
ഒടുവിൽ അങ്ങനെ, ഇറാൻ യുദ്ധത്തിന് അവസാനമാകുന്നു. വെള്ളിയാഴ്ച ധാരണയുടെ വിവരങ്ങൾ രണ്ടുകൂട്ടരും പുറത്തുവിട്ടു. ഹോർമൂസ് തുറക്കും. ലോകം കാത്തിരുന്നത് അതിനാണ്. ഉപരോധം അമേരിക്ക പിൻവലിക്കും. ചർച്ചകൾ പിന്നാലെ ജനീവയിൽ. ഇതിനൊക്കെ ശേഷവും ഹോർമൂസിൽ ചില ഏറ്റുമുട്ടലുകൾ നടന്നു. ഇറാന്‍റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള സൈനിക നടപടി അവസാന നിമിഷം നിർത്തിവച്ചു എന്നാണ് സിഎൻഎൻ റിപ്പോർട്ട്. ശേഖരം ഇപ്പോൾ ഇരട്ടി സുരക്ഷയിലാണ്. അതിനി പുറത്തെടുക്കണമെങ്കിൽ ജീവൻ പണയം വച്ചുവേണം ദൗത്യത്തിനിറങ്ങാൻ. പക്ഷേ, പുറത്തെടുത്തേ പറ്റൂ എന്നാണ് അമേരിക്കയുടെ വ്യവസ്ഥ.
ഫെബ്രുവരി 28 -ന് തുടങ്ങിയ യുദ്ധം, ഉടൻ അവസാനിപ്പിക്കാം എന്നായിരുന്നിരിക്കണം അമേരിക്ക പ്രതീക്ഷീച്ചിത്. പക്ഷേ, ഉന്നത നേതാക്കൾ എല്ലാം ഇല്ലാതായിട്ടും ഇറാന്‍റെ ഭരണ സംവിധാനം തകർന്നില്ല. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും കണക്കു കൂട്ടൽ പിഴച്ചത് അവിടെയാവണം. യുദ്ധം രൂക്ഷമായി. ഹോർമൂസിൽ പിടിമുറുക്കിയ ഇറാൻ, ശിക്ഷിച്ചത് ലോകത്തെ മുഴുവനാണ്. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടത്, അമേരിക്കൻ സൗഹൃദത്തിന്‍റെ പേരിൽ. ജനങ്ങളുടെ ദുരിതം പണ്ടേ ഇറാനിലെ ഭരണകൂടത്തിന് പ്രശ്നമല്ല. ഖമനേയിക്ക് പകരം അധികാരത്തിലെത്തിയത് അതിനേക്കാൾ കടുപ്പക്കാരാണ്. IRGC -യും കൂടുതൽ ശക്തരായി. അതോടെ യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയെ വരിഞ്ഞു മുറുക്കി. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും നിലവിൽ വന്നു. കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇന്ത്യക്കാരും ജീവൻ കൊണ്ട് തന്നെ വില നൽകേണ്ടി വന്നു. ഇറാന്‍റെ സഖ്യകക്ഷികളായ ഹെസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചതോടെ ഇസ്രയേൽ ലബനണലിലും ആക്രമണം തുടങ്ങി. ഒടുവിൽ, ലബനൺ ഇറാനെയും തള്ളിപ്പറഞ്ഞു. ഇടപെടരുത് എന്ന് മുന്നറിയിപ്പ് നൽകി. അത് ഇറാന് തിരിച്ചടിയാണെന്നതിൽ തർക്കമില്ല. ഇറാൻ കാര്യമായി പ്രതികരിച്ചില്ലെങ്കിലും.
