അവള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, അവളത് വേണ്ടെന്ന് വെച്ചു, കാരണം രസകരമാണ്!

By Speak UpFirst Published Sep 20, 2022, 4:22 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. ഏതു രീതിയില്‍ വിവാഹം കഴിച്ചാലും ഹൃദയങ്ങളില്‍ പ്രണയവും പരസ്പരം  സൗഹൃദവും ഇല്ലെങ്കില്‍ ആ ബന്ധം അധിക കാലം നിലനില്‍ക്കില്ല എന്നാണ് എനിക്ക് മനസ്സിലാകുന്ന സത്യം. ഇപ്പോഴും പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും കടിച്ചു തൂങ്ങാതെ, മാറ്റങ്ങളെ സ്വാഗതം ചെയ്യൂ- രോഷ്‌ന മെല്‍വിന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

ഒരു സ്ത്രീയും പുരുഷനും (രണ്ടു സ്ത്രീകളോ / പുരുഷന്മാരോ) മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരുമിക്കുന്നതിനെയാണ് ഞാന്‍ വിവാഹം എന്ന് വിളിക്കുന്നത്. ജാതിയും മതവും നിയമവ്യവസ്ഥയും മാറ്റി നിര്‍ത്തിയാല്‍ ഇതല്ലേ വിവാഹം?

നമ്മുടെ രാജ്യത്തില്‍ വിവാഹിതരായി എന്നുവെച്ചാല്‍, രണ്ടുപേര്‍ ആദ്യമേ മതപരമായ വിവാഹ പ്രക്രിയകളിലൂടെ കടന്നുപോയവരായിരിക്കണം അതിലുപരി വിവാഹം നിയമ വ്യവസ്ഥപ്രകാരം രേഖപ്പെടുത്തിയവര്‍ ആയിരിക്കണം. മതപരം എന്നതില്‍ വീട്ടുകാരുടെ സാന്നിധ്യവും അവരുടെ അനുഗ്രഹവും പ്രധാന ഘടകം ആയിരിക്കും. അങ്ങനെ ഉള്ളവരെ മാത്രമേ വിവാഹിതര്‍ എന്ന് മറ്റുള്ളവര്‍ അംഗീകരിക്കൂ.

രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുന്നതിന് നിയമ വ്യവസ്ഥ അനുസരിച്ചും ധാര്‍മികത കണക്കിലെടുത്തും നിയമ സാധുത ലഭിക്കുവാന്‍ ആണല്ലോ വിവാഹം രേഖപ്പെടുത്തുന്നത്. അങ്ങനെ ഉള്ളവരുടെ ജീവിതവും കുട്ടികളുടെ ഭാവിയും സുരക്ഷിതം എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്തെങ്കിലും ഒരു വിഷയം വന്നാല്‍ നിയമപരമായി നേരിടാനും ഇത് ഗുണം ചെയ്യും, ഇതൊക്കെ മൂലം രേഖപ്പെടുത്തല്‍ ഒരു സുപ്രധാന ഘടകം ആയാണ് കണക്കാക്കുന്നത്. ഈ പ്രക്രിയകള്‍ക്കൊക്കെ മുന്‍പ് വിവാഹിതരാകാന്‍ അല്ലെങ്കില്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുന്നവര്‍ക്ക് അതിനുള്ള താല്‍പര്യം ഉണ്ടോ എന്നുള്ളത് അതിലും പ്രധാനപ്പെട്ട ഒന്നല്ലേ. ഒരുമിച്ച് ജീവിക്കുന്നതില്‍ പ്രാധാന്യം അര്‍ഹിക്കുന്നത് പരസ്പരമുള്ള ഇഷ്ടപ്പെടലും അംഗീകരിക്കലുമാണ്.

