'ആ തടിച്ചിയെ മാത്രേ നിനക്കു കിട്ടിയുള്ളൂ'

By Speak UpFirst Published Jun 13, 2019, 6:13 PM IST
Highlights

എനിക്കും പറയാനുണ്ട്: റഫീസ് മാറഞ്ചേരി  എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

നാലുനേരം സോപ്പിട്ട് കഴുകിയിട്ടും വീണ്ടും ഓടിയെത്തുന്ന എണ്ണമയം. മുന്നോട്ട് എത്രയൊക്കെ ചീകിയിട്ടിട്ടും ചുരുണ്ടു കയറി വീണ്ടും ദൃശ്യമാകുന്ന നെറ്റി. 'നിനക്ക് നിന്റുപ്പാടെ നെറ്റി തന്നെയാടാ' എന്ന കളിയാക്കലുകള്‍. അവളുടെ ഉയരം എനിക്കാടാ പാകം എന്ന മാറ്റി നിര്‍ത്തലുകള്‍. ഇല്ലാത്ത കാശിന്
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാങ്ങിയിട്ടും, 'ഈ ഷര്‍ട്ടും പാന്റുമൊക്കെ തേക്കിന്റെ ഇലയില്‍ ഇറച്ചി പൊതിഞ്ഞ പോലുണ്ട്' എന്ന പരിഹാസങ്ങള്‍. അവള്‍ക്ക് പഠിപ്പിത്തിരി കൂടുതലാണെന്ന മുന്നറിയിപ്പുകള്‍. 'ആ തടിച്ചിയെ മാത്രേ നിനക്കു കിട്ടിയുള്ളൂ' എന്ന പറച്ചിലുകള്‍. നമ്മള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്ന നോവുകള്‍.

അങ്ങിനെ കേട്ടതിനും കൊണ്ടതിനും പുറമെ മനസ്സ് കണ്ടെത്തിയ വേറെയും ചില സത്യങ്ങളുണ്ട്. മുഖക്കുരുക്കളുടെ രക്ഷതസാക്ഷിത്വം ബാക്കി വെച്ചത് മായ്ക്കാന്‍ കാലത്തിനു മാത്രമാണ് അവകാശമെന്ന് തെളിയിച്ച ലേപനങ്ങളും  വെളുക്കാനുള്ള മരുന്നില്‍ നിറയെ ചൂഷണത്തിന്റെ കറുപ്പെന്നു പഠിപ്പിച്ച ഋതുഭേദങ്ങളുമൊക്കെയായി നീളുന്ന പട്ടിക!  അതില്‍ പലതും കാലത്തിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ്, ഓര്‍ത്തെടുക്കുമ്പോള്‍ ചിരിക്കാനുള്ള വക നല്‍കുമെങ്കിലും ചിലതെല്ലാം ഇപ്പോഴും രക്തമൊലിപ്പിക്കുന്നുണ്ട്.. അതിലൊന്ന് കുറച്ചു കാലം മുമ്പ് അരങ്ങേറിയതാണ്.

