ആ വീട്ടുമുറ്റത്തുണ്ടാവും പെപ് ഗര്‍ഡിയോള, സ്പാനിഷ് ക്യാപ്റ്റനെ വാര്‍ത്തെടുത്ത പ്രതിഭ!

By Haritha SavithriFirst Published Nov 25, 2022, 7:41 PM IST
Highlights

സാന്‍ഗ്രിയ. യൂറോപ്യന്‍ വിദൂരദേശങ്ങളിലെ കഥകള്‍ പറയുന്ന, ഹരിതാ സാവിത്രിയുടെ കോളം തുടരുന്നു. ഇന്ന്, സ്പാനിഷ് ഫുട്‌ബോളിന്റെ നട്ടെല്ലായ പെപ് ഗര്‍ഡിയോളയെക്കുറിച്ച് തികച്ചും വ്യക്തിപരമായ കുറിപ്പ്
 

അന്ന് പെപ്പിന് പണി എഫ് സി ബാഴ്‌സലോണയിലായിരുന്നു. അയാളുടെ കുട്ടികള്‍ ഒരു നൃത്തവിരുന്നിലേത് പോലെ ഗ്രൗണ്ടില്‍ കാലുകള്‍ ചലിപ്പിക്കുന്നത് കാണാനായി ഞങ്ങള്‍ മറ്റെല്ലാം മാറ്റി വച്ചു മാച്ചുകള്‍ കണ്ടു. പിങ്ക് നിറത്തിന്റെ ഷേഡുകള്‍ സമൃദ്ധമായിരുന്ന പെപ്പിന്റെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ആരാധനയോടെ അനുകരിച്ചു. ഹൃദയം ബാര്‍സയുടെ ടിക്കിടാക്കയുടെ താളത്തില്‍ ചലിച്ചിരുന്ന അക്കാലത്തിന് ശേഷം പെപ്, ക്ലബ്ബുകള്‍ പലതു മാറിയെങ്കിലും ഇന്നും ടെക്‌നിക്കല്‍ ഏരിയയില്‍ അയാളുണ്ടെങ്കില്‍ മനസ്സ് ആ ടീമിലേക്ക് അറിയാതെ ചായും.

 

ജൊസെപ് ഗര്‍ഡിയോള.


എന്റെ വീട്ടില്‍ നിന്ന് അടുത്ത ഗ്രാമത്തിന്റെ അതിര്‍ത്തിയിലുള്ള ആദ്യ വീടിന്റെ മുന്നിലെത്താന്‍ കൃത്യം എട്ടു മിനിറ്റ് വണ്ടിയോടിക്കണം. വലത് വശത്തു കാണുന്ന വലിയ രണ്ടു നിലക്കെട്ടിടത്തിന്റെ മുന്നില്‍ ആ കറുത്ത കാറുണ്ടെങ്കില്‍ ആകെ ഒരു പരവേശമാണ്.

മുറ്റത്തെങ്ങാനും ആള് നില്‍ക്കുന്നുണ്ടോ എന്ന് കണ്ണുകള്‍ പരതും. തിരിഞ്ഞു തിരിഞ്ഞു നോക്കും. എന്റെ ഈ വെപ്രാളം കാണുമ്പോള്‍ ഇവാന്‍ സമീപത്തിരുന്ന് ഊറിച്ചിരിക്കും. കൂടെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കളിയാക്കിത്തുടങ്ങും.

'Amma.. Do you have a crush on him?'

'പപ്പാ.. അമ്മയെ ഇവിടെ ഇറക്കി വിട്.'

അരിശം മൂത്ത് ഞാന്‍ കളിയാക്കിച്ചിരിക്കുന്നവരെ തുറിച്ചു നോക്കി ദഹിപ്പിക്കാന്‍ ശ്രമിക്കും. എത്ര പരിഹാസം സഹിച്ചാലും വീണ്ടും ആ വീടിനു മുന്നില്‍ എത്തിയാല്‍ പഴയ അവസ്ഥ തന്നെ.

