എല്ലാം മറന്നുപോയിട്ടും അവര്‍ അയാളെ മറന്നില്ല...!

By Theresa JosephFirst Published May 12, 2020, 3:21 PM IST
Highlights

ലോക നഴ്‌സിംഗ് ദിനത്തില്‍ പുതിയ ഒരു കോളം ആരംഭിക്കുന്നു. ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ട്രീസ ജോസഫ് എഴുതുന്ന കുറിപ്പുകള്‍ ഇന്ന് മുതല്‍ വായിക്കാം.

പോകും വഴി ഡേവിഡും മേരിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ കൈയില്‍ നിന്ന് പിടി വിടാതെ ഐസിയുവിന്റെ വാതില്‍ക്കലോളം ഡേവിഡ് വന്നു. വാതില്‍ കടക്കുമ്പോള്‍ കൈയിലൊന്നമര്‍ത്തി മേരിയോട് അയാള്‍ പറഞ്ഞു. 'I Love you'. മേരിയുടെ കണ്ണുകള്‍ ഒന്ന് തിളങ്ങിയത് പോലെ. 

 

 


തിരക്ക് പിടിച്ച ഒരു സര്‍ജറി ദിവസമാണ് മേരിയെ (പേര് യഥാര്‍ത്ഥമല്ല ) കാണുന്നത്. ഒരു ചെറിയ സര്‍ജറി കഴിഞ്ഞു കിടക്കുകയാണ്. ഞാന്‍ റൂമിലേക്ക് ചെല്ലുമ്പോള്‍ ഒരു പുസ്തകം വായിച്ചു കൊണ്ട് കിടക്കുകയാണ് അവര്‍. പരിചയപ്പെടുത്തിയതിന് ശേഷം ഞാന്‍ അവരോടു ചോദിച്ചു, 'ഏതു ബുക്കാണ് വായിക്കുന്നത്?'

'speed of the darkness' അവര്‍ മറുപടി പറഞ്ഞു. 'നീ ഇത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വായിക്കണം വളരെ നല്ല ബുക്കാണ്'-മേരി പറഞ്ഞു. പിന്നെ അവര്‍ ആ പുസ്തകത്തെക്കുറിച്ച് വാചാലയായി. അവരെ പരിശോധിച്ചശേഷം, മരുന്നു കൊടുത്തു. ഞാന്‍ അവിടെ ചിലവഴിച്ച സമയം മുഴുവന്‍, അവര്‍ പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. 

നാസയില്‍ ശാസ്ത്രജ്ഞ ആയിരുന്നു അവര്‍. പ്രധാനപ്പെട്ട പല പ്രൊജക്ടുകളുടെയും ഭാഗമായിട്ടുണ്ട്. വളരെ ബുദ്ധിമതിയായ ഒരു സ്ത്രീ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയിട്ട് ഞാന്‍ മറ്റു രോഗികളെ കാണാനായി പോയി. 

കുറെ സമയം കഴിഞ്ഞപ്പോള്‍ വേദനക്കുള്ള മരുന്നിനായി അവരെന്നെ വിളിച്ചു. ഉടന്‍ തന്നെ മരുന്നുമായി ഞാന്‍ റൂമിലേക്ക് ചെന്നു. ഇപ്പോഴും ബുക്ക് വായിച്ചു കൊണ്ടിരിക്കുകയാണ്. വേദനക്കുള്ള മരുന്നായതു കൊണ്ട് ചിലപ്പോള്‍ ഉറക്കം വന്നേക്കും, ബാത്റൂമില്‍ പോകണമെങ്കില്‍ വിളിക്കണമെന്ന് ഞാനവരോട് പറഞ്ഞു. കാള്‍ ലൈറ്റ് അടുത്തേക്ക് നീക്കി വച്ച് മുറിയില്‍ നിന്ന് പുറത്തിറങ്ങി. 

അരമണിക്കൂര്‍ കഴിഞ്ഞു കാണും വീണ്ടും മേരി എന്നെ വിളിച്ചു'. വേദനക്കുള്ള മരുന്ന് വേണം.'

ഞാന്‍ അവരോടു പറഞ്ഞു, 'കുറച്ചു സമയമായതേയുള്ളു മരുന്ന് തന്നിട്ട്. കുറഞ്ഞത് ഒരുമണിക്കൂര്‍ എങ്കിലും കഴിയണം. എന്നിട്ടും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ വിളിക്കാം.'

