പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താണ് ഈ അവസ്ഥ?

By Speak UpFirst Published Sep 21, 2021, 8:27 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. സഹ്ല നുസ്‌രി കെ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 


 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കൂടണഞ്ഞ കിളികള്‍. പിന്നീടൊരിക്കലും കൂടുവിട്ടിറങ്ങാനാവാത്ത അവസ്ഥ. അവര്‍ക്കു മുന്നില്‍ ആകാശം എന്തെന്ത് സ്വപ്‌നങ്ങളാവും വെച്ചുനീട്ടുന്നുണ്ടാവുക? 

പറയുന്നത് കിളികളുടെ കാര്യമല്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ വീടുകളിലെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടേണ്ടി വന്ന ഒരുപിടി പെണ്‍ ജീവിതങ്ങളെക്കുറിച്ചാണ്. കാലത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ ഏറെ പരീക്ഷിക്കപ്പെട്ടവര്‍. 

ഒരുപാട് പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും ആയിരുന്നു അന്ന് കോളേജിന്റെ  പടികള്‍ ചവിട്ടിയത് . പക്ഷെ അത് ആസ്വദിച്ചു വരും മുമ്പേ കൊറോണ എന്ന മഹാമാരിയെത്തി. അതോടെ വീട്ടില്‍ അടച്ചിരിപ്പായി. ഒരു കോളേജ് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഇതാണെന്റെ അനുഭവം. 

തികച്ചും അസഹനീയമായ അവസ്ഥയാണിത്. ആദ്യകാലങ്ങളില്‍ വളരെ ആസ്വാദകരമായിരുന്നു ലോക്ക് ഡൗണ്‍.  പിന്നീടതിന്റെ കയ്പ്പറിഞ്ഞ് തുടങ്ങി. പിന്നീടങ്ങോട്ട് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള കാത്തിരിപ്പായിരുന്നു. പക്ഷെ ഓണ്‍ലൈന്‍ പഠന രീതികള്‍ പ്രാബല്യത്തിലായതോടെ ആ കാത്തിരിപ്പും വിഫലമായി. കൂട്ടുകാരോടൊപ്പമുള്ള സല്ലാപങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൊതുങ്ങി. സഹപാഠികളെയും കൂട്ടുകാരികളെയുമൊക്കെ നേരിട്ട് കാണാനോ സമയം പങ്കിടാനോ അവസരങ്ങള്‍ ഇല്ലാതായി. 

ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടിയായതിനാല്‍  വീട്ടില്‍ നിന്ന് പുറത്തിറങ്ങുക എന്നുള്ളത് ഏറെ കടമ്പകള്‍ക്ക് വിധയമായിരുന്നു. അതുകൊണ്ട് തന്നെ അത്യാവശങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവിടെയും കാലം ശത്രു പക്ഷത്തായിരുന്നു. 

നമ്മുടെ പലപ്പോഴും വീട്ടുകാര്‍ക്ക് അനാവശ്യങ്ങളായിരിക്കും. ഈ കഴിഞ്ഞ കാലയളവില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ദിവസങ്ങള്‍ വളരെ വിരളമാണ്,. കൂടെ പഠിക്കുന്നവരും അല്ലാത്തതുമായ പല ആണ്‍കുട്ടികളുടെ ഒത്തുചേരലുകളും യാത്രകളുമെല്ലാം വാട്‌സാപ്പ് സ്റ്റാറ്റസുകളായി പ്രത്യക്ഷപ്പെടുമ്പോള്‍ ഞാനും ആഗ്രഹിക്കാറുണ്ടായിരുന്നു, ഒരു ആണ്‍ കുട്ടിയായി ജനിക്കാമായിരുന്നുവെന്ന്. പെണ്ണന്ന പേരില്‍ എനിക്ക് മുമ്പില്‍ പലതും നഷ്ട്ടമായതിനാലാവാം. 

