കാൽ 45 ഡിഗ്രിയിൽ മുകളിലേക്ക് ഉയർത്തി നില്‍ക്കുക, 2001 -ല്‍ തുടങ്ങി 2020 വരെ എണ്ണുക; ഇവിടെ മദ്യപിച്ച് വാഹനമോടിച്ചാല്‍...

By Nazeer HussainFirst Published Aug 4, 2019, 1:59 PM IST
Highlights

ഞാൻ മനസില്ലാ മനസോടെ പുറത്തേക്കിറങ്ങി. പാദങ്ങൾ ഒന്നിന് പിറകെ ഒന്നായി അടുപ്പിച്ചു വച്ച് ഇരുപത് സ്റ്റെപ്പ് നടക്കാൻ പറഞ്ഞു. മനസ്സിലായോ എന്ന് പല ആവർത്തി ചോദിച്ചു, പുള്ളി തന്നെ അങ്ങനെ നടന്നു കാണിച്ചു തന്നു. 

"താങ്കൾ മദ്യപിച്ചിട്ടുണ്ടോ?" പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു.

വെളുപ്പിന് ഒരു മണിക്ക് ഞാനും ഗോമതിയും ന്യൂയോർക്കിലെ ഒരു ക്ലബ്ബിൽ നിന്നും വരുന്ന വഴി വണ്ടി നിർത്തിച്ചു ലൈസൻസും രജിസ്ട്രേഷനും കൈമാറിക്കഴിഞ്ഞുള്ള പൊലീസുകാരന്റെ ചോദ്യമാണ്. ഉള്ളിൽ ഒരു വെള്ളിടി മിന്നി, കാരണം ഞാൻ കുടിച്ചിട്ടുണ്ട്. ഭാഗ്യത്തിന് ഞങ്ങൾ പോയ സ്ഥലം ഇഷ്ടപ്പെടാതെ ഇരുന്നത് കൊണ്ട് ഒരു ഗ്ലാസ് ബിയറിൽ നിർത്തി. സാധാരണ ഞങ്ങളിൽ ഒരാൾ നന്നായി മദ്യപിക്കുകയും മറ്റേ ആൾ കുറച്ച് മാത്രം കുടിച്ച് തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയും ചെയ്യുക എന്ന ഞങ്ങളുടെ സാധാരണ പ്രോട്ടോകോൾ ആണ് പാലിക്കുക. പക്ഷേ, ചിലപ്പോഴെങ്കിലും രണ്ടുപേരും നന്നായി കുടിച്ച് തിരിച്ച വീട്ടിലേക്ക് വണ്ടിയോടിച്ചിട്ടുണ്ട്. സാധാരണ കുടിയന്മാരുടെ പോലെ എനിക്കും കുടിച്ച് കഴിഞ്ഞാൽ വണ്ടി നന്നായി ഓടിക്കാം എന്ന തെറ്റായ ആത്മവിശ്വാസം ഉണ്ടാകും. പക്ഷേ, തലക്കകത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാരോ പറയുന്നത് പോലെ തോന്നുന്നത് കൊണ്ട്, ഏറ്റവും വലതു ഭാഗത്തുള്ള, ഏറ്റവും പതുക്കെ പോകുന്ന ലെയിനിൽ ആണ് വണ്ടി ഓടിക്കുക. ഇത്തവണ വില്ലൻ ആയതും അത് തന്നെയാണ്. ഹൈ വേയുടെ അരികിൽ പൊലീസുകാരൻ വേറെ ആരെയോ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ പൊലീസുകാർക്ക് അപകടം ഇല്ലാതിരിക്കാൻ, അവരുടെ അടുത്തുള്ള ലൈയിനിലൂടെ വണ്ടി ഓടിക്കരുത് എന്നൊരു നിയമം ഇവിടെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാസ്സായിട്ടുള്ള കാര്യം എനിക്കറിയില്ലായിരുന്നു. അതിന്റെ വകുപ്പിൽ ആണ് എന്റെ കാർ നിർത്താൻ പറഞ്ഞത്.

"ഒരു ഗ്ലാസ്സ് ബിയർ മാത്രം കുടിച്ചിട്ടേയുള്ളൂ" ഞാൻ മറുപടി പറഞ്ഞു
"താങ്കൾ പുറത്തേക്കിറങ്ങണം, താങ്കൾക്ക് ഈ കാർ ഡ്രൈവ് ചെയ്യാനുള്ള കെൽപ്പുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് വിടാം..."
"അതിന് മറ്റേ ഊതുന്ന മെഷീൻ വച്ച് ചെക്ക് ചെയ്‌താൽ പോരേ? പുറത്തേക്ക് ഒക്കെ ഇറക്കുന്നത് എന്തിനാണ്?" എനിക്ക് ഒരു ബിയർ മാത്രം കഴിച്ചതിന്റെ ആത്മവിശ്വാസം ആയിരുന്നു. ന്യൂ ജേഴ്സിയിൽ നിയമവിധേയം ആയുള്ള രക്തത്തിലെ മദ്യത്തിന്റെ അളവ് 0.08% ആണ്. വലിയ ഒരു ഗ്ലാസ് ബിയർ കുടിച്ചാൽ തന്നെ ഇതിന്റെ മുകളിൽ പോകും. ഞാൻ ഒരു ചെറിയ ഗ്ലാസ് മാത്രമാണ് കുടിച്ചത്.
"ആദ്യം തന്നെ ആ മെഷീൻ ഉപയോഗിക്കാൻ നിയമം ഇല്ല, പുറത്തേക്ക് ഇറക്കി പരിശോധിച്ചിട്ട് ഞങ്ങൾക്ക് സംശയം തോന്നുകയാണെങ്കിൽ മാത്രമേ അതെല്ലാം നടക്കൂ..."