'അതിന് എനിക്ക് മരുന്ന് കിട്ടിയില്ലല്ലോ! വേദനിക്കുന്നു, മരുന്ന് വേണം'-അവര്‍ പറഞ്ഞു. 

ഇവരെന്താ ഈ പറയുന്നത്? മരുന്ന് കൊടുത്തെന്ന് എനിക്കുറപ്പാണ്. അവര്‍ വായിച്ചു കൊണ്ടിരുന്ന ബുക്ക് അരികിലെ ടേബിളില്‍ വച്ചതും നന്നായോര്‍ക്കുന്നു. 

ചിലപ്പോള്‍ മരുന്നിന്റെ ഇഫക്ട് ആകാം. അവര്‍ ഉറങ്ങിയത് കൊണ്ടാവാം സമയം ഓര്‍ക്കാത്തത്. 

പതിയെ മേരിയുടെ കൈയില്‍ പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, 'അര മണിക്കൂര്‍ ആയതേ ഉള്ളു  മരുന്ന് തന്നിട്ട്, ഒന്ന് കൂടി ഉറങ്ങിക്കൊള്ളൂ.

പെട്ടെന്ന് അവര്‍ എന്റെ കൈ തട്ടി മാറ്റി. എന്നിട്ട് ഉറക്കെ പറയാന്‍ തുടങ്ങി. ''ഇത്രയും നേരമായിട്ടും വേദനക്കുള്ള മരുന്ന് കിട്ടിയിട്ടില്ല''

ഉച്ചത്തിലുള്ള സംസാരം കേട്ട് മറ്റുള്ള നഴ്‌സുമാര്‍ ഓടി വന്നു. എനിക്കാണെങ്കില്‍ കരച്ചിലും വരുന്നുണ്ട്. എന്തായാലും ഹോസ്പിറ്റല്‍ പോളിസി അനുസരിച്ച് ഡോക്ടറെ വിളിച്ചു. ഒരു ഡോസ് മരുന്ന് കൂടി കൊടുത്ത് രംഗം ശാന്തമാക്കി. 

പിറ്റേ ദിവസം ജോലിക്കു ചെല്ലുമ്പോഴും മേരി എന്റെ രോഗി ആണ്. അടുത്ത് അവരുടെ മകളുമുണ്ട്. ഹായ് പറഞ്ഞതിന് ശേഷം ഞാന്‍ മേരിയോട് ചോദിച്ചു, 'എന്നെ ഓര്‍ക്കുന്നുണ്ടോ?'

ഒരു നിമിഷം സൂക്ഷിച്ചു നോക്കിയ ശേഷം അവര്‍ പറഞ്ഞു. 'അതെ, എന്റെ നേഴ്‌സ് അല്ലേ?'

''ഇന്നലെ രാത്രിയിലും ഞാനായിരുന്നു ഇവിടെ', ഞാനവരോട് പറഞ്ഞു. 

'ഉവ്വ്, ഓര്‍ക്കുന്നുണ്ട്'. മേരി പറഞ്ഞു. 

എനിക്ക് സംശയമായി. ഇവരെന്താവാം ഇന്നലെ അങ്ങനെ പെരുമാറിയത്. മരുന്നൊക്കെ കൊടുത്തതിന് ശേഷം മകളെ ഞാന്‍ പുറത്തേക്കു വിളിച്ചു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ പറഞ്ഞതിന് ശേഷം അവരോടു ഞാന്‍ പറഞ്ഞു. ''ചിലപ്പോള്‍ അനസ്‌തേഷ്യയുടെ ഇഫക്ട് ആകാം, അല്ലെങ്കില്‍ വേദനക്കുള്ള മരുന്നിന്‍േറത്്.  പക്ഷെ ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ശ്രദ്ധിക്കണം.'' 

അന്ന് രാത്രി മേരി കാര്യമായി ഉറങ്ങിയില്ല. പകല്‍ ഉറങ്ങിയത് കൊണ്ടാവും എന്ന് അവര്‍ തന്നെ പറഞ്ഞു. കാര്യമായി ഒന്നും സംഭവിക്കാതെ ആ രാത്രി കടന്നു പോയി. 

രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിരിച്ചു ജോലിക്ക് ചെന്നപ്പോഴേക്കും മേരി ഡിസ്ചാര്‍ജ് ആയി പോയിരുന്നു. സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്ന് പോലെ അതും മനസ്സില്‍ നിന്ന് മാഞ്ഞു പോയി.

