Opinion: ക്ഷമിക്കണം, ഇത് വിവേചനം തന്നെയാണ്!

By Web TeamFirst Published Dec 25, 2021, 6:23 PM IST
Highlights

മരിച്ച എം.എല്‍ എയുടെ മകന് നിയമവിരുദ്ധമായി നല്‍കിയ നിയമനം തെറ്റെന്ന് കോടതി പറഞ്ഞിട്ടും നമ്മുടെ ഖജാനയില്‍ നിന്ന് പണമെറിഞ്ഞ് മേല്‍കോടതിയില്‍ പോകാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നു? പെട്ടെന്ന് ഒരു ഇഷ്ട നേതാവ് മരിച്ചാല്‍ കടമെല്ലാം നമ്മുടെ  നികുതി പണമെടുത്ത് വീട്ടാന്‍ ആര്‍ക്കാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്? 

മികച്ച ആരോഗ്യ സംവിധാനമാണ് നമുക്കെന്ന് പ്രൗഢി പറയുമ്പോഴും നമുക്ക് ആപത്ത് വരുമ്പോള്‍ അമേരിക്കയേയും, ബ്രിട്ടനെയും ചുരുങ്ങിയ പക്ഷം അയലത്തെ തമിഴ്‌നാടിനെയെങ്കിലും ആശ്രയിക്കേണ്ടി വരുന്നത് എന്തിന്? മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും അടക്കം പല സമുന്നത രാഷ്ട്രീയക്കാരും പ്രത്യേകിച്ച് ഭരണഘടന പദവി വഹിക്കുന്നവര്‍ വിദേശ ചികിത്സയെ ആശ്രയിച്ചവരാണ്. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇവരെക്കാളുമൊക്കെ സമ്പന്നരായ നേതാക്കളും മിക്കവാറും  ചികിത്സ സര്‍ക്കാര്‍ ചെലവിലും നിവൃത്തിയില്ലെങ്കില്‍ പാര്‍ട്ടി ചെലവിലുമാണ് നടത്തി വന്നിട്ടുള്ളത്. നല്ല സമ്പത്തുണ്ടായിരിന്നിട്ടും മുന്‍ മന്ത്രി തോമസ് ചാണ്ടിയടക്കമുള്ളവര്‍ കോടികള്‍ ഇതിനായി സര്‍ക്കാര്‍ ഖജാനാവില്‍ നിന്ന് കൈപറ്റിയിരുന്നു.

 

മരണം നമ്മെയല്ലാം സമന്‍മാരാക്കുമെന്ന് ജെയിംസ് ഷിര്‍ലിയുടെ 'ഡെത്ത് ദ ലെവലര്‍'  എന്ന ചെറു കവിത ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രക്തം ചിന്തി പൊരുതി നേടിയതെല്ലാം വ്യര്‍ത്ഥമാകുന്നുവെന്നും  കുഴിമാടത്തിലേക്കെടുക്കുമ്പോള്‍ നിങ്ങളുടെ സദ്പ്രവര്‍ത്തികളുടെ സുഗന്ധം മാത്രമേ   മണ്ണില്‍ പൂത്തൂലയൂ എന്നും പറഞ്ഞാണ് കവിത അവസാനിക്കുന്നത്. രാഷ്ടീയത്തില്‍ എന്ത് നഷ്ടമുണ്ടായാലും   അഴിമതിക്കറ ഒട്ടും പുരളാതെ, നിലപാടുകളില്‍ ഉറച്ചു തന്നെ നിന്ന തന്റേടിയായ ഒരു  പച്ച മനുഷ്യനെയാണ് പി.ടി തോമസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. മതനേതാക്കന്‍മാരുടെ നിഴല്‍ മൃതശരീരത്തില്‍ പോലും വീഴിക്കരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നതിനാലാണ് പൊതു ശ്മശാനത്തില്‍ ആചാരങ്ങളില്ലാതെ കത്തിചാമ്പലാന്‍ പി ടി ആഗ്രഹിച്ചതെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. എന്തായാലും ജെയിംസ്  ഷിര്‍ലി പറഞ്ഞതുപോലെ ആ ചാരത്തില്‍ നിന്ന് പി ടിയുടെ സദ്പ്രവര്‍ത്തികളുടെയും സ്ഥൈര്യതയുടെയും ഒരു നൂറ് പൂക്കള്‍ വിരിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. മരണം നമ്മെയല്ലാം സമന്‍മാരാക്കുന്നു എന്നത് ശരി തന്നെ. പക്ഷേ അങ്ങനെയല്ലല്ലോ ജീവിതം. 

