പരിണയം: ചരിത്രത്തിന്റെ ഉടലെഴുത്ത് , ഉണ്ണിമായമാരുടെ ഗാന്ധിമാര്‍ഗ്ഗം

By K P JayakumarFirst Published Jun 2, 2020, 6:43 PM IST
Highlights

പരിണയം: രതി കഥയെ ചരിത്ര കഥയാക്കുമ്പോള്‍. കെ. പി ജയകുമാര്‍ എഴുതുന്നു

സദാചാരഭദ്രമായ ദൃശ്യപരിചരണത്തില്‍ നായികയുടെ സ്മൃതികഥയ്ക്കും രതികഥയ്ക്കും സ്ഥാനമില്ല. കുറിയേടത്തു താത്രിയെന്ന ഭൂതകാലത്തെ സ്മൃതിപ്പെടുത്തി രതി കഥയെ ചരിത്ര കഥയാക്കി മാറ്റുന്ന ആഖ്യാന തന്ത്രമാണ് ചലച്ചിത്രം സ്വീകരിക്കുന്നത്. ആഖ്യാതാവ് ചലച്ചിത്രകാരന്‍മാത്രമല്ല, ചരിത്രകാരന്‍കൂടിയാണ്. 

 

 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലബാറിലാണ് കഥ-ചരിത്രം അരങ്ങേറുന്നത്. ഉണ്ണിമായ എന്ന നമ്പൂതിരി യുവതി സ്മാര്‍ത്ത വിചാരണ നേരിടുന്നതാണ് സന്ദര്‍ഭം. ചിത്രം പരിണയം. സംവിധാനം ഹരിഹരന്‍ (1994)). കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരമാണ് പരിണയത്തിന്റെ പശ്ചാത്തലം. നമ്പൂതിരി സാമുദായിക പരിഷ്‌കരണത്തിന്റെയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും വര്‍ത്തമാനകാല പരിസരമാണ് സിനിമയുടെ കഥാകാലം. 

ചരിത്രവും ചലച്ചിത്രവും എത്രത്തോളം നിഷ്‌കളങ്കമാണ്? സുന്ദരിയും യൗവ്വനയുക്തയും ഭര്‍തൃരഹിതയുമായ സ്ത്രീ എന്ന ആണ്‍കാമനയിലും രഹസ്യഗമനം എന്ന ഒളിനോട്ടത്തിലും മെനഞ്ഞെടുത്തതാണ് പരിണയത്തിന്റെ ലാവണ്യാനുഭവം. പുരുഷ രതിഭാവനയുടെ ഒളിനോട്ടത്തിലാണ് കാഴ്ചയുടെ ഊന്നല്‍. ചരിത്രവും സ്മാര്‍ത്തവിചാരവുമാണ് അതിനെ വരേണ്യമാക്കി നിര്‍ത്തുന്ന പശ്ചാത്തലം. കുലംവിട്ടുപോകുന്ന നായികയുടെ ഉടലഴകിനെച്ചുറ്റി വിടരുന്ന നെടുവീര്‍പ്പുകളാണ് പരിണയത്തിലെ നായികയെ രക്തസാക്ഷിത്വത്തിലേക്ക് ഉയര്‍ത്തുന്നത്. കുലമഹിമവിട്ട്, ഭ്രഷ്ടിലേക്ക് സ്ത്രീത്വത്തെ തുറന്നുവിടുന്ന ഉടലിന്റെ രാഷ്ട്രീയ സന്ദര്‍ഭമല്ല, മറിച്ച് ആഖ്യാനത്തിന് പുറത്തേക്ക് പോകുന്ന നായികാ ശരീരത്തെ പ്രതിയുള്ള നഷ്ടബോധമാണ് സിനിമയ്ക്ക്  പ്രേക്ഷകാനുഭാവം നേടിക്കൊടുക്കുന്നത്. പ്രണയ-രതി വിശ്വാസ വഞ്ചനയുടെ, ആത്മസംഘര്‍ഷങ്ങളുടെ, മര്‍ദ്ദനത്തിന്റെ ദുരിതകാലത്തുകൂടി കടന്നുപോകുന്ന ഉടലിലല്ല, ഉടലഴക് എന്ന കാമനയിലാണ് കാഴ്ചയുടെ ഊന്നല്‍.

