അന്ന് മുതല്‍ അവളൊരു കുട്ടിയല്ലാതായി!

By Rini RaveendranFirst Published Aug 19, 2022, 4:50 PM IST
Highlights

ഒരു കുഞ്ഞിനെ മുറിപ്പെടുത്തുക എന്നാല്‍ ആയുഷ്‌കാലത്തേക്ക് നിങ്ങളൊരു മനുഷ്യനെ മുറിപ്പെടുത്തുക എന്ന് കൂടിയാണ്.- ഉള്‍മരങ്ങള്‍. റിനീ രവീന്ദ്രന്‍ എഴുതിയ കോളം തുടരുന്നു
 

'അവളിപ്പോഴും അവളുടെ കുട്ടിക്കാലത്തിന്റെ തടവറയിലാണ്. ഓരോ പുതിയ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴും അവളാ പഴയ മുറിവുകളെ വീണ്ടും കണ്ടുമുട്ടുകയാണ്.'

ജൂഡിത്ത് ലൂയിസ് ഹെര്‍മന്‍ 
(പ്രശസ്ത അമേരിക്കന്‍ സൈക്യാട്രിസ്റ്റ്).


ബിബിസി പനോരമയില്‍ വിക്ടോറിയ ഡെര്‍ബിഷെയര്‍ (Victoria Derbyshire) അവതരിപ്പിച്ച ഒരു പരിപാടി ഉണ്ടായിരുന്നു. 'എസ്‌കേപ്പിംഗ് മൈ അബ്യൂസര്‍' (Escaping my Abuser). ലോക്ക്ഡൗണ്‍ സമയത്തെ ഗാര്‍ഹിക പീഡനങ്ങളെ കുറിച്ചായിരുന്നു അത്. അതുമായി ബന്ധപ്പെട്ട സ്വന്തം അന്വേഷണങ്ങള്‍  അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ, അവര്‍ തന്റെ കുട്ടിക്കാലത്തെ അനുഭവം കൂടി ഓര്‍ത്തെടുക്കുകയുണ്ടായി. 

നല്ല ഓര്‍മ്മകള്‍ പറയാനില്ലാത്ത വീട്

എല്ലാ ദിവസവും അച്ഛന്‍ ജോലി കഴിഞ്ഞുവന്നാല്‍ വിക്ടോറിയയുടെ അമ്മയെ ഉപദ്രവിക്കും. എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കി ബെല്‍റ്റ് കൊണ്ടുള്ള അടിയിലോ മറ്റോ ആവും അവസാനിക്കുന്നത്. അമ്മയെ മാത്രമല്ല, തടുക്കാന്‍ ചെന്നാല്‍ അവള്‍ക്കും കിട്ടും തല്ല്. അതില്‍നിന്നും രക്ഷപ്പെടാനായി അവള്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി രാത്രി കഴിക്കും. പിറ്റേന്ന് രാവിലെ അച്ഛന്‍ ജോലിക്ക് പോയശേഷമാണ് സ്വന്തം വീട്ടിലേക്ക് തിരികെയെത്തുന്നത്.

അവര്‍ക്ക് പന്ത്രണ്ടോ പതിമൂന്നോ വയസുള്ളപ്പോള്‍ (ഇപ്പോളവര്‍ക്ക് 52 വയസ്) ഒരുദിവസം അച്ഛന്‍ അമ്മയെ മുറിക്കകത്തിട്ട് പൊതിരെ തല്ലുന്നത് കണ്ടു. ഇങ്ങനെ തല്ലുകൊണ്ടാല്‍ അമ്മ മരിച്ചുപോകും എന്ന് തോന്നിയ വിക്ടോറിയ നേരെ ഓടി, തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസുകാരോട് 'അമ്മയെ രക്ഷിക്കണേ...' എന്ന് കരഞ്ഞു പറഞ്ഞു. പിന്നീട്, അവള്‍ക്ക് 16 വയസുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിയുകയും അതോടെ ആ അക്രമങ്ങളില്‍ നിന്നും തങ്ങള്‍ മോചിപ്പിക്കപ്പെട്ടുവെന്നും വിക്ടോറിയ ഓര്‍ക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് പരിപാടിയുടെ ഷൂട്ടിനിടയില്‍ പഴയ വീടിനരികിലെത്തുമ്പോള്‍ അവള്‍ ഓര്‍ക്കുന്നത് തനിക്കിവിടെ നല്ല ഓര്‍മ്മകളൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അന്നത്തെ ആ നിസ്സഹായയായ കുഞ്ഞിനെ ഓര്‍ത്ത് അവള്‍ കരയുകയാണ്.