ഏകദേശം രണ്ടു വര്‍ഷം കഴിഞ്ഞു കാണും അവര്‍ വീണ്ടും ഞങ്ങളുടെ യൂണിറ്റിലെത്തി. ബാത്റൂമില്‍ വീണതാണ്. കൂടെ ഭര്‍ത്താവുമുണ്ട്. വല്ലാതെ മെലിഞ്ഞിരിക്കുന്നു.

അവരോടു ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഭര്‍ത്താവ് ഡേവിഡ് ആണ് ഉത്തരം പറയുന്നത്. പലതും അവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല . മേരിക്ക് അല്‍ഷൈമേഴ്‌സ് ബാധിച്ചിരിക്കുന്നു. എന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് അവര്‍ വെറുതെ ചിരിച്ചു. 

'കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇങ്ങനെയാണ്'-ഡേവിഡ് പറഞ്ഞു. 'പല കാര്യങ്ങളും മറന്നു പോകുന്നു. പൊതുവെ ശാന്ത പ്രകൃതയായ അവര്‍ പലപ്പോഴും ആവശ്യമില്ലാതെ കലഹിക്കുന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ട്.'

ഞാനയാളോട് പറഞ്ഞു, 'മരുന്നുകള്‍ക്ക് ഈ രോഗം മാറ്റാനാവില്ല. രോഗം തീവ്രമാകുന്നത് കുറച്ചു കൂടി വൈകിപ്പിക്കാന്‍ സാധിച്ചേക്കും.'

ഡേവിഡ് പറഞ്ഞു, 'എനിക്കറിയാം ഞാന്‍ അവളുടെ കൂടെ എപ്പോഴുമുണ്ട് . ഞങ്ങള്‍ ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട്. അവളുടെ ഓര്‍മ്മ മുഴുവനായി മറയുന്നതിനു മുന്‍പ് ഇനിയും കുറെ സ്ഥലങ്ങള്‍ കൂടിയുണ്ട് പോകാന്‍.' എന്നോട് സംസാരിച്ചു കൊണ്ടിരുന്ന സമയമത്രയും ഡേവിഡ് ഭാര്യയുടെ കൈയില്‍ പിടിച്ചിരുന്നു. 

'എനിക്കറിയാം ഒരു ദിവസം അവള്‍ എന്നെയും മറന്നു പോകും. പക്ഷെ പറ്റുന്നിടത്തോളം ഒരുമിച്ചായിരിക്കണം എന്നാണ് ആഗ്രഹം'-അയാള്‍ പറഞ്ഞു നിര്‍ത്തി. 

കുറച്ചു ദിവസം മേരി ഞങ്ങളുടെ യൂണിറ്റില്‍ ഉണ്ടായിരുന്നു . പെട്ടെന്നൊരു ദിവസം അവരുടെ ബ്ലഡ് പ്രഷര്‍ കൂടാന്‍ തുടങ്ങി. മരുന്നുകള്‍ കൊടുത്തിട്ടും കുറയുന്നില്ല. മേരിയെ ഐ സി യുവിലേക്ക് മാറ്റി. 

പോകും വഴി ഡേവിഡും മേരിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ കൈയില്‍ നിന്ന് പിടി വിടാതെ ഐസിയുവിന്റെ വാതില്‍ക്കലോളം ഡേവിഡ് വന്നു. വാതില്‍ കടക്കുമ്പോള്‍ കൈയിലൊന്നമര്‍ത്തി മേരിയോട് അയാള്‍ പറഞ്ഞു. 'I Love you'. 

മേരിയുടെ കണ്ണുകള്‍ ഒന്ന് തിളങ്ങിയത് പോലെ. 

പിറ്റേ ദിവസം അവര്‍ മരിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നു. ഒരു പക്ഷെ ബാത്‌റൂമിലെ വീഴ്ചയില്‍ സംഭവിച്ചതാകാം. ചിലപ്പോഴൊക്കെ ആദ്യത്തെ സ്്കാനില്‍ അത് കാണണമെന്നില്ല. വെറുതെ ഐസിയു വരെ പോയി. ഡേവിഡിനെ കണ്ടു. 