ഒരിക്കല്‍ മാത്രമേ ആ വീട്ടുടമസ്ഥനെ ഞാന്‍ കണ്ടിട്ടുള്ളൂ. മരം കൊണ്ട് നിര്‍മ്മിച്ച വേലിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത കാറിന്റെ ചില്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന ഐസ് ചുരണ്ടി വൃത്തിയാക്കുകയായിരുന്നു അയാള്‍. ഷേവ് ചെയ്തു മിനുക്കിയ തലയും ഉറച്ച, നീളമുള്ള ശരീരവും ദൂരെ നിന്ന് തന്നെ കാണാമായിരുന്നു.

'അതയാളാണ്..!'

ഞാന്‍ മന്ത്രിച്ചു.

'നിനക്ക് കാണണോ?'

ഇവാന്‍ ഒരു ചിരിയോടെ ചോദിച്ചു. 

വാക്കുകള്‍ പുറത്ത് വരാതെ ഞാന്‍ തലയാട്ടി. തന്റെ സമീപത്തെത്തിയപ്പോള്‍ അസാധാരണമായ വിധത്തില്‍ പെട്ടെന്ന് വേഗം കുറഞ്ഞ കാര്‍ ശ്രദ്ധിച്ച അയാള്‍ നിവര്‍ന്നു നിന്നു. കയ്യിലിരുന്ന തുണിയിലെ ഐസിന്റെ ശകലങ്ങള്‍ കുടഞ്ഞു കളഞ്ഞു കൊണ്ട് നെറ്റി ചുളിച്ച് പരിചയമുള്ള ആരെങ്കിലും ആണോ എന്ന് പരിശോധിക്കും വിധം അതിനുള്ളിലെ യാത്രക്കാരെ സൂക്ഷ്മമായി ചുഴിഞ്ഞു നോക്കി. 

തന്നില്‍ തറഞ്ഞു നില്‍ക്കുന്ന  കറുത്ത കണ്ണുകളിലെ അത്ഭുതവും ആവേശവും കണ്ട ആ മനുഷ്യന്‍ കുസൃതിച്ചിരിയോടെ  കണ്ണിറുക്കിയിട്ട് ഉമ്മ വയ്ക്കും പോലെ തന്റെ ചുണ്ടുകള്‍ കൂര്‍പ്പിച്ചു.

'നോക്ക്.. അയാള്‍ എന്താ ചെയ്തതെന്ന്..'

ആകെച്ചുവന്ന ഞാന്‍  ഒച്ചയിട്ടു.

'ലാറ്റിന്‍ രക്തം!'

ഇവാന്‍ ഉറക്കെച്ചിരിച്ചു കൊണ്ട് വണ്ടിയുടെ വേഗത കൂട്ടി.

അത് മറ്റാരുമായിരുന്നില്ല. പ്രിയപ്പെട്ട ഒരു അയല്‍ക്കാരനെയെന്ന പോലെ ഞങ്ങള്‍ ഓമനിച്ച് 'പെപ് 'എന്ന് വിളിക്കുന്ന, ഒരുകാലത്ത് സ്‌പെയിനിന്റെ കരുത്തനായ മിഡ് ഫീല്‍ഡറായും പിന്നീട് മികച്ച കോച്ചായും  പേരെടുത്ത  സാക്ഷാല്‍ ജൊസെപ് ഗര്‍ഡിയോള. യൊഹാന്‍ ക്രൊയ്ഫ് വാര്‍ത്തെടുത്ത മിടുക്കന്മാരില്‍ ഒരാള്‍. 

 

ജൊസെപ് ഗര്‍ഡിയോള. പഴയ ചിത്രം
 

അന്ന് പെപ്പിന് പണി എഫ് സി ബാഴ്‌സലോണയിലായിരുന്നു. അയാളുടെ കുട്ടികള്‍ ഒരു നൃത്തവിരുന്നിലേത് പോലെ ഗ്രൗണ്ടില്‍ കാലുകള്‍ ചലിപ്പിക്കുന്നത് കാണാനായി ഞങ്ങള്‍ മറ്റെല്ലാം മാറ്റി വച്ചു മാച്ചുകള്‍ കണ്ടു. പിങ്ക് നിറത്തിന്റെ ഷേഡുകള്‍ സമൃദ്ധമായിരുന്ന പെപ്പിന്റെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ആരാധനയോടെ അനുകരിച്ചു. ഹൃദയം ബാര്‍സയുടെ ടിക്കിടാക്കയുടെ താളത്തില്‍ ചലിച്ചിരുന്ന അക്കാലത്തിന് ശേഷം പെപ്, ക്ലബ്ബുകള്‍ പലതു മാറിയെങ്കിലും ഇന്നും ടെക്‌നിക്കല്‍ ഏരിയയില്‍ അയാളുണ്ടെങ്കില്‍ മനസ്സ് ആ ടീമിലേക്ക് അറിയാതെ ചായും.

