പ്രസവാനന്തര വിഷാദങ്ങളില്‍  മണിച്ചേച്ചിമാരുടെ ജീവിതം

By Theresa JosephFirst Published Jun 23, 2020, 5:09 PM IST
Highlights

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന പംക്തിയില്‍ ഇത്തവണ പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍.
 

ഞാനവളുടെ മുഖത്തേക്ക് നോക്കി. ആകെ ജീവനറ്റത് പോലെ. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും വെറുതെ നോക്കിക്കൊണ്ടിരിക്കുന്നു. ഭര്‍ത്താവ് കുഞ്ഞിനെ ഫോര്‍മുല ഫീഡ് ചെയ്യുന്നു. അവളുടെ കണ്ണുകള്‍ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു. അത്രയ്ക്ക് ജീവനില്ലാത്ത കണ്ണുകള്‍. ആകെ തളര്‍ന്ന് , ജീവനറ്റ് അവളിരിക്കുന്നു. ലില്ലിക്ക് ആദ്യത്തെ പ്രസവത്തിന് ശേഷവും ചെറുതായി ഡിപ്രെഷന്‍ ഉണ്ടായിരുന്നു അതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതുമാണ്. ചിലപ്പോള്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോയപ്പോള്‍ മരുന്ന് തുടര്‍ന്നു കഴിക്കണമെന്ന് അവളോട് പറഞ്ഞു കാണില്ല. 

 

 

പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു, അന്നത്തെ ക്ലിനിക്കില്‍. പലയിടത്തും മാറിമാറി നടക്കുന്നതിനിടയില്‍ കിട്ടിയ ജോലിയാണ്. കുഞ്ഞുങ്ങള്‍ ചെറുതാണ്, രാത്രിയില്‍ ജോലിക്കുപോവേണ്ട എന്ന സൗകര്യമുണ്ട്. വരുന്ന രോഗികളെ - രോഗികള്‍ എന്ന് പറയാനാവില്ല, ഗര്‍ഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും ആണ് - ഡോക്ടറുടെ അടുത്തേക്ക് വിടുക , അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുക എന്നതൊക്കെയാണ് പണികള്‍. രോഗിയുമായി നല്ല ഒരു ബന്ധം ഉണ്ടാകും. എട്ടോ ഒമ്പതോ മാസത്തെ സമയം കൊണ്ട് അവര്‍ നമ്മള്‍ക്കും നമ്മള്‍ അവര്‍ക്കും പരിചിതരാകും .
അങ്ങനെ ഒരു ദിവസമാണ് ലില്ലിയെ (നമുക്ക് അങ്ങനെ വിളിക്കാം) കാണുന്നത്. പ്രസവം കഴിഞ്ഞു രണ്ടാഴ്ചയിലെ ചെക്കപ്പിന് വന്നിരിക്കുകയാണ്. കൂടെ ഭര്‍ത്താവും കുഞ്ഞുമുണ്ട് . രണ്ടാമത്തെ പ്രസവം. സുഖ പ്രസവമായിരുന്നു (അത്ര സുഖമൊന്നുമല്ല എന്ന് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കേ അറിയൂ ). മറ്റ് സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ല. ലില്ലിയുടെ ബി പി, ഉയരം, തൂക്കം  ഒക്കെ നോക്കി. രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. ചോദിക്കുന്നതിനൊക്കെ ഒറ്റ വാക്കില്‍ മറുപടി. 

നല്ല മിടുക്കിപ്പെണ്ണായിരുന്നല്ലോ ഇവള്‍. കുഞ്ഞിനെ നോട്ടവും ഉറക്കമില്ലാത്തതും കൊണ്ട് തളര്‍ന്നതാവും, ഞാന്‍ കരുതി. ഡോക്ടറുടെ റൂമില്‍ അവരെ ഇരുത്തിയിട്ട് ഒരു ഫോം എടുത്തു ലില്ലിയുടെ കൈയില്‍ കൊടുത്തു . ഡോക്ടര്‍ വരുമ്പോഴേക്ക് ഇതിന് ഉത്തരമെഴുതണം പിന്നെ വാതില്‍ പതിയെ ചാരി ഞാന്‍ റൂമിനു വെളിയിലിറങ്ങി. അടുത്ത റൂമിലെ രോഗിയെ നോക്കി കഴിയുന്നതിന് മുന്‍പ് തന്നെ മെസേജ് വന്നു. ലില്ലിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കണം. ഭര്‍ത്താവ് കൂടെ നില്‍ക്കുന്നുണ്ടെങ്കില്‍ കുഞ്ഞിനെ നിര്‍ത്താം, അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോകണം. 