സ്മാര്‍ത്ത വിചാരത്തിന്റെ സൂക്ഷ്മ ആഖ്യാനമാണ് പരിണയം. വ്യക്തിയുടെ തൃഷ്ണകളും സമുദായനീതിയും തമ്മിലുള്ള സംഘര്‍ഷ സ്ഥലമാണത്.  എന്നാല്‍, സവിശേഷമായ ദൃശ്യപരിചരണത്തിലൂടെ ഈ ബന്ധ സംഘര്‍ഷം പിന്‍വാങ്ങി നില്‍ക്കുകയും സ്മാര്‍ത്തവിചാരത്തിന്റെ നടപടിക്രമങ്ങളുടെ രേഖപ്പെടുത്തല്‍ മുഖ്യമാവുകയും ചെയ്യുന്നു.

ബ്രാഹ്മണ സമുദായ ജീവിതത്തിന്റെ ദൈനംദിന വ്യാപാരങ്ങളെ വിവരണാത്മകമായി ആലേഖനം ചെയ്യുകയാണ് ചലച്ചിത്രം.  ജാത്യാചാരം, അനുഷ്ഠാനം, ചടങ്ങുകള്‍, ക്രമങ്ങള്‍, രീതികള്‍, ഭാഷ, ഭാഷണം, കുളി, തേവാരം, വെടിവട്ടം, താംബൂലം, പൊറാട്ട് എന്നിങ്ങനെ സംഭവങ്ങളുടെ വിശദമായ ആലേഖനം (documentation).  പാരമ്പര്യ അനുഷ്ഠാനങ്ങളിലേക്കുള്ള കാഴ്ചയുടെ അമിതമായ ഊന്നല്‍ വംശീയ കാലത്തെ കാല്‍പനികമായി പുനരാനയിക്കുന്നു. അതോടെ സ്മാര്‍ത്തവും വിചാരണയും ഭ്രഷ്ടും ഏറെക്കുറെ സ്വാഭാവിക ചര്യകളും പുരുഷാനന്ദ വേളകളുമായിത്തീരുന്നു. അനുഷ്ഠാനത്തിനപ്പുറത്തേയ്ക്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യതകള്‍ പാഠത്തിനുള്ളില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും സൗന്ദര്യാനുഭവമെന്നതിന് അപ്പുറത്തേക്ക് വളരാന്‍ ദൃശ്യപരിചരണം മൂലം സിനിമയ്ക്ക്  കഴിയാതെ പോകുന്നു. ചലച്ചിത്രാഖ്യാനം വംശീയ ആലേഖനത്തിലാണ് (ethnographic documentation) ഊന്നുന്നത്. ബ്രാഹ്മണാചാരാനുഷ്ഠാനങ്ങളുടെ ദൃശ്യരേഖ എന്ന നിലയിലുള്ള 'പാരമ്പര്യ' മൂല്യമാണ് സിനിമയുടെ ഭാവിമൂലധനം.     

സമകാലിക സമുദായ ജീവിതത്തില്‍ ദൃശ്യമല്ലാത്ത ഒരു കാലത്തെയാണ് സിനിമ പുനരാവിഷ്‌കരിക്കുന്നത്. അതോടെ നമ്പൂതിരി സമുദായ ചരിത്രത്തിലെ വലിയൊരു നൈരന്തര്യഭംഗത്തിന്റെ പൂരണമായി പരിണയത്തിന്റെ ദൃശ്യസ്ഥലം  മാറുന്നു. ഈ ദൃശ്യരേഖയ്ക്ക് മറഞ്ഞാണ് സ്ത്രീയുടെ/നായികയുടെ ആത്മ സംഘര്‍ഷങ്ങള്‍ ഇടം നേടുന്നത്.  

പുരുഷാധികാരത്തിന്റെ സമുദായ നീതിക്ക് സംസാരിപ്പിക്കാനാവാതെപോയ പെണ്‍മൗനത്തിന്റെ ആഴത്തെ ചരിത്രപരമായി വീണ്ടെടുക്കാനുള്ള സാധ്യതയാണ് പരിണയത്തിന്റെ ഈ ദൃശ്യപരിചരണം അസാധ്യമാക്കുന്നത്. നായികയുടെ മൗനവും  ശരീരം  അവശേഷിപ്പിച്ചുപോകുന്ന ശൂന്യതയും പുരുഷഭാവനയ്ക്ക് പൂരിപ്പിക്കാനാവാത്തതാണ്.  ഈ ശൂന്യസ്ഥലത്തെ മറികടക്കാനുള്ള ഉപായമായാണ്  സിനിമ ഉണ്ണിമായയുടെ ജീവിതത്തെ കുറിയേടത്ത് താത്രിയ്ക്ക് സമാന്തരമായി സങ്കല്‍പ്പിക്കുന്നത്.  താത്രിയുടെ ഭൂതകാലവും ദേശീയ പ്രസ്ഥാനങ്ങളുടെയും സമുദായ പരിഷ്‌കരണത്തിന്റെയും വര്‍ത്തമാനവും ചേര്‍ന്ന് ഉണ്ണിമായയുടെ ആത്മലോകത്തെ പൊതുപ്രദര്‍ശനത്തിന് വയ്ക്കുന്നു. 

