Latest Videos

ഇത്‌ വിധിയല്ല; വിലകൊടുത്ത് വാങ്ങുന്ന മരണമാണ്

By Raselath LatheefFirst Published May 26, 2020, 6:03 PM IST
Highlights

എനിക്കും പറയാനുണ്ട്. വീട്ടകങ്ങളിലെ കൊലകള്‍: ഉത്തരവാദികള്‍ നമ്മള്‍ കൂടെയാണ് റെസിലത്ത് ലത്തീഫ് എഴുതുന്നു
 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

മകളുടെ മരണശേഷം ആര്‍ത്തു നിലവിളിക്കുന്ന ആ അമ്മയെ കണ്ടപ്പോള്‍ കണ്ണുനീര് തുടച്ചു കൊണ്ട് സ്ത്രീജനങ്ങള്‍ പറഞ്ഞു: 'പാവം എങ്ങനെ വളര്‍ത്തി വലുതാക്കിയ കുഞ്ഞാണ്; എന്തോരം പൈസയും സ്വര്‍ണവും കൊടുത്തു കെട്ടിച്ചതാ', ഒപ്പം മേമ്പൊടിക്കൊരു ദീര്‍ഘ നിശ്വാസം കൂടി. ഉമ്മറത്തെ കസേരമേല്‍ ഇളകിയിരുന്നുകൊണ്ട് പുരുഷപ്രജകള്‍ ഏറ്റു പറഞ്ഞു: 'അവന്റെ സ്വഭാവം ശരിയല്ലാരുന്നു, മുമ്പും ആ പെണ്ണിനെ ഉപദ്രവിച്ചിട്ടുണ്ടെന്നേ. എന്നാ ചെയ്യാനാ ആ കൊച്ചിന്റെ വിധി.'

നോക്കൂ നിങ്ങളീ പറയും പോലെ അത് വിധിയല്ല; വിലയിട്ടു നിര്‍ത്തി വാങ്ങിക്കൊടുക്കുന്ന മരണമാണ്. ദുരഭിമാനത്തിന്റെ പേരില്‍ കൊലക്ക് കൊടുക്കുന്നതാണ്. സ്വര്‍ണ്ണവും സ്വത്തുക്കളും നല്‍കി ഉണ്ടാക്കിയെടുക്കുന്ന കുടുംബ ബന്ധങ്ങളുടെ പാളിച്ചയാണ്. കല്യാണം എന്ന ഒരൊറ്റ കാര്യമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പറഞ്ഞ് സമൂഹം ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രത്യേക തരം കുടുംബ ബന്ധങ്ങളുടെ പ്രശ്‌നമാണ്. അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളാണ്. പുരുഷാധിപത്യപരമായ സാമൂഹ്യ ക്രമം നമ്മുടെ സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യം മരണമോ മരണതുല്യമായ സമവായങ്ങേളാ ഒക്കെയാണ്. അതിന്റെ ഇരയാണ് ഭര്‍ത്താവ് കൊണ്ടുവന്ന പാമ്പിന്റെ വിഷം ഇല്ലാതാക്കിയ ആ പെണ്‍കുട്ടി. 

ഭര്‍തൃവീടുകളിലെ പീഡനങ്ങളെ നോര്‍മല്‍ ആയി കാണുന്ന സമൂഹമാണ് നമ്മുടേത്. അടിയും പീഡനങ്ങളുമൊക്കെ സഹിക്കാനുള്ള പരിശീലനമാണ് പലപ്പോഴും സ്ത്രീയ്ക്ക് കുടുംബജീവിതം. അതില്‍നിന്ന് രക്ഷപ്പെടാനുള്ള വാതിലുകള്‍ അടഞ്ഞടഞ്ഞു പോവുമ്പോഴണ് പലരും ആത്മഹത്യയില്‍ അഭയം തേടുന്നത്. മറ്റു ചിലരെ അതിനുമുമ്പേ, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ ഇല്ലാതാക്കും. 

 

...........................................................

Read more: ദാമ്പത്യത്തിന്റെ പേരില്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കണോ? 
...........................................................

 

അത്രമേല്‍ സഹിക്കാനാവാതെയാകും ആശ്വാസത്തിനായി സ്വന്തം വീട്ടിലേക്ക് ഒരുവള്‍ ഓടിവരുന്നത്. അപ്പോള്‍ തുടങ്ങും നാഴികയ്ക്ക് നാല്‍പതു വട്ടമുള്ള ഉരുവിടല്‍:  'നീയൊന്നു ക്ഷമിക്ക്, പെണ്ണായാല്‍ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം. അതൊക്കെ കുറച്ചു കഴിയുമ്പോ അങ്ങ് മാറിക്കോളും'. ഇത് കേള്‍ക്കുമ്പോ തന്നെ ഒരുവിധം അന്തസ്സ് ബാക്കിയുള്ള പെണ്ണ് തിരികെ പോകും. ഈ വാക്കുകള്‍ ആണ് അവരെ പിന്നീട്, ഒരിക്കലും എങ്ങോട്ടും പോകാതെ, ഒരിക്കലും തിരിച്ചു വരാതെ ഏതെങ്കിലുമൊരു മോര്‍ച്ചറി മേശയിലെ അസ്വാഭാവിക മരണത്തിന്റെ കടലാസ് താളുകളില്‍ എഴുതി ചേര്‍ക്കുന്നത്. 