അതേ, ഒരു കുഞ്ഞിനെ മുറിപ്പെടുത്തുക എന്നാല്‍ ആയുഷ്‌കാലത്തേക്ക് നിങ്ങളൊരു മനുഷ്യനെ മുറിപ്പെടുത്തുക എന്ന് കൂടിയാണ്.

സുഷ്‌വിക എന്ന നാലുവയസുകാരി

ഒന്നോ രണ്ടോ മാസം മുമ്പാണ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന പിതാവിനെ ഭയന്ന് അടുത്തുള്ള തോട്ടത്തിലൊളിച്ച ഒരു നാലുവയസുകാരി പാമ്പിന്റെ കടിയേറ്റ് മരിച്ചത്. അത് നടന്നത് നമ്മുടെ തൊട്ടടുത്താണ്, കുലശേഖരത്ത്. അവള്‍ക്കൊപ്പം പറമ്പിലൊളിച്ചവരില്‍ അവളുടെ സഹോദരങ്ങളും ഉണ്ടായിരുന്നു. സ്വന്തം വീട്ടിലിരിക്കേണ്ട കുഞ്ഞാണ് അച്ഛനെ ഭയന്ന് തോട്ടത്തിലൊളിച്ചത്. അവളെയാണ് പാമ്പുകടിച്ചത്.

കുഞ്ഞനിയത്തി തൊട്ടടുത്ത് നിന്നും പാമ്പ് കടിയേറ്റ് മരിച്ചതിന്റെ വേദന, ശേഷിക്കുന്ന രണ്ട് സഹോദരങ്ങള്‍ എക്കാലം മറക്കാനാണ്?

ഒരുപാട് കുഞ്ഞുങ്ങളുണ്ടാവും, മഴയത്തും വെയിലത്തും മഞ്ഞത്തും ഇതുപോലെ കാട്ടിലൊളിക്കേണ്ടി വരുന്നവര്‍. ഇന്നലെയും ഉണ്ടായിരുന്നിരിക്കും, നാളെയുമുണ്ടാവും. എല്ലാവര്‍ക്കും സുഷ്‌വിക എന്ന നാലുവയസുകാരിയെ പോലെ പാമ്പുകടിയേല്‍ക്കില്ല. അവര്‍ക്ക് ഈ ലോകം വിട്ട് പോവേണ്ടി വരില്ല. എന്നാലും, വേദനയും ഭയവും അനിശ്ചിതത്വവും മാത്രം നല്‍കുന്ന ബാല്യകാലം അവരുടെയുള്ളില്‍ കരിനീലിച്ച് കിടക്കുന്നുണ്ടാവും -പാമ്പിന് മാത്രമല്ലല്ലോ വിഷം? വിക്ടോറിയയെ പോലെ സ്വന്തം വീട്ടില്‍ ഒരുകാലമെത്തിച്ചേരുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വീണു പോകുന്നവരായി അവര്‍ മാറും. ബാല്യകാലത്ത് സന്തോഷം മാത്രമുണ്ടായിരുന്ന മനുഷ്യരെ കാണുമ്പോള്‍ 'ഞാന്‍ നിങ്ങളിലൊരാളല്ലല്ലോ' എന്ന് അവരുടെ മനസ് വേദനിക്കും, അതിനി എത്ര പ്രായം ചെന്നാലും.

