ഒടിയനും മറുതയും പോരാഞ്ഞ് നീലിയും ഡ്രാക്കുളയും എല്ലാവരും നിരനിരയായി കട്ടിലിന് ചുറ്റും നിന്നു

By Tulu Rose TonyFirst Published Aug 25, 2021, 7:08 PM IST
Highlights

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
 

ഒന്ന് കൂടെ കിടക്കയില്‍ തപ്പി. മില്ലി കിടന്നിടത്ത് അവളില്ല. അവളുടെ കൈയ്യോ കാലോ തലയോ ഒന്നുമില്ല. 

കാലില്‍ നിന്നും ഒരു വിറയലങ്ങോട്ട് തുടങ്ങിയിട്ട് എണീക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥയിലായി. പ്രത്യേക അവസ്ഥ! 

 

 

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാനും ആ സിനിമ കണ്ടത്. 

ഞാന്‍ ഗന്ധര്‍വ്വന്‍!

ഉറക്കം വരാത്ത രാത്രികളില്‍ പ്രതീക്ഷയോടെ ജനാല തുറന്ന് മുറ്റത്തെ മൂവാണ്ടന്‍ മാവിലേക്ക് ധൈര്യത്തോടെ നോക്കും. 

എന്റെ ഗന്ധര്‍വ്വാ, ഇറങ്ങി വന്നോളൂ. എല്ലാവരും ഉറങ്ങി.

പാതിരാക്കോഴിയുടെ കരച്ചിലിനിടയിലും ഗന്ധര്‍വ്വസ്വരം കേള്‍ക്കുന്നുണ്ടോ? 

യെവടെ! ഗന്ധര്‍വ്വന്‍ പോയിട്ട് പേരിനൊരു ഒടിയന്‍ പോലും വന്നില്ല. 

എന്നാലും എന്റെയടുത്തേക്ക് വരുന്ന ഗന്ധര്‍വ്വന് ആരുടെ ഛായ ആയിരിക്കും ?

എത്ര മുഖമൊക്കെ വെച്ച് നോക്കിയാലും ഒന്നുമങ്ങോട്ട് മെനയാകുന്നുമില്ല.

പിന്നെ പത്മരാജന്റെ ഗന്ധര്‍വനെ തന്നെ ഞാനും സ്വപ്നം കണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഞാനും മില്ലിയും അമ്മാമ്മയും അമ്മയും കൂടെ തീ പിടിച്ച ചര്‍ച്ച ഉണ്ടായി. 

വിഷയം ഭൂത-പ്രേത-പിശാചുക്കള്‍!

രാത്രിയുടെ ഏതോ ഇരുണ്ട യാമങ്ങളിലാണ് പോലും യക്ഷികളുടേയും ഒടിയന്മാരുടേയും ഗന്ധര്‍വ്വന്മാരുടേയും സഞ്ചാരം. 
 
അമ്മാമ്മയൊക്കെ കണ്ടിട്ടുണ്ടത്രെ ഒടിയനേം മറുതയേം ഒക്കെ. അപ്പാപ്പനും അമ്മാമ്മയും സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വരുമ്പോള്‍ പോത്തായും പട്ടിയായും വവ്വാലായും വന്ന് ഒടിയന്‍ പേടിപ്പിക്കുമായിരുന്നത്രേ.

പിന്നൊരു പിശാശുണ്ട്, ചങ്ങലപ്പൊട്ടി. അതാണവളുടെ പേര്.  അതിസുന്ദരിയാണ് പക്ഷേ കാലില്‍ ചങ്ങല കാണും. ഈ ചങ്ങലയും വലിച്ചാണവളുടെ നടപ്പ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു എന്നുറപ്പായ വീടുകളിലെ ജനാലക്കല്‍ വന്നെത്തി നോക്കും.

