ശിക്ഷിച്ചും പീഡിപ്പിച്ചും നിങ്ങള്‍ ഈ കുട്ടികളെ  എന്താണ് പഠിപ്പിക്കുന്നത്, അധ്യാപകരേ!

By Speak UpFirst Published Jun 24, 2019, 4:43 PM IST
Highlights

എനിക്കും ചിലതു പറയാനുണ്ട്: രസ്‌ന എം പി എഴുതുന്നു: 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ  ദോഡ ജില്ലയില്‍ ക്ലാസ്സില്‍ കയറാന്‍ പത്തു മിനുട്ട് വൈകിപ്പോയി എന്നതിന്റെ പേരില്‍ ഒരധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ അടങ്ങാത്ത അമര്‍ഷംതോന്നിയെങ്കിലും അതിശയം തോന്നിയതേ ഇല്ല. ആ  വാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മൂകസാക്ഷിയാകേണ്ടി വന്ന സമാന രീതിയിലുള്ള മറ്റൊരു  കാഴ്ചയായിരുന്നു. സംഭവം നടന്നത് ഉത്തരേന്ത്യയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒന്നുമല്ല, മറിച്ചു സാക്ഷര കേരളത്തിലെ നൂറു കണക്കിന് 'പബ്ലിക്' സ്‌കൂളുകളില്‍ ഒന്നിലാണ്. 

പഠിച്ചിരുന്ന കോളേജിനോട് ചേര്‍ന്ന്, സഹോദര സ്ഥാപനം എന്ന നിലയില്‍ ഒരു പബ്ലിക് സ്‌കൂളും  പ്രവര്‍ത്തിച്ചിരുന്നു. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ ഉള്ള,  നാട്ടിലെ പേരുകേട്ട പ്രമാണിമാരുടെയെല്ലാം മക്കള്‍ പഠിക്കുന്ന ഒരു സ്ഥാപനം.   

ഒരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം സുഹൃത്തുക്കളുമൊത്ത് ഒരു മരച്ചുവട്ടില്‍ സംസാരിച്ചിരിക്കവെയാണ് ആ രംഗം കണ്ണില്‍പെട്ടത്. നട്ടുച്ച വെയിലത്ത് ചുട്ടു പഴുത്തിരിക്കുന്ന ടാര്‍ ചെയ്ത റോഡില്‍ ഒരു കുട്ടി നഗ്ന പാദനായി  നില്‍ക്കുന്നു. തൊട്ടടുത്തായി  കറുത്ത നിറത്തിലുള്ള അവന്റെ ഷൂ അഴിച്ചു വെച്ചിരിക്കുന്നു. ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ചു അവന്‍ കാല് രണ്ടും മാറി മാറി മുകളിലേക്കുയര്‍ത്തി വളരെ പ്രയാസപ്പെട്ട് അങ്ങനെ നില്‍ക്കുകയാണ്. ഈ പൊരിവെയിലത്ത്  ഷൂ അഴിച്ചു വെച്ച് വെറും കാലോടെ ഈ റോഡില്‍ നില്‍ക്കാന്‍ ഈ കുട്ടിക്കിതെന്തു പറ്റിയെന്നാലോചിച്ചു അന്തം വിട്ടു നില്‍ക്കുന്നതിനിടക്കാണ് മറ്റൊരു കുട്ടി കൂടി അവിടേക്കെത്തുകയും സമാന രീതിയില്‍ തന്റെ ഷൂ അഴിച്ചു വെച്ച് അവനു സമീപം നില്‍ക്കുകയും ചെയ്തത്. 

അഞ്ചു പത്തു മിനുട്ടോളം അവര്‍ ആ നില്‍പ് തുടര്‍ന്നു. കാര്യം ഒന്നും മനസിലാവാതെ ഞങ്ങളും ഇത് നോക്കി ആ മരച്ചുവട്ടില്‍ അങ്ങനെ ഇരുന്നു. ഇടക്ക് ചില കുട്ടികള്‍ അവര്‍ക്ക് സമീപത്തു കൂടി കടന്നു പോവുന്നുണ്ട്. ഈ രംഗം കണ്ടിട്ടും യാതൊരു ഭാവ വ്യതാസവുമില്ലാതെ അവരെല്ലാം ഈ കുട്ടികളെ ഒന്ന് നോക്കി നടന്നു പോവുകയാണ്. എന്തെങ്കിലും ചോദിക്കാനോ പറയാനോ ആരും മുതിരുന്നില്ല. മുഖഭാവത്തില്‍ നിന്നും ഇത്തരം കാഴ്ചകളൊക്കെ അവര്‍ക്ക് ചിരപരിതമെന്ന് വ്യക്തം.