ഒരു പെണ്ണ് / ആണ് വിവാഹപ്രായമായെന്ന് വീട്ടുകാരാണ് പലപ്പോഴും നമ്മുടെ നാട്ടില്‍ നിശ്ചയിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആണല്ലോ വരനേയോ വധുവിനേയോ അന്വേഷിക്കുന്നത്. ഈ സമയത്താണ് പല പ്രണയങ്ങള്‍, സ്വത്വങ്ങള്‍, വ്യക്തിത്വങ്ങള്‍ എന്നിവയൊക്കെ വെളിപ്പെട്ടു വരുന്നതും പ്രശ്‌നങ്ങള്‍ തുടങ്ങുന്നതും. ചിലര്‍ പ്രണയത്തിനൊപ്പം നില്‍ക്കുകയും ചിലര്‍ക്ക് വീട്ടുകാര്‍ പറയുന്നത് ശരിയെന്നു തോന്നുകയും ചെയ്യുന്നു. വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം നടത്തും, വീട്ടുകാരുടെ സമ്മതത്തോടെ പ്രണയ വിവാഹം നടത്തുന്നവര്‍, പ്രണയം ത്യജിച്ച് വീട്ടുകാര്‍ പറയുന്ന ആളെ വിവാഹം കഴിക്കുന്നവര്‍ ഇങ്ങനെയുള്ളവരെയും നമുക്കറിയാം. ഇതിനിടയില്‍ ഉള്ള സ്വവര്‍ഗ അനുരാഗികളുടെയും ഭിന്നലിംഗക്കാരുടെയും കാര്യം പറയുകയും വേണ്ട. വിവാഹ ജീവിതം അവര്‍ക്ക് നിഷിദ്ധമാണെന്ന പോലെയാണ് ജനം കരുതുന്നത്. സ്വന്തം സ്വത്വം മനസിലാക്കിയവര്‍ ഭൂരിഭാഗം പേരും ഈ കാലത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിക്കും. വീട്ടുകാര്‍ നിര്‍ബന്ധിച്ച് വേറൊരു ജീവിതം തുടങ്ങുന്നവരുമുണ്ട്. പക്ഷേ ആ ജീവിതത്തില്‍ അവര്‍ക്ക് അധിക കാലം തുടരാനുമാവില്ല.

ആദ്യം നമുക്ക് പ്രണയ വിവാഹം എടുക്കാം...

വീട്ടുകാരുടെ കാഴ്ചപ്പാടില്‍ ഞങ്ങളുടെ പ്രണയം / സ്‌നേഹം ബാലിശം ആയിരിക്കാം എന്നായിരുന്നു. ഒരു അഞ്ച്  വര്‍ഷം കഴിയുമ്പോള്‍ തീരുമാനം മാറുമെന്നും വീണ്ടുവിചാരം അപ്പോഴേ വരൂ എന്നെല്ലാം അവര്‍ ധരിച്ചിരുന്നു. പിന്നെ പ്രണയ ചതികുഴികളും അനവധി ഉണ്ടായിരുന്നല്ലോ. ഏതായാലും ഇതുവരെയുള്ള ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളും ഞങ്ങളെ പോലെ മറ്റുള്ളവരും സന്തുഷ്ടരാണ്. വിവാഹം ഏതു രീതിയില്‍ ആയാലും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളില്‍ ആണും പെണ്ണും മനസ്സ് വെക്കണം എന്നാണ്.

ഞങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്:

പ്രണയ വിവാഹത്തിലെയും വീട്ടുകാര്‍ തീരുമാനിച്ചു ഉറപ്പിച്ച വിവാഹ ജീവിതത്തിലെയും തകര്‍ച്ചയും വിജയങ്ങളും കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങളും ഒത്തുചേര്‍ന്നത്.

ഉപാധികളില്ലാതെ ഞങ്ങള്‍ പ്രണയിച്ചു, സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ അനാവശ്യമായ ഒരു ചിലവുകളും ഞങ്ങളുടെ പ്രണയത്തില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മറ്റൊരാളെ കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ ഇല്ലാതെ ഞങ്ങള്‍ ജീവിതം ആരംഭിച്ചു. അനാവശ്യ വാഗ്ദാനങ്ങള്‍ പരസ്പരം നടത്തിയിട്ടില്ല. ഭാവിയുമായി കൂട്ടിക്കുഴക്കുന്ന സ്വപ്നങ്ങള്‍ മെനഞ്ഞിരുന്നില്ല.