ഞാനൊന്നമ്പരന്നു. പിന്നെ ഓര്‍ത്തു ബി പി കൂടുതലായിരുന്നല്ലോ. അതാവും. ഉടനെ അവരുടെ റൂമിലേക്ക് ചെന്നു . ലില്ലി തലയും കുമ്പിട്ട് ഇരിക്കുന്നു. കുഞ്ഞു കരയുന്നുണ്ട്. ''എന്ത് പറ്റി?''- ഞാന്‍ ചോദിച്ചു. അവള്‍ കണ്ണീരു നിറഞ്ഞ മുഖമുയര്‍ത്തി എന്നെ നോക്കി. ഡോക്ടറുടെ നോട്‌സ് മേശപ്പുറത്തുണ്ട്. ഒപ്പം ലില്ലി ഫില്‍ ചെയ്ത പേപ്പറും. ഞാന്‍ ആ പേപ്പര്‍ എടുത്ത് നോക്കി. കുറെ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും. അവളുടെ സ്‌കോര്‍ വളരെക്കൂടുതലാണ്. പ്രസവ ശേഷമുണ്ടാകുന്ന വിഷാദം ( postpartum depression )എന്ന അവസ്ഥയ്ക്കുള്ള സാധ്യതയെയാണ് ഇത് കാണിക്കുന്നത്. എന്റെ മനസ്സ് നൊന്തു.

ഞാനവളുടെ മുഖത്തേക്ക് നോക്കി. ആകെ ജീവനറ്റത് പോലെ. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും വെറുതെ നോക്കിക്കൊണ്ടിരിക്കുന്നു. ഭര്‍ത്താവ് കുഞ്ഞിനെ ഫോര്‍മുല ഫീഡ് ചെയ്യുന്നു. അവളുടെ കണ്ണുകള്‍ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു. അത്രയ്ക്ക് ജീവനില്ലാത്ത കണ്ണുകള്‍. ആകെ തളര്‍ന്ന് , ജീവനറ്റ് അവളിരിക്കുന്നു. ലില്ലിക്ക് ആദ്യത്തെ പ്രസവത്തിന് ശേഷവും ചെറുതായി ഡിപ്രെഷന്‍ ഉണ്ടായിരുന്നു അതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതുമാണ്. ചിലപ്പോള്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോയപ്പോള്‍ മരുന്ന് തുടര്‍ന്നു കഴിക്കണമെന്ന് അവളോട് പറഞ്ഞു കാണില്ല. 

'ലില്ലി എന്താണ് മരുന്ന് തുടര്‍ന്ന് കഴിക്കാതിരുന്നത്?'-ഞാന്‍ അവളോട് ചോദിച്ചു. 

'കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോള്‍ സേഫ് അല്ല എന്നുകരുതിയാണ്'-ഭര്‍ത്താവാണ് മറുപടി പറഞ്ഞത്. എനിക്ക് അത്ഭുതം തോന്നി. ഇവരോട് ഞാന്‍ തന്നെയാണ് ഒരു കാരണവശാലും മരുന്ന് നിര്‍ത്തരുതെന്ന് പറഞ്ഞത്. അവള്‍ കഴിക്കുന്ന മരുന്ന് കുഞ്ഞിന് ദോഷമുണ്ടാക്കുന്നതല്ല. എന്നിട്ടും പേടി കാരണം മരുന്ന് കഴിക്കാതെയിരുന്ന് കുഞ്ഞിനെ ഒന്നെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു. 

ഉടന്‍ തന്നെ ലില്ലിയുടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കി. ആംബുലന്‍സിന് വേണ്ടി കാത്തിരിക്കുന്ന സമയത്ത് ഞാനവര്‍ക്ക് കുറേ പേപ്പറുകള്‍ കൊടുത്തു. എല്ലാം പ്രസവ ശേഷമുണ്ടാകുന്ന വിഷാദത്തെക്കുറിച്ചുള്ളത് . എന്തെങ്കിലും വായിക്കുമോ എന്തോ!

