സ്ത്രീകളെ അറിയാനും മനസ്സിലാക്കാനും പുരുഷന്‍മാര്‍ക്ക് കഴിയുന്നുണ്ടോ?

By Speak UpFirst Published Aug 16, 2022, 3:31 PM IST
Highlights

സമൂഹത്തിന്റെ ഏറ്റവും ചെറിയ രൂപം വീടാണ്. അവിടെ എങ്ങനെയാണു പുരുഷനും സ്ത്രീയും പരിഗണിക്കപ്പെടുന്നത് എന്നതില്‍ ആണ് കഥ മുഴുവന്‍ ഇരിക്കുന്നത്. 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

സ്വാതന്ത്ര്യം; അത് മനസ്സിന്റെ കൂടി അവസ്ഥയാണ്. സ്വാതന്ത്ര്യം നേടുന്നത് വരെ മാത്രമേ ആ വാക്കിനു തന്നെ പ്രസക്തിയുള്ളൂ. അത് കഴിഞ്ഞാല്‍, കടലിലെ ഉപ്പു പോലെ, ആര്‍ക്കും നേരിട്ട് കാണാന്‍ പറ്റാത്ത, അഭാവത്തില്‍ മാത്രം അറിയാന്‍ പറ്റുന്ന ഒന്നാണ് ഇത്.

വാക്കുകളുടെ വില അറിയാന്‍, ഒരിക്കലെങ്കിലും നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ എന്ന് പറയുന്ന പോലെ ആണത്. ഉള്ളില്‍ നാം എന്താണെന്നുള്ളത്, നമ്മുടെ ആശയപരത, സര്‍ഗ്ഗശേഷി എന്നിവയൊക്കെ പുറത്തേക്ക് പ്രകടിപ്പിക്കാനുള്ള അവസരങ്ങളെ അടിച്ചമര്‍ത്താതെ  അതാവിഷ്‌കരിക്കാനുള്ള ഇടവും സമയവും നാം ഓരോരുത്തര്‍ക്കും ലഭിക്കുക എന്നുള്ളതാവണം സ്വാതന്ത്ര്യം എന്നുള്ളത് കൊണ്ട് ഓരോ വ്യക്തിയും  ഉദ്ദേശിക്കുന്നത്.

ഓരോരുത്തരും അവരവരുടേതായ രീതികളില്‍ വളരെ അതുല്യരാണ്. മനുഷ്യര്‍ ഓരോ മേഖലകളിലും കാലാകാലങ്ങളായി കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല്‍, കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ആത്യന്തികമായി ഓരോ മനുഷ്യനും വേണ്ട സ്വാതന്ത്ര്യം എന്ന് പറയുന്നത് അവനവന്റെ തെരഞ്ഞെടുപ്പുകളിലുള്ള സ്വാതന്ത്ര്യം ആണ്, ബഹുമാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്; സമൂഹത്തിലെ ഒരംഗം എന്ന നിലയിലും, വ്യക്തി എന്ന നിലയിലും.

ഇനി സമൂഹത്തിലേക്ക് വരാം. ഒരു വ്യക്തി എന്ന നിലയില്‍ പുരുഷനും സ്ത്രീയും രണ്ടു വ്യത്യസ്ത അറ്റങ്ങളായി തന്നെയാണ് നാം ഇപ്പോഴും കണ്ടു പോരുന്നത്. പരസ്പര പൂരകങ്ങള്‍ ആയി ചേര്‍ന്ന് നില്‍ക്കേണ്ടവര്‍ തന്നെയാണവര്‍. നമ്മുടെ ഭാരതത്തിലെ അര്‍ദ്ധനാരീശ്വര സങ്കല്‍പം ഒക്കെ അതിനു ഉദാത്തമായ തെളിവാണ്. എന്നാല്‍, പലപ്പോഴും പുരുഷന് സമൂഹം കല്പിച്ചു നല്‍കുന്ന പല പദവികളും, ഗുണങ്ങളും സ്ത്രീകളുടെ കാര്യത്തില്‍ ചോദ്യചിഹ്നം പോലെ തുറിച്ചു നോക്കാറുണ്ട്.

സമൂഹത്തിന്റെ ഏറ്റവും ചെറിയ രൂപം വീടാണ്. അവിടെ എങ്ങനെയാണു പുരുഷനും സ്ത്രീയും പരിഗണിക്കപ്പെടുന്നത് എന്നതില്‍ ആണ് കഥ മുഴുവന്‍ ഇരിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിയില്‍ അല്ല, നാം ഓരോരുത്തരിലും ആണ്. ഒരാണ്‍കുഞ്ഞിനുള്ള അതേ പ്രാധാന്യത്തോടെ ഒരു പെണ്‍കുഞ്ഞിനേയും പരിഗണിച്ചു നോക്കൂ. 