ഓരോ വയസ്സ് കൂടുമ്പോഴും ചിന്തകളില്‍, കാഴ്ചപ്പാടുകളില്‍, ശരീരത്തില്‍ അതനുസരിച്ച് മനസ്സില്‍ വ്യത്യാസം വരുന്നത് ഞങ്ങള്‍ ഒരുപോലെ സ്വാഗതം ചെയ്തു. മാറ്റം എപ്പോഴും ഞങ്ങള്‍ക്ക് എല്ലാത്തരത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഞങ്ങളുടെ പ്രണയത്തിനും സൗഹൃദത്തിനും ഇന്ന് വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ജീവിതത്തില്‍ ഒരു തവണ ആരോടെങ്കിലും പ്രണയം തോന്നാത്തവര്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പറഞ്ഞില്ലെങ്കിലും ഹൃദയത്തില്‍ ഏതെങ്കിലും ഒരു നിമിഷത്തില്‍ തോന്നിയിരിക്കാം. പക്ഷേ അതുമായി മുന്‍പോട്ടു പോകുവാന്‍ ഒരുവിധം ആര്‍ക്കും ധൈര്യം കാണില്ല. മുന്‍പോട്ടു പോയാലും വിവാഹം എന്നൊരു സംഗതി ഉണ്ടാവില്ല. വീട്ടുകാരെ എതിര്‍ത്തു അവരെ വിഷമിപ്പിച്ചുള്ള ജീവിതം വിജയിക്കില്ല എന്ന ഒരു വിശ്വാസം. പ്രണയിക്കുന്നത് ഒരു മോശം കാര്യമാണെന്നുള്ള ചിന്ത. താഴെയുള്ള സഹോദരങ്ങള്‍ക്ക് തികള്‍ക്ക് മാതൃക ആകേണ്ട ആള്‍ അങ്ങനെ ചെയ്താല്‍ അത് അവര്‍ക്ക് പ്രണയ വിവാഹത്തിന് പ്രചോദനവും പിന്നെ പേരുദോഷം കൂടി വരും. ആരുമില്ലാതെ, ഒന്നുമില്ലാതെ (സാമ്പത്തികമായി) ജീവിതം തുടങ്ങാനുള്ള ഭയം. ഈ വക ചിന്തകള്‍ കൊണ്ട് പ്രണയ വിവാഹത്തില്‍ നിന്നും ആളുകള്‍ പിന്മാറാം.

മനുഷ്യര്‍ ആരും പൂര്‍ണ്ണരല്ല, ശരിയും തെറ്റുമായി അനവധി സ്വഭാവങ്ങള്‍ നമ്മളില്‍ എല്ലാവരിലും ഉണ്ട്. എന്റെ ശരി ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നാം. തലച്ചോറ് കൊണ്ട് ചിന്തിക്കുകയും ഹൃദയം കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ വികാരങ്ങള്‍ പതുക്കെ പ്രകടിപ്പിക്കുകയും, ആണുങ്ങള്‍ പെട്ടെന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ട്. പരസ്പരം മനസ്സിലാക്കല്‍ ഒരു പരിധിവരെയേ നടക്കൂ. പൂര്‍ണ്ണമായി ഒരാളേയും ഒരാള്‍ക്കും മനസിലാക്കുവാന്‍ സാധിക്കില്ലല്ലോ. ജീവിത പങ്കാളിക്ക് കടന്നു വരുന്ന മാറ്റങ്ങള്‍ ആണ് പലപ്പോഴും പ്രശ്നക്കാര്‍. അത് പോലെ തന്നെയാണ് ജീവിത പങ്കാളിയില്‍ നിന്ന അമിത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നതും. ആ മാറ്റങ്ങളും അമിത പ്രതീക്ഷകള്‍ ലഭിക്കാതെ വരുന്നതും ബന്ധങ്ങളില്‍ അയവ് വരുത്താതിരിക്കാന്‍ രണ്ടു പേരും ശ്രമിക്കണം. അത് കൂട്ടുത്തരവാദിത്തം ആണ്. 

