പുനലൂര്‍ രാജന്‍ പകര്‍ത്തിയ ടി പത്മനാഭന്റെ അപൂര്‍വ്വചിത്രം!

By Rathnakaran mangadFirst Published Dec 14, 2019, 7:02 PM IST
Highlights

ടി പത്മനാഭന്റെ അപൂര്‍വ്വ ചിത്രം പിറന്ന കഥ.പുനലൂര്‍ രാജന്റെ ഫോട്ടോ കോളം. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്‌നാകരന്‍ 

കഥയുടെ കുലപതി ടി പത്മനാഭന് നവതിയുടെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ആദരം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ അപൂര്‍വ്വ ചിത്രം. അതിനുപിന്നിലെ കഥ.

 

മൂന്ന് എഴുത്തുകാരെയാണ് പുനലൂര്‍ രാജന്‍ കടലിനെ 'സാക്ഷിയാക്കി' ചിത്രീകരിച്ചിട്ടുള്ളത്. ഏകാന്തതയുടെ അപാരതീരത്തിലൂടെ സഞ്ചരിച്ച വൈക്കം മുഹമ്മദ് ബഷീര്‍, ബഷീറിന്റെ ഉപമയില്‍ 'സാഗരഗര്‍ജ്ജനത്തിന്റെ' ആള്‍രൂപമായ സുകുമാര്‍ അഴീക്കോട്, പിന്നെ കടല്‍ എന്ന കഥയെഴുതിയ ടി പത്മനാഭന്‍. അറബിക്കടലിന്റെ ഒരു ഖണ്ഡം ഈ എഴുത്തുകാരെ ചൂഴ്ന്നുനിന്നു. ബഷീറിനെ ബേപ്പൂരിലെ കടല്‍, സുകുമാര്‍ അഴീക്കോടിനെ വടകരയിലെ കടല്‍, ടി പത്മനാഭനെ മയ്യഴിയിലെ കടല്‍. മയ്യഴിയില്‍ കേരള കലാഗ്രാമത്തിന്റെ വാര്‍ഷികപരിപാടിക്കിടെയാണ് പാതാറും അറബിക്കടലും സംഗമിക്കുന്ന ഇടത്തുവെച്ച് ഈ ഫോട്ടോ പുനലൂര്‍ രാജന്‍ എടുത്തത്. 

.....................................................

'കടല്‍' എന്ന കഥയില്‍ 'ആഴിതന്‍ നിത്യമാം തേങ്ങല്‍' കേള്‍ക്കാം. നടുക്കടലിന്റെ ശാന്തി കൈവരിക്കാനാവുമ്പോഴും തീരത്തേയ്ക്ക് വെമ്പുന്ന കടല്‍.

 

'കടല്‍' എന്ന കഥയില്‍ 'ആഴിതന്‍ നിത്യമാം തേങ്ങല്‍' കേള്‍ക്കാം. നടുക്കടലിന്റെ ശാന്തി കൈവരിക്കാനാവുമ്പോഴും തീരത്തേയ്ക്ക് വെമ്പുന്ന കടല്‍. മൃതിയുടെ വിവൃത കവാടത്തിനരികെനിന്ന് ജീവിതത്തിലെ ഏറ്റവും സാന്ദ്രമായ യാത്രകളിലേക്ക് തിരിഞ്ഞുനോക്കുന്ന കഥ. 

കടലിന്റെ സകലഭാവങ്ങളും ഈ കഥയില്‍ ഉള്‍ച്ചേരുന്നു. കടയില്‍ ടി പത്മനാഭന്‍ എഴുതുമ്പോലെ, ''കടലിന്റെ ഒരു ഭാഗമായി, തിരയായി, ചുഴിയായി, ചലനമായി, ആഴമായി....''. 

ടി പത്മനാഭനെ, കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ഫോട്ടോ കഥാകൃത്തിന്റെ അനുഭവസഞ്ചയത്തിന്റെ കൂടി വിശാലലോകം സൃഷ്ടിക്കുന്നു. 

click me!