വേറെ ഒന്നുണ്ട്, പാതിരാക്കെഴുന്നേറ്റ് പാടത്തേക്ക് നോക്കിയാല്‍ അകലെ തീകത്തുന്നത് കാണും. അടുത്തെത്തുമ്പോള്‍ ആ തീ വേറെ സ്ഥലത്തായിരിക്കും. മനുഷ്യരെ പാതിരാക്ക് മുറ്റത്തിറക്കാനുള്ള മറുതായുടെ വേല!

കഥകേട്ട് കഥകേട്ട് മില്ലിയുടെ കൂടെ ഞാന്‍ കിടന്നുറങ്ങിപ്പോയി. 

അല്ലെങ്കിലും ഈ വക കഥകള്‍ കേട്ട് പേടിക്കുന്നവരൊന്നുമല്ല ഈ ഞങ്ങള്‍!

ഉറക്കം അതിന്റെ ഏതൊക്കെയോ സ്ഥലത്ത് എത്തി നിന്ന സമയത്താണ് ആ ശബ്ദം കേട്ടത്.

ആരുടെയോ അലര്‍ച്ച!

ചാടി എണീറ്റതും കറണ്ട് പോയി. പെട്ടെന്നൊരു പേടി അരിച്ച് വരുന്നത് പോലെ! പിന്നെ, ഒറ്റക്കല്ലല്ലോ. കൂടെ ആളുള്ളത്‌കൊണ്ട് പ്രേതമൊന്നും വരില്ലായിരിക്കും. ഞാന്‍ സ്വയം സമാധാനിച്ചു.

രാത്രി കറണ്ട് പോയാല്‍ എനിക്ക് പണ്ട് കണ്ണ് കാണാന്‍ പറ്റില്ലായിരുന്നു. ഒരു പ്രത്യേക അസുഖം!

ഞാന്‍ ഇരുന്നിടത്ത് തന്നെയിരുന്ന് കട്ടിലില്‍ ഒന്ന് തപ്പി നോക്കി.

'എടീ മില്ലീ...' 

എന്റെ ശബ്ദം പുറത്ത് വരുന്നില്ല എന്നെനിക്ക് മനസ്സിലായി.

ഒന്ന് കൂടെ കിടക്കയില്‍ തപ്പി.

മില്ലി കിടന്നിടത്ത് അവളില്ല. 

അവളുടെ കൈയ്യോ കാലോ തലയോ ഒന്നുമില്ല. 

കാലില്‍ നിന്നും ഒരു വിറയലങ്ങോട്ട് തുടങ്ങിയിട്ട് എണീക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥയിലായി. മറ്റൊരു 
പ്രത്യേക അവസ്ഥ! 

അമ്മാമ്മയുടെ ഒടിയനും മറുതയും അതും പോരാഞ്ഞ് നീലിയും ഡ്രാക്കുളയും എല്ലാവരും നിരനിരയായി എന്റെ കട്ടിലിന് ചുറ്റും വന്ന് നിന്നു.

ഇരുട്ടത്ത് ഏതാണ് വാതില്‍, ഏതാണ് കോണി... ഒന്നുമൊരു പിടിയുമില്ല. 

അനങ്ങാന്‍ പറ്റാതെ കറണ്ട് വരണേ കറണ്ട് വരണേ എന്നും പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആ ശബ്ദം ഞാന്‍ കേട്ടത്. 

ടെറസ്സില്‍ കൂടെ ചങ്ങല വലിച്ച് നീങ്ങുന്നതിന്റെ ശബ്ദം. 

ഇതവള്‍ തന്നെ ചങ്ങലപ്പൊട്ടി! 

ഞാനുറപ്പിച്ചു 

എന്നാലും എന്റെ കര്‍ത്താവേ, ഗന്ധര്‍വ്വനെ വിടാന്‍ പറഞ്ഞിട്ട് ഈ പിശാശിനെയാണോ എന്റടുത്തേക്ക് വിട്ടത്! നല്ല പണിയായി പോയി.