കാട്ടിലൊളിക്കാനായി, അവരെ പാമ്പിനും കുറുക്കനും വിട്ടുകൊടുക്കാനായി നാമെന്തിനാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്?

 

...................................

Also Read : നമ്മളിലെത്രപേര്‍ സ്വന്തം ജീവിതം ജീവിക്കുന്നുണ്ട്?

Also Read: ഭാവനയും കൂട്ടുകാരും നൃത്തം ചെയ്യുമ്പോള്‍  കയ്പ്പ് തോന്നുന്നവര്‍ക്ക് അറിയാത്ത ചിലതുണ്ട്

...............................

 

അന്ന് മുതല്‍ അവളൊരു കുട്ടിയല്ലാതായി

പന്ത്രണ്ടാമത്തെ വയസിലാണത്രെ ആദ്യമായി അമ്മാവന്‍ അവളെ കയറിപ്പിടിച്ചത്. അച്ഛനും അമ്മയും പണിക്ക് പോയിരുന്നു. അടച്ചുറപ്പില്ലാത്ത വീടായിരുന്നു. അല്ലെങ്കിലും സ്വന്തം അമ്മാവന് എങ്ങനെയുള്ള വീട്ടിലേക്കാണ് വന്നുകൂടാത്തത്? അന്നവള്‍ക്ക് 'ഗുഡ് ടച്ചോ', 'ബാഡ് ടച്ചോ' അറിയില്ലായിരുന്നു. പക്ഷേ, അന്ന് മുതല്‍ അവളൊരു കുട്ടിയല്ലാതായി. പന്ത്രണ്ടാമത്തെ വയസില്‍, സ്വന്തം വീടിന്റെ അടുക്കളയില്‍ വച്ച് അവള്‍ക്ക് തന്റെ ബാല്യം എന്നേക്കുമായി നഷ്ടപ്പെട്ടു. ആണുങ്ങളുള്ള ഒരിടത്തും പിന്നീടവള്‍ക്ക് ഭയം കൂടാതെ നില്‍ക്കാനായിട്ടില്ല. ആരോടും പറയാതെ പറയാതെ ആ വേദന ഉള്ളില്‍ കല്ലിച്ച് കിടന്നു. അയാളെ കാണുമ്പോഴെല്ലാം ഓക്കാനിക്കാന്‍ തോന്നി.

'ബന്ധങ്ങള്‍ വെറും കള്ളങ്ങളാണ്' എന്ന് മുതിരുമ്പോഴേക്കും അവള്‍ ഉള്ളില്‍ 'സ്വന്തം ചോര' കൊണ്ട് തന്നെ എഴുതി വച്ചിരുന്നു. അവള്‍ക്ക് ഭയം കൂടാതെ ആരേയും സ്‌നേഹിക്കാനായില്ല. വിറയലോടെയല്ലാതെ ആരെയും പുണരാനായില്ല. 'മറന്നു കളഞ്ഞേക്കണം' എന്ന രണ്ട് വാക്കാല്‍ നമ്മളെല്ലാം അവള്‍ക്ക് ശക്തി പകരാന്‍ ശ്രമിക്കും. ഒരുപക്ഷേ, അവള്‍ തന്നെ പതിനായിരം വട്ടം അത് സ്വയം പറഞ്ഞു കാണണം അല്ലേ. അല്ലെങ്കിലും ആരെങ്കിലും എക്കാലവും വേദനിച്ച് കൊണ്ട് ജീവിക്കാനാഗ്രഹിക്കുമോ?

