ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

By Rini RaveendranFirst Published Jan 21, 2021, 6:20 PM IST
Highlights

ആണുങ്ങള്‍ അറിയാത്ത പെണ്‍ലോകങ്ങള്‍. ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്റെ കോളം ആരംഭിക്കുന്നു. ചിത്രീകരണം: ദ്വിജിത്

ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  ചിത്രീകരണം: ദ്വിജിത്

 

 

അമ്മ ഏഴാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. നന്നായി പഠിക്കുമെങ്കിലും പെണ്ണായോണ്ട് പിന്നെ വിട്ടില്ലത്രെ. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ കൂലിപ്പണിക്ക് പോകുന്നുണ്ട്. ഞാന്‍ കാണുമ്പോഴെല്ലാം അമ്മ പണിക്ക് പോവും. കല്ല് ലോഡിംഗ്, കാട് വെട്ടല്, കല്ലും മണ്ണും തേങ്ങയുമെല്ലാം ചുമക്കല്‍ തുടങ്ങി പല പണിക്കും. ചെറുപ്പകാലത്തൊന്നും പകല്‍നേരങ്ങളില്‍ അമ്മയെ വീട്ടില്‍ കണ്ട ഓര്‍മ്മപോലുമില്ല. ഒരുവര്‍ഷം മുമ്പുവരെ വാര്‍ക്കപ്പണിക്കാണ് അമ്മ പോയത്. കയ്യും കാലുമൊക്കെ സിമന്റ് വീണ് പൊള്ളിയിട്ടുണ്ടാകും. അതുകണ്ടപ്പോള്‍ മുതല്‍ അതിനിനി പോണ്ടാന്ന് ഞാന്‍ പറഞ്ഞു. ഞാനും അച്ഛനും അമ്മയും മാത്രമായി ആദ്യമായി മാറിത്താമസിച്ചത് നാല് ഭാഗത്തും മരംനാട്ടി ഷീറ്റും പുല്ലും ഓലയും മാത്രം മാറിമാറി മേയുന്ന വീട്ടിലാണ്. വാതിലുകളോ ജനാലകളോ ഇല്ലാത്ത, കക്കൂസോ കുളിമുറിയോ ഇല്ലാത്ത, വൈദ്യുതിയില്ലാത്ത, ഒറ്റമുറി (മുറി എന്നൊന്നും പറഞ്ഞൂടാ) മാത്രമുള്ളൊരു കൂര.

 

...................................

മരത്തിന്റെ നിഴലുകള്‍ പ്രേതങ്ങളാണ് എന്ന് ഭയന്ന് വഴിയില്‍ നിന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ, പയ്യെപ്പയ്യെ ആ ഇരുട്ട് ശീലമായി.

 

കാടിന് നടുവിലാണ് ഞങ്ങളുടെ വീട്. അവിടെ പണ്ട് സ്ഥിരം പാമ്പുണ്ടാവും. അതില്‍ മൂര്‍ഖനടക്കം പല പാമ്പും പെടും. കാടാണ്, വൈദ്യുതിയില്ല, വീട്ടില്‍ രണ്ട് കുഞ്ഞുങ്ങളുണ്ട്. അതുകൊണ്ട് പാമ്പിനെ കണ്ടാല്‍ അമ്മയുടെ ഉള്ള സമാധാനം പോവും. അതിനാലാവും, 'ഹോ, ഈ കാട്ടിലെത്ര സ്ഥലമുണ്ട്. നീന്നെയെന്തിനാണ് ചാവാന്‍വേണ്ടി ഇങ്ങോട്ട് തന്നെ കേട്ടിയെടുക്കുന്നത്' എന്ന് വിഷമത്തോടെ പറഞ്ഞശേഷം അമ്മതന്നെ അതിനെ തല്ലിക്കൊല്ലും. അന്നതിനെ നിയമവിരുദ്ധമെന്ന് വിളിക്കാനുള്ള അറിവോ പ്രായമോ ഇല്ല, ഞങ്ങളതിനെ അതിജീവനം എന്ന് അടയാളപ്പെടുത്തി. ഞങ്ങള്‍ക്ക് റോഡില്ല, റോഡിലേക്ക് അഞ്ചുപത്തു മിനിറ്റ് നടക്കണം. അവിടം മുതല്‍ വീടുവരെ അമ്മയാണ് ഗ്യാസ് സിലിണ്ടറ് പൊക്കിക്കൊണ്ടുവരുന്നത്, ഇന്നും അമ്മയ്ക്കതിനാവും. അമ്മ കൂലിപ്പണിയെടുത്തിട്ടാണ് നല്ലൊരു വീടുവച്ചത്. ഇപ്പോ വലുതൊന്നുമല്ലെങ്കിലും മൂന്നുമുറികളും രണ്ട് അറ്റാച്ച്ഡ് ബാത്ത്‌റൂമുമുള്ള അടച്ചുറപ്പുള്ള വീടുണ്ട്. അവിടെ ടിവി, ഫ്രിഡ്ജ് തുടങ്ങി അത്യാവശ്യം സാധനങ്ങളെല്ലാമുണ്ട്.