 

...........................................................

Read more: തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

 

കാഴ്ചയുടെ ആനന്ദമൂല്യം
പരിണയത്തിലെ സ്മാര്‍ത്തവിചാരത്തിന്റെ നീണ്ട ദൃശ്യാഖ്യാനം പാരമ്പര്യത്തെ കൂടെക്കൊണ്ടുവരുകയോ കൂട്ടിക്കൊണ്ടുവരുകയോ മാത്രമല്ല ചെയ്യുന്നത്. യുക്തിബോധവും നീതിബോധവുമില്ലാത്ത സമുദായാചാരങ്ങളോട് കുറഞ്ഞൊരു പരിഹാസവും സിനിമയിലുണ്ട്. സ്മാര്‍ത്തവിചാരത്തിലും വിചാരണയിലും ആത്യന്തികമായി തുളുമ്പി നില്‍ക്കുന്നത് ആണ്‍കൂട്ടത്തിന്റെ ലൈംഗികാഹ്ലാദമാണ്. സ്മാര്‍ത്തവിചാരത്തിലേക്കെത്തിച്ചേരുന്ന നായികയുടെ ലൈംഗിക ജീവിതമായിരുന്നു ചലച്ചിത്രം പ്രമേയമാക്കിയതെങ്കിലോ? അത്തരമൊരാവിഷ്‌കാരത്തെ സമൂഹം സ്വീകരിക്കുമോ? 

നളിനി ജമീലയുടെ ആത്മകഥയെ ചൊല്ലിയുണ്ടായ വിവാദത്തില്‍ ''ലൈംഗിക തൊഴിലാളിയോ പെണ്‍വാണിഭക്കാരിയോ ആണ് ഇനി മലയാള സാഹിത്യത്തിന്റെ ഭാഗധേയം നിശ്ചയിക്കാന്‍പോകുന്നതെന്നും മഹാനായ എഴുത്തുകാരന് സ്ഥാനമില്ലാതാകുന്നു'', എന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീയുടെ ആഖ്യാനത്തെ, ആത്മകഥയെ, എഴുതാനുള്ള അവകാശത്തെ നിഷേധിക്കുക മാത്രമല്ല, എഴുത്തുകാരന്റെ ആണ്‍കോയ്മയെ സാംസ്‌കാരികമായി ഉറപ്പിക്കുന്നതുമായിരുന്നു ഈ വാദം. അനുഭവാവിഷ്‌കാരത്തില്‍ ആഖ്യാനങ്ങളെല്ലാം ചില സദാചാര നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നാണ് വിവാദം അര്‍ത്ഥമാക്കുന്നത്. സദാചാരഭദ്രമായ ദൃശ്യപരിചരണത്തില്‍ നായികയുടെ സ്മൃതികഥയ്ക്കും രതികഥയ്ക്കും സ്ഥാനമില്ല. കുറിയേടത്തു താത്രിയെന്ന ഭൂതകാലത്തെ സ്മൃതിപ്പെടുത്തി രതി കഥയെ ചരിത്ര കഥയാക്കി മാറ്റുന്ന ആഖ്യാന തന്ത്രമാണ് ചലച്ചിത്രം സ്വീകരിക്കുന്നത്. ആഖ്യാതാവ് ചലച്ചിത്രകാരന്‍മാത്രമല്ല, ചരിത്രകാരന്‍കൂടിയാണ്. 

 

............................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...! 

