സ്വസ്ഥമായൊന്ന് ശ്വസിക്കാന്‍ കഴിയാതെ, മിണ്ടാനും പറയാനും കഴിയാതെ, ചങ്ങലക്കിട്ട നായയെപ്പോലെ...

By Speak UpFirst Published Apr 1, 2024, 6:20 PM IST
Highlights

വിവാഹത്തിന്റെ ഇരുപതാം വാര്‍ഷികം പിന്നിട്ടു കഴിഞ്ഞു ചേച്ചി. അത്യാവശ്യം ധനസ്ഥിതിയുണ്ട്. ചേച്ചിയും ഭര്‍ത്താവും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടു മുറികളിലാണ് ഉറങ്ങുന്നത്. അവരവരുടെ ലോകങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

'വെറുപ്പ് പുകയുന്ന വെടിമരുന്ന് പുരകളാണ് പല വീടുകളുടെയും അകത്തളങ്ങള്‍.'-ഈയിടെ വായിച്ചൊരു പുസ്തകത്തിലെ വരികളാണ്. 

കുറച്ചു നാളുകള്‍ക്കു മുന്‍പ്, ഒരുമിച്ച് ഒരു ദിവസം ചെലവഴിച്ച വേളയില്‍, എനിക്ക് വളരെ അടുപ്പമുള്ളൊരു ചേച്ചി, നിസ്സംഗതയോടെ പറഞ്ഞ ചില കാര്യങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ ഈ വരികളുടെ അര്‍ഥത്തില്‍ തെല്ലും അത്ഭുതം തോന്നുന്നില്ല.

വിവാഹത്തിന്റെ ഇരുപതാം വാര്‍ഷികം പിന്നിട്ടു കഴിഞ്ഞു ചേച്ചി. അത്യാവശ്യം ധനസ്ഥിതിയുണ്ട്. ചേച്ചിയും ഭര്‍ത്താവും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടു മുറികളിലാണ് ഉറങ്ങുന്നത്. അവരവരുടെ ലോകങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. 

നമ്മുടേത് എന്നല്ലാതെ, എന്റേതെന്നും നിന്റേതെന്നും ജീവിതത്തെ അടയാളപ്പെടുത്തുന്ന നിര്‍ഭാഗ്യരായ ദമ്പതികള്‍!

ചേച്ചിയില്‍ നിന്ന് കേട്ടതിലൂടെയും പിന്നെ പലപ്പോഴും നേരിട്ട് കണ്ട അനുഭവങ്ങളിലൂടെയും എനിക്ക് മനസ്സിലായത്, ചേച്ചിയ്ക്ക് ഭര്‍ത്താവിനോട് ഒന്നും അങ്ങോട്ട് പറയാന്‍ കഴിയില്ല എന്നതാണ്.

ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ ചേച്ചി, ഭര്‍ത്താവിനോട് പറയുന്നു, 'മീനും പച്ചക്കറികളും നേരത്തെ വാങ്ങിയിട്ട് വരണേ.. അതൊക്കെ ഒതുക്കിയിട്ട് വേണം മറ്റു ജോലികള്‍ തീര്‍ക്കാന്‍.'

അന്നേരം ഭര്‍ത്താവ് പിറുപിറുക്കുമത്രെ: 'ഇങ്ങോട്ട് ഒന്നും പറയണ്ട. എനിക്കറിയാം എന്താ വേണ്ടതെന്ന്..'

ചിലപ്പോള്‍ ആ ഒരു ആവശ്യപ്പെടല്‍,  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പിണക്കത്തിന്റെ കാരണമായി മാറുമെന്ന് ചേച്ചി പറഞ്ഞു. 

ചില വൈകുന്നേരങ്ങളില്‍, പിറ്റേന്നത്തേക്ക് വേണ്ടി വരുന്ന പാലും പച്ചക്കറികളും മറ്റു അവശ്യ സാധനങ്ങളും വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍, ഗ്യാസ് സിലിണ്ടര്‍ മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടാല്‍, എന്തിനേറെ ചേച്ചി ടോയ്ലറ്റില്‍ നിന്നിറങ്ങാന്‍ വൈകിയാല്‍ പോലും അയാള്‍ മുഖം വീര്‍പ്പിച്ചു പിറുപിറുക്കാന്‍ തുടങ്ങുമത്രെ. 

എന്ത് കാര്യത്തിന് പിണങ്ങും എന്നറിയാന്‍ കഴിയില്ല പോലും!

അയാള്‍ സ്വന്തമായി ആഹാരം വിളമ്പി കഴിക്കുമ്പോള്‍ ചേച്ചി പറയുന്നു, 'കറി മൊത്തം എടുക്കല്ലേ, ഞാന്‍ കഴിച്ചില്ല...'

അത് കേള്‍ക്കുന്നതോടെ അയാള്‍ എടുത്ത ഭക്ഷണം അവിടെ നീക്കി വെച്ച് കൊണ്ട് പറയും... 'എന്നാ പിന്നെ മൊത്തം നീ തന്നെ വിഴുങ്ങിക്കോ...' എന്നിട്ട്ഏ ഭക്ഷണം കഴിക്കാതെ അയാള്‍ ഇറങ്ങിപ്പോകും.