എന്നെക്കൊണ്ട് പ്ലസ്ടുവിനും കോളേജിലും പഠിക്കുമ്പോള്‍ അമ്മ വലിയ വെട്ടുകല്ല് ചുമപ്പിച്ചിട്ടുണ്ട്. അതും ചുമന്ന് കുന്നിറങ്ങണം. അന്നെനിക്കത് ഭാരമായിത്തോന്നീട്ടില്ല. പക്ഷേ, സത്യം പറഞ്ഞാല്‍ ഇന്നെനിക്കതിന്റെ പകുതി ഭാരം പോലും ചുമക്കാനാവില്ല. രാത്രിപ്പോലും ഒരു ടോര്‍ച്ചും തന്ന് കടയില്‍ പറഞ്ഞുവിട്ടുകളയും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ക്രൂരയായ ആ സ്ത്രീ! ചുറ്റും മരങ്ങള്‍ മാത്രമുള്ള, അടുത്തൊന്നും വീടില്ലാത്ത, വഴി പോലുമില്ലാത്ത 'വഴി'. മരത്തിന്റെ നിഴലുകള്‍ പ്രേതങ്ങളാണ് എന്ന് ഭയന്ന് വഴിയില്‍ നിന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ, പയ്യെപ്പയ്യെ ആ ഇരുട്ട് ശീലമായി. ജീവിക്കാനായി ഒരുകാലത്ത് നാടന്‍ വാറ്റിയ സ്ത്രീയായിരുന്നു അമ്മ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുലര്‍ച്ചെ ഒരു കന്നാസില്‍ വാറ്റുചാരായവും തന്ന് എന്നെ പറഞ്ഞുവിടും. അതൊരിടത്ത് വച്ചിട്ടുവരണം. പൈസ പിന്നീട് അമ്മ വാങ്ങിക്കോളും. ഒരു സ്‌കൂള്‍കുട്ടിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണതെന്നെനിക്കറിയാം. പക്ഷേ, അന്ന് ഞാനതും കൊണ്ട് എത്രയോ തവണ കണ്ടവും, പാമ്പുള്ള ആളൊഴിഞ്ഞ പറമ്പുകളും കടന്ന് പോയിട്ടുണ്ട്. ഒരു പഴയ ടോര്‍ച്ചിന്റെ വെട്ടം മാത്രമാണ് അന്ന് കൂട്ടുണ്ടായിരുന്നത്. ഏത് ധൈര്യമാണ് അന്നെന്നെ നയിച്ചിട്ടുണ്ടാവുക എന്ന് ഇന്നോര്‍ത്താല്‍ ആശ്ചര്യം തോന്നും. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ അകങ്ങളിലേക്ക് ജോലിക്കുള്ള ഇന്റര്‍വ്യൂവിനായി പോയപ്പോഴെല്ലാം എന്റെയുള്ളില്‍ ആ കാടായിരുന്നു, അവിടുത്തെ ഇരുട്ടായിരുന്നു.

 

.......................................

എനിക്കീ ലോകത്തേറ്റവും കൂടുതല്‍ വിയോജിപ്പുകളുണ്ടായിരുന്നത് അമ്മയോടാണ്. ഒരുകാലത്ത് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളതും അവരാണ്

 

എനിക്കീ ലോകത്തേറ്റവും കൂടുതല്‍ വിയോജിപ്പുകളുണ്ടായിരുന്നത് അമ്മയോടാണ്. ഒരുകാലത്ത് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളതും അവരാണ്. 'ഈ നരകം വീടാനെന്തിനാണ് സ്ത്രീയേ നിങ്ങളെനിക്കൊര് ജന്മം തന്നത്' എന്ന് ഒരായിരംവട്ടം മനസില്‍ ചോദിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് ഉള്ളതെല്ലാം വാരിക്കൂട്ടി ഒരു പെട്ടിയിലാക്കി വീട്ടില്‍ നിന്നുമിറങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എനിക്ക് ഈ ലോകത്ത് ഏറ്റവും കരുതലുള്ളതും അവരോടാണ്. അവരുടെ സന്തോഷം എനിക്ക് പ്രധാനമാണ്. കാരണം, എല്ലാത്തിനോടും പൊറുക്കാനും അവരെ സ്‌നേഹിക്കാനും അവരീ ജീവിതത്തിലനുഭവിച്ച ദുരിതപ്പോരുകള്‍ ഓര്‍ത്താല്‍ മാത്രം മതിയാവുമെനിക്ക്. ഇക്കണ്ട കാലത്തിനിടയ്ക്ക് എന്തെല്ലാം ചൂഷണങ്ങള്‍ അവരനുഭവിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാന്‍ ഒരു സ്ത്രീയെന്നതുകൊണ്ട് തന്നെയാണ് എനിക്ക് സാധിക്കുന്നതും. ഒരു സ്ത്രീയെ ആര്‍ക്ക് മനസിലാക്കാനായില്ലെങ്കിലും ഒരു ഫെമിനിസ്റ്റിന് കഴിയണമല്ലോ?.