ദമ്പതികള്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അവര്‍ തന്നെ പരിഹരിക്കാന്‍ വിട്ട് കൊടുക്കുക. കൂടുതല്‍ പേരെ സന്ധി സംഭാഷണത്തിന് കൂട്ടി ചേര്‍ക്കുന്തോറും പ്രശ്‌നങ്ങള്‍ കൂടി കൊണ്ടിരിക്കും. ഉപദേശ കമ്മിറ്റിക്കാരെ കഴിവതും ഒഴിവാക്കുക.

മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആയതിനാല്‍ പരസ്പരാശ്രയം സര്‍വ സാധാരണമാണ്. രണ്ടുപേര്‍ ജീവിതം തുടങ്ങുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക എന്നതും സ്വാഭാവികം. നമ്മുടെ എല്ലാം ജീവിതത്തില്‍ ഒരുപക്ഷേ സ്വന്തം വീട്ടുകാരെ കൂടാതെ പലരെയും ആശ്രയിച്ച് കാണും. വീട്ടുകാര്‍ ആണെങ്കില്‍ കുറച്ച് കൂടി സ്വാതന്ത്ര്യവും, ആശ്രയവും കൂടും എന്നാണ് എന്റെ പക്ഷം. പക്ഷേ വരുന്ന തലമുറക്ക് സ്വന്തമായി ജീവിതം തുടങ്ങി വെക്കാന്‍ അവസരം കൊടുക്കുകയും, അത് വഴി ജീവിതത്തിന് തന്നെ ഒരു കൂട്ടുത്തരവാദിത്വം വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ബന്ധുക്കളുടെയും വീട്ടുകാരുടെ ഇടപെടലുകളും പല വിവാഹബന്ധങ്ങളും തകര്‍ച്ചയിലേക്ക് നയിക്കുന്നുണ്ട്. ഒരു കുടുംബം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ പങ്കാളികള്‍ ഒരുമിച്ച് ഒറ്റക്ക് ആവുന്നതാണ് എന്തുകൊണ്ടും നല്ലത് എന്നാണ് എന്റെ ഒരു അഭിപ്രായം.

ആ ഒരു കാര്യത്തില്‍ വിദേശ രാജ്യങ്ങളിലെ ചില ഏര്‍പ്പാടുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഇസ്രായേലില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സമ്പ്രദായമാണ്, ഒരു പുരുഷന് വിവാഹ പ്രായമാകുമ്പോള്‍ അവന്‍ സ്വന്തം കാലില്‍ നില്‍ക്കുകയും ജീവിതപങ്കാളിയെ കണ്ടെത്തിയാല്‍ സ്വന്തമായി ഒരു ഭവനം പണിയുവാന്‍ ഉദ്യമിക്കുകയും ചെയ്യും. വീട് പണി പൂര്‍ത്തീകരിച്ചതിനു ശേഷമായിരിക്കും വിവാഹം.  വിവാഹശേഷം പ്രതിശ്രുത വരനും വധുവും ആ വീട്ടില്‍ ആയിരിക്കും താമസം.