പെപ് രൂപപ്പെടുത്തിയ ആ ടീമില്‍ കളിക്കാര്‍ തമ്മില്‍ ശക്തമായ ഇഴയടുപ്പം നില നിന്നിരുന്നു. ഗര്‍ഡിയോള എന്ന പേരിനര്‍ത്ഥം  കാവല്‍ക്കാരന്‍ എന്നാണ്. തന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ആ മനുഷ്യന്‍ തന്റെ ടീമിനെ കൈവെള്ളയില്‍ എന്നത് പോലെ കാത്ത് സൂക്ഷിച്ചു. അച്ചടക്കം നിര്‍ബന്ധമായിരുന്ന കോച്ചിന്റെ വിചിത്രമായ രീതികള്‍ കറ്റലോണിയയിലെ ചെറിയ ടീമുകളിലെ പരിശീലകര്‍ പോലും അനുകരിച്ചു. 

നിശാ ക്ലബ്ബുകള്‍ തോറും തന്റെ കുട്ടികള്‍  അലഞ്ഞു തിരിയരുത് എന്ന് പെപ്പിന് നിര്‍ബന്ധമായിരുന്നു. എല്ലാവരും വീട്ടില്‍ തന്നെയുണ്ട് എന്ന് ഉറപ്പ് വരുത്താനായി അപ്രതീക്ഷിതമായ വിളികള്‍ രാത്രിയില്‍ ഏതു നിമിഷവും കളിക്കാര്‍ പ്രതീക്ഷിക്കണമായിരുന്നു. ഭക്ഷണത്തിന്റെ ഗുണത്തില്‍ കുറവ് വരാതിരിക്കാനായി ഒരു അച്ഛന്റെ കരുതലോടെ  അയാള്‍ ക്ലബ്ബിന്റെ അടുക്കളയില്‍ എല്ലാ ദിവസവും സന്ദര്‍ശനം നടത്തി. നടന്നു തുടങ്ങുന്ന കുട്ടികള്‍ക്ക് ആദ്യ സമ്മാനമായി ഫുട്‌ബോള്‍ വാങ്ങിക്കൊടുക്കുന്ന നാട്ടില്‍ തന്റെ ടീമംഗങ്ങള്‍ മാതൃകപരമായി പെരുമാറണം എന്ന് പെപ്പ് കര്‍ശനമായി നിര്‍ദേശം നല്‍കിയിരുന്നു.  എണ്ണയിട്ട ഒരു ഗോളടി യന്ത്രം പോലെ ബാര്‍സ യൂറോപ്പില്‍ വിജയങ്ങള്‍ നേടിയ കാലമായിരുന്നു അത്.

 

സെര്‍ജിയോ ബുസ്‌കെറ്റ്‌സ്

 

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് സ്‌പെയിനിനെ നയിക്കുന്ന സെര്‍ജിയോ ബുസ്‌കെറ്റ്‌സ് അന്ന് പെപ്പിന്റെ ടീമിലെ പയ്യന്‍മാരില്‍ ഒരാളായിരുന്നു. രണ്ടായിരത്തി പത്തില്‍ കപ്പുയര്‍ത്തിയ ടീമിന്റെ ഭാഗമായിരുന്ന  സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെ വാര്‍ത്തെടുത്തത് പെപ്പ് ആയിരുന്നു. 