 

 

രണ്ട് 
കുഞ്ഞു നിര്‍ത്താതെ കരയുന്നത് കണ്ട് എന്റെ ഉള്ളിലും ഒരു നൊമ്പരം. അമ്മ മനസ്സിന്റെ നോവുകള്‍ അറിയാതെ എന്റെ നെഞ്ചിലേയും നോവാകുകയാണ്.
കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു ബന്ധു വീട്ടില്‍ പോയത് ഓര്‍മ്മ വന്നു. പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനേയും കാണാനാണ്. കുഞ്ഞിനുള്ള സമ്മാനപ്പൊതികള്‍ കൊടുത്തപ്പോള്‍ അവള്‍ ഒരു കരച്ചില്‍. കുറെ നാളുകള്‍ കൂടി എന്നെ കണ്ട സന്തോഷമാണെന്ന് കരുതി ഞാന്‍ ചോദിച്ചു, 'എന്ത് പറ്റിയെടീ?'

 

പിന്നെയും അവളുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മായി പറഞ്ഞു, 'ഈ പെണ്ണിന് ഇതെന്തു പറ്റിയതാണോ? രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്, വെറുതെ ഇരുന്നു കരയും. കൊച്ചു കരയുന്നു, പാല് കൊടുക്കാന്‍ പറഞ്ഞാല്‍ അന്നേരവും കരയും. ആരുടെയേലും കണ്ണ് കിട്ടിയതായിരിക്കും.'

'എന്ത് പറ്റി മോളേ'-ഞാനവളോട് ചോദിച്ചു. 'എനിക്കറിയില്ല ചേച്ചീ' അതും പറഞ്ഞു അവള്‍ അടുത്ത കരച്ചില്‍. അപകടം മണത്ത ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു , 'അവളെ ഡോക്ടറെ കാണിക്കണം, കരയുന്നതിന് വഴക്കു പറയാതെ അവളോട് അടുത്തിരുന്നു സംസാരിക്കണം.' ഒരു ചെറിയ ക്ലാസ് എടുത്തെങ്കിലും കണ്ണ് കിട്ടിയതാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവനും. എന്തായാലും അധികം പ്രശ്‌നമൊന്നുമുണ്ടാകാതെ അവള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു.

ചിലപ്പോഴൊക്കെ വീട്ടുകാരുടെ പ്രസവ ശൂശ്രൂഷയും കുഞ്ഞിനെ കരുതലുമൊക്കെ അതിരു കടക്കുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട് . കുഞ്ഞിന്റെ ചെറിയ ചലനങ്ങളില്‍ പോലും ആകുലപ്പെടുന്ന അമ്മമാര്‍ വിഷാദത്തിലേക്ക് പിന്നെയും കൂപ്പ് കുത്താന്‍ അത് കാരണമായേക്കാം.

കുഞ്ഞുവാവ ഇത്തിരി നേരം കൂടുതല്‍ കരഞ്ഞാല്‍, പാല് കുടിക്കാതെയിരുന്നാല്‍ ഒക്കെ ബന്ധുജനങ്ങള്‍ ഓരോ നിഗമനത്തില്‍ എത്തുകയാണ്.

'അയ്യോ പാലു കുറവാ അല്ലേ , കുഞ്ഞിനെന്നാ ഒരു ക്ഷീണം?'

അഭ്യുദയകാംക്ഷിയായ വകയില്‍ അമ്മായിയുടെ ഈ ഒരൊറ്റ ചോദ്യം മതി , ആകെ തകര്‍ന്നു നില്‍ക്കുന്ന അമ്മയെ വീണ്ടും തളര്‍ത്താന്‍. കണ്ണ് കിട്ടല്‍, പേടി തട്ടല്‍ എന്നിങ്ങനെ അമ്മായിയുടെ കുറേ കണ്ടുപിടുത്തങ്ങള്‍ പുറകേ വരും. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാല്‍, ആരെങ്കിലും ഇനിയും കുറ്റപ്പെടുത്തിയാലോ എന്ന് പേടിച്ചു കുഞ്ഞിന്റെ വായ് പൊത്തി പിടിച്ച കഥ ഒരിക്കല്‍ കൂട്ടുകാരി പറഞ്ഞതോര്‍ക്കുന്നു. പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അതിനു പകരം, നീ കുഞ്ഞിനെ നന്നായി ശ്രദ്ധിക്കുന്നു, അല്ലെങ്കില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് എന്നൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഇപ്പോഴും നൊമ്പരപ്പെടുന്നു. അന്ന് ചേര്‍ത്ത് നിര്‍ത്തിയ ഡോക്ടറെ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നുണ്ടെന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണിലും നനവൂറി. പിന്നെയും കുറേ നേരം സംസാരിച്ചിരുന്നു.

ഇടയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കാര്യം കടന്ന് വന്നു. അവള്‍ പറഞ്ഞു: ''കുഞ്ഞു കരയുമ്പോള്‍ പാലു കൊടുക്കുന്നതിനേക്കാള്‍ മുന്‍പേ മനസ്സില്‍ വരുന്നത്, ഈശ്വരാ ഈ കരച്ചില്‍ നീണ്ടു നില്‍ക്കല്ലേ എന്ന പ്രാര്‍ത്ഥനയാണ്. ഇത്തിരി നേരം കൂടുതല്‍ കരഞ്ഞാല്‍ എന്തിനാ കൊച്ചിനെ കരയിക്കുന്നത് എന്നാവും ചോദ്യം.'

അവള്‍ അന്നനുഭവിച്ച നൊമ്പരം വേറെയും ഒരുപാട് അമ്മമാരുടെ അനുഭവം ആയിരിക്കും. 

അമ്മമാര്‍ക്ക് അമിതമായ ഉത്കണ്ഠ ഉണ്ടായാല്‍ പാല് കുറയും . ആവശ്യത്തിന് പാല് കിട്ടാതാകുമ്പോള്‍ കുഞ്ഞു വീണ്ടും കരയും. അന്നേരം ബന്ധു ജനങ്ങള്‍ ആരെങ്കിലും അവര്‍ക്ക് തോന്നുന്ന ഒരു പരിഹാരവുമായി വരും.

എന്തെങ്കിലും കാരണത്താല്‍ അസ്വസ്ഥ ആയിരിക്കുന്ന അമ്മയുടെ നെഞ്ചോട് ചേര്‍ന്നിരുന്ന് പാല് കുടിയ്ക്കുന്ന കുഞ്ഞിന് അമ്മയുടെ നെഞ്ചിടിപ്പുകള്‍ താളം തെറ്റുന്നത് കൃത്യമായി അറിയാം . കുഞ്ഞിനും അതേ അസ്വസ്ഥതകള്‍ ഉണ്ടാകും. ഒന്‍പത് മാസം അമ്മയുടെ ഭാഗമായി വയറ്റില്‍ കിടന്ന കുഞ്ഞിന് അമ്മയുടെ വികാരങ്ങള്‍ അതേ പടി മനസ്സിലാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ് .കുഞ്ഞുങ്ങള്‍ വളര്‍ന്ന് എത്രയോ കഴിഞ്ഞതിന് ശേഷമാണ് ചില നേരത്തെ നിര്‍ത്താത്ത കുഞ്ഞിക്കരച്ചിലുകള്‍ പോലും അവരുടെ വളര്‍ച്ചയുടെ ഭാഗം മാത്രമാണെന്നും പേടിക്കാനില്ലെന്നും മനസ്സിലായത് .

വളരെ സെന്‍സിറ്റീവ് ആയ അവസ്ഥയില്‍ കൂടിയാണ് പല അമ്മമാരും കടന്ന് പോകുന്നത്. ഒരു ചേര്‍ത്ത് പിടിക്കല്‍, തോളിലൊരു സാന്ത്വനം, കരയുമ്പോള്‍ ഒക്കെ ശരിയാകും എന്ന് കാതിലൊരു മന്ത്രണം.

അതുമതി, അവള്‍ ആനന്ദ നൃത്തമാടും. വളരെ സാധാരണമായ ഒരു കാര്യമാണ് പ്രജനനം. എല്ലാ ജീവി വര്‍ഗ്ഗങ്ങളും ചെയ്യുന്നത് തന്നെ. ഇതിലെന്താ ഇത്ര വലിയ കാര്യമെന്ന് പലരും ചോദിക്കാറുണ്ട്. അതിന് ഒറ്റ ഉത്തരമേയുള്ളൂ . നിങ്ങള്‍ക്ക് സാധാരണമായത് എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല . എന്റെ അനുഭവം പോലെ ആവില്ല, മറ്റൊരമ്മയുടേത്. ഒരു താരതമ്യം സാദ്ധ്യമല്ല ഇക്കാര്യത്തില്‍.

 

 

മൂന്ന്

 

നാലാം ക്ളാസില്‍ പഠിക്കുന്ന സമയം. അയല്‍പക്കത്തെ വീട്ടില്‍ ഒരു കുഞ്ഞുണ്ടായി. ഒരു ദിവസം മാവേല്‍ എറിഞ്ഞു കൊണ്ടിരുന്ന സമയത്ത് സുരേഷാണ് പറഞ്ഞത്- 'എടീ മണിച്ചേച്ചിക്ക് കൊച്ചൊണ്ടായി. ഇന്നാ ആശൂത്രീന്ന് വന്നെ. നമുക്ക് കൊച്ചിനെ കാണാന്‍ പോകാം.'