സ്ത്രീകളുടെ ലോകങ്ങള്‍, പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങള്‍ക്കറിയില്ല. നിങ്ങളറിയാത്ത രഹസ്യങ്ങളും ഭ്രാന്തുകളും നിങ്ങള്‍ക്കൊന്നും ഊഹിക്കാനാവാത്ത ധൈര്യവും എല്ലാം അവരിലുണ്ട്: എനിക്ക് കുരുത്തംകെട്ട രണ്ട് ചേച്ചിമാരുണ്ടായിരുന്നു. അന്ന് കൂട്ടത്തില്‍ കുരുത്തക്കേട് കുറവുള്ള കുട്ടിയായിരുന്നു ഞാന്‍. ഒരിക്കല്‍, ഒരവധിക്കാലത്ത് കാടുംപറമ്പും തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ചതുപ്പ്  സ്ഥലത്തെത്തി. അതില്‍ പലയിടത്തും ഇറങ്ങിയാല്‍ താണുപോകുന്നതുപോലെ ചെളിയും വെള്ളവുമുണ്ട്. അതിന് നടുവിലായി ഒരു വലിയ മരമുണ്ട്. കുറേ കൊമ്പുകളൊക്കെയുള്ള ഒരു വലിയ മരം. അതിനടുത്തെത്തിയപ്പോള്‍ ചേച്ചിമാര്‍ക്ക് ഒരാഗ്രഹം. അതിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍ കയറിയിരുന്ന് താഴോട്ട് തൂറണം. എനിക്ക് മരം കയറാന്‍ പേടിയാണ്. മാത്രവുമല്ല, ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയും വേണമല്ലോ? അതുകൊണ്ട് ഞാന്‍ താഴെ കാവല്‍ക്കാരിയായി. ഇവര് രണ്ടാളും ഏറ്റവും മുകളിലെ കൊമ്പിലെത്തി. പക്ഷേ, തൂറാന്‍ തുടങ്ങും മുമ്പ് തന്നെ കൂട്ടത്തില്‍ മൂത്തയാളുടെ ചെവിയില്‍ വലിയൊരുറുമ്പ് കേറി. മരത്തില്‍ നിറയെ ഉറുമ്പുകളുണ്ടായിരുന്നത് ഞങ്ങളാരും കണ്ടിരുന്നില്ലെന്നതാണ് വാസ്തവം. ഏതായാലും ചെവിയിലുറുമ്പ് കയറിയ വെപ്രാളത്തില്‍ രണ്ടാളും ഇറങ്ങിയോടി. പിന്നാലെ, ഞാനും.

 

...................................................

എന്റെ ലോകം പെണ്ണിന്റെ ലോകമെന്ന സങ്കല്‍പ്പത്തിനപ്പുറത്തേക്ക് വളര്‍ന്നതില്‍ ഇവരുടെ ഭ്രാന്തുകള്‍ക്ക്, ആരെയും ഭയമില്ലാത്ത അവരുടെ കുട്ടിക്കാലത്തിന് ഒക്കെ പങ്കുണ്ട്

 

അവരുടെ ഭ്രാന്തന്‍ പൂതികളെല്ലാം എക്കാലവുമെന്നെ ചിരിപ്പിച്ചിട്ടുമുണ്ട്. എന്റെ ലോകം പെണ്ണിന്റെ ലോകമെന്ന സങ്കല്‍പ്പത്തിനപ്പുറത്തേക്ക് വളര്‍ന്നതില്‍ ഇവരുടെ ഭ്രാന്തുകള്‍ക്ക്, ആരെയും ഭയമില്ലാത്ത അവരുടെ കുട്ടിക്കാലത്തിന് ഒക്കെ പങ്കുണ്ട്. ആണ്‍കുട്ടികള്‍ വളരെവേഗംതന്നെ പുറംലോകത്തേക്കുള്ള വാതിലുകള്‍ തുറന്നിറങ്ങി. വളരുന്തോറും ആണ്‍കുട്ടികളുടെ ലോകം കൂടുതല്‍ വലുതാവുകയും പെണ്‍കുട്ടികളുടെ ലോകം കൂടുതല്‍ക്കൂടുതല്‍ ചുരുങ്ങുകയും ചെയ്തു. ആണ്‍കുട്ടികള്‍ പൂരക്കളികളികളുടെ ആവേശത്തിലാറാടി, സിനിമകാണാന്‍ നേരവും പൈസയും കണ്ടെത്തി, ക്രിക്കറ്റും ഫുട്‌ബോളും കളിച്ചുനടന്നു.