പൊടുന്നനെ പാന്‍ക്രിയാസ് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അതിന് സാധ്യമായ ഏറ്റവും നല്ല ചികിത്സ നല്‍കി കൊണ്ടിരിക്കേയാണ് നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി പി ടി തോമസ് വിടവാങ്ങിയത്. അടുത്ത കാലത്തുണ്ടായ മരണങ്ങളില്‍ എന്നെയും ഏറെ സങ്കടപ്പെടുത്തിയതായിരുന്നു ആ മരണം. നിയമസഭയില്‍ അതി നിശിതമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ട്രഷറി ബെഞ്ചുകാരെ നേരിട്ടിരുന്നത്. പക്ഷേ പി.ടിയുടെ രോഗവിവരമറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി  തന്നെ മുന്‍കൈയെടുത്താണ് അദ്ദേഹത്തിന് ഏറ്റവം മെച്ചപ്പെട്ട ചികിത്സ ഒരുക്കിയത്. പ്രതിപക്ഷ നേതാവും സ്പീക്കറുമായും കൂടിയാലോചിച്ച് പി ടിയെ അമേരിക്കയിലേക്ക്  മികച്ച ചികിത്സക്ക് അയക്കാന്‍ ഒരുങ്ങിയതുമാണ് എന്നാണറിഞ്ഞത്. എന്നാല്‍ ആരോഗ്യ സ്ഥിതി പരിഗണിച്ച് അത് നടപ്പാക്കാനായില്ല. അമേരിക്കയില്‍  നിന്നുള്ള  പ്രത്യേക മരുന്ന് പെട്ടെന്ന് സംഘടിപ്പിച്ചു. മികച്ച ആതുരാലമായ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയോട് നന്നായി പ്രതികരിച്ചു വരുകയായിരുന്നു അദ്ദേഹം. പക്ഷേ ആക്‌സിമികമായി അദ്ദേഹം നമ്മെ വിട്ടു പോയി.  

മികച്ച ആരോഗ്യ സംവിധാനമാണ് നമുക്കെന്ന് പ്രൗഢി പറയുമ്പോഴും നമുക്ക് ആപത്ത് വരുമ്പോള്‍ അമേരിക്കയേയും, ബ്രിട്ടനെയും ചുരുങ്ങിയ പക്ഷം അയലത്തെ തമിഴ്‌നാടിനെയെങ്കിലും ആശ്രയിക്കേണ്ടി വരുന്നത് എന്തിന്? മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും അടക്കം പല സമുന്നത രാഷ്ട്രീയക്കാരും പ്രത്യേകിച്ച് ഭരണഘടന പദവി വഹിക്കുന്നവര്‍ വിദേശ ചികിത്സയെ ആശ്രയിച്ചവരാണ്. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇവരെക്കാളുമൊക്കെ സമ്പന്നരായ നേതാക്കളും മിക്കവാറും  ചികിത്സ സര്‍ക്കാര്‍ ചെലവിലും നിവൃത്തിയില്ലെങ്കില്‍ പാര്‍ട്ടി ചെലവിലുമാണ് നടത്തി വന്നിട്ടുള്ളത്. നല്ല സമ്പത്തുണ്ടായിരിന്നിട്ടും മുന്‍ മന്ത്രി തോമസ് ചാണ്ടിയടക്കമുള്ളവര്‍ കോടികള്‍ ഇതിനായി സര്‍ക്കാര്‍ ഖജാനാവില്‍ നിന്ന് കൈപറ്റിയിരുന്നു. ഇത് ഇന്ത്യയൊട്ടാകെയുള്ള പ്രവണതയാണ്. 

അതേ സമയം സര്‍ക്കാര്‍ ആശുപത്രികളിലടക്കം സാധാരാണ പൗരന്‍മാര്‍ക്ക് ഈ ആനുകൂല്യം കിട്ടാറില്ല. മുന്തിയ ചികിത്സയുടെ കാര്യമല്ല പ്രാഥമിക ചികിത്സയുടെ കാര്യമാണ് പറയുന്നത്. എനിക്ക് നേരിട്ട് അറിയാവുന്ന പലര്‍ക്കും മാരക രോഗങ്ങള്‍ക്ക് പോലും സമയത്തിന് ചികിത്സ  കിട്ടാതെ പോയിട്ടുണ്ട്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വന്നാല്‍ പല മരുന്നുകള്‍ക്കും വലിയ വില നല്‍കേണ്ടി വരും. എന്റെ അമ്മയ്ക്ക് അര്‍ബുദ രോഗം വന്നപ്പോള്‍ ചികിത്സക്ക് ആര്‍.സി.സിയിലും മറ്റും പോയപ്പോള്‍ പല രോഗികളുടെയും അനുഭവങ്ങള്‍ അറിയാനായിട്ടുണ്ട്. 