സുരേഷാണ് ഏറ്റവും അടുത്ത കൂട്ടുകാരന്‍. ഞങ്ങള്‍ രണ്ടുപേരും കൂടി മണിച്ചേച്ചിയുടെ വീട്ടിലേക്കോടി. മതിലുകള്‍ അതിരിടാത്ത വീടുകളായിരുന്നു എല്ലാം. പറമ്പില്‍ വീഴുന്ന മാങ്ങയും ,അയലത്തെ അടുക്കളയിലെ പലഹാരവും വരെ എല്ലാവര്‍ക്കും അവകാശപ്പെട്ടത്. അത് കൊണ്ട് അയല്‍പക്കത്തു കുഞ്ഞുണ്ടായത് ഞങ്ങളുടെയും സന്തോഷമായിരുന്നു. സുരേഷിനെ പുറകിലാക്കി ഞാനോടി. 'ഞാനാ കൊച്ചിനെ ആദ്യമെടുക്കുന്നത്'-  ഓടുന്നതിനിടയില്‍ ഞാന്‍ വിളിച്ചു പറഞ്ഞു. അല്ലേലും അവന്‍ പുരുഷ പ്രജയല്ലേ, മാങ്ങാ പെറുക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. ഓടിയണച്ചു ചെല്ലുമ്പോള്‍ മണിച്ചേച്ചിയുടെ അമ്മ കുഞ്ഞിനെ മടിയില്‍ വച്ച് തിണ്ണയില്‍ ഇരുപ്പുണ്ട്. ചുറ്റും കുഞ്ഞിനെ കാണാന്‍ വന്ന വേറെയും ആരൊക്കെയോ. 

ഞാന്‍ പതുക്കെ അടുത്ത് ചെന്ന് കുഞ്ഞിനെ നോക്കി. അന്നൊന്നും കുഞ്ഞിനെ എടുക്കുന്നതിന് മുന്‍പ് കൈ കഴുകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. മാങ്ങാച്ചുന പാവാടയില്‍ തുടച്ചിട്ട് മണിച്ചേച്ചിയുടെ അമ്മയോട് ഞാന്‍ ചോദിച്ചു, 'കുഞ്ഞാവയെ ഞാനൊന്നെടുത്തോട്ടെ?'- അവര്‍ ചിരിച്ചു കൊണ്ട് കുഞ്ഞിനെ എന്റെ മടിയില്‍ വച്ച് തന്നു. സൂക്ഷിച്ച് ഒരു നിധി കിട്ടിയത് പോലെ ഞാനാ പഞ്ചാരക്കുട്ടനെ ചേര്‍ത്ത് പിടിച്ചു. കുഞ്ഞിക്കൈ കൊണ്ട് അവനെന്റെ വിരലില്‍ ഇറുക്കിപ്പിടിച്ചു. ശ്വാസം വിട്ടാല്‍ അവനെന്റെ വിരലിലെ പിടി വിടുമോയെന്നു കരുതി ശ്വാസം പിടിച്ചു ഞാനിരുന്നു. 'ചേച്ചിയെ അവനിഷ്ടപ്പെട്ടു' എന്ന അമ്മച്ചിമാരുടെ കളിയാക്കലില്‍ ഞാനാകെ പൂത്തുലഞ്ഞു.

സ്‌കൂള്‍ വിട്ടാലുടനെ മണിച്ചേച്ചിയുടെ വീട്ടിലേക്കോടും. അവധി ദിവസങ്ങളില്‍ ഏറിയ സമയവും അവിടെത്തന്നെ.

മണിച്ചേച്ചിയുടെ അമ്മ കണ്ണനെ പാളയില്‍ കിടത്തി എണ്ണ തേച്ചു കുളിപ്പിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ എനിക്ക് തോന്നും അവന്‍ എന്നെ നോക്കി ചിരിച്ചവെന്ന്. 'ചേച്ചീടെ കുട്ടനേ' എന്ന് വിളിച്ചു ഞാനവനെ കൊഞ്ചിക്കും.

ഒരു ദിവസം അമ്മ പറഞ്ഞു ഇനി അവിടേക്ക് പോകണ്ട. മണിച്ചേച്ചിക്ക് നല്ല സുഖമില്ല.  എന്താണ് അസുഖം എന്ന് ചോദിച്ചതിന് 'അപ്രത്തെങ്ങാനും പൊക്കോണം' എന്ന പുരാതനമായ മറുപടിയാണ് കിട്ടിയത്. 