അയാള്‍ ശാന്തനായിരുന്നു. 'എനിക്കറിയാമായിരുന്നു അവള്‍ പോകുമെന്ന്. അവളുടെ കണ്ണിലെ അവസാനത്തെ യാത്ര പറച്ചില്‍ ഞാന്‍ കണ്ടതാണ്. ഇനിയും ഒരുമിച്ച് ഒരുപാടു യാത്രകള്‍ ചെയ്യാനിരുന്നതാണ്. പക്ഷെ സന്തോഷമേയുള്ളൂ, അവസാന നിമിഷം വരെ അവള്‍ക്കു എന്നെ ഓര്‍മ്മയുണ്ടായിരുന്നു.'- അയാളുടെ കൈയിലൊന്നമര്‍ത്തി പിടിച്ചു ഞാന്‍ ആശ്വസിപ്പിച്ചു. 

മേരിയെയും ഡേവിഡിനെയും വീണ്ടും ഓര്‍ക്കാന്‍ കാരണം എന്റെ ഒരു കൂട്ടുകാരിയാണ്. കഴിഞ്ഞ ദിവസം വിശേഷങ്ങള്‍ പറയുന്നതിനിടെ അവള്‍ പറഞ്ഞു- 'എടീ അമ്മക്ക് തീരെ വയ്യ. കിടപ്പാണ് .ഓര്‍മ്മക്കുറവുണ്ട്, പോരാത്തതിന് മുന്‍ശുണ്ഠിയും.' 

നാത്തൂന്‍ കഴിക്കാന്‍ ഒന്നും കൊടുക്കുന്നില്ലെന്ന പരാതി കാണാന്‍ വരുന്നവരോടൊക്കെ പറയും. ഞാനോര്‍ക്കുന്നുണ്ട് ആ അമ്മയെ. ചട്ടയും മുണ്ടുമൊക്കെയുടുത്തു നല്ല ഐശ്വര്യമുള്ള ഒരമ്മച്ചി. പലപ്പോഴും അവരുടെ വീട്ടില്‍ പോയിട്ടുമുണ്ട്. അന്നൊക്ക ഈ നാത്തൂന്‍ ചേച്ചിയും അമ്മയും വളരെ സ്‌നേഹത്തിലായിരുന്നു. ഒരു പക്ഷെ അവര്‍ക്കും അല്‍ഷൈമേഴ്‌സ് ആയിരിക്കും . എന്റെ പ്രിയ സുഹൃത്ത് അത് സമ്മതിച്ചു തരില്ലെന്നതാണ് സത്യം. പ്രായമായതു കൊണ്ടുള്ള ഓര്‍മ്മക്കുറവും മുന്‍ശുണ്ഠിയും എന്ന ലേബലില്‍ നമ്മള്‍ കാണാതെ പോകുന്ന എന്തൊക്കെ കാര്യങ്ങളുണ്ട്! 

പലപ്പോഴും ഓര്‍ക്കാറുണ്ട് , രോഗിയോടൊപ്പമോ അതിനേക്കാള്‍ ഏറെയോ വേണം അല്‍ഷൈമേഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് വേണ്ട കൗണ്‍സലിങ്.  ഓര്‍മ്മയുടെ നൂലുകള്‍ പൊട്ടിപ്പോയ ഒരു വ്യക്തിയെ ശുശ്രൂഷിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങി, സന്ദേശങ്ങള്‍ വേണ്ട പോലെ ചെല്ലാതാവുമ്പോള്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലും അവര്‍ മറന്നു പോകുന്നു. ചിലപ്പോഴത്തെ അവരുടെ പെരുമാറ്റം കാണുമ്പോള്‍ മനഃപൂര്‍വം ചെയ്യുന്നതാണോ എന്ന് പോലും തോന്നും. ആഹാരം കഴിച്ചു കൈ കഴുകി തീരുന്നതിന് മുന്‍പ് വീണ്ടും കഴിക്കാനിരിക്കും. ചിലപ്പോള്‍ ആഹാരം കഴിക്കാന്‍ പറയുമ്പോള്‍ ഇപ്പോഴല്ലേ കഴിച്ചത് എന്ന് കലഹിക്കും. രാത്രിയില്‍ ഉറക്കമില്ലാതെ, ഉറക്ക് മരുന്നുകള്‍ക്ക് പോലും ഉറക്കാനാവാതെ അവര്‍ ഉണര്‍ന്നിരിക്കും. 'തന്മാത്ര'യിലെ മോഹന്‍ലാലിന്റെ  കഥാപാത്രം ഈ രോഗത്തിന്റെ തീവ്രത മുഴുവനായും കാണിക്കുന്നില്ല. അതിലുമൊക്കെ എത്രയോ കൂടുതലാണ് പല രോഗികളുടെയും വീട്ടുകാരുടെയും അവസ്ഥ. 