 

പ്രതികഥയുടെ അടരുകള്‍

ഏത് ആഖ്യാനത്തിനുള്ളിലും പ്രതികഥയുടെ അടരുകള്‍ മറഞ്ഞുകിടക്കുന്നുണ്ടാകും. ദൃശ്യവ്യാഖ്യാനങ്ങളുടെ ലാവണ്യദിശയില്‍ നിന്ന് തെറ്റിനില്‍ക്കുന്ന ശരീരത്തിന്റെ പ്രതിരോധം. സ്ത്രീയെ ചില നിര്‍മ്മിതികളിലേയ്ക്ക് വ്യവസ്ഥപ്പെടുത്താനാണ് സമൂഹം ശ്രമിക്കുന്നത്. മകള്‍, സഹോദരി, ഭാര്യ, അമ്മ അമ്മായിയമ്മ, അമ്മൂമ്മ എന്നിങ്ങനെ ഏറെക്കുറെ ചുമതലാഭരിതമായി ക്രമീകരിക്കപ്പെടുന്നതാണത്.  കാമുകി, സുഹൃത്ത് എന്നീ അവസ്ഥകളും ഈ ക്രമത്തിലേയ്ക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്.  ജാര, വേശ്യാത്വങ്ങള്‍ അപരമാണ്. അവരുടേത് അപരലോക വാഴ്‌വുകളാണ്. രാത്രി, ഇരുള്‍ ബിംബങ്ങള്‍ ഈ വാഴ്‌വുകളെ ചൂഴുന്നു. 

കളിവിളക്കണയുകയും അരങ്ങൊഴിയുകയും ചെയ്യുന്ന നിശീഥിനികള്‍ മറ്റൊരു സ്വതന്ത്രലോകത്തിന്റെ, അപരലോകത്തിന്റെ സന്ദര്‍ഭമായിത്തീരുന്നു. പരിണയം നിശാജീവിതത്തിന്റെ അഥവാ പ്രതിജീവിതത്തിന്റെ ലീലാസന്ദര്‍ഭമാണ്. പകലിന്റെ സദാചാര ജീവിതത്തിന് എതിരെ പ്രതിഷ്ഠിക്കുന്ന ശരീരത്തിന്റെ കലാപ സന്ദര്‍ഭം.
തന്നെ സ്ത്രീയായി തിരിച്ചറിയുന്ന, ചോദനകളെ നിഷേധിക്കാത്ത, ശരീരത്തിനുമേല്‍ ശരീരത്തിന്റെ ആധിപത്യം സ്ഥാപിക്കാത്ത, തൃഷ്ണകളെ പരസ്പരം പുല്‍കിപ്പുണരുന്ന ഉടല്‍ സമത്വത്തിന്റെ സന്ദര്‍ഭമായി നിശാഗമന/ലയനങ്ങള്‍ മാറുന്നു. സമത്വത്തിന്റെ ഉടല്‍ നിലകള്‍ സാധ്യമാക്കുന്ന ജീവിതാഘോഷമാക്കി ലൈംഗികതയെ ആവിഷ്‌കരിക്കാന്‍ പരിണയത്തിന് കഴിയുന്നുണ്ട്.

ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങളുണ്ട്. സ്മാര്‍ത്തവിചാര വേളയില്‍ പുലര്‍ത്തുന്ന പ്രകോപനപരമായ നിശ്ശബ്ദതയോടെ നായിക അടയാളപ്പെടുത്തുന്നത് ഈ സ്ഥലരാശികളെയാണ്. തൃഷ്ണകള്‍ ചരിത്രത്തില്‍ ഇടപെടുകയും ചരിത്രത്തെ തന്നെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. വിശ്വസ്തതയും വഞ്ചനയും ഇവിടെ ഇതിവൃത്തമാകുന്നു. 