ഒരു ശ്വാസത്തില്‍ കിട്ടിയ ധൈര്യമൊക്കെ ആഞ്ഞ് വലിച്ച് ഇരുട്ടത്ത് കോണിയിറങ്ങി ഓടി. 

'എടീ പട്ടീ, തെണ്ടീ, വൃത്തികെട്ടവളേ നീയെന്നെ ഒറ്റക്കാക്കി പോന്നൂലേ.' - താഴെ എത്തിയതും അവളെ വായില്‍ വന്നതൊക്കെ പറഞ്ഞു.

'അത് പിന്നെ..നിനക്ക് ഭയങ്കര ധൈര്യല്ലേ. അതാ ഞാനോടിയത്.'

'എന്നാ ദേ അവിടെ മറ്റേ ചങ്ങലപ്പൊട്ടി വന്നിട്ടുണ്ട്. ഞാന്‍ കേട്ടു. ഇപ്പോ വരും ഇങ്ങട്.'

ഞങ്ങള്‍ രണ്ട് പേരും പുതപ്പ് വലിച്ച് തലയിലിട്ട് വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് കാതോര്‍ത്തു.

'കിലും കിലും...കലപില കലപില'

അവളും കേട്ടു ചങ്ങലയുടെ ശബ്ദം. പേടിച്ച് വിറച്ച് അനങ്ങാതെ കിടന്ന് ബോധം കെട്ട് എപ്പോഴോ ഉറങ്ങി പോയി. 

രാവിലെ ചങ്ങലപ്പൊട്ടിയെ കണ്ട കഥ വിസ്തരിക്കാന്‍ പല്ല് പോലും തേക്കാതെ മുറ്റത്തേക്കോടി.

'ഇന്നലെ എവ്ട്യാരുന്നാവോ പൂരം? റോഡ് മുഴോനും ആനപ്പിണ്ടാണല്ലോ.' - ന്യൂസ് പേപ്പര്‍ തല തിരിച്ച് വായിച്ച് കൊണ്ട് സിറ്റൗട്ടിലിരിക്കുന്ന അമ്മാമ്മയോട് രാവിലത്തെ കുര്‍ബ്ബാനയും കഴിഞ്ഞ് വന്ന അപ്പാപ്പന്റെ സംസാരം.

പറയുവാന്‍ വന്നത് ഞാനപ്പാടെ വിഴുങ്ങി. 

ചങ്ങലപ്പൊട്ടി വന്ന് ഞങ്ങളെ ജനലില്‍കൂടി നോക്കിയത് വരെ കണ്ടതാണ് ഞാനും അവളും. 

എന്തായാലും ആരും അറിഞ്ഞിട്ടില്ല. നൈസ് ആയി മുങ്ങിയേക്കാം.

'ഡീ ഞാനപ്പഴേ പറഞ്ഞതല്ലേ ഈ ചങ്ങലപ്പൊട്ടികളൊന്നും ഇപ്പോ ഇല്ല്യാന്നേ. ആന ചങ്ങലേം വലിച്ച് പോയേന്യാ നീ ചങ്ങലപ്പൊട്ടി ടെറസ്സില് നടക്കണൂന്ന് പറഞ്ഞത്? ഹഹഹഹ'- കിട്ടിയ അവസരം മില്ലിയും കളഞ്ഞില്ല.

''പുതപ്പിന്റടിയില് പേടിച്ച് വിറച്ച് മുള്ളാന്‍ പോലും എണീക്കാതെ കിടന്നവളാ ഗീര്‍വാണം വിടണേ. വെര്‍തെയല്ലെടീ നിനക്ക് മില്ലീന്ന് പേരിട്ടത്'- ചമ്മല്‍ മറക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല.

അല്ലേലും, ആവശ്യ നേരത്തൊരു ഗന്ധര്‍വ്വനും വരില്ല.

 

 

click me!