കുഞ്ഞുങ്ങളാണ്, അവര്‍ സന്തോഷിക്കും, കരയും, ദേഷ്യപ്പെടും, വികാരങ്ങള്‍ പ്രകടിപ്പിക്കും. അതിനിടയില്‍, 'ആണ്‍കുട്ടികള്‍ ഇങ്ങനെ കരയാന്‍ പാടില്ല, പെണ്‍കുഞ്ഞുങ്ങള്‍ ഉറക്കെ ചിരിക്കാന്‍ പാടില്ല' എന്നുള്ള വിശദീകരണങ്ങളുടെ ആവശ്യമുണ്ടോ? മരം കയറിയാലും, രാത്രി പുറത്തു പോയാലും രണ്ടു പേര്‍ക്കും ഒരേ റിസ്‌ക്  തന്നെ അല്ലേ?റ ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും പരസ്പരം പെരുമാറാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അത് പിന്തുടരും. അച്ഛനും,അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും, തമ്മില്‍ പരസ്പരം സംസാരിക്കുമ്പോള്‍, ജോലികള്‍ പങ്കിടുമ്പോള്‍, അസുഖങ്ങളിലും വേദനകളിലും താങ്ങാവുമ്പോള്‍, അത് കാണുന്ന കുഞ്ഞുങ്ങളിലും ആ കാര്യങ്ങളെല്ലാം ആഴത്തില്‍ പതിയാതിരിക്കുമോ??

സ്വയം പര്യാപ്തത നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ദൈനംദിന കാര്യങ്ങളായ പാചകം, വൃത്തിയാക്കല്‍ ഇത്യാദി കാര്യങ്ങളെല്ലാം പെണ്ണിനും ആണിനും ഒരുപോലെ വേണ്ടതാണ്. കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെണ്ണ് അതൊക്കെ ചെയ്യുമെന്ന് ആണ്‍കുട്ടിയോ, കല്യാണം കഴിക്കാന്‍ വേണ്ടി ഇതൊക്കെ പഠിക്കണം എന്ന് പെണ്‍കുട്ടിയോ കരുതേണ്ട ആവശ്യമില്ല. നിലനില്‍പ്പിന്റെ കാര്യം ആയോണ്ട് രണ്ട് പേര്‍ക്കും അത് ചെയ്യാവുന്നതേയുള്ളൂ. അത് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ പഠിപ്പിച്ചു കൊടുത്താല്‍, പരസ്പരം പങ്കു വെച്ച് ചെയ്യുന്ന ശീലം അവരില്‍ വന്നോളും. വളര്‍ന്നു വരുമ്പോള്‍ അവര്‍ അവരുടെ ജീവിതത്തിലും അതു പോലെ തുടര്‍ന്നോളും. കുഞ്ഞുപ്രായത്തില്‍ ഉള്ളില്‍ പതിയുന്നത് എന്നേക്കുമുള്ളതാണല്ലോ.

പൂര്‍ണമായും സമൂഹത്തിലെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് നമുക്കാര്‍ക്കും ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ലെന്നിരിക്കേ, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ള ഒരു ചിന്തക്ക് എന്ത് പ്രസക്തിയാണുള്ളത്? ഒരു തരത്തില്‍ ശരിതെറ്റുകള്‍ പോലും ആപേക്ഷികം ആണല്ലോ. അതുകൊണ്ട് തന്നെ, മനസിലാക്കാന്‍ പറ്റുന്നവര്‍ക്ക് നമ്മളെ മനസിലാവും. മറ്റൊരാളെ ഹനിക്കാത്ത തരത്തില്‍, സ്വന്തം ജീവിതത്തില്‍ നമുക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നോക്കൂ. ജീവിതം എന്ത് മനോഹരമാവും??

ഇമ്പച്ചരട്  പൊട്ടാതെ, അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കാന്‍ ശീലിച്ചു നോക്കൂ. മനസിലാക്കാന്‍ ശ്രമിച്ചു നോക്കൂ. തുറന്നു സംസാരിച്ചു നോക്കൂ. കേള്‍ക്കാന്‍ മനസ് കാണിക്കൂ. ഇത് വരെയുമില്ലാത്ത തരത്തില്‍ നമുക്കുള്ളില്‍ ശക്തിയും, സ്‌നേഹവും നിറയുന്നില്ലേ? അന്യോന്യം പ്രോത്സാഹിപ്പിച്ചു നോക്കൂ. വേണ്ട സാഹചര്യങ്ങളില്‍ പിന്തുണ നല്‍കൂ. നിങ്ങളില്‍ വെളിച്ചവും സമാധാനവും നിറയുന്നില്ലേ??

സാഹചര്യങ്ങള്‍ മാറുന്നുണ്ട്. വിദ്യാഭ്യാസം നമുക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.  ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുകയും, നമ്മുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നിടങ്ങളില്‍ തലയുയര്‍ത്തി നാം ആകാശത്തോളം ഉയരുക തന്നെ ചെയ്യും.

അതിനാല്‍, ഈ ദുനിയാവിലെ സകലമാന ആളുകളോടും ഒന്ന് പറഞ്ഞുകൊള്ളട്ടെ, 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. 

ഓര്‍ക്കുക,                                                                

'പട്ടം പോലെ പറന്നു പൊങ്ങുക
നൂല്‍ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങട്ടെ'
 

click me!