'അവന്‍ എവിടുന്നാണ് വരുന്നത് എന്ന് മറക്കരുത്'

ആദ്യകാലങ്ങളില്‍ നല്ല ഒരു തട്ട് കിട്ടിയാല്‍ ഒടിഞ്ഞു പോയേക്കും എന്ന മട്ടില്‍ മെലിഞ്ഞ ബുസ്‌കെറ്റ്‌സിന്റെ കൈകാലുകള്‍ നോക്കി ആധിയോടെ നെടുവീര്‍പ്പിട്ടിരുന്ന എന്നെ ഇവാന്‍ ആശ്വസിപ്പിച്ചിരുന്നു. അത് ശരി വയ്ക്കും വിധമാണ് കണ്ണിന് നല്ല ഒരു ഇടി കിട്ടിയത് പോലെ നീലിച്ച ഒരു പാടുമായി ബുസ്‌കെറ്റ്‌സ് ഒരിക്കല്‍ ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. അമര്‍ത്തിയ ഒരു ചിരിയോടെ അന്ന് കളി പറച്ചിലുകാരന്‍ ബുസ്‌കെറ്റ്‌സിന്റെ നാടായ സബദേലിന്റെ തെരുവുകളിലെ കൂട്ടത്തല്ലുകളെക്കുറിച്ചും കോച്ചിന്റെ കയ്യില്‍ നിന്ന് ചെക്കന് മുഖത്തെ പുതിയ അലങ്കാരപ്പണിയ്ക്ക് കിട്ടിയിരിക്കാവുന്ന ശകാരത്തെപ്പറ്റിയും സൂചിപ്പിച്ചത് ഇന്നുമോര്‍ക്കുന്നു. 

ബാഴ്‌സലോണയിലേക്ക് പോകും വഴി സബദേല്‍ മുറിച്ചു കടക്കേണ്ടതുണ്ട്. അതിന്റെ ഒരു മൂലയില്‍  ബുസ്‌കെറ്റ്‌സിന്റെ വീട് സ്ഥിതി ചെയ്യുന്ന റസിഡന്‍ഷ്യല്‍ ഏരിയ കാണാം. സ്‌പെയിനിലെത്തന്നെ ഏറ്റവും കൂടുതല്‍ ആള്‍ത്താമസം കൂടിയ ഇടങ്ങളില്‍ ഒന്ന്. കുട്ടികള്‍ നിരത്തിയ കളിവീടുകള്‍ പോലെ അംബരചുംബികളായ ഫ്‌ലാറ്റുകള്‍ അടുത്തടുത്ത് ശ്വാസം മുട്ടി നില്‍ക്കുന്നു. അവയ്ക്കിടയിലെ  ഇടുങ്ങിയ  തെരുവുകളില്‍ കൊണ്ടുംകൊടുത്തും വളര്‍ന്നവനാണ് ബുസ്‌കെറ്റ്‌സ്. ലോകത്തിലെ ഏറ്റവും നല്ല ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ഒരുവന്‍. ബാഴ്സയുടെ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഏകാഗ്രതയോടെ ഒരു കാലത്ത് കാവല്‍ നിന്നിരുന്ന കാര്‍ലെസ് ബുസ്‌കെറ്റ്‌സിന്റെ മകന്‍. ജൊസെപ് ഗര്‍ഡിയോള വളര്‍ത്തിയവന്‍.

അന്ന് പെപ് രൂപപ്പെടുത്തിയ ടീമിലെ മറ്റൊരു മിഡ്ഫീല്‍ഡറും ബുസ്‌കെറ്റ്‌സിന്റെ സഹകളിക്കാരനുമായിരുന്നു ഇന്ന് ബാര്‍സയുടെ ട്രെയിനറായ ചാവി ഹെര്‍ണാണ്ടസ്. കളിക്കളത്തിലെ മികവും  പക്വതയോടെയുള്ള പെരുമാറ്റവും ടീമിനെ നയിക്കാനും ഒരുമിച്ചു  നിറുത്താനുള്ള കഴിവും മൂലം ചാവി ഭാവിയില്‍ ബാര്‍സയുടെ പരിശീലകനാവും എന്ന് കറ്റലോണിയക്കാര്‍ ഒരു കാലത്ത് കണ്ട സ്വപ്നം ഇന്നൊരു യാഥാര്‍ഥ്യമാണ്.  ചാവിയുടെ ടീമിന്റെ കുന്തമുനയായ ഗാവി ഉള്‍പ്പെടെ എഫ് സി ബാഴ്‌സലോണയുടെ എട്ടു കളിക്കാരാണ് ഖത്തറില്‍ ടീമിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. പെദ്രി, എറിക് ഗാര്‍സിയ, ഫെറാന്‍ ടോറസ്, ബല്‍ദേ, അന്‍സു ഫാത്തി എന്നിവരെ കൂടാതെ മൂന്നാമത്തെ തവണ ലോകകപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന ജോര്‍ഡി ആല്‍ബയും ടീമിലുണ്ട്. 

