുമാണ് അവനെ ശാന്തനാക്കിയതെന്ന് എനിക്കല്ലേ അറിയൂ.

കുഞ്ഞിന്റെ ഏറ്റവും സുരക്ഷിതമായ കാലമാണ് അമ്മയുടെ വയറ്റില്‍ പതുങ്ങിയിരിക്കുന്ന ദിവസങ്ങള്‍. ചൂടും സുരക്ഷിതത്വവും. നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ച്, മുങ്ങാംകുഴിയിട്ട്, അമ്മയുടെ സ്വരം കേള്‍ക്കുമ്പോള്‍ കുതിച്ചു ചാടി, ഭക്ഷണത്തെപ്പറ്റിയോ വസ്ത്രങ്ങളെപ്പറ്റിയോ ആകുലതകള്‍ ഇല്ലാതെ ഒരു കാലം. സ്വപ്നങ്ങള്‍ ഊടും പാവും നെയ്യുന്ന കുഞ്ഞുറക്കങ്ങള്‍. ഉപബോധമനസ്സിന്റെയും അടിയില്‍ എവിടെയോ ഭദ്രമായി ഉണ്ടാവും നീല വിരികള്‍ അതിരിട്ട ഓര്‍മ്മയുടെ ഒരു ചില്ലുജാലകം. 

ഭൂമിയിലേക്ക് ഒരു പറിച്ചു നടല്‍. അത് അവന്റെ ജനനമാണ്. പിന്നെയുണ്ടാകാനിരിക്കുന്ന ഒരുപാട് പറിച്ചു നടലുകളു െടആരംഭം. അതിന്റെ മുഴുവന്‍ സങ്കടവും പേറിക്കൊണ്ടാണ് ആദ്യത്തെ കരച്ചില്‍. ആ കരച്ചിലില്‍ അമ്മയുടെ നെഞ്ചാണ് കുഞ്ഞിന്റെ ആശ്വാസം. ഗര്‍ഭപാത്രത്തിന്റെയും അമ്‌നിയോട്ടിക് ഫ്‌ലൂയിഡിന്റെയും മണവുമായി മുലപ്പാലിന്റെ മണത്തിനും സാമ്യം ഏറെ. ഒരു കെട്ട് പുതപ്പുകളില്‍ പൊതിഞ്ഞല്ല അമ്മയുടെ നെഞ്ചിന്റെ ചൂടിലാവണം കുഞ്ഞിന്റെ ആദ്യദിവസങ്ങളുടെഏറിയ പങ്കും ചിലവിടേണ്ടത്. 

സ്പര്‍ശത്തിന്റെ മനോഹാരിത വെളിവാകുന്നൊരുമാന്ത്രികതയാണത്. തൊലിയും തൊലിയുമായുള്ള സ്പര്‍ശം. പരസഹസ്രം നാഡികളിലൂടെ, അവയുടെ ആരോഹണ അവരോഹണങ്ങളിലൂടെ മറ്റുള്ളവരെ വിശ്വസിക്കാനും ഈലോകം മനോഹരമാണെന്നും കുഞ്ഞ് അറിഞ്ഞു തുടങ്ങുന്നതിന്റെ ആദ്യ പടിയാണ് അമ്മയുടെ നെഞ്ചിലെ ചൂട്. കാലമെത്ര കഴിഞ്ഞിട്ടും അമ്മയുടെ ചുളിഞ്ഞ വിരല്‍ത്തുമ്പുകളില്‍ തൊടുമ്പോള്‍ നമ്മള്‍ ഓരോരുത്തരും കുട്ടിയാവുന്നതിന്റെ രഹസ്യം. എഴുന്നേറ്റ് നില്‍ക്കാനോ ഒന്ന് സംസാരിക്കാനോ പോലുമാവാതെ മച്ചിലേക്ക് കണ്ണും നട്ടുകിടക്കുന്ന അമ്മ ഒരു ദിവസം കണ്ണടച്ചു കളയുമ്പോള്‍ നമ്മള്‍ ആലംബം അറ്റുപോയൊരു ശിശുവാകുന്നതിന്റെ പൊരുള്‍ തേടി എവിടെയും അലയേണ്ട. 

ഞാനവരോട് സംസാരിച്ചു കൊണ്ടേയിരുന്നു. അമ്മയുടെ ചൂട് പറ്റി കുഞ്ഞ് ഉറക്കമായിരുന്നു. കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാനൊരുങ്ങിയ എന്നെ ഒരു കരച്ചില്‍ ശബ്ദം പിടിച്ചു നിര്‍ത്തി. മുറിയുടെ ഒരു കോണില്‍ വീല്‍ചെയറില്‍ ഇരുന്ന വല്യ വല്യമ്മൂമ്മയായിരുന്നു കരഞ്ഞത്. എന്ത് പറ്റിയെന്ന് തിരക്കിയ എന്റെ കൈ പിടിച്ച് അവര്‍ പിന്നെയും കരഞ്ഞു. 