ഇനി സുരേഷാണ് ആശ്രയം. 'എടീ മണിച്ചേച്ചിക്ക് ബാധയാ, എപ്പോഴും കരച്ചിലാന്നാ ഞങ്ങടമ്മ പറഞ്ഞെ'- സുരേഷ് പറഞ്ഞു. പിന്നെ കുറേ നേരം മാടനും മറുതയും കുറേ നാടന്‍ പ്രേതങ്ങളും അവന്റെ അറിവിന്റെ ഭണ്ഡാരത്തില്‍ നിന്ന് പുറത്തു ചാടി. അവന്‍ ബാധയെ കണ്ടിട്ടുമുണ്ട്. 

എനിക്ക് പക്ഷെ കണ്ണനെ കാണണം. ഒരു ദിവസം രാവിലെ കണ്ണും തിരുമ്മി എണീറ്റ പാടെ ഞാന്‍ തീരുമാനിച്ചു ഇന്നെന്തായാലും മണിച്ചേച്ചിയുടെ വീട്ടില്‍ പോകണം. കണ്ണനെ കാണണം. ആരും കാണാതെ ഓടാന്‍ തുടങ്ങിയ എന്നെ അമ്മ പിടിച്ചു നിര്‍ത്തി. 'ഇപ്പൊ അങ്ങോട്ടേക്ക് പോകണ്ട'- അമ്മ പറഞ്ഞു.

'ഞാന്‍ പോകും എനിക്ക് കണ്ണനെ കാണണം.'

എത്ര വാശി പിടിച്ചിട്ടും അമ്മ വിട്ടില്ല. മുഖം വീര്‍പ്പിച്ചു തിണ്ണയിലിരിക്കുമ്പോള്‍ കണ്ടു, ആരൊക്കെയോ മണിച്ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. നോക്കുമ്പോള്‍ സുരേഷ് ഓടിവരുന്നുണ്ട്. 'എടീ നീ വരുന്നില്ലേ? ഓടി വാ'-പറയുന്നതിനൊപ്പം അവന്‍ ഓടി. അവന് പോകാമെങ്കില്‍ പിന്നെ എനിക്കെന്താ പോയാല്‍. ഞാനും ഓടി മണിച്ചേച്ചിയുടെ വീട്ടിലേക്ക്. 

കിതച്ചു കൊണ്ട് ഞങ്ങള്‍ മണിച്ചേച്ചിയുടെ വീട്ടുമുറ്റത്തെത്തി നിന്നു. മുറ്റം നിറയെ ആളുകള്‍. 'എടാ സുരേഷേ , ആരേലും മരിച്ചാലല്ലേ ഇങ്ങനെ ഒരുപാട് ആളോള് വരുന്നേ'-ഞാന്‍ സുരേഷിനോട് ചോദിച്ചു. 'അപ്പൊ നീയറിഞ്ഞില്ലേ , മണിച്ചേച്ചി തൂങ്ങിച്ചത്തു. പോലീസിനെ വിളിക്കാമ്പോയിട്ടുണ്ട്. ബാധ കേറിയതാന്നാ ഞങ്ങടമ്മ പറഞ്ഞേ. വാ നമുക്ക് അങ്ങേ വശത്തു പോയി നോക്കാം.' അവന്‍ എന്റെ കൈയില്‍ പിടിച്ചു വലിച്ചു. 

കൂടി നില്‍ക്കുന്ന ആള്‍ക്കാരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട് . ഞാനും സുരേഷും കൂടി അടുക്കളയിലൂടെ കയറി അകത്തെ മുറിയിലെത്തി. മണിച്ചേച്ചിയുടെ മുറി പകുതി ചാരിയിട്ടിട്ടുണ്ട് . പാതി തുറന്ന വാതിലിനിടയിലൂടെ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിച്ചേച്ചിയുടെ കാലുകള്‍ കണ്ടത് മാത്രമേ എനിക്കോര്‍മ്മയുള്ളു.

 കണ്ണ് തുറക്കുമ്പോള്‍ അമ്മ അടുത്തിരുന്നു വീശുന്നുണ്ട്. 'നിന്നോട് പറഞ്ഞതല്ലേ കൊച്ചേ പോകരുതെന്ന്' -അമ്മ ചോദിച്ചു. 