ഉറ്റവരുടെ  രോഗം നമ്മെ തകര്‍ത്തിരിക്കുന്ന വേളയില്‍ പണത്തിനും നടപടി ക്രമങ്ങള്‍ക്കുമായുള്ള നെട്ടോട്ടം നമ്മെ നിസ്സഹായരാക്കും. പലപ്പോഴും നമ്മുടെ നിസ്സഹായാവസ്ഥ കണ്ട് ഡോക്ടര്‍മാര്‍ തന്നെ ചികിത്സ ലഘൂകരിക്കാന്‍ ഉപദേശിക്കാറുണ്ട്. തങ്ങളുടെ പക്കലുള്ള ഫണ്ടിന്റെ പരിമിതി പറഞ്ഞിട്ട് കാലതാമസം വരുമെന്നും അതിനാല്‍  വേണമെങ്കില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും അവര്‍ പറയാറുമുണ്ട്. അമ്മയുടെ കാര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ ഓരോ ഘട്ടത്തിനും ലക്ഷങ്ങളുടെ ചെലവ് വരുമെന്നും എന്നാല്‍ അത് കൊണ്ടൊന്നും വേണ്ട പ്രയോജനം ഉണ്ടാകണമില്ലെന്നും ഡോക്ടര്‍ തുറന്നു പറഞ്ഞത്, പരിചയമുള്ളതിനാലാണ്. എന്നാല്‍ പരിഹരിക്കാവുന്ന പ്രശനങ്ങള്‍ക്ക് പോലും വേണ്ട ചികിത്സ നടത്താന്‍ ആവാത്ത അവസ്ഥയിലാണ് നമ്മുടെ നാട്ടിലെ ശരാശരിക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പലതിലും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ജിവനക്കാര്‍ക്കും കിട്ടുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും അവരേക്കാള്‍ ദുര്‍ബലരായ സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും വിദേശത്തും ചികിത്സ നടത്താന്‍ പ്രത്യേക ഫണ്ടുണ്ട്. അതൊന്നും സാധാരണക്കാരന് പ്രാപ്യമല്ല. കരള്‍ മാറ്റിവന്നതടക്കം വന്‍ ചെലവ് വേണ്ടി വരുന്ന അസുഖങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ മന്ത്രിമാരുടെയോ വിവേചനാധികാരം ഉപയോഗിച്ചാണ് ഫണ്ട് അനുവദിക്കുന്നത്. സ്വാഭാവികമായും അത് അവരുടെ വേണ്ടപ്പെട്ടവര്‍ക്കും ഇഷ്ടക്കാര്‍ക്കുമാകും പോവുക. 