വീട്ടുകാര്‍ തീരുമാനിച്ചു ഉറപ്പിച്ച വിവാഹബന്ധങ്ങള്‍ എത്രയോ തകരുന്നു, പക്ഷേ ജനങ്ങള്‍ എപ്പോഴും നിരീക്ഷിക്കുന്നത് പ്രണയ വിവാഹിതരെ ആയിരിക്കും. എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി, അവള്‍ക്ക് സാഹസം ചെയ്യാന്‍ വയ്യ! വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വീട്ടുകാരെ കുറ്റം പറഞ്ഞാല്‍ മതിയല്ലോ എന്ന്. അപ്പോള്‍ വീട്ടുകാര്‍ എന്തായി, ഭാരം തീര്‍ക്കാന്‍ ചെയ്തത് വിപരീത ഫലമാണ് ഉണ്ടായത്. എന്തിനും ഏതിനും അവള്‍ ആശ്രയിക്കുന്നത് വീട്ടുകാരെയാണ്. മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ അത് ഒരു ഭാരമായും തോന്നുന്നു.

ഏതു രീതിയില്‍ വിവാഹം കഴിച്ചാലും ഹൃദയങ്ങളില്‍ പ്രണയവും പരസ്പരം  സൗഹൃദവും ഇല്ലെങ്കില്‍ ആ ബന്ധം അധിക കാലം നിലനില്‍ക്കില്ല എന്നാണ് എനിക്ക് മനസ്സിലാകുന്ന സത്യം. ഇപ്പോഴും പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും കടിച്ചു തൂങ്ങാതെ, മാറ്റങ്ങളെ സ്വാഗതം ചെയ്യൂ.

വിവാഹം ആരുടെ മേലും അടിച്ചേല്‍പ്പിക്കാതെ വ്യക്തികള്‍ക്ക് വിട്ട് കൊടുക്കുക. ആരെ വിവാഹം കഴിക്കണമെന്നുള്ളതും ആ വ്യക്തിയുടെ ഇഷ്ടമാണ്. മാറ്റങ്ങള്‍ എല്ലാ കാര്യങ്ങളിലും വരിക തന്നെ വേണം. ജാതി / മത ഭേദമന്യേ രണ്ടുവ്യക്തികള്‍ കൂടി ചേരുമ്പോള്‍, അവിടെ സംസ്‌കാരങ്ങളുടെ സമ്മേളനവും ബന്ധങ്ങളുടെ പുതിയ അര്‍ത്ഥ തലങ്ങളും കടന്നു വരും. അവര്‍ കൂടുതലും മനുഷ്യത്വം ഉള്ളവരായിരിക്കും.

വിവാഹം പ്രണയിച്ചു വേണോ വീട്ടുകാര്‍ നിശ്ചയിച്ചു ഉറപ്പിച്ചത് വേണോ എന്നുള്ള ചോദ്യത്തിന് ഈ കാലത്ത് പ്രസക്തി ഇല്ലെന്ന് തോന്നുന്നു. വരും തലമുറ ലിവിംഗ് ടുഗദര്‍ ആണ് ആഗ്രഹിക്കുന്നത് എന്നാണ് എന്റെ ഒരു കണ്ടെത്തല്‍. ഇപ്പൊള്‍ തന്നെ പലരും അങ്ങനെ മനോഹരമായി ജീവിക്കുന്നുണ്ട്. ഇങ്ങനെ ജീവിക്കുന്നവരെ കുടുംബത്ത് കയറ്റുവാന്‍ കൊള്ളാത്തവര്‍ എന്ന് മുദ്ര കുത്തുന്നവരും ഉണ്ട്. രണ്ട് പേര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെച്ചാലും വിവാഹം നടന്നു. അനാവശ്യമായ ചിലവുകളും വിവാഹ പേക്കൂത്തുകളും വിവാഹം കൂടാന്‍ വരുന്നവരുടെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളില്‍ നിന്നുമെല്ലാം ഇങ്ങനെ ഉള്ള തീരുമാനങ്ങള്‍ക്ക് തടയിടാന്‍ ആകും. മുന്‍പോട്ടുള്ള ജീവിതം വിവാഹിതര്‍ക്കും കൂടി ഉള്ളതാണെന്ന ബോധവും കൂടെയുള്ള ഓരോരുത്തര്‍ ഓര്‍ത്താല്‍ നന്ന്.


 

click me!