തുര്‍ക്കാനയിലെ കംപ്ലീറ്റ് മാന്‍ ആകാന്‍ ഇത്രയും കാര്യങ്ങള്‍ മതി!

Published : Feb 12, 2019, 01:10 PM ISTUpdated : Feb 12, 2019, 01:19 PM IST
തുര്‍ക്കാനയിലെ കംപ്ലീറ്റ് മാന്‍ ആകാന്‍ ഇത്രയും കാര്യങ്ങള്‍ മതി!

Synopsis

അന്യരെ ആശ്രയിക്കാൻ തീരെ താത്പര്യമില്ലാത്തൊരു കൂട്ടരാണിവർ. പോകുന്ന വഴിക്കായാലും, ഇനി വല്ല വീട്ടിലും ചെന്നു കേറിയാലായാലും ഇവർക്കിരിക്കാൻ കസേരയന്വേഷിച്ച് നമ്മളോടേണ്ടതില്ല. കയ്യിൽ പിടിച്ചിരിക്കുന്ന കുറ്റിപ്പലക ആസനത്തിൽ തിരുകി അവർ ഇരുന്നോളും. വേറെന്തിലെങ്കിലും ഇരിക്കുന്നത് ഇവർക്ക് കുറച്ചിലാണ്‌. 

ജീവിതത്തിൽ നമ്മളെ സ്വാധീനിക്കുന്ന പലതുമുണ്ട്. അധിനിവേശങ്ങൾ..  നമ്മൾ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്ന പലതും.. അങ്ങനെ  നിരന്തരം മാറുന്ന നമ്മൾ, തലമുറ പലതുപിന്നിടുമ്പോൾ, നമുക്കു പിന്നിൽ കൈവിട്ടുപോരുന്ന ചിലതുണ്ട്. നമ്മുടെ തനതു വാഴ്‌വുകള്‍. ഒന്നിനും വഴിപ്പെടാതെ ഇന്നും തുടരുന്ന ചില ജീവിതങ്ങളിലേക്ക് തിരിച്ചുവെച്ച ഒരു നേർക്കണ്ണാടി..

കെനിയയിലെ തുർക്കാനാ പ്രവിശ്യയിലെ റിവർ വാലിയിൽ ജീവിതം നയിക്കുന്ന നാടോടി ഗോത്രയോദ്ധാക്കളുടെ കൂട്ടമാണ് തുർക്കാനാ വാറിയേഴ്‌സ്. സുഡാനിലെയും മറ്റും ആഭ്യന്തര കലാപസമയത്ത് അവിടെനിന്നും പലായനം ചെയ്തു  തുടങ്ങിയതാണെന്നു പറയപ്പെടുന്നു ഇവരുടെ ഈ 'നാടോടി' ജീവിത രീതി. ജിപ്സി ജീവിതശൈലി അടിസ്ഥാനപരമായി ഒരു ചലനാത്മക സ്വഭാവം  ആവശ്യപ്പെടുന്നതിനാലാവണം, ഉപജീവനത്തിനായി കൃഷിയൊന്നും ചെയ്ത് ഇവർക്ക് പരിചയമില്ല. ഒരിടത്തും സ്ഥിരമായി കഴിയുന്ന സ്വഭാവവും ഇവർക്കില്ല. അപ്പപ്പോൾ ചെന്നുപെടുന്ന ഇടങ്ങളിൽ കാലിയെ മേച്ച് കഴിഞ്ഞുകൂടും, അത്ര തന്നെ. കാലി എന്നു പറയുമ്പോൾ, ആട്, പശു, ഒട്ടകം, കഴുത അങ്ങനെ പലതും അതിൽ വരും.. ഇതാണവരുടെ പ്രധാന സമ്പത്തും.. അത് 'മൊബൈൽ' ആയതു കൊണ്ട്, അവർ നാടുവിട്ട് നാടിറങ്ങി കറങ്ങിത്തിരിഞ്ഞ് നടന്ന് ജീവിക്കുന്നു. 

വേറെന്തിലെങ്കിലും ഇരിക്കുന്നത് ഇവർക്ക് കുറച്ചിലാണ്‌

തുർക്കാനയിലെ പുരുഷന്മാരുടെയെല്ലാം വേഷവിധാനം ഏതാണ്ട് ഒരേ കോലത്തിലാണ്. ഏകദേശം തുടയുടെ നടുക്കുവരെ നീണ്ടു കിടക്കുന്ന ഒരു ഷർട്ട്.. അതിനു മേലെ, ശങ്കരാചാര്യർ മോഡലിൽ ഒരു മുണ്ട് ചുറ്റിയിരിക്കുന്നു. ഒരു കയ്യിൽ ഒരു വടി. കൈത്തണ്ടയിൽ ചുറ്റിക്കിടക്കുന്ന ഒരു കത്തി.. വളപോലിരിക്കും കാണാൻ, എന്നാൽ അരികുകൾക്ക് വല്ലാത്ത മൂർച്ചയാണ്‌. മറുകയ്യിൽ ഒരു കുഞ്ഞ് ഇരിപ്പുപലക. ഇത്രയുമാണ്‌ ഇവരുടെ ഒരു പൂർണ്ണതാ സങ്കല്പ്പം. മേല്പറഞ്ഞ ഓരോന്നിനും കൃത്യമായ ചില ഉപയോഗങ്ങളുണ്ട്. 