ഞാൻ മനസില്ലാ മനസോടെ പുറത്തേക്കിറങ്ങി. പാദങ്ങൾ ഒന്നിന് പിറകെ ഒന്നായി അടുപ്പിച്ചു വച്ച് ഇരുപത് സ്റ്റെപ്പ് നടക്കാൻ പറഞ്ഞു. മനസ്സിലായോ എന്ന് പല ആവർത്തി ചോദിച്ചു, പുള്ളി തന്നെ അങ്ങനെ നടന്നു കാണിച്ചു തന്നു. അത് എനിക്ക് ഈസി ആയി ചെയ്യാൻ പറ്റി. ഒരു ചെറിയ ഗ്ലാസ് ബിയർ എന്ത് എഫക്റ്റ് ഉണ്ടാക്കാനാണ്...

അടുത്ത പടി ഒരു കാൽ 45 ഡിഗ്രിയിൽ മുകളിലേക്ക് ഉയർത്തി രണ്ടായിരത്തി ഒന്ന്, രണ്ടായിരത്തി രണ്ടു എന്ന് തുടങ്ങി രണ്ടായിരത്തി ഇരുപതു വരെ എണ്ണിക്കൊണ്ട് നിൽക്കുകയാണ്.

അവിടെയാണ് എനിക്ക് പണി കിട്ടിയത്. നല്ല കോഓർഡിനേഷൻ ഉണ്ടെങ്കിൽ മാത്രമേ വെള്ളം അടിക്കാത്ത ആൾക്ക് പോലും അത് ചെയ്യാൻ കഴിയൂ. ഒരു ചെറിയ ഗ്ലാസ് ബിയറിന്റെ എഫക്റ്റ് എനിക്ക് നന്നായി മനസിലായി. രണ്ടായിരത്തി പത്ത് എത്തിയപ്പോഴേക്കും ഉയർത്തി പിടിച്ചിരുന്ന കാൽ പതുക്കെ വിറക്കാൻ തുടങ്ങി. എങ്ങനെയോ രണ്ടായിരത്തി ഇരുപത് വരെ എത്തി. ഒരു ദീര്‍ഘനിശ്വാസം വിട്ടു.

മുമ്പ് പറഞ്ഞ പ്രശ്നത്തിന് ഒരു ടിക്കറ്റും തന്നു ഞങ്ങളെ പറഞ്ഞു വിട്ടു. വീട്ടിൽ എത്തി മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് ഇവിടെ ഉള്ള ശിക്ഷകൾ എന്തൊക്കെയാണ് എന്ന് വായിച്ചു നോക്കിയപ്പോൾ ആണ് ബോധം പോയത്.

ആദ്യത്തെ തവണ കുറ്റം ചെയ്യുന്നവർക്ക്:

1. മൂന്ന് മാസം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂത്രം ഒഴിക്കണമെങ്കിൽ പോലും കാറിൽ പോകേണ്ട സ്ഥലങ്ങളാണ് അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളും. ലൈസൻസ് പോയാൽ പണി പാലുംവെള്ളത്തിൽ കിട്ടും.

2. 30 ദിവസത്തിൽ കൂടാതെ എന്നാൽ 12 മണിക്കൂറിൽ കുറയാതെ ജയിൽ വാസം

3. $400 ഫൈൻ

4. $ 1000 വച്ച് മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് സർചാർജ്. ഏതാണ്ട് രണ്ടു ലക്ഷം രൂപ ഇൻഷുറൻസിലേക്ക് പോകും.

5. $ 525 സർചാർജ്. കോടതിയുടെ സമയം കളഞ്ഞതിനും മറ്റും.

6. ഒരു വർഷം വരെ ഇഗ്നിഷൻ ഇന്‍റർലോക്ക്: ഇത് പിടിപ്പിച്ചാൽ, നമ്മൾ ഊതി, നമ്മുടെ രക്തത്തിൽ മദ്യം ഇല്ലെന്ന് ഉറപ്പായാൽ മാത്രമേ കാർ സ്റ്റാർട്ട് ചെയ്യാൻ പറ്റൂ.

7. നമ്മൾ മദ്യത്തിന് അടിമയാണോ എന്നുള്ള പരിശോധന.

8. രണ്ടു ഗ്ലാസ് ബിയറിൽ കൂടുതൽ ആണെങ്കിൽ ഇതിലും വലിയ ഫൈൻ.