വിചാരണത്തടവുകാരിയായി കഴിയുന്ന ഉണ്ണിമായയുടെ സമീപം കാമുകനായ മാധവന്‍ എത്തുന്നത് തന്റെ പേര് പറയരുതെന്ന് അപേക്ഷിക്കാനാണ്. നിശ്ശബ്ദയായിരുന്ന ഉണ്ണിമായ പിന്നീട് സംസാരിച്ചു തുടങ്ങുന്നു. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന ചോദ്യത്തിന് 'പലരും, പേര് ഓര്‍മ്മയില്ല.' എന്നാണ് മറുപടി. അനുഭവവും പ്രതിനിധാനവും തമ്മിലുള്ള ഈ സംഘര്‍ഷം ഉണ്ണിമായയെ ചരിത്രത്തില്‍ കണ്ണിചേര്‍ക്കുന്നു.  സ്മാര്‍ത്ത വിചാരവേളയില്‍ കുറിയേടത്ത് താത്രി 64 പുരുഷന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നുണ്ടല്ലോ. ജാരന്‍ എന്ന ഏകവചനത്തിലല്ല, മറിച്ച് പുരുഷന്‍ എന്ന ഹിംസാത്മകവും അധാര്‍മ്മികവുമായ ബഹുവചനത്തെയാണ് ഉണ്ണിമായ പ്രതീകവല്‍ക്കരിക്കുന്നത്. അറുപത്തിനാല് കലകളില്‍ കാമകലയാണ് അവള്‍ ആവിഷ്‌കരിക്കുന്നത്. പുരുഷാധികാരം വരുതിയിലാക്കിയ ലൈംഗികതയുടെ നിര്‍ണ്ണയാധികാരത്തെയും ശരീരത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും  കലയോടടുപ്പിക്കുന്ന കലാപസന്ദര്‍ഭമായി അത് മാറുന്നു. 

സമുദായ നീതിയുടെ വിചാരണയ്ക്കും സ്മര്‍ത്തവിചാരത്തിനും ആണിന്റെ കുറ്റബോധത്തിനും കലാപത്തിന്റെ ഈ സന്ദര്‍ഭത്തെ സ്പര്‍ശിക്കാനാവുന്നില്ല.
സമുദായ ഭ്രഷ്ടയാക്കപ്പെട്ട ഉണ്ണിമായയയെ കാണാന്‍ കുറ്റബോധത്താല്‍ നീറുന്ന മനസ്സുമായി മാധവന്‍ എത്തുന്നുണ്ട്. മാധവനെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഉണ്ണിമായ തന്റെ പ്രണയം നളനോടും അര്‍ജ്ജുനനോടും ഭീമനോടുമായിരുന്നുവെന്ന് പറയുന്നു. വേഷങ്ങള്‍ കെട്ടിയാടിയ മാധ്യമം മാത്രമായി നായക ശരീരം ചുരുങ്ങുന്നു. പരകായത്തിനുമേല്‍ ആട്ടക്കാരനുണ്ടെന്നു കരുതുന്ന അധികാരം റദ്ദ് ചെയ്യപ്പെടുകയാണ്. കഥാ യാഥാര്‍ത്ഥ്യങ്ങള്‍ തമ്മിലുള്ള ഈ സംഘര്‍ഷം ജീവിതത്തിനും ഭാവനയ്ക്കുമിടയിലുള്ള ചുമര്‍ പൊളിച്ചുകളയുന്നു.  ഉണ്ണിമായുടെ അനുഭവലോകം കഥയ്ക്കും കഥകളിയ്ക്കുമപ്പുറം രക്തവും മാംസവുമുള്ള ശരീരങ്ങളുടെ പ്രതി-കാമനാലോകം സൃഷ്ടിക്കുന്നു. കൃത്യമായി നിര്‍വചിക്കാന്‍ സദാചാരപ്പെടാന്‍ വിസമ്മതിക്കുന്ന ബന്ധലോക കല്‍പനകളാല്‍ നായികാ ശരീരം അതിന്റെ അഴകോടെ തന്നെ വിധ്വംസക കേന്ദ്രമാകുന്നു.

 

...........................................................

Read more: പളനിക്കെന്താണ് സംഭവിച്ചത്;  ചെമ്മീന്‍: ഒരു അപസര്‍പ്പക വായന

 

