സമാധാനത്തിന് പാതിയോളം ഭൂമി ചോദിച്ച് പുടിൻ, പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് സെലന്‍സ്കി

Published : Aug 29, 2025, 03:53 PM ISTUpdated : Aug 29, 2025, 03:55 PM IST
Russia Ukrainian War

Synopsis

ഗ്രേറ്റർ റഷ്യ എന്ന വിശാല റഷ്യ സ്വപ്നം കാണുന്ന പുടിന്‍, സമാധാനത്തിന് ഡോണ്‍ബാസും സപ്പോർഷ്യയും ക്രിമിയയുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, അത് ഒരു കാരണവശാലും സാധ്യമല്ലെന്നാണ് സെലന്‍സ്കിയുടെ നിലപാട്. വായിക്കാം ലോകജാലകം.

 

പുടിന്‍റെ ഏറ്റവും പുതിയ നിർദ്ദേശമായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്, നാല് പ്രദേശങ്ങൾ വേണമെന്നാണ്. ഡൊണെറ്റ്സ്ക് (Donetsk), ലുഹാൻസ്ക് (Luhansk), അതായത് ഡോണ്‍ബാസ് (Donbas) പിന്നെ സപ്പോർഷ്യ. ഒപ്പം 2014 -ൽ പിടിച്ചെടുത്ത ക്രൈമിയ. ഡോൺബാസിന്‍റെ 88 ശതമാനവും റഷ്യയുടെ അധീനതയിലാണിപ്പോൾ. ഒപ്പം, സപ്പോർഷ്യയുടെും ഖേർസണിന്‍റെയും 73 ശതമാനവും. വിട്ടുകൊടുക്കില്ലെന്ന് സെലൻസ്കി. ഡോൺബാസിന്‍റെ പ്രാധാന്യമാണ് പുടിന്‍റെ ആഗ്രഹത്തിന് ഒരു കാരണം.

ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്ന രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് ഡോൺബാസ് ഒബ്ലാസ്റ്റ് (Donbas oblast). പ്രവിശ്യ എന്നർത്ഥം. കൊസാക്കുകളുടെ നാടെന്നാണ് അറിയപ്പെടുന്നത്. സോവിയറ്റ് കാലത്ത് കൽക്കരി ഖനികളുടെയും സ്റ്റീൽ മില്ലുകളുടെയും നാടായിരുന്ന കിഴക്കൻ മേഖല.ശീതയുദ്ധത്തിന് ശേഷം കുറേയൊക്കെ തുരുമ്പെടുത്ത പ്രദേശമായെന്ന് മാത്രം. അതേസമയം കൃഷിയിടങ്ങളുണ്ട്. അപൂർവങ്ങളായ ധാതുക്കളും. പ്രധാനപ്പെട്ട നദികളും അസോവ് കടൽതീരവും ഇവിടെയാണ്. അതിന്‍റെ സ്ഥാനമാണ് അതിലും പ്രധാനം. മരിയുപോൾ തുറമുഖം വഴി കരിങ്കടലിലേക്ക് പ്രവേശനം സാധ്യം.

(പുടിന്‍)

ഇളം പച്ച കുപ്പായക്കാർ

റഷ്യൻ സംസാരിക്കുന്നവരാണ് നാട്ടുകാർ കൂടുതലും. റഷ്യൻ അനുകൂല ഭരണാധികാരി വിക്ടർ യാനുക്കോവിച്ചിന്‍റെ ശക്തികേന്ദ്രമായിരുന്നു ഡോൺബാസ്. വ്യവസായങ്ങളെല്ലാം യാനുക്കോവിച്ചിന്‍റെ സുഹൃത്തുക്കളുടെ നിയന്ത്രണത്തിൽ - അവരുടെ സഹായത്തോടെയാണ് 2010-ൽ യാനുക്കോവിച്ച് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, അഴിമതിയും പ്രതിഷേധങ്ങൾ അടിച്ചമർത്തി രീതിയും എതിരായതോടെ 2014 -ൽ യാനുക്കോവിച്ച് പുറത്തായി. ആ വർഷം തന്നെ ക്രൈമിയയിൽ പുടിന്‍റെ ഇളം പച്ച കുപ്പായക്കാർ (Little green men) പ്രത്യക്ഷപ്പെട്ടു. അടയാളങ്ങളില്ലാത്ത യൂണിഫോമിട്ടവർ. പാർലമെന്‍റ് അടക്കം പിടിച്ചെടുത്തു. പിന്നെ ലക്ഷ്യമിട്ടത് ഡോൺബാസാണ്.

ലുഹാൻസ്കിലും ഡോണട്സ്കിലും റഷ്യൻ വിമതർ പ്രത്യക്ഷപ്പെട്ടു. യുദ്ധസന്നാഹങ്ങളുമായി, തീരെയും പ്രതീക്ഷിക്കാത്ത നീക്കം ചെറുത്ത് തോൽപ്പിക്കാനായില്ല യുക്രൈയ്ൻ സൈന്യത്തിന്. അങ്ങനെ ലുഹാൻസ്ക് പൂർണമായും, ഡൊണെറ്റ്സ്കിന്‍റെ 70 ശതമാനവും റഷ്യയുടെ കൈയിലായി. ഇപ്പോഴും പക്ഷേ, യുക്രൈയ്ൻ സൈന്യം ചെറുത്ത് നിൽക്കുന്നു, 14,000 പേർ ഇതിനകം മരിച്ചു. 15 ലക്ഷം യുക്രൈയ്ൻകാർ പലായനം ചെയ്തു. 30 ലക്ഷം ബാക്കിയുണ്ട്, അവർ റഷ്യൻ നിയന്ത്രണത്തിൽ. റഷ്യൻ പാസ്പോർട്ടുകൾ വിതരണം ചെയ്തിരുന്നു. വംശഹത്യ നടക്കുന്നു, റഷ്യയെ സ്നേഹിക്കുന്നവരെ കൊന്നൊടുക്കുന്നു കീവ് എന്നൊക്കെയാണ് പുടിന്‍റെ ആരോപണം. അതിന്‍റെ തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല ആർക്കും.

