പെട്രോളും ഡീസലും വേണ്ട, ചൈനീസ് കാറുകൾ ലോകം കീഴടക്കുന്നു! ആ തന്ത്രം അനീതിയെന്ന് യൂറോപ്യൻ കാർ നിർമ്മാതാക്കൾ

Published : Jun 10, 2026, 10:37 AM IST
 Chinese electric cars

Synopsis

ഇറാൻ സംഘർഷത്തിനിടയിലും എണ്ണവില കുതിച്ചുയരാത്തതിന് പിന്നിൽ ചൈനയുടെ കുറഞ്ഞ എണ്ണ ഇറക്കുമതിയാണ്. വൈദ്യുത വാഹനങ്ങളിലേക്കുള്ള ചൈനയുടെ വൻ ചുവടുമാറ്റമാണ് ഇതിന് കാരണം. ഈ മാറ്റം ഇപ്പോൾ യൂറോപ്യൻ കാർ വിപണിയെ ഉൾപ്പെടെ കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു.

 

റാൻ സംഘർഷം അവസാനിക്കുന്നത് കാത്തിരിക്കയാണ് ലോകം. പല രാജ്യങ്ങളുടെയും ആശങ്ക വിലക്കയറ്റമാണ്. പ്രത്യേകിച്ച് എണ്ണവില. കുതിച്ചു കയറി യുദ്ധം രൂക്ഷമായതോടെ. ഇറാൻ ഹോർമൂസ് നിയന്ത്രിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. പക്ഷേ, പിന്നെ കണ്ടുതുടങ്ങിയത് ചില മാറ്റങ്ങളാണ്. എണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. കൊവിഡ് കാലത്തെ അത്ര എത്തിയില്ല എന്നുമാത്രം.

എണ്ണ വേണ്ട, ചൈനയ്ക്ക്

എണ്ണ ഇറക്കുമതി കുറച്ച രാജ്യങ്ങളിൽ മുൻനിരയിൽ ചൈനയാണ്. ഇറാന്‍റെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയിരുന്നത് ചൈനയാണ്. പക്ഷേ, ക്രൂഡ് വാങ്ങുന്നത് ഇപ്പോൾ തീർത്തും കുറഞ്ഞിരിക്കുന്നു. ദിവസം 12 മില്യൻ ബാരൽ എണ്ണ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 4, 5 മില്യൻ ബാരലായിരിക്കുന്നു. അതുകൊണ്ട് ഇറാൻ യുദ്ധം സൃഷ്ടിച്ച എണ്ണപ്രതിസന്ധി ചൈനയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും കുറഞ്ഞിരിക്കുന്നു. 45 ശതമാനത്തിന്‍റെ കുറവ്. ജെറ്റ് ഫ്യൂവലും ഡീസലും കയറ്റി അയക്കുന്നത് ചൈന നിർത്തി വച്ചു.

ചൈനയുടെ ആവശ്യം കുറഞ്ഞതാണ് ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിലും ക്രൂഡിന്‍റെ വില പിടിച്ചു നിർത്തുന്നത് എന്നാണ് വിലയിരുത്തൽ. ഏപ്രിലിൽ തന്നെ കുറഞ്ഞ ഇറക്കുമതി, മേയിൽ പിന്നെയും കുറഞ്ഞു. കാരണം കൃത്യമായി പറയാൻ പറ്റില്ലെന്ന് ഒരുപക്ഷം. ചൈന സ്വന്തം എണ്ണവിൽപന നയങ്ങളും ശേഖരത്തിന്‍റെ അവസ്ഥയും പുറത്തുവിടാറില്ല എന്നതാണ് അവർ കാരണമായി പറയുന്നത്. സാമ്പത്തിക വളർച്ചയിലെ ഇടിവാണ് കാരണമെന്ന് ഒരു വിഭാഗം നിരീക്ഷിക്കുമ്പോൾ. എണ്ണശേഖരമാണ് കാരണമെന്ന് മറുപക്ഷം പറയുന്നു. പക്ഷേ, ഇതൊന്നുമല്ല; ഇന്ധനം വിട്ട് വൈദ്യുതിയിലേക്ക് ചുവടുമാറിയതാണ് കാരണമെന്ന് ഉറപ്പിച്ചു പറയുന്നു വലിയൊരു വിഭാഗം.

