'എന്റെ ഡെലിവറി നേരത്ത് അങ്ങ് ലേബര്‍റൂമിനകത്ത് വന്നേക്കണം, കൂട്ടിരിക്കാന്‍'.

By Nee EvideyaanuFirst Published May 2, 2019, 6:19 PM IST
Highlights

നീ എവിടെയാണ്: റഹീമ ശൈഖ് മുബാറക്ക് എഴുതുന്നു

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.


ഇന്ന് ചിലത് കുത്തികുറിക്കുന്നുവെങ്കില്‍ അത് അവള്‍ക്ക് വേണ്ടിയാണ്. പെട്ടെന്ന് ഒരു ദിനം ഞാന്‍ അവളെ ഓര്‍ത്തുവെന്നല്ല, അവളെ മറക്കാന്‍ ഒരു ദിനവും എനിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ഹോസ്പിറ്റല്‍ മുറിക്ക് മുന്നിലെ മടുപ്പിക്കുന്ന കാത്തിരിപ്പിനിടയിലെപ്പോഴോ ആണ്, നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അവളെ ഞാന്‍ വീണ്ടും കാണുന്നത്.

രമ്യ.

വെളുത്ത് മെലിഞ്ഞ് നീണ്ട പെണ്ണ്. ചുമന്ന പൊട്ടും ചന്ദനകുറിയും അണിയുന്നൊരു  നാടന്‍ പെണ്‍കുട്ടി. എന്നും ഒരു പുഞ്ചിരിയോടു കൂടി മാത്രം ഓര്‍മ്മയില്‍ നിറയുന്നവള്‍. 

അപ്രതീക്ഷിതമായ കൂട്ടിമുട്ടലിന് പ്രസന്നമായ മറുപടി തരാന്‍ മാത്രം പ്രാപ്തമായിരുന്നില്ല അന്നുള്ള എന്റെ സാഹചര്യം.

അവിടെ ബയോപ്സിക്ക് വേണ്ടിയുള്ള തയ്യറെടുപ്പിലാണ് എന്റെ ഉമ്മ. ഉമ്മയുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ടില്‍ അര്‍ബുദത്തിനുള്ള സാധ്യത രേഖപ്പെടുത്തിയതും ഞാന്‍ കണ്ടതാണ്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന നിലയില്‍ മന:പൂര്‍വ്വം ഞാന്‍ അവളെ ഒഴിവാക്കി.

അവിടെ അവള്‍ നേഴ്സിങ് പഠിക്കുകയാണ്. മടങ്ങുമ്പോള്‍ ഒന്ന് കാണണമെന്ന കരുതി. ഫോണ്‍നമ്പറും അവള്‍ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ ഞാന്‍... എന്റെ ദു:ഖങ്ങള്‍ വീര്‍പ്പുമുട്ടലുകളുടെ വക്കത്ത് കരകവിഞ്ഞൊഴുകന്‍ വെമ്പല്‍കൊള്ളുമ്പോള്‍ അവളെ അവഗണിച്ച് നീങ്ങാനേ കഴിഞ്ഞുള്ളു.

ഹൈസ്‌ക്കൂളില്‍ ഞങ്ങള്‍ രണ്ട് ക്ലാസുകളിലായിരുന്നു. ട്യൂഷന്‍ ക്ലാസില്‍ ഒന്നിച്ചും. അവള്‍ ആദ്യ ബഞ്ചിലും ഞാന്‍ ഒടുവിലും.

വാതൊരാതെ സംസാരിച്ചിരുന്ന വായടി പെണ്ണിന് ഒരിക്കലും ചേരാത്ത ഒരു മിണ്ടാപ്രാണി പെണ്ണായിരുന്നു അവള്‍. എന്നിട്ടും, എന്റെ പൊട്ടത്തരങ്ങള്‍ക്ക് പരിസരം മറന്ന് ചിരിച്ചിരുന്ന കൂട്ടുകാരിയോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്നു.

'ടീ ഉണ്ടക്കണ്ണി, നിന്റെ അടുത്ത് കൂടിയാ ചിരിച്ച് ചിരിച്ച് ന്റെ കവിളില്‍  നോവ് വരുമെന്ന്' ഇടക്കിടെ അവള്‍ ഓര്‍മിപ്പിക്കുമായിരുന്നു..