പിന്നെ, ഒരിക്കലും മറക്കാന്‍ കഴിയാതെ തലമുറകളായിപേറുന്നൊരു നോവ് അവര്‍ പങ്കു വച്ചു. കറുത്ത വര്‍ഗക്കാരന്‍ അടിമയായിരുന്ന കാലം. സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ അനുവാദമില്ലാതിരുന്ന ഒരു കാലം. നൊന്ത് പെറ്റ കുഞ്ഞ് വിശന്ന് കരയുമ്പോഴും യജമാനന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ നൊമ്പരം. പലരും wet nurses ആയിരുന്നു. (മറ്റുള്ള കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ വേണ്ടി നിയമിക്കപ്പെടുന്ന അമ്മമാരെയാണ് wet nurses എന്ന് പറയുന്നത്.) ചിലര്‍ക്കൊക്കെ യജമാനന്റെ കുഞ്ഞിനൊപ്പം സ്വന്തം കുഞ്ഞിനേയും മുലയൂട്ടാന്‍ സാധിച്ചു. പക്ഷേ ഏറെപ്പേര്‍ക്കും സ്വന്തം കുഞ്ഞിനെ അവഗണിച്ച് വെളുത്ത യജമാനന്റെ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തേണ്ടി വന്നു. മുലപ്പാലിന് പകരമായുള്ള ഉല്‍പ്പന്നങ്ങള്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് ഒരുപാട് കുഞ്ഞുങ്ങള്‍ മരിച്ചു പോയി. മരിച്ച കുഞ്ഞിനെയോര്‍ത്ത് കരയാന്‍ പോലും കഴിയാതെ ആ അമ്മമാര്‍ യജമാനന്റെ കുഞ്ഞിനെ പാലൂട്ടി.

അടിമത്തം അവസാനിക്കുകയും wet nursing സമ്പ്രദായം നിര്‍ത്തലാകുകയും ചെയ്തു. പക്ഷേ സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നോക്കം നിന്നിരുന്ന കറുത്തവര്‍ഗക്കാരുടെ ഇടയില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും എത്തിയില്ല. ഒടുവില്‍ അത് ഒരുതരം നിരസിക്കല്‍ പോലെ ആയി. ഇനി അവസരം ഉണ്ടായാലും സ്വന്തം കുഞ്ഞിനെ മുലയൂട്ടില്ല എന്നൊരു തീരുമാനം അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. കാലങ്ങളേറെ കഴിഞ്ഞ് മുലയൂട്ടലിന്റെ പ്രയോജനങ്ങളെപ്പറ്റി ഒരുപാട് പഠനങ്ങള്‍ നടന്നു. എങ്കിലും ഇന്നും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ഇടയില്‍ മുലയൂട്ടലിന്റെ അനുപാതം കുറവാണ്. 

എത്ര തലമുറ കഴിഞ്ഞിട്ടും അവരുടെ നെഞ്ചിലെ നോവ് മാഞ്ഞിട്ടില്ല. അങ്ങനെ എത്രയോ പാതകങ്ങളാണ് ഓരോ ജനതയോടും ഓരോ കാലത്തെയും മനുഷ്യര്‍ ചെയ്ത് വെയ്ക്കുന്നത്. ജീനുകളിലൂടെ പോലും തലമുറകളിലേക്ക് പടരുന്ന നൊമ്പരങ്ങള്‍. മനുഷ്യനും മതങ്ങളും വ്യവസ്ഥിതികളും ഒരുമിച്ച് ചേര്‍ന്ന് പല കാലങ്ങളിലൂടെ ചെയ്ത് കൂട്ടിയ അനേകം അനീതികള്‍. നിലക്കാത്ത വിലാപങ്ങള്‍...
 
ഒന്നും പറയാന്‍ കഴിയാതെ കോടിപ്പോയൊരു ചിരിയുമായി ഞാന്‍ പുറത്തിറങ്ങി. ചില അടിമത്തങ്ങള്‍ അങ്ങനെയാണ്. നിയമം മൂലം നിരോധിച്ചാലും പണ്ട് അനുഭവിച്ചതിന്റെ ശേഷിപ്പുകള്‍ അണയാത്തൊരു കനലായി ഉള്ളിലുണ്ടാവും. എങ്കിലും ഇനിയും ഞാന്‍ കാണുന്ന ഓരോ അമ്മമാരോടും പറഞ്ഞുകൊണ്ടേയിരിക്കും. ആവുന്നത്ര കുഞ്ഞിനെ നെഞ്ചോട്‌ചേര്‍ത്ത് പിടിക്കാനും അവനോടൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ ആസ്വദിക്കാനും. അമ്മയുടെ മണം അറിഞ്ഞ്, നെഞ്ചിടിപ്പുകള്‍ കേട്ട് ശാന്തമായൊരു നിദ്രയിലേക്ക് കുഞ്ഞ് ആഴ്ന്നു പോകുമ്പോള്‍ എന്റെ മനസ്സും തുള്ളിച്ചാടും. പിന്നെ മനസ്സില്‍ ഒരായിരം മഴവില്ലു വിരിയുന്ന ആനന്ദത്തോടെ ഞാന്‍പറയും.

 'സ്വര്‍ഗ്ഗം ഇതാ ഇവിടെയാണ്. പകരം വെയ്ക്കാനില്ലാത്ത ഈ ശാന്തതയില്‍...'
 

click me!