പക്ഷേ, അപ്പോഴെല്ലാം എന്റെ സ്ത്രീകള്‍ അവരുടെയുള്ളിലെ വന്യമായ ഭ്രാന്തുകളുടെ ചിറകുകളില്‍ പറക്കുന്നത് ആരും കണ്ടില്ലെങ്കിലും ഞാന്‍ കണ്ടു. 'ഹാ, എന്റെ പെണ്‍ജീവിതമേ, നീയെത്ര ലഹരി നിറഞ്ഞതാണ്' എന്ന് ഞാനെന്റെ ശരീരത്തെയും ആത്മാവിനെയും സ്‌നേഹിച്ചു. എന്നിലേക്ക് നോക്കുന്നതുപോലെ തന്നെ ഓരോ സ്ത്രീയുടെയും ഉള്ളറകളിലേക്കെത്തിനോക്കാനുള്ള ഭ്രാന്ത് അങ്ങനെയാണ് ഒരുകാലം തൊട്ടെന്നിലാവേശിച്ചത്. എളുപ്പമൊന്നും ആര്‍ക്കും സഞ്ചരിച്ചെത്താനാവാത്ത അവരുടെയുള്ളിലെ നിഗൂഢമായ ഇടവഴികളില്‍ പലതവണയെനിക്ക് ദിശതെറ്റി. ഓരോരോ രാജ്യങ്ങളെന്ന് അവര്‍ അത്ഭുതപ്പെടുത്തി, ഓരോ സ്ത്രീകളും കാട്ടാറ് പോലെ പൊട്ടിച്ചിരിച്ചൊഴുകി. ശാന്തമായ മുഖങ്ങള്‍ക്കപ്പുറത്തൊളിപ്പിച്ച അനേകരഹസ്യങ്ങള്‍ കേട്ട് പലപ്പോഴുമെനിക്ക് മദംപൊട്ടി.

 

.......................................

പുരുഷന്മാരേ നിങ്ങള്‍ക്കവരെയറിയില്ല, അവരുടെ ലോകമെപ്പോഴും നിങ്ങള്‍ക്കന്യമായ നിഗൂഢസ്ഥലികളാവുന്നു.

 

പുരുഷന്മാരേ നിങ്ങള്‍ക്കവരെയറിയില്ല, അവരുടെ ലോകമെപ്പോഴും നിങ്ങള്‍ക്കന്യമായ നിഗൂഢസ്ഥലികളാവുന്നു. വേണ്ടിവന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സിനുമെല്ലാം ഭാരം ചുമക്കാന്‍ പറ്റും, ശീലമുണ്ടെങ്കിലെന്തായാലും പറ്റും. മരംകയറാനും വിമാനമോടിക്കാനും അങ്ങനെ പലതും പറ്റും. എന്നാല്‍, ഓരോ പെണ്ണിനുമുള്ളിലും മറഞ്ഞിരിക്കുന്ന വന്യമായ ലോകം കണ്ടാല്‍ സത്യമായും നിങ്ങള്‍ പകച്ചുപോകും. നിങ്ങളുടെ കാമനകള്‍ പോലെ അത്രയെളുപ്പം പിടിതരുന്നതല്ല അതൊന്നും. അവളവളെത്തന്നെ ഗാഢമായിപ്പുണരാനുള്ള അവരുടെ മോഹത്തില്‍ക്കൊണ്ടാലൊരുപക്ഷേ നിങ്ങളുടെയാണത്തത്തിനുപോലും എന്നേക്കുമായി മുറിവേറ്റുപോകും. അതുകൊണ്ട്, അവളുടെ ആത്മധൈര്യത്തിന്റെ, സ്‌നേഹിക്കാനും വേദനിപ്പിക്കാനുമുള്ള അപാരമായ കഴിവിന്റെ, ഉള്ളിലെ ഉന്മാദങ്ങളുടെ മുള്ളുകൊള്ളാതെ നോക്കിയേക്കൂ.

click me!