സ്വന്തം മകളുടെ ഭാവിക്കായി 100 പവനും മൂന്ന് ഏക്കര്‍ സ്ഥലവും പ്രതിമാസം 8000 രൂപയും ഒടുവില്‍ മരണവും വാങ്ങിക്കൊടുത്ത ഹതഭാഗ്യവാനായ അച്ഛന്‍. ആ പൈസ ബാങ്കില്‍ ഇട്ട് തങ്ങളുടെ കാലശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ഉത്തരവാദിത്തം ഏല്‍പിച്ചിരുന്നെങ്കില്‍ ഇന്ന് ഇത്രയേറെ കുറ്റബോധം തോന്നില്ലായിരുന്നു; ബുദ്ധിമുട്ടുകള്‍ പറഞ്ഞ മകളെ ഭര്‍ത്താവിനോടൊപ്പം അയക്കാതെ കൂടെ നിര്‍ത്തിയെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു. അത് സാദ്ധ്യമല്ലാതാക്കി മാറ്റുന്നത് തികച്ചും സ്ത്രീവിരുദ്ധമായ നമ്മുടെ സാമൂഹ്യ ക്രമം തന്നെയാണ്. പീഡനം എന്നത് നോര്‍മലായി കാണുന്ന സാമൂഹ്യ ക്രമം. കാശ് മുടക്കി ഉണ്ടാക്കിയെടുക്കേണ്ട ഒന്നായി വിവാഹത്തെ കാണുമ്പോള്‍ അതൊരു കച്ചവടം തന്നെയാണ്. എല്ലാം കച്ചവടത്തിനും റിസ്‌ക് കൂടപ്പിറപ്പാണ്. ആ റിസ്‌കാണ് വീട്ടകങ്ങളിലെ പീഡനം. അതിനെ അതിജീവിക്കലാണ് പെണ്ണിന്റെ  മിടുക്ക്. സഹനവും ക്ഷമയും സമവായവുമാണ് അതിനുള്ള പാഠങ്ങള്‍. അവ സ്വായത്തമാക്കുന്നവരാണ് മികച്ച കുടുംബിനികള്‍. കുലസ്ത്രീകള്‍. 

ഒരുപാട് മാതാപിതാക്കള്‍ക്കുള്ള ഉദാഹരണമാണ് അവള്‍. മുഖങ്ങള്‍, കൊല്ലപ്പെടുന്ന രീതികള്‍ ഇത് മാത്രമേ മാറൂ. നേരിടേണ്ടി വരുന്ന പീഡനങ്ങളോ അതിജീവന പ്രതിസന്ധികളോ മാറുന്നേയില്ല. കുടുംബത്തിന്റെ അന്തസ്, ദുരഭിമാനം, അയലത്തെ കുത്തിത്തിരിപ്പു ചര്‍ച്ചകളിലെ ചോദ്യങ്ങള്‍. ഇങ്ങനെ അനേകം കാര്യങ്ങളാണ് എല്ലായിടത്തും പെണ്‍കുട്ടികളുടെ കുടുംബ ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. ഒരു പെണ്ണിന് ആ ഒത്തുതീര്‍പ്പില്‍ നിന്ന് പിന്മാറണമെങ്കില്‍ ചാടിക്കടക്കേണ്ട കടമ്പകള്‍ ആണ്‍ലോകത്തിന് ഊഹിക്കാന്‍ കഴിയുന്നതിലും ഏറെ അധികമാണ്. അതിന് കൊടുക്കേണ്ടി വന്ന വില ജീവിതം തന്നെയാണ്.  

പോറ്റി വളര്‍ത്തി വലുതാക്കി അവസാനം വിലപേശി വില്‍ക്കപ്പെടുന്ന ജന്മങ്ങള്‍ വീട്ടുകാരുടെ നെഞ്ചിലെ തീ, ബാധ്യത എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ എന്നുമെപ്പോഴും തളച്ചിടുന്ന പെണ്‍ജന്‍മങ്ങള്‍. അന്യന്റെ വീട്ടില്‍ പോകേണ്ടവള്‍ എന്ന് നാഴികക്ക് നാല്പതുവട്ടം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന വെറും ചുവരുകള്‍ക്കുള്ളിലെ താമസക്കാര്‍; ഒരു പകല്‍ മാറുമ്പോള്‍ സ്വന്തം വീട്ടിലെ വിരുന്നുകാരാവുന്നവര്‍. എല്ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ഭര്‍തൃവീട്ടില്‍നിന്നിറങ്ങി സ്വന്തം വീട്ടില്‍ വന്ന് നിന്നാല്‍ മറ്റാരോ മറന്നു വച്ച ഏതോ ഒരു സാധനം അധികപ്പറ്റായി വീട്ടിലെ സ്ഥലം മിനക്കെടുത്തുന്ന പ്രതീതിയാവും അവിടെ. ചാക്കില്‍കെട്ടി പുഴകടന്നു കൊണ്ടുപോയി കളഞ്ഞ പൂച്ചക്കുട്ടി വീട്ടില്‍ തിരികെയെത്തുമ്പോള്‍ പോലും അത്രയ്‌ക്കൊരു ഭാവമാറ്റമുണ്ടാവില്ല. ഒരു കുഞ്ഞു കൂടി ഉണ്ടായാല്‍ കഥ പൂര്‍ത്തിയായി.

ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ഇന്നുയരാത്ത കൈകള്‍ നാളെ കണ്ണീര് തുടക്കുമ്പോള്‍ നമ്മളെ തന്നെ വെറുത്തു പോകും. കാത്തുസൂക്ഷിച്ച പൊന്നുമക്കളെ മണ്ണിലേക്ക് ചേര്‍ക്കുമ്പോള്‍ ഓര്‍ക്കണം, അതിനുത്തരവാദികള്‍ ഈ സമൂഹം കൂടിയാണ്.

click me!