ഇരിപ്പുകുറ്റി: അന്യരെ ആശ്രയിക്കാൻ തീരെ താത്പര്യമില്ലാത്തൊരു കൂട്ടരാണിവർ. പോകുന്ന വഴിക്കായാലും, ഇനി വല്ല വീട്ടിലും ചെന്നു കേറിയാലായാലും ഇവർക്കിരിക്കാൻ കസേരയന്വേഷിച്ച് നമ്മളോടേണ്ടതില്ല. കയ്യിൽ പിടിച്ചിരിക്കുന്ന കുറ്റിപ്പലക ആസനത്തിൽ തിരുകി അവർ ഇരുന്നോളും. വേറെന്തിലെങ്കിലും ഇരിക്കുന്നത് ഇവർക്ക് കുറച്ചിലാണ്‌. 

വടി:  അതിന്‌ രണ്ട് ഉദ്ദേശ്യങ്ങളുണ്ട്.. ഇവർക്കിടയിലെ പല സൗഹൃദസന്ദർശനങ്ങളും അവസാനിക്കുന്നത് ആതിഥേയൻ അതിഥിക്ക് ഒന്നോ രണ്ടോ ആടിനെ സമ്മാനിച്ചുകൊണ്ടാണ്‌.. ഈ വടിയുടെ പ്രധാന ഉപയോഗം ആടിനേയും മേച്ചുകൊണ്ട് തിരിച്ച് വീടണയലാണ്‌. പിന്നെ, അവർക്കിടയിൽ വലിയ അനിമേറ്റഡ് സംസാരങ്ങളും, ഒന്നു പറഞ്ഞ് രണ്ടിന്‌ തല്ലും വഴക്കും പതിവുള്ളതാണ്‌.. അപ്രതീക്ഷിതമായി ഒരു കശപിശയുണ്ടായാൽ സ്വരക്ഷക്കായാലും, ആക്രമണത്തിനായാലും കമ്പൊടിക്കാൻ നടക്കണ്ട (നടന്നാലൊട്ടെളുപ്പം കിട്ടുകയുമില്ല, മുൾച്ചെടികൾ മാത്രമുള്ള മരുഭൂമിയാണ്‌ റിവർ വാലി). 

പുതച്ചിരിക്കുന്നതിനെത്തന്നെ  വിരിച്ച് അതിലാണുറക്കം

കത്തി:  നേരത്തെ പറഞ്ഞ തല്ലുമ്പിടിയുടെ അവസാന വഴി എന്ന നിലയിലും, അല്ലാതെ, ആടിനെ അറുക്കാനും അവർക്ക് സ്വന്തം കത്തി തന്നെയാണ്‌ പഥ്യം. ഈ ഒരാവശ്യത്തിന്‌ മറ്റൊരാളിന്റെയും ആയുധമുപയോഗിക്കാൻ അവർക്ക് ഇഷ്ടമില്ല. 

കരിമ്പടം:  ഇതും ഇവരുടെ സ്വയംപര്യാപ്തതയുടെ ഒരു ലക്ഷണമാണ്‌. ഒരു വീട്ടിൽ ചെന്നുകേറിയാൽ ഇവർക്ക് കിടക്കാൻ ഇടമൊരുക്കുന്നതിനെക്കുറിച്ചൊന്നും വീട്ടുകാർ വിഷമിക്കേണ്ടതില്ല. ഒരുക്കിയാലൊട്ടിവർ അതിൽ കിടക്കുകയുമില്ല. ഈ പുതച്ചിരിക്കുന്നതിനെത്തന്നെ  വിരിച്ച് അതിലാണുറക്കം. അതിനി ആരാന്റെ മുറ്റത്തായാലും അല്ലെങ്കിൽ യാത്രാമധ്യേ മരച്ചുവട്ടിലോ അല്ലെങ്കിൽ വരണ്ടുകിടക്കുന്ന റിവർബെഡ്ഡിലോ ആയാലും ഇവർ ഉടുത്തതഴിച്ച് വെറും നിലത്തു വിരിച്ച് അതിൽ മാത്രമേ കിടക്കൂ.. പിന്നെ പുരോഗമനം കൂടിവരുന്നതിനനുസരിച്ച് പുതിയ തലമുറകൾ ഷർട്ടിന്‌ പുറമേ ലുങ്കിയും കളസവുമൊക്കെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നു മാത്രം. 

വടി, കത്തി, ഇരിപ്പുകുറ്റി, കരിമ്പടം.. ഇത്രയും മതി, തുർക്കാനയിലെ ഒരു യോദ്ധാവിന്  തന്റെ ഗോത്രത്തിനു മുന്നിൽ  ഒരു 'കംപ്ലീറ്റ് മാൻ' ആയി മാറാൻ..!
 

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്