വഴിയിലെറിഞ്ഞു കളഞ്ഞ പഴങ്ങള്‍

അവളുടെ അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നു. അച്ഛന്‍ പിണങ്ങി സ്വന്തം വീട്ടില്‍ പോയി താമസം തുടങ്ങി. ഒരുദിവസം അമ്മ വീട്ടിലില്ലാത്ത നേരം അച്ഛന്‍ മക്കളെ കാണാന്‍ വന്നു. അയാളുടെ കയ്യില്‍ അടുത്ത കടയില്‍ നിന്നും വാങ്ങിയ ഒരു കിലോ നേന്ത്രപ്പഴവും കുറച്ച് ബിസ്‌ക്കറ്റും ഉണ്ടായിരുന്നു. പൊടുന്നനെ കയറി വന്ന അമ്മ ആ പഴവും ബിസ്‌കറ്റും പറമ്പിലേക്ക് വലിച്ചെറിഞ്ഞു. നിറയുന്ന കണ്ണുകളോടെ അച്ഛന്‍ തിരികെ നടന്നു. കരഞ്ഞുകൊണ്ട്, ഭയന്നു കൊണ്ട് മക്കള്‍ രണ്ടും അത് നോക്കി നിന്നു. അധികം വര്‍ഷം കഴിയും മുമ്പ് അച്ഛന്‍ മരിച്ചു പോയി. വഴിയിലെറിഞ്ഞു കളഞ്ഞ പഴങ്ങളും അച്ഛന്റെ നിറകണ്ണുകളും അവളെ വേട്ടയാടി, കാലങ്ങളോളം. ഒരുപക്ഷേ, മരണം വരെയും വേട്ടയാടിയേക്കും.

അമ്മ ശരിയായിരുന്നിരിക്കാം. ചിലപ്പോള്‍ അച്ഛനായിരുന്നിരിക്കാം ശരി. കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്കെവിടെയാണ് അച്ഛന്റെയും അമ്മയുടേയും ശരിതെറ്റുകള്‍ തിരിച്ചറിയാനുള്ള കഴിവൊക്കെ? അവരാഗ്രഹിക്കുന്നത് ഭയം കൂടാതെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഉള്ള ഒരു ബാല്യകാലം മാത്രമാവില്ലേ? നോക്കൂ, എത്ര ചെറുതാണ്അവരുടെ ആഗ്രഹങ്ങള്‍!

വെളുത്ത അമ്മയുടെ കറുത്ത മകള്‍

വെളുത്ത അമ്മയ്ക്ക്, വെളുത്ത മകന് ശേഷം ജനിച്ച കറുത്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല പോലും. രണ്ടെണ്ണം അകത്ത് ചെല്ലുമ്പോഴെല്ലാം അവള്‍ കരഞ്ഞുകൊണ്ട് പറയാറുള്ള കഥയാണിത്. പിന്നീട് എത്രയെല്ലാം അമ്മയ്ക്ക് പ്രിയപ്പെട്ടവളായിട്ടും അവളിപ്പോഴും ആ ഓര്‍മ്മയില്‍ കരഞ്ഞുപോവുന്നത് എന്തുകൊണ്ടാവും? 'ആര്‍ക്കും വേണ്ടാത്ത കുഞ്ഞാണ് ഞാന്‍' എന്നൊരു വേദനയെ എല്ലാക്കാലവും അവള്‍ ഉള്ളിലടക്കി പിടിച്ചിരുന്നത് എന്തുകൊണ്ടാവും? 

ഇല്ല, ഒരിക്കലും മന:പൂര്‍വമാവില്ല -പറഞ്ഞില്ലേ, ആരും വേദനിച്ചു കൊണ്ട് ജീവിക്കാനാഗ്രഹിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന ഒരു ഹൃദയവും കൊണ്ട് നടക്കാന്‍ ലോകത്തൊരാളും ഇഷ്ടപ്പെടുന്നുണ്ടാവില്ല.

...............................