 

ചാവി ഹെര്‍ണാണ്ടസ്.

 

1958 -ല്‍ തന്റെ പതിനേഴാം വയസ്സില്‍ സ്വീഡനില്‍ വച്ച് ബ്രസീലിനെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പെലെയുടെ ആറു ഗോളുകളെ ഓര്‍മ്മിപ്പിക്കുന്ന തുടക്കമായിരുന്നു ഖത്തറില്‍  പതിനെട്ടുകാരന്‍ ഗാവിയുടെത്. ആദ്യ മത്സരത്തില്‍  കോസ്റ്ററിക്കയ്‌ക്കെതിരെയുള്ള അഞ്ചാമത്തെ ഗോള്‍. തന്റെ മുന്‍ഗാമികളുടെ ശൈലിയും പാതയും പിന്‍തുടരുന്ന ചാവി എന്ന സമര്‍ത്ഥനായ കോച്ച്  ബാര്‍സയുടെ മൂശയില്‍ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്ന വജ്രായുധമാണ് ഗാവി. 

എട്ടു വര്‍ഷം ബാര്‍സയുടെ മിഡ് ഫീല്‍ഡര്‍ ആയിരുന്ന, രണ്ടു വര്‍ഷം ടീമിനെ പരിശീലിപ്പിച്ച ലൂയിസ് എന്റിക്കെയാണ് സ്പാനിഷ് നാഷണല്‍ ടീമിന്റെ കോച്ച് എന്നത് ബാര്‍സയില്‍ നിന്നുള്ള കളിക്കാരെ  തങ്ങളുടെ സ്ഥിരം ശൈലിയില്‍ തിളങ്ങാന്‍ സഹായിക്കും. പക്ഷെ, സ്പാനിഷ് ശൗര്യത്തിന്റെ ആള്‍രൂപമായ ഗാവിയുടെ മുന്‍കോപം നിയന്ത്രിച്ച് പ്രകോപനങ്ങളുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കുക എന്നതാവും പരിശീലകരുടെ ഏറ്റവും ദുഷ്‌കരമായ ജോലി.  ആവേശവും യുവത്വവും തിളയ്ക്കുന്ന ഈ കളിക്കാരുള്‍പ്പെട്ട സ്പാനിഷ് ടീമിനെ തളയ്ക്കാന്‍ മറ്റു ടീമുകള്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. 

 

ജൊസെപ് ഗര്‍ഡിയോള. പഴയ ചിത്രം

 

പെപ് ഇപ്പോള്‍ നാട്ടിലുണ്ടോ എന്ന് എനിക്കറിയില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ എന്ന ഭാരിച്ച ജോലിയില്‍ നിന്ന് അയാള്‍ക്ക് അവധിയെടുക്കാന്‍ ആവുമോ എന്നും എനിക്കറിയില്ല. പക്ഷെ, തന്റെ അച്ഛനമ്മമാര്‍ താമസിച്ചിരുന്ന ആ പഴയ വീട്ടില്‍ അയാളുണ്ടെന്നും ശിഷ്യനും കൂട്ടരും എതിര്‍ ടീമിന്റെ വല കുലുക്കുന്നതും കാത്ത്  പൈന്‍  മരക്കഷണങ്ങള്‍ എരിയുന്ന നെരിപ്പോടിനടുത്ത് ശാന്തനായി ഇരിക്കുന്നുണ്ട് എന്നും ഓര്‍ക്കാനാണ് എനിക്കിഷ്ടം.

 

സാന്‍ഗ്രിയ: ഹരിത സാവിത്രിയുടെ കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!