9. രണ്ടു ദിവസം ആറു മണിക്കൂർ വീതം മദ്യപിച്ച് വണ്ടി ഓടിക്കുന്നത് കൊണ്ടുള്ള കുഴപ്പങ്ങൾ മനസിലാക്കുന്ന ക്ലാസ് അറ്റൻഡ് ചെയ്യണം.

കഴിഞ്ഞില്ല, ഇനി മദ്യപിച്ച് വാഹനം ഓടിച്ച ആൾക്ക് മദ്യം കൊടുത്ത ആളുകളെ പിടിക്കും. സോഷ്യൽ ഹോസ്റ്റ് ലയബിലിറ്റി നിയമം എന്നാണതിന്റെ പേര്. ഒരു ബാറിലോ, പാർട്ടി നടത്തുന്ന വീട്ടിലോ, ആവശ്യത്തിൽ അധികം ഒരാൾക്ക് മദ്യം കൊടുത്താൽ കൊടുത്തവനും തൂങ്ങും. ബാറിന്റെ ലൈസൻസ് നഷപ്പെടാം. വീട്ടിൽ പാർട്ടി നടത്തിയവന് ഫൈൻ കിട്ടാം.

ഈ സംഭവത്തോടെ ഒരു കാര്യം തീരുമാനിച്ചു. മദ്യപിച്ച് വണ്ടി ഓടിക്കുന്ന പ്രശ്‌നമില്ല. നമ്മുടെ ഒരു നേരത്തെ മണ്ടത്തരം കൊണ്ട് മറ്റൊരാളുടെ ജീവൻ നഷ്ടപ്പെടുന്നത് എന്തൊരു കഷ്ടമാണ്, ഓർക്കാനേ കഴിയുന്നില്ല.

മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ള മറ്റൊരു കാര്യം കൂടി, പാശ്ചാത്യ നാടുകളിൽ മദ്യപിക്കുന്നത് അവരുടെ സംസ്കാരത്തിൻറെ ഭാഗമാണ്, സ്ത്രീകളും പുരുഷന്മാരും, സുഹൃത്തുക്കളും മറ്റും ഒരുമിച്ചിരുന്നു, ഒരു ഗ്ലാസ് വൈനോ, ബിയറോ, ഒരു ഗ്ലാസ് വിസ്കിയോ ഭക്ഷണത്തിന്റെ കൂടെ കുടിക്കുന്നതാണ് അവരുടെ മദ്യപാന ശീലം. ഭൂരിഭാഗം ആളുകൾക്കും കുടി തുടങ്ങാൻ മാത്രമല്ല എവിടെ നിർത്തണം എന്ന് കൂടി അറിയാം. ഇനി നന്നായി മദ്യപിക്കുന്നവർ ആണെങ്കിൽ ആതിഥേയന്റെ വീട്ടിൽ തങ്ങും. അല്ലെങ്കിൽ പബ്ലിക് ബസ് / യൂബർ എടുത്ത് വീട്ടിൽ പോകും.

നമ്മുടെ നാട്ടിൽ കുടിക്കുന്നത് അടിച്ചു വീലാകാൻ വേണ്ടിയാണ്. മദ്യത്തിന്റെ കൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നവൻ മണ്ടനാണ്, ആ പൈസ കൊണ്ട് കൂടി മദ്യം വാങ്ങാൻ പാടില്ലേ എന്നാണ് ചോദ്യം.

വെങ്കിട്ടരാമനെ ഒരിക്കൽ കണ്ടിട്ടുണ്ട്, പ്രസംഗം കേട്ടിട്ട് വളരെ ബഹുമാനം തോന്നിയ ഒരാളാണ്. എന്‍റെ മനസ്സിൽ ഉള്ള സങ്കല്പത്തിലെ വെങ്കിട്ടരാമൻ, ഈ അപകടം നടന്ന ഉടനെ രക്തപരിശോധനയ്ക്ക് വിധേയനായി നിയമം പറയുന്ന ശിക്ഷ ഏറ്റുവാങ്ങുന്ന ഒരാളാണ്. പക്ഷേ, കേൾക്കുന്നത് വിരുദ്ധമായ കാര്യങ്ങളാണ്. നിസാര പരിക്കിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും, പത്ത് മണിക്കൂർ ആയിട്ടും രക്തപരിശോധന നടത്തിയില്ല എന്നും, വാഹനം ഓടിച്ചത് കൂടെ ഇരുന്ന വ്യക്തി ആണെന്ന് പറഞ്ഞു എന്നൊക്കെ കേട്ടു. ശരിയാകാതെ ഇരിക്കട്ടെ. ഇനി ശരിയാണെങ്കിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അദ്ദേഹത്തിന് നൽകേണ്ടതാണ്, കാരണം ഐഎഎസ്, ഡോക്ടർ എന്ന രണ്ടു കാര്യങ്ങൾ വച്ച് മദ്യപിച്ച് വണ്ടി ഓടിക്കുന്നതിന്റെ ഭവിഷ്യത്തുകൾ അറിഞ്ഞു കൊണ്ട് ഒരാളെ കൊല്ലാൻ കൂട്ടുനിന്നതിനു തന്നെ.

ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയാണ്.

click me!