വൈദ്യുത വാഹനം

വൈദ്യുത വാഹന നിർമ്മാണം കുതിച്ചുയരുകയാണ് ചൈനയിൽ. അത് പ്രകടമായ വസ്തുതയാണ്. പലതരത്തിലെ കാറുകൾ. ചെറുതും വലുതും വിലകൂടിയതും കുറഞ്ഞതും സൌകര്യങ്ങൾ ഏതാണ്ടൊരു പോലെ. ചൈനീസ് വാഹനങ്ങൾ ഇപ്പോൾ ആഗോള വിപണിയും കീഴടക്കുകയാണ്. 70 ശതമാനത്തിലേറെയാണ് കയറ്റുമതി നിരക്ക് കൂടുന്നത്. പക്ഷേ, അമേരിക്കൻ വിപണിയിൽ ചൈനീസ് വൈദ്യുത വാഹനങ്ങൾക്ക് കനത്ത നികുതിയാണ്. നിയമം ലംഘിച്ചാൽ കനത്ത പ്രത്യാഘാതം എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം നടന്ന ട്രംപ് - ഷീ കൂടിക്കാഴ്ചയിൽ ഈ നയത്തിലൊരു മാറ്റം പ്രതീക്ഷിച്ചിരുന്നു ചൈനീസ് കാർ നിർമ്മാതാക്കൾ. പക്ഷേ, അതുണ്ടായില്ല. എന്നാൽ, യൂറോപ്പ് നികുതി ചുമത്തി മത്സരിക്കാൻ നിന്നിട്ടില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഈ വർഷം ആദ്യപാദം ചൈന 170 ശതമാനം കൂടി എന്നാണ് കണക്ക്. ചൈനയുടെ BYD -യോടാണ് കൂട്ടത്തിൽ പ്രിയം.

വേണം, വിദേശ വിപണി

പക്ഷേ, അതിന്‍റെ മറുവശം അത്ര സുഖകരമല്ല. ചൈനയിൽ കാർ നിർമ്മാണത്തോത് അമ്പരപ്പിക്കുന്നതാണ്. ഫാക്ടറികൾ ഓട്ടോമേറ്റഡ്, വിതരണ ശൃംഖല മികവുറ്റത്. പക്ഷേ, ആഭ്യന്തരവിപണിയിൽ നിർമ്മിക്കുന്നത്ര വിറ്റഴിക്കാൻ കഴിയുന്നില്ല. കയറ്റുമതിയിലാണ് അവരുടെ കണ്ണ്. ചൈനീസ് കാറുകളുടെ ഒഴുക്ക് യൂറോപ്യൻ കാർ നിർമ്മാതാക്കളുടെ നിലനിൽപിനെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. ചൈനയിലേക്കുള്ള അവരുടെ കയറ്റുമതിയും കുറഞ്ഞു. ബിഎംഡബ്യു, പോർഷെ കാറുകൾക്ക് പോലും ചൈനയിൽ ഇപ്പോൾ ആവശ്യക്കാരില്ല.

വമ്പൻ ഇളവുകൾ

2007 -ൽ ചൈനയുടെ വ്യാപാര, ശാസ്ത്ര മന്ത്രിയായ വാൻ ഗാങ് ആണ് ഈ വലിയ മാറ്റത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ഏറ്റവും വലിയ കാർ വിപണിയായതിൽ അഭിമാനം. പക്ഷേ, കാണുന്നതെല്ലാം വിദേശ നിർമ്മിത കാറുകൾ എന്നു പറഞ്ഞു വാൻ ഗാങ്. അന്നുവരെ ചൈനീസ് കമ്പനികൾക്ക് വിദേശ കമ്പനികളോട് മത്സരിച്ച് ജയിക്കാൻ കഴിവുണ്ടായിരുന്നില്ല. പക്ഷേ, 2010 ഓടെ ചൈന കാർ നിർമ്മാണ മേഖലയ്ക്ക് വൻ ഇളവുകൾ അനുവദിച്ചു. പ്രാധാന്യം നൽകിയത് വൈദ്യുത കാറുകൾക്ക്. ഇന്ന് ഏറ്റവും കൂടുതൽ ഇവി ചാർജിംഗ് സ്റ്റേഷനുകളുള്ളത് ചൈനയിലാണ്. ബാറ്ററികൾക്ക് ചൈനയെ ആശ്രയിച്ചേ തീരു. മത്സരം നല്ലത്. പക്ഷേ, ഇത് ഒരു ഭാഗത്തെ മാത്രം സഹായിക്കുന്ന മത്സരം എന്നാണ് യൂറോപ്യൻ കാർ നിർമ്മാതാക്കളുടെ പരാതി. ജനറൽ മോട്ടോഴ്സിന് പോലും ആഘാതമേറ്റ് തുടങ്ങിയിരിക്കുന്നു. ചൈന സ്വന്തം കമ്പനികൾക്ക് നൽകുന്ന ഇളവുകൾ യൂറോപ്പിൽ നടപ്പാവില്ല. 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിർത്തി വയ്ക്കാനുള്ള തീരുമാനം യൂറോപ്പ് വെള്ളം ചേർത്തതും ഈ മത്സരത്തിന്‍റെ ബാക്കിയാണ്. അനാരോഗ്യകരമായ, അനീതി മാത്രം പ്രതിഫലിക്കുന്ന മത്സരം എന്നാണ് യൂറോപ്യൻ കമ്പനികളുടെ പരാതി.

 

PREV
Read more Articles on
click me!

Recommended Stories

സുന്ദരനായ ഈ തെരുവു കച്ചവടക്കാരന്‍ ഇപ്പോള്‍ വൈറല്‍ താരം, സെല്‍ഫിക്ക് കാത്ത് സുന്ദരികള്‍, സിനിമ, മോഡലിംഗ് ക്ഷണങ്ങള്‍
മൊബൈല്‍ ക്യാമറകളുടെ ഒളിഞ്ഞുനോട്ടം, സ്വകാര്യ നിമിഷങ്ങള്‍ വൈറലാക്കാന്‍ ആര്‍ക്കെന്ത് അവകാശം?