ഈ പശ്ചാത്തലത്തില്‍ വേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാന്‍ നടത്തുന്ന ക്രമം  വിട്ടുള്ള നടപടി ക്രമങ്ങള്‍  നോക്കിക്കാണേണ്ടത്. വല്ലപ്പോഴും ചേരുന്ന നിയമസഭാ സമ്മേളനങ്ങളില്‍ അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നിര്‍ണ്ണായക വോട്ടെടുപ്പുകളില്‍ വിപ്പ് നല്‍കേണ്ട ഏക ചുമതലയാണ് ചീഫ് വിപ്പിനുള്ളത്. ആ പദവി കൈകാര്യം ചെയ്യുന്ന ആള്‍ക്ക് വേണമെങ്കില്‍ അംഗങ്ങളുടെ ഒരു മെസേജ് ഗ്രൂപ്പുണ്ടാക്കി നിസ്സാരമായി ഒറ്റ ഫോണ്‍ സന്ദേശത്തില്‍ തീര്‍ക്കാവുന്ന കാര്യം. അതിനായി ആ ജനപ്രനിധിക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത് തന്നെ സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യമാണ്. ഇപ്പോള്‍ ചീഫ് വിപ്പായ കേരള കോണ്‍ഗ്രസ് മാണിയിലെ എന്‍. ജയരാജന് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 8 പേരായിരുന്നു. ഇപ്പോള്‍ 17 പേരെ കൂടി ഉള്‍പ്പെടുത്തി അത് 25 പേരാക്കിയിരിക്കുകയാണ്. പ്രത്യക്ഷ അധിക ബാധ്യത പ്രതിവര്‍ഷം 3 കോടി രൂപ. ഒരു പ്രൈവറ്റ് സെക്രട്ടറി, 2 അഡീഷണല്‍ സെക്രട്ടറിമാര്‍, 2 അസി.  പ്രൈവറ്റ് സെക്രട്ടറിമാര്‍, 5 ക്‌ളാര്‍ക്കുമാര്‍, 4 ഓഫിസ് അറ്റന്‍ഡന്റുമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡീഷണല്‍ പഴ്‌സണല്‍ അസിസ്റ്റന്റ് അങ്ങനെ ആ നിര നീളുന്നു. ഓഫീസ് അറ്റന്‍ഡന്റിന് പ്രതിമാസ ശമ്പളം 50,200. മറ്റുള്ളവര്‍ക്ക് അത് ഒരു ലക്ഷത്തി അറുപതിനായിരം വരെ നീളുന്നു. പുറമേ നേരത്തെ പറഞ്ഞ ആശുപത്രി സൗജന്യങ്ങള്‍, ചികിത്സാ സഹായം മുതല്‍ സൗജന്യ നിരക്കിലെ താമസം, വാഹന സൗകര്യം അങ്ങനെ ആനുകൂല്യങ്ങള്‍ നീളുന്നു. ഇവര്‍ക്കെല്ലാം ആജീവനാന്ത പെന്‍ഷനുമുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പി.സി ജോര്‍ജ്  ചീഫ് വിപ്പായിരുന്നപ്പോള്‍ 30 പേരാണ് പഴ്‌സണല്‍ സ്റ്റാഫായി ഉണ്ടായിരുന്നത്.  പഴ്‌സണല്‍ സ്റ്റാഫായി വരുന്നവരുടെ പെന്‍ഷന്‍ ഉറപ്പാക്കുന്ന ചുരുങ്ങിയ സര്‍വ്വീസ് കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാറ്റുന്ന കലാപരിപാടിയുമുണ്ട്. പരമാവധി പേരിലേക്ക് ആജീവനാനന്ത ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനുള്ള പൊടിക്കൈയാണിത്.

രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ജോലി വാഗ്ദ്ധാനം. കൊള്ളാവുന്ന വീടുകളിലെ ചെറുപ്പക്കാരെ നോട്ടമിട്ട ശേഷം അവരുടെ വീട്ടുകാര്‍ക്ക് നല്‍കുന്ന ഉറപ്പാണ് ഏതെങ്കിലും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നത്. കുറേ വര്‍ഷം പ്രവര്‍ത്തിക്കുന്ന അനുയായികളെ മാറി മാറി വരുന്ന ഇരു മുന്നണി സര്‍ക്കാറുകളും തിരുകികയറ്റും. ഒകോര്‍പ്പറേഷനുകളും, ബോര്‍ഡുകളും, കമ്മീഷനുകളും, അക്കാദമികളും  ഉണ്ടാക്കി  അവിടത്തെ അദ്ധ്യക്ഷ  സ്ഥാനങ്ങള്‍ രാഷ്ടീയാടിസ്ഥാനത്തില്‍ വീതം വയ്ക്കലാണലോ പതിവ്. ഇപ്പോള്‍ ആ വീതം വയ്പ് പൂര്‍ത്തിയാക്കി വരുന്നതിനാല്‍ ഇനിയിപ്പോ നിയമനങ്ങളുടെ ഒരു പുതു തരംഗം പ്രതീക്ഷിക്കാം.   നല്ല ശമ്പളവും വന്‍ ആനുകൂല്യങ്ങളും പിരിഞ്ഞാല്‍ മുന്തിയ പെന്‍ഷനും കിട്ടുന്നതിനാല്‍ പി.എസ്.സി അംഗമാകാന്‍ തന്നെ ഏതു വളഞ്ഞ വഴിയും സ്വീകരിക്കലാണ് പതിവ്. 

