Latest Videos

Age of Marriage : 18-ലെ വിവാഹത്തിന്റെ മാഹാത്മ്യം പറഞ്ഞ് ഇങ്ങോട്ടുവന്നാല്‍ ചൂലെടുത്ത് മോന്തക്കടിക്കും

By Speak UpFirst Published Dec 18, 2021, 4:34 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. വിവാഹപ്രായം: ഈ ജീവിതങ്ങള്‍ കണ്ടുനോക്കൂ! . അയിഷ ഐറിന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

റാഷിദ എന്റെ കൂടെ ഒന്നാം ക്ലാസ് മുതല്‍ പഠിച്ച കൂട്ടുകാരിയായിരുന്നു. മെലിഞ്ഞു വെളുത്ത് നല്ല ഭംഗിയുള്ള കുട്ടി. പഠിക്കാന്‍ അത്ര മിടുക്കിയൊന്നും അല്ല, എങ്കിലും അത്ര മോശവുമല്ല.

റാഷിദ നന്നായി പാട്ട് പാടുമായിരുന്നു. നന്നായി  ഡാന്‍സ് ചെയ്യുമായിരുന്നു. സ്‌പോര്‍ട്‌സിലും അവളെ വെല്ലാന്‍ എന്റെ അറിവില്‍ ആ സമയത്ത് വേറെ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. അവളെ പറ്റി വരച്ചിടാന്‍ ഇനിയും കാര്യങ്ങളുണ്ട്. പക്ഷേ ഇത് വായിക്കുന്ന എന്റെ ഫ്രണ്ട്‌സിന് ആളെ മനസ്സിലാകും എന്നുള്ളത് കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല.

പത്താം ക്ലാസ്സിലെ സ്റ്റഡി ലീവിന്റെ സമയത്താണ് അവള്‍ വന്ന് പറഞ്ഞത്, എക്‌സാം കഴിഞ്ഞ ഉടനെ അവള്‍ടെ കല്യാണം ആണെന്ന്.  അവള്‍ടെ കല്യാണത്തിന് പോയ സമയത്ത് വരനെ കണ്ടിട്ട് ഞാന്‍ ഞെട്ടിപ്പൊയി. അവളുമായി കാഴ്ച്ചയില്‍ പോലും ഒരു ചേര്‍ച്ചയും ഇല്ലാത്ത ഒരാള്‍. അന്ന് ഞാനെന്റെ ട്യൂഷന്‍ ടീച്ചറിനോട് ചോദിച്ചു ' മൂന്ന് പവന്‍ മഹറിന് വേണ്ടി എങ്ങനെ അവള്‍ക്ക് ഇയാളെ കെട്ടാന്‍ തോന്നി' എന്ന് . അവര്‍ 'നിനക്കത് പിന്നീട് മനസ്സിലാവും' എന്ന് പറഞ്ഞു. അന്ന് പക്ഷേ അവരെന്ത് പറഞ്ഞാലും എനിക്ക് മനസ്സിലാവേം ചെയ്യുമായിരുന്നില്ല .

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനവളെ കണ്ടപ്പോള്‍ അവള്‍ മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മയായിരുന്നു. കണ്ണില്‍ പഴയ തിളക്കം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല പഴയ റാഷിദയുടെ പ്രേതം മാത്രമായിരുന്നു അവള്‍.


ജുമൈറ എന്റെ ഉപ്പാടെ സുഹൃത്തിന്റെ മകളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയത് പ്ലസ് വണ്‍ മുതലായിരുന്നു. അതിന് മുമ്പ് തന്നെ അവള്‍ടെ നിക്കാഹ് കഴിഞ്ഞിരുന്നു. അവള്‍ ക്ലാസില്‍ വല്ലപ്പോഴും വരുള്ളൂ. വന്നാലും പഠിക്കില്ല. ചോദിച്ചാല്‍ പറയും, 'എന്റെ ഉപ്പാടെ കയ്യിലും ഇക്കാടെ കയ്യിലും ഇഷ്ടം പോലെ കാശുണ്ട്. പിന്നെ എനിക്ക് പഠിക്കേണ്ട കാര്യം ഇല്ല' എന്ന്.  

അവള്‍ പ്ലസ്ടു പബ്ലിക് എക്‌സാം പോലും എഴുതിയില്ല. കല്യാണം കഴിഞ്ഞു വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിന് അവള്‍ പിന്നീട് ഒത്തിരി സങ്കടപ്പെട്ടിരുന്നു. ഒരിക്കല്‍ സംസാരത്തിനിടയില്‍ അവള്‍ പറഞ്ഞു, 'അന്ന് നന്നായി പഠിച്ചിരുന്നേല്‍ എനിക്കിത്രേം ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു. ഇന്നവള്‍ രണ്ട് കുഞ്ഞുങ്ങളുടെ ഉമ്മയാണ്.

സജ്‌ന പഠിക്കാന്‍ മിടുക്കിയായിരുന്നു. പ്ലസ്ടു പകുതി ആയപ്പൊഴെക്കും അവള്‍ടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു . കല്യാണം കഴിഞ്ഞു ഒരുമാസത്തിന് ശേഷം ചുമ്മാ വിശേഷം അറിയാന്‍ വിളിച്ച എന്നോട് പറഞ്ഞത് ഭര്‍ത്താവിന്റെ ഉപ്പാടെ നിര്‍ബന്ധം മൂലം പഠനം നിര്‍ത്തി എന്നാണ്. ഇന്ന് അയാള്‍ ജീവിച്ചിരിപ്പില്ല .എന്നാലും അവള്‍ടെ ഭര്‍ത്താവ് പഠനം തുടരാന്‍ സമ്മതിക്കുന്നില്ല.

സൗമ്യ കല്യാണം കഴിഞ്ഞിട്ട് സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും അനുവാദമില്ലാത്ത എന്റെ മറ്റൊരു സുഹൃത്താണ്. പിരീഡ്സ് ദിനങ്ങളില്‍ മാത്രം അവരുടെ വീട്ടില്‍ തൊടാന്‍ പാടില്ലാത്തതു കൊണ്ട് ഒരു ഔദാര്യം പോലെ സ്വന്തം വീട്ടിലേക്കയക്കും. 

ആ കാറ്റഗറിയില്‍ പെടുന്ന ധാരാളം ഫ്രണ്ട്‌സ് വേറേം ഉണ്ട്.

അതിരാവിലെ എണീറ്റ് പറ്റാവുന്ന വീട്ടുജോലികള്‍ ചെയ്ത് കോളേജില്‍ പോയി വന്നതിന് ശേഷം പിന്നേം ജോലി ചെയ്ത് അതിന്റെ ഇടയില്‍ ഉത്തമ ഭാര്യയുടെയും കുടുംബിനിയുടെയും റോള്‍ ഭംഗിയായി ചെയ്തിട്ടാണ്  ഞാനെന്റെ പഠനം കംപ്ലീറ്റ് ആക്കിയത്.

എന്റെയും കൂടെ പഠിച്ച മിക്കവരുടെയും  കല്യാണം പതിനെട്ടിലോ അതിന്റെ മുന്നെയോ കഴിഞ്ഞതാണ് . ഞങ്ങടെ അടുത്തൊന്നും വന്ന് പതിനെട്ടിലെ വിവാഹത്തിന്റെ മാഹാത്മ്യത്തെ പറ്റി പ്രസംഗിക്കരുത്. ചാണകം മുക്കിയ ചൂലെടുത്ത് മോന്തക്കടിക്കും.


 

click me!