റഷ്യൻ സംസ്ഥാന പദവി

ഇതിനിടെ ഡൊണെറ്റ്സ്ക്, ലുഹാൻസ്കും സ്വതന്ത്ര സംസ്ഥാനങ്ങളായി പുടിൻ പ്രഖ്യാപിച്ചു. എന്നിട്ട് അഭിപ്രായ വോട്ടെടുപ്പെന്ന പേരിൽ എന്തോ ഒന്ന് നടത്തി. പിന്നാലെ റഷ്യയോട് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചു. അവ മാത്രമല്ല, പകുതി മാത്രം റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോർഷ്യയും ഖേർസണും കൂട്ടിച്ചേർത്തതായി പ്രഖ്യാപിക്കപ്പെട്ടു. കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ നിന്നുള്ള പിൻമാറ്റം ഇനി പുടിൻ സമ്മതിക്കില്ലെന്നാണ് നിഗമനം. ഗ്രേറ്റർ റഷ്യ (Greater Russia) എന്ന സ്വപ്നം ഇനിയും ശേഷിക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും. കൂട്ടിച്ചേർത്ത പ്രദേശങ്ങൾ സത്യത്തിൽ കൂട്ടിച്ചേർക്കാൻ റക്കിനിയും വർഷങ്ങൾ വേണ്ടിവരും. അത് വീണ്ടെടുക്കാൻ യുക്രെയ്നും അത്രതന്നെ പ്രയാസപ്പെടും.

(സെലന്‍സ്കി)

വിട്ട് തരില്ലെന്ന് സെലൻസ്കി

പക്ഷേ, ഡൊണെറ്റ്സ്ക് വിട്ടുകൊടുക്കാൻ സെലൻസ്കിക്ക് പറ്റില്ല. കാരണം, പലതാണ്. പടിഞ്ഞാറൻ ഡൊണെറ്റ്സ്കിന് ചുറ്റും 50 കിമീ നീളത്തിൽ പ്രതിരോധത്തിന്‍റെ ഒരു വൻമതിലുണ്ട്. 11 വർഷം കൊണ്ട് യുക്രൈയ്ൻ തീർത്ത പ്രതിരോധം. കിടങ്ങുകൾ, ബങ്കറുകൾ, മുൾവേലി. അങ്ങനെ പലത്. പക്ഷേ, ഡൊണെറ്റ്സ്കിന്‍റെ ഭൂപ്രദേശം യുക്രൈയ്ന് അനുകൂലമല്ലതാനും. അതാണ് റഷ്യൻ സൈന്യം അവിടെ മുന്നേറിയതും. വേറെയും കാരണമുണ്ട്.

ഇത്രയും സൈനികരുടെ മരണം കണ്ട മണ്ണ് ഇനി വിട്ടുകൊടുത്താൽ അത് തോൽവി അംഗീകരിക്കലാവും. മാത്രമല്ല, അത് റഷ്യയുടെ അധീനതയിലായാൽ മധ്യ യുക്രൈയ്ന്‍റെ സുരക്ഷ തീർത്തും ഇല്ലാതെയാവും. പിന്നീടുള്ള റഷ്യൻ അധിനിവേശങ്ങൾക്ക് വഴിതെളിക്കലുമാവും. യുക്രൈയ്നെയും യൂറോപ്പിനെയും എപ്പോഴും ആക്രമണ ഭീതിയുടെ മുൾമുനയിൽ നിർത്താൻ പുടിന് ഡോണട്സ്ക് മതിയാവും.

ഗ്രേറ്റർ റഷ്യ

റഷ്യയുടെ വാദമനുസരിച്ച് യുക്രൈയ്ൻ ഗ്രേറ്റർ റഷ്യയുടെ ഭാഗമായിരുന്നു. 1994-ലെ ബുഡാപെസ്റ്റ് ധാരണയനുസരിച്ച് 1994-ൽ തന്നെ അതവസാനിച്ചു. പക്ഷേ, അത് റഷ്യ അംഗീകരിക്കുന്നില്ല. 2014-ലെ ക്രൈമിയൻ അധിനിവേശത്തോടെ തെറ്റിയ്ക്കുകയും ചെയ്തു. അതുമാത്രമല്ല, അതിന് ശേമുണ്ടായ മിൻസ്ക് ധാരണയും (Minsk Agreement) തെറ്റിച്ചു. ഇപ്പോൾ വേറെ പല പ്രദേശങ്ങൾക്കായി അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന് അംഗീകാരം കൊടുക്കില്ലെന്നാണ് യൂറോപ്പിന്‍റെയും നിലപാട്. ഒരു ത്രിതല കൂടിക്കാഴ്ച ഉണ്ടായാൽ തന്നെ അതിൽ പുടിൻ മുന്നോട്ട് വയ്ക്കുന്നത് ഡോൺബാസ് ഉൾപ്പെടുന്ന പരിഹാരമായിരിക്കും. ഒപ്പം ക്രൈമിയയും.

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്