Also Read: സ്‌നേഹിക്കുമ്പോള്‍, നമ്മെ മുറിവേല്‍പ്പിക്കാനുള്ള വാള്‍ കൂടിയാണ് നാം മറ്റൊരാള്‍ക്ക് നല്‍കുന്നത്

Also Read: മുറിപ്പെടുത്തിയവരോട് 'മാപ്പ്' പറഞ്ഞാലെന്താണ്?

...........................

 

ഉള്ളിലുണ്ട്, നിലവിളിക്കുന്ന കുഞ്ഞ്

ഒളിച്ചോടിപ്പോയ അമ്മയും രണ്ടാം വിവാഹം ചെയ്ത അച്ഛനുമുള്ള അനാഥനായിപ്പോയ ഒരു കുട്ടിയെ പഠിപ്പിച്ച അധ്യാപികയായ കൂട്ടുകാരിയുണ്ട്. 'അവന്റെ കണ്ണിലെ തീരാത്ത വിഷാദത്തിലേക്കും പകയിലേക്കും എനിക്ക് നോക്കാന്‍ വയ്യ' എന്നാണ് അവള്‍ പറഞ്ഞിരുന്നത്. 'ഇതൊരിക്കലും അവസാനിക്കില്ലേ എന്ന് എനിക്ക് ഭയമാവുന്നു' എന്നുകൂടി അവള്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും തനിച്ച് മാത്രം നടന്നു പോകാറുള്ള, കണ്ണില്‍ എപ്പോള്‍ വേണമെങ്കിലും പുറത്ത് ചാടാവുന്ന മഴയേയും അഗ്‌നിയേയും ഒരുപോലെ ഒളിപ്പിച്ച ഒരു കുട്ടിയെ ഞാനപ്പോള്‍ മനസില്‍ കണ്ടു.

എത്ര മുതിരുമ്പോഴും നിലവിളിക്കുന്ന ഒരു കുഞ്ഞിനെ ഉള്ളില്‍ കൊണ്ടുനടക്കുന്ന അനേകങ്ങളുണ്ട്. ഒരേ സമയം എല്ലാവരേക്കാളും വേഗത്തില്‍ അവര്‍ മുതിര്‍ന്നു പോവുന്നു. അതേ സമയം തന്നെ ഒരിക്കലും മുതിരാനാവാത്ത കരയുന്നൊരു കുഞ്ഞിനെ അവര്‍ ഉള്ളില്‍ പോറ്റുന്നു. അവര്‍ അതിവേഗം വിഷാദത്തിലേക്ക് വീഴുന്നു, അതിവേഗം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ടു പോവുന്നു. ആരും ആ കുഞ്ഞുങ്ങളെ കാണുന്നേയില്ല.

ഏറ്റുപറച്ചില്‍ നടത്തുന്നു. മുറിഞ്ഞുപോയൊരു ബാല്യമാണ് എന്നെ എഴുതുന്നവളാക്കിയത്. 

എവിടെയോ വായിച്ചതോര്‍ക്കുന്നു, 'ബാല്യത്തിലെ ഈ അനുഭവങ്ങളാണ് നിന്നെ കരുത്തുള്ളവളാക്കിയത്.' എനിക്ക് വേണ്ടത് ഭാവിയില്‍ കരുത്തുള്ളവളാകാന്‍ പറ്റിയ അനുഭവങ്ങളായിരുന്നില്ല. എനിക്ക് വേണ്ടത് സംരക്ഷണമായിരുന്നു. കാരണം, ഞാന്‍ വെറുമൊരു കുഞ്ഞായിരുന്നല്ലോ.'

അതേ അവരെല്ലാം വെറും കുഞ്ഞുങ്ങള്‍ മാത്രമാണ്. അവരുടെ ബാല്യകാലം അവരുടെ അവകാശമാണ്. ആ ചിരികള്‍ കട്ടെടുക്കാന്‍ അച്ഛനും അമ്മയുമടക്കം നമ്മള്‍ ചുറ്റുമുള്ളവര്‍ക്ക് എന്തവകാശം? 

click me!