'എന്തിനാമ്മേ മണിചേച്ചി തൂങ്ങിച്ചത്തെ?' ഞാന്‍ ചോദിച്ചു. അമ്മ എന്തോ പറഞ്ഞു. അമ്മയുടെയും അയല്‍്പക്കത്തെ ചേടത്തിയുടെയും വര്‍ത്തമാനത്തില്‍ നിന്ന് ഒരു കാര്യം മാത്രം എനിക്ക് മനസ്സിലായി. മണിച്ചേച്ചിക്ക് 'ബാധ'യായിരുന്നു. 'എന്നാ തങ്കപ്പെട്ട പെണ്ണായിരുന്നു. ബാധ കേറിയെപ്പിന്നെ കൊച്ചിനെ നോട്ടോമില്ല. ഊണും ഉറക്കോം ഒന്നുമില്ല'- കണ്ണടച്ചു കിടന്ന് ഞാനെല്ലാം കേട്ടു . എനിക്കും തോന്നി മണിച്ചേച്ചിക്ക് ബാധ കൂടിയതാണ്. അവര്‍ വെറുതെയിരുന്ന് കരയുന്നത് ഞാനും കണ്ടിട്ടുണ്ട്. കണ്ണനെ ഞാന്‍ കൊണ്ടുപോട്ടെ എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ വിളറിയ ഒരു ചിരി ചിരിച്ചു. ആറ്റില്‍ കുളിക്കാന്‍ പോകുമ്പോള്‍ താളി പറിച്ചു തരാന്‍ മണിചേച്ചി ഇനിയില്ല. കണ്ണനെ ഇനി എനിക്ക് കാണാന്‍ പറ്റുമോ. എനിക്ക് കരച്ചില്‍ വന്നു.

പിന്നെ കുറേ രാത്രികള്‍ മണിച്ചേച്ചിയുടെ തൂങ്ങിയാടുന്ന കാലുകള്‍ എന്റെ ഉറക്കം മുറിച്ചു. ചില രാത്രികളില്‍ അലറിക്കരഞ്ഞുകൊണ്ട് ഞാനെഴുന്നേറ്റു. സ്വപ്നങ്ങളില്‍,രണ്ടാഴ്ച്ച മാത്രം പ്രായമുള്ള കണ്ണന്‍ എന്നെ ചേച്ചീ എന്ന് വിളിച്ചു. അവന്റെ ചിരിയില്‍ അലിഞ്ഞു ദുഃസ്വപ്നങ്ങള്‍ പതുക്കെ അകന്നു പോയി.
ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു രോഗികളുമായി ഇടപെടാന്‍ തുടങ്ങിയ ശേഷമാണ്, മണിച്ചേച്ചിക്ക് ബാധ അല്ലായിരുന്നുവെന്നും പ്രസവശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള വിഷാദ രോഗമായിരുന്നെന്നും മനസ്സിലാകുന്നത്.

ഒരുപാട് തവണ ഇങ്ങനെ പലരെയും കണ്ടുമുട്ടിയിട്ടുണ്ട് . പല പേരുകളുള്ള പല ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകള്‍. രാധയെയും ബീനയെയും ജമീലയെയും എറിക്കയെയും എല്ലാം മനസ്സില്‍ ഞാന്‍ വിളിക്കും, 'മണിചേച്ചി'.

 

 

നാല് 
Post partum depression എന്ന അവസ്ഥയില്‍ കൂടി കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും മണിച്ചേച്ചിയുടെ മുഖമാണ്. ബാധയല്ല മനസ്സിന്റെ നോവാണത്. ഒരുപാട് സ്‌നേഹവും ചിലപ്പോള്‍ ഇത്തിരി മരുന്നും മതിയാകും ആ മനസ്സുകള്‍ നേരെയാകാന്‍ .

രാവെളുക്കുവോളം നിര്‍ത്താതെ നീണ്ടുനിന്ന കുഞ്ഞിക്കരച്ചിലില്‍ ഞാനും തളര്‍ന്നിട്ടുണ്ട്. ഞാനൊരു നല്ല അമ്മയല്ല, ചെയ്യുന്നതൊന്നും ശരിയല്ല എന്ന തോന്നലില്‍ തകര്‍ന്ന് പോയിട്ടുണ്ട്.