അതെ, യാത്ര എന്ന അനുഭവമാണ് അന്യമായി തീര്‍ന്നത്. യാത്രകള്‍ കൂടുതല്‍ ആഗ്രഹിക്കുമ്പോഴും വീട്ടില്‍ നിന്ന് കോളേജിലേക്കും കോളേജില്‍ നിന്ന് വീട്ടിലേക്കുമുള്ളതായിരുന്നു യാത്രകള്‍. ആ കുഞ്ഞു യാത്രകളെയാണ് കൊറോണ വൈറസ് ഇല്ലാതാക്കിയത്. 

പല രാത്രികളിലും സങ്കടം വന്നുമൂടിയിരുന്നു. പല സമയങ്ങളിലും പൊട്ടി തെറിക്കാന്‍ തോന്നിയിട്ടുണ്ടെങ്കിലും എന്തോ നിര്‍വികാരത വന്നുമൂടും. കാലത്തിന്റെ പരീക്ഷണങ്ങള്‍ എത്ര കടുപ്പമേറിയതാണെന്നുള്ളത് പല സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ് തുടങ്ങി. എന്നെ പോലെ അവര്‍ക്കും ഒരുതരം  മടുപ്പ് തുടങ്ങിയിരിക്കുന്നത്രെ. പലരുടെയും അവസ്ഥയ്ക്ക് മുമ്പില്‍ ഞാനും എന്റെ അനുഭവങ്ങളും എത്രയോ ചെറുത്. 

അതെ, അവരെ അത്രത്തോളം ഈ കൊറോണ കീഴ്‌പ്പെടുത്തിയിരുന്നു. ഒട്ടുമിക്ക സമയങ്ങളിലും ഞങ്ങള്‍ക്കിടയിലെ ചാറ്റുകളിലെ വിഷയവും ഇതു തന്നെയായി തുടങ്ങി. പഠിച്ച് ജോലി വാങ്ങിയിട്ട് ചെയേണ്ട യാത്രകളെ കുറിച്ചും ഒത്തു   കൂടലുകളെ കുറിച്ചുമുള്ള പ്ലാനിങ്ങുകളാണിപ്പോള്‍ ചാറ്റുകളിലെല്ലാം. 

മറുപുറത്ത് ചെയ്തു തീര്‍ക്കാന്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ അതിരുകള്‍ ഭേദിച്ച് കൊണ്ടുള്ള അസൈന്‍മെന്റുകളും നോട്ട്‌സുകളും ഉണ്ടായിരുന്നു. പക്ഷെ ഒന്നും  പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല. അത്രയും മനസ്സ് കൈവിട്ടിരുന്നു. നമ്മുടെ നിയത്രണങ്ങള്‍ക്കപ്പുറം മറ്റെന്തോ അവിടെ സ്ഥാനമുറപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. 

മറ്റൊരു പ്രശ്‌നം പ്രായമാണ്. വീട്ടില്‍ തന്നെയായതോടെ എല്ലാവരും കല്യാണത്തെക്കുറിച്ചു മാത്രം പറയാന്‍ തുടങ്ങി. അയല്‍ക്കാരുടെയും കുടുംബക്കാരുടെയും കുശലന്ന്വേഷണങ്ങള്‍  കല്യാണം എന്ന വിഷയത്തില്‍ മാത്രം ചെന്നു കറങ്ങുന്നു. അവര്‍ക്ക് അവരുടേതായ സങ്കല്‍പ്പങ്ങളുണ്ടാവും. അതിങ്ങനെ അടിച്ചേല്‍പ്പിക്കേണ്ട കാര്യം എന്താണ്? 

ഇത് എന്റെ മാത്രം അനുഭവങ്ങളല്ല. എന്റെ പ്രായത്തിലുള്ള, അവസ്ഥയിലുള്ള മറ്റനേകം പെണ്‍കുട്ടികളും സമാനമായ അവസ്ഥയിലാണ് ജീവിക്കുന്നത്. വീടുകളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ ഈ ഒന്നര വര്‍ഷക്കാലം തള്ളി നീക്കിയവരുടെ നിസഹായതയാണ്. പെണ്ണായതിനാല്‍ ഇത്തരത്തില്‍ ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപെട്ടവളാണെന്ന് സ്വയം കുറ്റപ്പെടുത്തി ജീവിക്കുന്ന എത്രയോ പക്ഷികള്‍. 

click me!