ദൃശ്യങ്ങളുടെ നിഗൂഢസ്ഥലം

പ്രമേയമെന്നതിനേക്കാള്‍ പ്രത്യയശാസ്ത്രപരമായാണ് പുരുഷാധിപത്യം ചലച്ചിത്രാഖ്യാനത്തില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നത്. പെണ്‍ജീവിത സംഘര്‍ഷങ്ങളെ പ്രമേയവല്‍ക്കരിക്കുമ്പോഴും ആണ്‍കോയ്മയുടെ ഭാവുകത്വ ഭാവനാലോകത്തെയാണ് അത് നിരന്തരം സാധൂകരിക്കുന്നത്. അനുഭവങ്ങള്‍ക്കും അഴലുകള്‍ക്കും മേലെ ആണ്‍കോയ്മയുടെ നൈതികാനുഭവങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. പുരുഷാധികാരസമൂഹം സ്ത്രീയുടെ അനുഭവങ്ങളെയും ആവിഷ്‌കാരങ്ങളെയും ഭയപ്പെടുന്നുണ്ട്. സ്ത്രീയുടെ സ്വകാര്യത, സ്വത്വം, സ്വയംനിര്‍ണ്ണയം, ലൈംഗികത അതിന്റെ വിചാര ഭാവനാലോകം എന്നിവ എന്നും പുരുഷന് ഭയത്തിന്റെ കേന്ദ്രങ്ങളാണ്. പുരുഷന്‍ സ്ത്രീയെ അവളുടെ പാതിവ്രത്യത്തിലും ഏകപുരുഷകാമനയിലും പരിണയത്തിലും ദാമ്പത്യമെന്ന സ്ഥാപനത്തിനുള്ളിലും സങ്കല്‍പ്പിക്കുന്നു. സ്ത്രീയെ സ്വയം ഒഴുകുന്ന ജീവിതമായി സമഗ്രതയില്‍ സമീപിക്കുന്നതില്‍ പുരുഷ ഭാവന വിമുഖമാണ്.  തൃഷ്ണയുടെയും കാമനയുടെയും ലോകം സദാചാരവിരുദ്ധമാകുന്നത് അത് ശരീരത്തിന്റെ സ്വയം നിര്‍ണയത്തയും, സ്വത്വ പ്രകാശനത്തെയും സ്വതന്ത്രലോക വിനിമയത്തെയും ഭാവന ചെയ്യുന്നതുകൊണ്ടാണ്.  

പ്രതികഥയുടെ സാധ്യതകളെ മറികടക്കുകയും മറച്ചുപിടിക്കുകയും ചെയ്യുന്ന ആഖ്യാന തന്ത്രം പ്രമേയത്തിനപ്പുറം ആഖ്യാന ഘടനയില്‍ എങ്ങനെയാണ് സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നത്? സിനിമയുടെ അന്ത്യത്തില്‍ ദേശീയ പ്രസ്ഥാനത്തെയും സമുദായ നവീകരണത്തെയും അനുസ്മരിപ്പിക്കുംവിധം നൂല്‍ നൂല്‍ക്കുന്ന ഉണ്ണിമായയില്‍ ചലച്ചിത്രം അവസാനിക്കുന്നു. സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ സവിശേഷ സന്ദര്‍ഭത്തില്‍ പുരോഗമന സാഹിത്യ ഭാവുകത്വമാണ് ഉണ്ണിമായയെ സമുദായത്തിന് പുറത്ത് (ആണ്‍ തുണയുള്ള) സ്വതന്ത്ര  ഇടത്ത് എത്തിക്കുന്നത്. പുരുഷാധികാര വ്യവസ്ഥയ്ക്കുള്ളില്‍ ആവിഷ്‌കാരം അസാധ്യമായ സ്ത്രീയുടെ കര്‍തൃത്വം കാമനകളുടെ  ലോകത്തുനിന്നും വൈരാഗ്യത്തിന്റെ ഗാന്ധി മാര്‍ഗത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. 

ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണ പുരുഷാധികാരത്തിന്റെയും  ഹിംസാത്മകതയെ പുരോഗമന സാഹിത്യഭാവനയുടെ കേവല യുക്തികൊണ്ട് സാധൂകരിക്കുകയാണ് പരിണയം. ദേശീയപ്രസ്ഥാനത്തിന്റെയും സമുദായ പരിഷ്‌കരണത്തിന്റെയും കുടക്കീഴില്‍ ഉണ്ണിമായയ്ക്ക് കര്‍തൃത്വം നിഷേധിക്കപ്പെടുകയാണ്. ഉണ്ണിമായയുടെ ശരീര ലാവണ്യത്തെ ഖാദി വസ്ത്രംകൊണ്ട് മറച്ചെടുക്കുന്നതിലൂടെയാണ് ആഖ്യാനം പെണ്ണുടലിന്റെ വിധ്വംസക സാധ്യത റദ്ദ് ചെയ്യുന്നത്.  വിപ്ലവകരമായ മുന്നേറ്റമെന്ന് തോന്നിപ്പിക്കുകയും ആസൂത്രിതമായ ദൃശ്യ പരിചരണങ്ങളിലൂടെ യാഥാസ്ഥിതികവും സാമ്പ്രദായികവുമായ സദാചാര വിചാരലോകങ്ങളെ സാധൂകരിക്കുകയുമാണ് ചലച്ചിത്രാഖ്യാനം.

click me!