നമ്മുടെ പെന്‍ഷനാനുകൂല്യം നല്‍കുന്നതില്‍ നാലിലൊന്നും പോകുന്നതും എം.എല്‍.ഏമാര്‍ക്കും അവരുടെ അനുചര വൃന്ദങ്ങള്‍ക്കും നല്‍കാനാണ്. ഓരോ വര്‍ഷവും ശരാശരി 15 ശതമാനത്തോളം ശമ്പള ഇനത്തില്‍ വര്‍ദ്ധന വരുകയാണ്. പെന്‍ഷന്‍ ഇനത്തിലുള്ള വാര്‍ഷിക ശരാശരി വര്‍ദ്ധനവാകട്ടെ 20 ശതമാനത്തിലും മുകളിലാണ്. ശമ്പള പരിഷ്‌കാരം നടപ്പാക്കുന്ന വര്‍ഷങ്ങളില്‍ ഇത് 50 ശതമാനത്തോളം കൂടുകയാണ് പതിവ്. 

 

 

( 2013 ല്‍ ധനകാര്യമന്ത്രി കെ.എം മാണി പെന്‍ഷന്‍ പ്രായം കൂട്ടിയതിനാലാണ്  ആ വര്‍ഷം പെന്‍ഷന്‍ ഇനത്തില്‍ കാര്യമായ വര്‍ദ്ധനവ് വരാത്തത്. 2016-ല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പെന്‍ഷന്‍ പ്രായം 58 ആക്കാന്‍  ശ്രമിച്ചെങ്കിലും നടന്നില്ല. ഫലമോ തുടര്‍ന്നുള്ള പെന്‍ഷന്‍ ചെലവില്‍ നല്ല വര്‍ദ്ധന. 2021 ജനുവരിയില്‍ മോഹന്‍ദാസ് കമ്മീഷനും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍  ആവശ്യപ്പെട്ടതിന് പറഞ്ഞ ന്യായീകരണം  നാലായിരത്തിലേറെ കോടി രൂപ തല്‍ക്കാലത്തേക്കെങ്കിലും ലാഭിക്കാമെന്നതാണ്.) 

 

 

മേല്‍കണക്കുകള്‍  പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഓരോ വര്‍ഷവും കാര്യമായ വര്‍ദ്ധനവാണ് ശമ്പള പെന്‍ഷന്‍ ഇനത്തില്‍ വരുന്നതെന്നാണ്. 8 വര്‍ഷം കൊണ്ട് മൂന്നിരട്ടി വരെ വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല  എം.എല്‍ എമാരടക്കമുള്ള മറ്റ് വിഭാഗങ്ങളാണ് 25 ശതമാനത്തോളം ആനുകൂല്യങ്ങളും പറ്റുന്നത്.  പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്തവരെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതിനാല്‍ തന്നെ അവരുടെ എം.എല്‍ എമാരില്‍ നല്ലൊരു പങ്കും ഒന്നോ രണ്ടോ ടേമില്‍ ഒതുങ്ങും. ഇതിനു പുറമേയാണ് ഇവരുടെ അനുചര വൃന്ദങ്ങള്‍ കെപറ്റുന്ന വിഹിതം.  

കേന്ദ്രത്തിലാകട്ടെ 10 വര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണം, കേരളത്തിലത് 5 വര്‍ഷം കൂടുമ്പോഴാണ്. ഒരു സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പേയാണ് സാധാരണ ജീവനക്കാരെ കൈയിലെടുക്കാനായി ലോഭമില്ലാതെ ആനുകൂല്യം നല്‍കുന്നത്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എം. എല്‍ എമാര്‍ക്കും ശമ്പളവും പെന്‍ഷനും വിദശ ചികിത്സയും അടക്കം വമ്പന്‍  ആനുകൂല്യങ്ങളും നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍    നാട്ടിലെ സാധാരണക്കാരന്റെ പിച്ച ചട്ടിയില്‍ നിന്ന് കൈയിട്ടു വാരിയിട്ടാവരുത് ഈ ആനുകൂല്യം നല്‍കലെന്ന് മാത്രം. മരിച്ച എം.എല്‍ എയുടെ മകന് നിയമവിരുദ്ധമായി നല്‍കിയ നിയമനം തെറ്റെന്ന് കോടതി പറഞ്ഞിട്ടും നമ്മുടെ ഖജാനയില്‍ നിന്ന് പണമെറിഞ്ഞ് മേല്‍കോടതിയില്‍ പോകാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നു? പെട്ടെന്ന് ഒരു ഇഷ്ട നേതാവ് മരിച്ചാല്‍ കടമെല്ലാം നമ്മുടെ  നികുതി പണമെടുത്ത് വീട്ടാന്‍ ആര്‍ക്കാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്?

click me!