വീണ്ടും കണ്ടുമുട്ടിയിട്ടും ശ്രദ്ധ നല്‍കാതെ കടന്ന് വരുമ്പോള്‍ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം പോലും എന്നില്‍ ശേഷിച്ചിരുന്നില്ല.

പിന്നീട്  ഞാന്‍ അവളെ കാണുന്നത്, ഒരു വര്‍ഷത്തിന്റെ ഇടവേളക്കപ്പുറം ഞാന്‍ ഒരു അമ്മയാകന്‍ പോകുന്നുവെന്ന തിരിച്ചറിവുകള്‍ക്കിടയിലാണ്.

അന്ന് ഡോക്ടറിന്റെ മുറിയില്‍ അവളുമുണ്ടായിരുന്നു.

എന്റെ കൂട്ടുകാരിയാണെന്ന് സഹപ്രവര്‍ത്തകരോട് പരിചയപ്പെടുത്തുമ്പോള്‍ അവളുടെ ആ കണ്ണുകളിലെ തിളക്കം എനിക്കെത്രത്തോളം ആത്മവിശ്വാസം നല്‍കിയെന്ന് എഴുതിയറിയിക്കാന്‍ കഴിയില്ല. ഉമ്മയില്ലാതായെന്നുള്ള വലിയൊരു ഒറ്റപ്പെടലില്‍ നടുവിലെ ചെറിയൊരാശ്വാസം കൂടിയായിരുന്നു അത്.

പിന്നെ ഇടക്കുള്ള ഫോണ്‍കോളുകള്‍, ഉപദേശങ്ങള്‍, വലിയൊരു പരിഗണന. അവള്‍ എനിക്ക് പകര്‍ന്ന സൗഹൃദം സ്നേഹത്തിന്റെ  ഏത് അളവുകോല്‍ കൊണ്ടാണ് ഞാന്‍ അളന്ന് തിട്ടപ്പെടുത്തേണ്ടത്. ഏത് നേരത്തും വിഷാദം വന്നെത്താവുന്ന അവസ്ഥതയില്‍ നിന്നുകൊണ്ട് ഉദരത്തില്‍ ഒരു കുഞ്ഞിനെ ചുമക്കുന്നവള്‍ക്ക് ലഭിക്കാവുന്ന കച്ചിതുരുമ്പായിരുന്നു ആ സൗഹൃദം.

അന്ന് ലേബര്‍റൂമിലെ അസഹനിയ വേദനകള്‍ക്കിടയില്‍ എനിക്കൊപ്പം അവളുമുണ്ടായിരുന്നു. ഡ്യൂട്ടി ഇല്ലാതിരുന്നിട്ട് പോലും അവള്‍ എനിക്കൊപ്പം നിന്നു. ഒരു രാത്രി ഉറക്കമൊഴിച്ചു. 

ഞാന്‍ കരയുമ്പോള്‍, എനിക്കൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. എന്റെ മോളെ ആദ്യമായി ഏറ്റു വാങ്ങിയതും അവളായിരുന്നു.

എന്താണ് സൗഹൃദമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. സൗഹൃദത്തിന്റെ ആഴവും പരപ്പും ആവോളം ആസ്വദിച്ച ആ ദിവസങ്ങള്‍.

എന്റെ മോള്‍ക്ക് കുഞ്ഞുടുപ്പുമായി ഇടക്കിടെ അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു കൊണ്ടേയിരുന്നു.

അതിനിടയില്‍ അവള്‍ ഒരു മണവാട്ടിയായി. അമ്മയാകാന്‍ പോകുന്നുവെന്ന മധുര വാര്‍ത്തയുമായി വൈകാതെ അവള്‍ എന്നെ വിളിച്ചു. അന്ന് എന്നോടവള്‍ പറഞ്ഞ വാക്കുകള്‍, ഒരിക്കലും സ്വസ്ഥത തരാതെ എന്നെ പിന്‍തുടരുന്നത് ഞാനറിയുന്നു.

'എന്റെ ഡെലിവറി നേരത്ത് അങ്ങ് ലേബര്‍റൂമിനകത്ത് വന്നേക്കണം, കൂട്ടിരിക്കാന്‍. ഒന്നുമില്ലേലും എന്റെ ഒരു ദിവസത്തെ ഉറക്കം കളഞ്ഞവളല്ലേ...'

തമാശയാണ്.. ലേബര്‍റൂമില്‍ എനിക്ക് പ്രവേശനമില്ലെന്ന് അവള്‍ക്ക് വ്യക്തമായി അറിയാം.