പല തവണ ധാരണകൾക്ക് ഒരുങ്ങി, ഇറാനും അമേരിക്കയും പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നു. പക്ഷേ, ഇത്രനാളും അവസാന നിമിഷം പ്രതീക്ഷകൾ തെറ്റുകയായിരുന്നു. തത്വത്തിൽ ഏപ്രിലിൽ വെടിനിർത്തലായി. പക്ഷേ, സംഘർഷം അവസാനിച്ചില്ല. ഇപ്പോൾ അങ്ങനെയല്ല എന്നാണ് ലോകത്തിന്‍റെ പ്രതീക്ഷ. പുറത്ത് കടക്കണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തം. പക്ഷേ, ഇറാന്‍റെ വ്യവസ്ഥകൾ അമേരിക്കക്ക് സ്വീകാര്യമായിരുന്നില്ല. മറിച്ചും. ഇപ്പോൾ ധാരണയായിരിക്കുന്നതിൽ ഹോർമൂസ് തുറക്കുന്നതാണ് പ്രധാനം. പകരം അമേരിക്ക ഇറാന് ചുറ്റും തീർത്തിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കും. എതിർപ്പുകളുണ്ട് ഇറാനിൽ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. സമ്പൂർണ തീരുമാനമായില്ല. എങ്കിലും തൽകാലത്തെ ധാരണ അംഗീകരിച്ചാൽ ഒപ്പിടും എന്നും. MOU (Memorandum of Understanding) ആയി എന്ന് പാകിസ്ഥാനും അറിയിച്ചു. പക്ഷേ, ഇസ്രേയൽ ഈ ധാരണയിൽ പങ്കാളിയല്ല. ഇതിനിടെ പലതവണ ട്രംപും നെതന്യാഹുവും തമ്മിൽ ഗുരുതര അഭിപ്രായ ഭിന്നതകളും തർക്കവും നടന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്തായാലും ഹോർമൂസ് തുറക്കലും ഉപരോധം പിൻവലിക്കൽ ഉടൻ. പിന്നെ 60 ദിവസം ചർച്ചകൾക്കുള്ള സമയം. യുറേനിയമാണ് കാതൽ. അത് നശിപ്പിച്ച്, ഇറാനിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ അറിയിപ്പ്. അപകടകരമായ ദൗത്യം. എങ്ങനെ അത് നടപ്പാക്കുമെന്നതും തീരുമാനിച്ചിട്ടില്ല. നീക്കം ചെയ്യാനുള്ള സൈനിക നടപടിക്ക് അമേരിക്ക തയ്യാറായിരുന്നുവന്ന് സിഎൻഎൻ റിപ്പോർട്ട് പുറത്തു വന്നത് ധാരണയുടെ വാർത്തക്ക് തൊട്ടുമുമ്പാണ്. ധാരണയായതോടെ പിൻമാറിയതാണെന്നാണ് പിന്നെ കൂട്ടിച്ചേർത്തത്.
ഇറാന്‍റെ ആസ്തികൾ വിട്ടുകൊടുക്കുന്നതിലും ഇപ്പോൾ നടപടിയില്ല. അതായിരുന്നു ഇറാന്‍റെ പ്രധാന ആവശ്യം. അതില്ലാതെ ചർച്ച പോലുമില്ലെന്നാണ് ഇറാൻ കഴിഞ്ഞയാഴ്ച വരെ അറിയിച്ചതും. ഇപ്പോഴും ഇറാന്‍റെ അറിയിപ്പ് അതുണ്ടാകുമെന്നാണ്. ഇല്ലെന്ന് അമേരിക്കയും. അതിനുപകരം ആഗോള സമ്പദ്‍ രംഗത്തേക്ക് ഇറാനെക്കൂടി ഉൾപ്പെടുത്തും. ഉപരോധങ്ങൾ പിൻവലിക്കും. ആസ്തി വിട്ടു കൊടുക്കൽ അതിന്‍റെ ഭാഗമായി, പതുക്കെ ഉണ്ടാവും എന്നാണ് അറിയിപ്പ്. ഇറാന്‍റെ മുന്നോട്ടുള്ള നീക്കമനുസരിച്ചാവും എല്ലാം എന്നും അറിയിക്കുന്നു അമേരിക്കൻ ഉദ്യോഗസ്ഥർ. മുമ്പും പലതവണ ഇതുവരെയെത്തിയതാണ്. പക്ഷേ, അവസാന നിമിഷം തെറ്റുകയായിരുന്നു. ഇത്തവണ പക്ഷേ, അമേരിക്കയും ഇറാനും മാത്രമല്ല, ഗൾഫ് രാജ്യങ്ങളും ശുഭപ്രതീക്ഷയാണ് പ്രകടിപ്പിച്ചത്.
ഇസ്രയേൽ - ഹെസ്ബുള്ള സംഘർഷത്തിനും പരിഹാരമാണ് MOU -ന്‍റെ ലക്ഷ്യമെന്ന് അറിയിച്ചത് ഇറാൻ തന്നെയാണ്. അതും നല്ല കാര്യം. ഇറാൻ ആവശ്യപ്പെട്ടാൽ ഹെസ്ബുള്ള ആയുധം താഴെവയ്ക്കും. ഹെസ്ബുള്ള മാത്രമല്ല ഹമാസും. ഇസ്രയേലിനോടും അമേരിക്കയോടുമുള്ള ഇറാന്‍റെ നിഴൽയുദ്ധം അവസാനിക്കണം. പഴയ ട്രൈഡന്‍റ് സഖ്യം (Trident alliance - Israel, Turkey, and pre-revolutionary Iran) വീണ്ടെടുത്തില്ലെങ്കിലും ഇരുകൂട്ടരും മറുപക്ഷത്തിന്‍റെ അന്ത്യം സ്വപ്നം കാണുന്നതെങ്കിലും അവസാനിപ്പിക്കണം.
കാര്യങ്ങൾ MOU വിഭാവനം ചെയ്യുന്നത് പോലെയൊക്കെ നടന്നാൽ പശ്ചിമേഷ്യ ശാന്തമായേക്കും. ഗാസയിലെ നടപടികളാണ് പിന്നെ ബാക്കിയാവുക. പക്ഷേ, ഇസ്രയേൽ - ഇറാൻ സമാധാനം അതിലുമൊരു പരിഹാരത്തിന് വഴിതെളിച്ചേക്കും, ഒരുപക്ഷേ!