എനിക്കൊരു കൂട്ടുകാരിയുണ്ട്. ഞങ്ങള്‍ ലൂക്കോച്ചന്‍ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന സ്മിത. പഠിച്ചു കൊണ്ടിരുന്ന കാലത്തു അവള്‍ പറയുമായിരുന്നു, 'എടീ, മാര്‍ക്ക് കിട്ടാന്‍ വേണ്ടി മാത്രമാ ഞാന്‍ ന്ാഡീ വ്യവസ്ഥ പഠിക്കുന്നത് ഫ. ചത്താലും ഇതിലുള്ളതൊന്നും ഞാന്‍ വിശ്വസിക്കില്ല. നാഡീ വ്യൂഹങ്ങളും ഓരോ സന്ദേശങ്ങളുടെ യാത്രകളും അവള്‍ ഒരിക്കലും സമ്മതിച്ചു തന്നിട്ടില്ല . ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോ ആവോ!

ഞങ്ങളുടെ അച്ചായന്റെ അവസാനകാലവും ഓര്‍മ്മച്ചരടുകള്‍ മുറിഞ്ഞതായിരുന്നു. അമ്മച്ചിയെയും ചേട്ടനെയും ഒഴികെ ബാക്കി എല്ലാവരെയും മറന്നിരുന്നു. ഒന്നൊഴിയാതെ എല്ലാ രാത്രികളിലും (പകലുകളിലും) അച്ചായന്‍ അമ്മച്ചിയെ വിളിച്ചു കൊണ്ടിരുന്നു. ഏതൊക്കെയോ പേടി സ്വപ്നങ്ങളിലാകാം ആ വിളി. ഉറക്ക ഗുളികക്ക് പോലും ഉറക്കാനാവാതെ അച്ചായന്‍ എല്ലാ രാത്രികളിലും ഉണര്‍ന്നിരുന്നു. 

ഇന്നലെകളുടെ നഷ്ടബോധമില്ലാതെ, നാളെയുടെ ആകുലതകള്‍ ഇല്ലാതെ, എന്തിന് ഇന്നിന്റെ ആവശ്യങ്ങള്‍ പോലും ശരിയായി പറയാന്‍ കഴിയാത്ത ഒരവസ്ഥയിലായിരുന്നു അച്ചായന്റെ കുറേ വര്‍ഷങ്ങള്‍. മരണമെത്തുന്ന നേരത്തു കൈ പിടിച്ച്് അരികെയിരിക്കുന്നത് ആരെന്ന്  പോലുമറിയാതെയാണ് അച്ചായന്‍ അവസാന യാത്ര പോയത്. ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും  അവസാന സമയത്തു് അവരെ അലട്ടില്ല. എന്‍ എന്‍ കക്കാടിന്റെ വളരെ പ്രശസ്തമായ കവിതയാണ് 'സഫലമീയാത്ര'. മരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പ്രണയിനിയോട് തന്റെ അരികില്‍ ചേര്‍ന്ന് നില്‍ക്കാനാണ് കവി ആവശ്യപ്പെടുന്നത്. 

'കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും, തിരുവോണം വരും .
പിന്നെയൊരോ തളിരിലും  പൂ വരും കായ് വരും 
അപ്പൊളാരെന്നും എന്തെന്നുമാര്‍ക്കറിയാം ....'

രോഗത്തിന്റെ ദുരിതങ്ങളിലും മനസ്സിനും ഓര്‍മ്മകള്‍ക്കും തളര്‍ച്ച ബാധിക്കാതെയിരിക്കട്ടെ എന്നൊരു പ്രാര്‍ത്ഥന മനസ്സിലുണ്ട്. ചിലപ്പോള്‍ മറവി മനുഷ്യന് അനുഗ്രഹമാണ്. മറവി ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം എത്ര ഭാരമായേനെ. പക്ഷെ പോവുകയാണെന്ന് അറിയാതെ, പറയാതെ...

നമ്മുടെ ഓര്‍മ്മകള്‍ പിണങ്ങിയോടുന്നതിന് മുന്‍പ് പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി അവരോട് പറയുക, നീ ഇപ്പോളെന്റെ അരികില്‍  ചേര്‍ന്ന് നില്‍ക്കുക. മറവിയുടെ തുരുത്തില്‍ ഞാനൊറ്റക്കാവുന്നതിന് മുന്‍പ് നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് പരസ്പരം പങ്കു വയ്ക്കാം. നാളെ നമ്മുടേതല്ലല്ലൊ.

click me!