'സ്വന്തമായി ബൈക്കുണ്ടായിട്ടും നീയെന്തിനാ അവളെയും കൂട്ടി ഇങ്ങനെ ഓട്ടോയില്‍ പോകുന്നേ? എത്ര പൈസയാ നഷ്ടം.. ഒരു 50 ഉറുപ്പ്യക്ക് എണ്ണയടിച്ചാല്‍ കുറെസ്ഥലത്ത് പോയി വന്നൂടെ.. പിന്നെ പ്രൈവസിയും കിട്ടും..'-  നവ വധുവിനൊപ്പമുള്ള  യാത്രയ്ക്ക് സ്ഥിരം ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന സുഹൃത്തിനോട് പലവട്ടം ചോദിക്കുകയും എല്ലാവരെയും പോലെ  ഫ്രീയായി കുറെ ഉപദേശം നല്‍കുകയും ചെയ്താണ്.  അതിനൊക്കെ  'ഇപ്പൊ ചൂടല്ലേ, റോഡിലെ പൊടി അവള്‍ക്ക് പിടിക്കില്ല.. ഈ മഴയെ വിശ്വസിക്കാന്‍ കൊള്ളില്ല, പണികിട്ടും..' എന്നെല്ലാം പറഞ്ഞു അവഗണിച്ചിരുന്ന സുഹൃത്ത് മനസ്സ് തുറന്നത് പിന്നീടാണ്.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലൊന്നില്‍ ഒരുമിച്ച് ബൈക്കില്‍ യാത്ര പോകുമ്പോള്‍ പിന്നില്‍ വന്നവര്‍ പറഞ്ഞ കമന്റ് അവര്‍ രണ്ടാളും കേള്‍ക്കാനിടയായി. 'അളിയാ നോക്ക്, ഒരു പെട്ടിയോട്ടോയില്‍ കയറ്റാനുള്ളതാണ് ബൈക്കില്‍ തൂക്കിയിട്ട് കൊണ്ട് പോകുന്നത്....'. അവരെ രണ്ടു പേരെയും കടന്നു കൊണ്ട് ആ ബൈക്കും പയ്യന്മാരും മുന്നോട്ട് പോയെങ്കിലും കാറ്റിലൂടെ ഒഴുകിയെത്തിയ അവരുടെ  വാക്കുകള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ ചെറുതൊന്നുമല്ല.

സുഹൃത്തിന്റെ അനുഭവം കേട്ടപ്പോള്‍ മറുപടിയില്ലാതായി. നൂല്‍ക്കമ്പിയെന്നും മുരിങ്ങാക്കോലെന്നും ചീനമുളകെന്നുമൊക്കെ ചക്കയെന്നുമൊക്കെ രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പലവിശേഷണങ്ങള്‍ നല്‍കി ചിരികളുല്പാദിപ്പിക്കുന്ന ശരാശരി മനുഷ്യരില്‍ ഒരാളല്ലേ ഞാനും!  

ചെറിയൊരു ശതമാനം മാത്രം അത്തരം കളിയാക്കലുകളെ അതിജീവിക്കുമ്പോള്‍ വലിയൊരു വിഭാഗവും അത്തരം ചിന്തകളില്‍ പല സ്വപ്നങ്ങളെയും തളച്ചിടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തിലാണ് വെപ്പ് മുടിയും വെളുക്കാനുള്ള ലേപനവും ചുരുങ്ങാനുള്ള തൈലവും കിളിര്‍ക്കാനുള്ള ചൂര്‍ണ്ണവുമൊക്കെ ചൂടപ്പം പോലെ വിറ്റഴിയുന്നത്. 

സിനിമ എന്ന കല വെറും വിനോദത്തിനപ്പുറം ബഹുഭൂരിപക്ഷം വരുന്ന കാഴ്ച്ചക്കാരിലും വലിയ ചിന്തകള്‍ക്കും അനുകരണങ്ങള്‍ക്കും വഴിവെക്കാറുണ്ട് എന്നതൊരു സത്യമാണ്. വര്‍ണ്ണ ശബളിമയില്‍ നിന്ന് മാറി പച്ചയായ ജീവിതങ്ങളിലേക്ക് കാമറക്കണ്ണുകള്‍ ചലിക്കുമ്പോള്‍ അവിടെ കഷണ്ടി തെളിയും. കറുത്തവരും മെലിഞ്ഞവരും തടിച്ചവരും പല്ലുന്തിയവരുമൊക്കെ കടന്നു വരും. അപ്പോള്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നര്‍ക്ക് തങ്ങളുടെ രൂപവും ഭാവവും നേരിട്ട് ആസ്വദിക്കാന്‍ കഴിയും. കയ്യടിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ മോശമൊന്നുമല്ല എന്നൊരു ഊര്‍ജ്ജവും കൂടി കൂടെ പോരുകയും ചെയ്യും!

ഈ ലോകത്തെ ഏറ്റവും വലിയ'തമാശ' സത്യം പറയുക എന്നതാണെത്രെ! 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!