ദൈവമേ, സൃഷ്ടിയുടെ രഹസ്യങ്ങള്‍ എത്രയോ സങ്കീര്‍ണ്ണമാണ്. ഉടലിനും മനസ്സിനും വരുന്ന മാറ്റങ്ങള്‍ സ്ത്രീയെ പലപ്പോഴും കടിച്ചു കുടയാറുണ്ട് . ചിലതൊക്കെ പൂ വിരിയും പോല്‍ മനോഹരം. മറ്റു ചിലത് വിഷാദത്തിന്റെ അഗാധതയിലേക്ക് അവളെ തള്ളി വിടുന്നു. ഈ തിരക്ക് പിടിച്ച ജീവിതത്തിന്റെ വെല്ലുവിളികള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന് ചുറ്റും നിന്ന് അലറുമ്പോള്‍ അവള്‍ പകച്ചു പോകുന്നു. ചിലപ്പോഴൊക്കെ, കുഞ്ഞിക്കരച്ചിലുകളില്‍ പോലും നെഞ്ചുലയാത്ത വണ്ണം അവള്‍ വിഷാദിയാവുന്നു. 

ഈ സമയങ്ങളില്‍ ഒരു പക്ഷെ, മനസ്സിന് ഒരു ചെറിയ താങ്ങ് മാത്രം മതിയാവും. അവളെ ഒന്ന് ചേര്‍ത്ത് പിടിക്കുക. എന്തിനെന്നു പോലുമറിയാത്ത അവളുടെ സങ്കടങ്ങള്‍ പെയ്‌തൊഴിയട്ടെ. നെഞ്ചിലെ നോവ് തീരുവോളം അവള്‍ കരയട്ടെ. എങ്കിലേ കുഞ്ഞിനെ അവള്‍ക്ക് സ്‌നേഹത്തോടെ നെഞ്ചില്‍ ചേര്‍ക്കാനാവൂ. ചിലപ്പോള്‍ നിനക്ക് ഞാനുണ്ട് എന്നൊരു സാന്ത്വനം മാത്രം മതിയാകും അവള്‍ക്ക് പിടിച്ചുനില്ക്കാന്‍.

ഒരു ഗുഹക്കുള്ളില്‍ എന്ന പോലെയാണ് വിഷാദത്തില്‍ കൂടി കടന്നു പോകുന്ന ഓരോ അമ്മയും. ഗുഹാമുഖത്ത് നിന്ന് ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. അവളുടെ ഉള്ളിലെത്തുന്നത് അലര്‍ച്ചകളും പ്രതിധ്വനികളും മാത്രം. നിങ്ങള്‍ പറയുന്നത് അവള്‍ കേള്‍ക്കണമെങ്കില്‍ അവളുടെ അടുത്തേക്ക് കുറച്ചു കൂടി ചേര്‍ന്നിരിക്കണം.

കുഞ്ഞുണ്ടായ ശേഷം വീട്ടിലേക്ക് പോകുന്ന എല്ലാ അമ്മമാരെയും(അപ്പന്‍മാരെയും) പിന്നെയും പിന്നെയും ഈ അവസ്ഥയെക്കുറിച്ചു ഓര്‍മ്മിപ്പിക്കാറുണ്ട്. ചിലപ്പോള്‍ തോന്നും ഇവര്‍ക്ക് മനസ്സിലായില്ലേ? അമ്മ മനസ്സിന്റെ വേവലാതിയാണ് ആ തോന്നല്‍

'നീ വിഷാദിയാകുന്നതെന്തിന്?' എന്ന ചോദ്യത്തിന് 'അറിയില്ല ' എന്ന് മാത്രമേയുള്ളു ഉത്തരം. ഏറ്റവും സത്യസന്ധമായ ഉത്തരവും അത് തന്നെയാണ് . ഇനിയും മണിചേച്ചിമാര്‍ ഉണ്ടാകാതിരുന്നെങ്കില്‍. അന്തരീക്ഷത്തില്‍ തൂങ്ങിയാടുന്ന കാലുകള്‍ കാണാന്‍ ഇനിയും വയ്യ .

വാല്‍ക്കഷ്ണം:
കുഞ്ഞിനെ ഉപദ്രവിക്കുന്ന എല്ലാ കേസുകളും വിഷാദ രോഗത്തിന്റെ ലേബലില്‍ പെടുത്താനാവില്ല. പ്രസവാനന്തര വിഷാദരോഗം ആണെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. നേരത്തെ ഈ അവസ്ഥ ഉണ്ടായിരുന്നവര്‍, ഉല്‍ക്കണ്ഠാ രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ എന്നിവരില്‍ അപകടസാദ്ധ്യത കൂടുതലായിരിക്കും. ഏറെ നാളുകള്‍ കഴിഞ്ഞു കുഞ്ഞിനെ ഉപദ്രവിക്കുന്നതും , കൊല്ലുന്നതുമൊന്നും വിഷാദ രോഗത്തിന്റെ പരിധിയില്‍ വരില്ല.

click me!