പിന്നീട് അവളെ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ഫോണിലൂടെ  വിശേഷങ്ങള്‍ എത്തിക്കൊണ്ടേയിരുന്നു. ഡെലിവറി അടുത്ത ദിവസങ്ങളില്‍ ഞാനവളെ  വിളിച്ചു..
നാളെ ഹോസ്പിറ്റലില്‍  പോകണമെന്നും, വിശേഷം ഉണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞ് ഞങ്ങളുടെ സംഭഷണം അവസാനിച്ചു.....

പിന്നീട് നീളുന്ന പതിനഞ്ച് ദിവസങ്ങള്‍. എന്റെ ഫോണ്‍കോളുകള്‍ സ്വീകരിക്കാന്‍ ആളില്ലാതെ വായുവില്‍ ലയിച്ചു. നിരാശ, ദേഷ്യം, സങ്കടം അങ്ങനെയെന്തെല്ലാമോ എന്നെ അലട്ടി. 

അവള്‍ എന്നെ വിളിച്ചില്ല.

പതിനാറാമത്തെ ദിവസം. എന്റെ കോള്‍ സ്വീകരിക്കാന്‍ മറുതലക്കല്‍ ആളുണ്ടായിരുന്നു. പക്ഷേ അതവളായിരുന്നില്ല.

'രമ്യ.....?'

'രമ്യയുടെ കുഞ്ഞ് മരണപ്പെട്ടു'-ഇതായിരുന്നു എനിക്കുള്ള മറുപടി.

മറുചോദ്യത്തിനായി ഞാന്‍ പരതി.

'രമ്യക്ക് കൊടുക്കു, എനിക്കൊന്നു സംസാരിക്കണം...'

'രമ്യ മരണപ്പെട്ടു. മഞ്ഞപ്പിത്തമായിരുന്നു..'

ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാകാം ഈ മറുപടി നല്‍കി ഫോണ്‍ കോള്‍ നിലച്ചു.

എന്റെ കണ്ണുനീരും നിലവിളിയും ആ മുറിക്ക് അസഹ്യമായിരുന്നിരിക്കണം. അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു വാക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ഞാനിത്രയും പിടച്ചല്‍ അല്‍ഭവിക്കുമായിരുന്നില്ല.

എങ്കിലും ഞാന്‍ പോകണമായിരുന്നു. ലേബര്‍ റൂമിന് പുറത്ത് നിന്നെങ്കിലും, അവളെ കാണാന്‍ ഞാന്‍ എത്തിയിരുന്നുവെന്ന് അറിയിക്കണമായിരുന്നു. ആ കൈകളെ ചേര്‍ത്ത് പിടിച്ചൊന്ന് ചുംബിക്കണമായിരുന്നു....

അവളുടെ അമ്മയുടെ മടിത്തട്ടില്‍ വീണ് കരഞ്ഞ് ഞാന്‍ മാപ്പ് പറഞ്ഞത്, അവസാന നാളുകളില്‍ അവള്‍ക്കരികില്‍ എത്താന്‍ കഴിയാത്ത കുറ്റബോധത്തലാണ്....

ഞാന്‍ സമ്മാനിച്ച സ്വീറ്റ്ബോക്സ് പോലും ഇന്നും അവളുടെ അലമാരക്കകത്ത് സുരക്ഷിതമായിരിക്കുന്നു.

എന്റെ പ്രിയപ്പെട്ടവളേ,  ഇടക്ക് ഞാന്‍ നിന്റെ ഫോണിലേക്കൊന്ന് വിളിക്കാറുണ്ട്. എന്തിനെന്ന് അറിയില്ല.

ഫേസ്ബുക്കില്‍ ഒരു പച്ചവെളിച്ചം തെളിയുന്നത് കാത്തിരിക്കാറുണ്ട്. അറിയില്ല എന്തിനുവേണ്ടിയെന്ന്. 

രമ്യ, നീ എവിടെയാണ്? എന്റെ സങ്കല്‍പ്പങ്ങളില്‍ ഇന്നും നീ അവിടെയുണ്ട്.  മോഡേണ്‍ കോളേജിലെ ട്യൂഷന്‍ ക്ലാസില്‍ ആദ്യ ബെഞ്ചിലെ ആ ഹൈസ്‌കൂള്‍കാരിയായി. ഇന്നും.

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം 

click me!