Latest Videos

First Kiss : അവന്റെ ആദ്യ ചുംബനം, എന്റെയും...

By Tulu Rose TonyFirst Published Mar 12, 2022, 4:06 PM IST
Highlights

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

അവന്റെ നെഞ്ചുയര്‍ന്ന് താഴുന്നത് എനിക്കടുത്ത് കാണാം. കവിളുകളിലേക്ക് ഇരച്ച് കയറുന്ന നാണത്തില്‍ എന്റെ ചുണ്ടുകള്‍ വിറച്ചു. കണ്ണുകളടച്ച് അവന്റെ ചുണ്ടുകളെ സ്വാഗതം ചെയ്തു. ആ ഒരു നിമിഷം! 

 

 

ആദ്യമായി കിട്ടിയ ഉമ്മ ഓര്‍മ്മയുണ്ടോ? അതാരായിരുന്നു തന്നത് എന്ന് ഓര്‍മ്മയുണ്ടോ? 

എനിക്കോര്‍മ്മയുണ്ട്. 

അന്നവന്‍ വീട്ടില്‍ വന്ന് കയറിയപ്പോള്‍ ഞാനായിരുന്നു വാതില്‍ തുറന്നത്. അതവനായിരിക്കും എന്നെനിക്കും വാതില്‍ തുറക്കുന്നത് ഞാനായിരിക്കും എന്നവനും ഉറപ്പായിരുന്നു. അതാണ് പ്രണയത്തിന്റെ ശക്തി. എല്ലാം തനിയേ ചേരുംപടി ചേര്‍ത്ത് കൊണ്ടിരിക്കും. ഒരു അദൃശ്യ ശക്തിയുടെ ഇടപെടല്‍ പോലെ. 

ആരും അടുത്തില്ലാതിരുന്നത് കൊണ്ടാവും എനിക്കവനെ മുഖാമുഖം കണ്ടപ്പോള്‍ ആദ്യമായി ചമ്മല്‍ വന്നു. എല്ലാവരുമുണ്ടെങ്കില്‍ നാണം കുണുങ്ങി എന്നോട് സംസാരിച്ചിരുന്ന അവനാകട്ടെ, ഒരാണിന്റെ ചങ്കൂറ്റത്തോടെ എന്നെ നോക്കി. ഞാന്‍ ചൂളിക്കൊണ്ടേയിരുന്നു. എന്റെ കൈ വിയര്‍ക്കുന്നത് എനിക്കറിയാമായിരുന്നു. 

ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍!

അയ്യോ വരണ്ട! വന്നാലിവനെ ഇങ്ങനെ കാണാന്‍ പറ്റില്ല. മനസ്സില്‍ പ്രണയവും സദാചാരവും തമ്മില്‍ യുദ്ധം നടക്കുന്നു. അവസാനം പ്രണയത്തെ ഞാന്‍ ജയിപ്പിച്ചു. സദാചാരത്തെ തൂക്കിയെറിഞ്ഞു.

അവന്‍ തന്ന ഒരു കാര്‍ഡ് ഞാന്‍ വാങ്ങുമ്പോള്‍ അവന്റെ കണ്ണുകളിലേക്ക് നോക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. 

'എന്താ ഇത്?'

'വായിച്ച് നോക്ക്.''

കൈ വിറക്കുന്നത് കൊണ്ട് കവറില്‍ നിന്ന് കാര്‍ഡ് എടുക്കാനും പറ്റുന്നില്ല. അവസാനം എടുത്ത് തുറന്നപ്പോള്‍ ,

ഹയ്യോ ഇംഗ്ലീഷ്! അത് പിന്നെ ടെന്‍ഷന്‍ വന്നാലെനിക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ല. ആദ്യമായി കിട്ടുന്ന ഒരു പ്രണയ കാര്‍ഡാണ്. അര്‍ത്ഥം മനസ്സിലാക്കി വായിക്കണം.

വെപ്രാളം അവനെ അറിയിക്കാന്‍ പറ്റില്ല. അറിഞ്ഞാല്‍...


'നിനക്കെന്നെ ഇഷ്ടമല്ലേ?'

ഓ ഇതിനൊക്കെ എന്നാ പറയാനാ?

'ആലോചിക്കണോ?'

'അയ്യോ, വേണ്ട.'

'എന്നാ പറ.'

'എന്ത്?'

'ഇഷ്ടമാണെന്ന്.'

'പറഞ്ഞാല്‍?'

'പറഞ്ഞാല്‍..... പറഞ്ഞാലൊരുമ്മ തരാം'

'ശ്ശോ പോ അവടന്ന്'

'പറയ്.'

'ഉമ്മയൊന്നും വേണ്ട, പറയാം.'

'എന്നാ പറയ് കേള്‍ക്കട്ടെ.'

അവന്‍ ചെവിയും കൊണ്ടെന്റെ മുഖത്തിനടുത്തേക്ക് വന്നു. 

'എനിക്ക് ഇഷ്ടമാണ്.'

'ഒന്നൂടെ പറ.'

'എനിക്കിഷ്ടമാണ്. ഇഷ്ടമാണ്. ഇഷ്ടമാണ്.'