ഇത്രയും ആയപ്പോള്‍ എന്തോ നിയമലംഘനം നടത്തിയതിനുള്ള ശിക്ഷയാണെന്നു ഊഹിച്ചു. ഇങ്ങനെ വെയിലത്ത് നിര്‍ത്തി കാല് പൊള്ളിക്കാന്‍ മാത്രം എന്ത് തെറ്റാണു അവര്‍ ചെയ്തത്? അതറിയാനുള്ള അതിയായ ആകാംക്ഷയില്‍ ഞങ്ങള്‍ അവര്‍ക്കടുത്തേക്കു നടന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ഒന്ന് വല്ലാതായി. അവരുടെ നില്‍പ് കണ്ടപ്പോള്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അതിലെ വന്ന രണ്ടു കുട്ടികളോട് കാര്യം തിരക്കി. 

അവര്‍ പറഞ്ഞ കാരണം കേട്ട് ഞങ്ങള്‍ ശരിക്കും ഞെട്ടി. ഈ രണ്ടു കുട്ടികളും സ്‌കൂള്‍ നിയമ സംഹിതയില്‍ പറയുന്ന രീതിയില്‍, ഷൂവിനുള്ളില്‍ സോക്‌സ് ധരിച്ചില്ല. എന്തോ കാരണം കൊണ്ട് അഴിച്ചുമാറ്റിയതാണെന്ന് തോന്നുന്നു. ഇത് കണ്ടു പിടിച്ച, സ്‌കൂളിന്റെ ഡിസ്സിപ്ലിന്‍ കൈകാര്യം ചെയ്യുന്ന അധ്യാപകന്‍ അവര്‍ക്ക് നല്‍കിയ പണിഷ്‌മെന്റ് ആണ് ഈ പൊരിവെയിലത്തെ നിര്‍ത്തം. എത്ര ലാഘവത്തോടെയാണ് ആ കുട്ടികള്‍ അത് പറഞ്ഞ് തീര്‍ത്തത്!

വേറെയും ഉണ്ടോ ഇത് പോലത്തെ ശിക്ഷാ മുറകള്‍ എന്ന ചോദ്യത്തിന് അവര്‍ക്കു പറയാന്‍ പലതുമുണ്ടായിരുന്നു. യൂണിഫോം കൃത്യമായി ധരിക്കാതിരുന്നാല്‍ , പ്രാര്‍ത്ഥന സമയത്ത് കൃത്യമായി പങ്കെടുക്കാതിരുന്നാല്‍, മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ ഒരു 'പരിധി 'വിട്ട് എതിര്‍ ലിംഗത്തില്‍പ്പെട്ട കുട്ടികളുമായി ഇടപഴകിയാല്‍, മുടി നീട്ടി വളര്‍ത്തിയാല്‍,  ഇംഗ്ലീഷിതര ഭാഷ  സംസാരിച്ചാല്‍, മറ്റേതെങ്കിലും തരത്തില്‍ സ്‌കൂള്‍ നിയമം ലംഘിച്ചാല്‍, അപ്പോഴെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശിക്ഷകള്‍ ഏറ്റുവാങ്ങിയേ മതിയാവൂ. ഗവ. സ്‌കൂളിലെ ഹെഡ് മാസ്റ്ററുടെ കണ്ണുരുട്ടലോ, കൂടിയ പക്ഷം കണക്കു മാഷിന്റെ ഇടക്കിടക്കുള്ള ചൂരല്‍ കഷായത്തിന്റെ സ്വാദോ മാത്രം അറിഞ്ഞു ശീലിച്ച എനിക്ക് തൊട്ടതിനും പിടിച്ചതിനും ഡിസ്സിപ്ലിന്റെ പേരിലുള്ള പണിഷ്‌മെന്റുകളും ഫൈനുകളും എല്ലാം തീര്‍ത്തും അപരിചിതവും  അലോസരവുമായി തോന്നി. പക്ഷെ ആ കുട്ടികളെ സംബന്ധിച്ചു ഇതെല്ലാം തീര്‍ത്തും 'സ്വാഭാവിക'മായ അനിവാര്യതയും, പഠന കാലഘട്ടത്തിലെ 'സ്വാഭാവിക' അച്ചടക്ക നടപടികളുടെ ഒരു ഭാഗവുമായി മാറിയിരിക്കുന്നു എന്ന് അവരുടെ സംസാരത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. 