ചേച്ചി എന്ത് സംസാരിച്ചാലും അയാള്‍ അതില്‍ കുറ്റം കണ്ടുപിടിക്കും. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പോലും  പല്ലിറുമ്മി അസഹിഷ്ണുത പ്രകടിപ്പിക്കും!

മലബന്ധം പിടിച്ചവന്റെ സ്ഥായിയായ മുഖഭാവമുള്ള അയാളോടൊപ്പം അവരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും?

സംസാരപ്രിയയായ, സംസാരത്തിനിടയില്‍ വീണുകിട്ടുന്ന ഓരോ കുഞ്ഞു കാര്യങ്ങളിലും തമാശ കണ്ടെത്തുന്ന, അത്തരം നിമിഷങ്ങളെ ആസ്വദിക്കുന്ന ചേച്ചി, വീട്ടില്‍ സദാ മൗനിയായി മാറുന്ന ദുരവസ്ഥ.  കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

നിസ്സംഗമായ മുഖഭാവത്തോടെ ഒരു കാര്യത്തിലും അഭിപ്രായങ്ങള്‍ ഇല്ലാതെ മരവിച്ച മനസ്സോടെ അവരെങ്ങനെയാകും അവിടെ ജീവിച്ചു പോകുന്നത്?

ആ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍, ഉരുവിടാന്‍ കഴിയാതെ പോയ വാക്കുകള്‍, അവരുടെ ഉള്ളില്‍ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു വീഴുന്നുണ്ടാകും.  അതുകൊണ്ടൊക്കെയാകാം വീടിനു വെളിയില്‍ ഞങ്ങളോടൊപ്പം വീണു കിട്ടുന്ന ഓരോ നിമിഷവും അവര്‍ ആസ്വദിക്കുന്നത്. അതില്‍ ആഹ്ലാദിക്കുന്നത്.


തീര്‍ച്ചയായും, ഇതിലും മികച്ചൊരു ജീവിതം ചേച്ചി അര്‍ഹിച്ചിരുന്നു.  പലരും ചോദിച്ചേക്കാം, ഇങ്ങനെ സഹിക്കുന്നതിലും നല്ലത്, കളഞ്ഞിട്ടു പൊയ്ക്കൂടേ?  പറയുന്നത്ര എളുപ്പത്തില്‍ അത് സാധിക്കില്ല എന്നറിയണം.  ചില കെട്ടുകള്‍ അങ്ങനെയാണ്.  ജീവിതാവസാനം വരെ ഒന്ന് പിടഞ്ഞു മാറാന്‍ കഴിയാതെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരിക്കും.

സ്വസ്ഥമായൊന്നു ശ്വാസം വിടാന്‍ കഴിയാതെ, ഉറക്കെ ചിരിക്കാന്‍ കഴിയാതെ, കൊതി തീരെ മിണ്ടാനും പറയാനും കഴിയാതെ, ചങ്ങലക്കിട്ട നായയെപ്പോലെ. പാവം.

'നിനക്കറിയുമോ ഒരു മാസം എടുത്താല്‍ അഞ്ചു ദിവസം തികച്ച് പുള്ളിക്കാരന്‍ എന്നോട് മിണ്ടിയിട്ടുണ്ടാവില്ല.'  ചേച്ചി എന്നോട് തമാശ പോലെ അന്ന് പറഞ്ഞു.

പക്ഷേ, ആ തമാശയുടെ ഒടുവില്‍, നീര്‍ തിളങ്ങിയ കണ്ണുകളെ എന്നില്‍ നിന്ന് മറക്കാന്‍, ദൂരേയ്ക്കു പതിപ്പിച്ച നോട്ടം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

കുട്ടികള്‍ പോലും അയാളെ വെറുത്തു തുടങ്ങി എന്ന് പറയുമ്പോള്‍, ആശ്വാസ വാക്കുകളുടെ അര്‍ഥശൂന്യതയില്‍ ഞാന്‍ വെന്തു.

ചിലരങ്ങനെയാണ്.  നിര്‍ബന്ധ ബുദ്ധി കൊണ്ട്, അനാവശ്യ ഈഗോ കൊണ്ട് സ്വന്തം ജീവിതവും ഒപ്പമുള്ളവരുടെ ജീവിതവും നരകമാക്കും. ഒരു പക്ഷേ അവരറിയുന്നുണ്ടാകില്ല, ജീവിച്ചിരിക്കെ തന്നെ, പ്രിയപ്പെട്ടവരുടെ മനസ്സിന്റെ, ഒരരികില്‍ നിന്നും അവര്‍ മരിച്ചു തുടങ്ങി എന്ന സത്യം!

വെറുപ്പിച്ച്, വെറുപ്പിച്ച്, ഒടുവില്‍, പ്രിയപ്പെട്ടവരുടെ ഒരു തുള്ളി കണ്ണീരിന്റെ നനുത്ത ചൂടില്ലാതെ, ഹൃദയം നൊന്ത പിന്‍വിളികള്‍ കേള്‍ക്കാനുള്ള ഭാഗ്യമില്ലാതെ, അവസാന യാത്ര പറയേണ്ടി വരുന്ന നിര്‍ഭാഗ്യത്തെ പറിച്ചെറിയാന്‍ കഴിയില്ല തന്നെ. 

click me!