അവന്റെ മുഖത്തേക്കെന്നല്ല, തല ഒന്നുയര്‍ത്താന്‍ പോലും പറ്റുന്നില്ലായിരുന്നു എനിക്ക്. 

പിടിച്ചുമ്മ വെച്ച് കളയുമോ എന്ന പേടിയും അതിലേറെ ആകാംക്ഷയും ആയിരുന്നെനിക്ക്. 

അവനുമ്മ വെച്ചില്ല എങ്കില്‍ സത്യമായും എനിക്ക് സങ്കടം വരുമായിരുന്നു. കാരണം, ആദ്യമായി കിട്ടുന്ന ഒരുമ്മയുടെ വിലയിടാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

കൈയിലുണ്ടായിരുന്ന ഒരു കിറ്റ്കാറ്റ് എനിക്ക് നീട്ടി കൊണ്ടവന്‍ എന്റരുകിലേക്ക് വന്നു. അവനെപ്പോഴെന്നെ കാണാന്‍ വന്നാലും ഒരു കിറ്റ്കാറ്റില്ലാതെ വരില്ലായിരുന്നു . അതില്ലെങ്കില്‍ ഞാനുണ്ടാക്കുന്ന വഴക്ക് താങ്ങാനവനെ കൊണ്ട് പറ്റുകയുമില്ലായിരുന്നു.

(എന്നോടാ കളി)

അന്നെന്തോ, എനിക്ക് അത് വാങ്ങാന്‍ തോന്നിയില്ല. അവസാനം അവന്‍ തന്നെ പായ്ക്കറ്റ് പൊട്ടിച്ച് ഒരു കഷ്ണം തന്നു. 

'വായ തുറന്നേ.'

ഇല്ല എന്ന് ഞാന്‍ തലയാട്ടി. 

അവനടുത്തേക്ക് വന്നു. ഞാനനങ്ങിയില്ല. പുറകിലോട്ട് നീങ്ങിയാലത് ഭീരുത്വമല്ലേ?

ഉമ്മ കിട്ടിയാലും വേണ്ടില്ല, ഒരു ഭീരു ആകാന്‍ വയ്യ എനിക്ക് വയ്യ. ഞാന്‍ ഒല്ലൂരിന്റെ ഝാന്‍സി റാണിയാണ്.

എന്നെ തൊട്ടു - തൊട്ടില്ല എന്ന മട്ടിലവന്‍ നിന്നു. 

അവന്റെ നെഞ്ചുയര്‍ന്ന് താഴുന്നത് എനിക്കടുത്ത് കാണാം. കവിളുകളിലേക്ക് ഇരച്ച് കയറുന്ന നാണത്തില്‍ എന്റെ ചുണ്ടുകള്‍ വിറച്ചു. കണ്ണുകളടച്ച് അവന്റെ ചുണ്ടുകളെ സ്വാഗതം ചെയ്തു.

ആ ഒരു നിമിഷം! 

ആ ഒരു നിമിഷത്തില്‍ തന്നെ കിച്ചു ഒറ്റ ചാട്ടമായിരുന്നു, ജിത്തുവിന്റെ ശരീരത്തിലേക്ക്. 

കൈയിലുണ്ടായിരുന്ന കിറ്റ്-കാറ്റും കടിച്ചെടുത്ത് കിച്ചു ഓടിയപ്പോള്‍ നടുവടിച്ച് വീണത് പാവം ജിത്തു ആയിരുന്നു.

പട്ടിയാണെലെന്താ, അന്തസ്സ് വേണം അന്തസ്സ്. ഒരുത്തനിവിടെ ഉമ്മ വെക്കാന്‍ പോകുമ്പോഴാണോടാ നായിന്റെ മോളേ കിറ്റ്-കാറ്റ് തിന്നണത്. 

അവിടുന്നിറങ്ങുമ്പോള്‍ ജിത്തു കിച്ചുവിന്റെ അപ്പൂപ്പനേം അമ്മൂമ്മേനേം ഒക്കെ ചീത്ത വിളിച്ചു. പക്ഷേ, തന്തയില്ലാത്തവളായ ജര്‍മ്മന്‍ ഷെപ്പേഡിന് അതൊന്നും പുത്തരിയേ അല്ലായിരുന്നു.

ഹോ! അന്നുമ്മ വെച്ചിരുന്നെങ്കില്‍ കിച്ചു പട്ടി എല്ലാം അമ്മയോടും അപ്പച്ചനോടും പറഞ്ഞ് കൊടുത്തേനെ. ഭാഗ്യം രക്ഷപ്പെട്ടു.

കിറ്റ്കാറ്റ് വെച്ച് നീട്ടിയപ്പോഴേ തിന്നാല്‍ മതിയാരുന്നു.    
                        
മിഠായീം പോയ്, ഉമ്മയും പോയ്! 

വായനക്കാരുടെ ശ്രദ്ധയ്ക്ക്: കിട്ടുന്ന ഒരുമ്മയും പാഴാക്കരുത്. അതൊക്കെ ഒരു ഹരല്ലെടോ..
 

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!
 

click me!