രണ്ടു പേരും ശിക്ഷ ഏറ്റുവാങ്ങി അവിടെത്തന്നെ  നില്‍ക്കുകയാണ്. മനസ്സില്‍ വല്ലാത്ത അമര്‍ഷം തോന്നിയെങ്കിലും ഞങ്ങള്‍ തീര്‍ത്തും നിസ്സഹായരായിരുന്നു. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ ശിക്ഷ നടപ്പാക്കിയ അധ്യാപകന്‍ പ്രാര്‍ത്ഥന കഴിഞ്ഞു വഅന്നു. അയാള്‍  അവരോട് എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതു കണ്ടു. അയാള്‍ ഇടയ്ക്കിടെ ശൈത്താന്‍' എന്ന് അവരെ അഭിസംബോധന ചെയ്യുന്നത് മൂന്നു മരങ്ങളുടെ അകലത്തില്‍ നിന്നുപോലും ഞങ്ങള്‍ വ്യക്തമായി കേട്ടു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞതിനാല്‍ വൈകാതെ ഞങ്ങള്‍ ക്ലാസ്സിലേക്ക് മടങ്ങി. അന്ന് മുഴുവന്‍ അവരായിരുന്നു മനസ്സില്‍. ഒരു വാക്ക് കൊണ്ട് പോലും ഒന്നും ചെയ്യാനാവാത്തതിന്റെ  നിരാശ. ദിവസങ്ങള്‍ കഴിഞ്ഞു പോയതോടെ മറ്റു പലതും പോലെ ഇതും മന:പൂര്‍വം മറവിക്കു വിട്ടു കൊടുത്തു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ അധ്യാപകരാല്‍ മര്‍ദ്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഉയര്‍ന്നു കേട്ടുകൊണ്ടേയിരിക്കുന്നു. അച്ചടക്കമാണ് ഇന്ന് ഒട്ടു മിക്ക സ്‌കൂളുകളുടെയും മുഖ്യ അജണ്ട. അത് നടപ്പിലാക്കാന്‍ ഏതു കരുണ വറ്റിയ മാര്‍ഗവും സ്വീകരിക്കാവുന്ന തരത്തിലേക്ക്  എന്ത് കൊണ്ടാണ് നമ്മുടെ അധ്യാപകര്‍ തരം താഴുന്നത്? ശാരീരിക നോവേല്പിച്ചാണ്  കുട്ടികളെ മര്യാദരാമന്മാരാക്കേണ്ടത് എന്ന ചിന്തയോട് കടുത്ത വിയോജിപ്പാണ്. എന്തിന്റെ പേരിലാണെങ്കിലും കുട്ടികളോട്  ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ചെയ്യുന്നവര്‍ ഒരിക്കലും അധ്യാപകര്‍ എന്ന സ്ഥാനത്തിനര്‍ഹരല്ല. ക്രിമിനല്‍ എന്ന പദമായിരിക്കും അത്തരക്കാരെ വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതം. ശാരീരിക പീഡനങ്ങള്‍ക്കൊപ്പം കുട്ടികളനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ചു പറയാതിരിക്കുന്നതാണ് നല്ലത്. പരീക്ഷ പേപ്പറിലെ അബദ്ധങ്ങളെ, തെറ്റുകളെ  തിരഞ്ഞു കണ്ടു പിടിച്ചു മറ്റു കുട്ടികള്‍ക്ക്  മുമ്പാകെ ഉറക്കെ വായിച്ചു പരിഹസിച്ചു നിര്‍വൃതി അടയുക എന്നതാണ്  മറ്റൊരു കൂട്ടം അധ്യാപകരുടെ ഇഷ്ട വിനോദം.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!