ഭക്ഷണം സ്നേഹത്തിൽ പൊതിഞ്ഞ് വിളമ്പി കിട്ടുമ്പോഴല്ലേ നമുക്ക് രുചിക്കുക?

By Web TeamFirst Published Oct 25, 2018, 1:06 PM IST
Highlights

എല്ലാ വെള്ളിയാഴ്ചകളിലും ഒട്ടകം മേക്കുന്നവനും പണം ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് കൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. പാക്കറ്റ് പൊടികൾ ഒന്നും വാങ്ങില്ല. പരമ്പരാഗതമായി വീട്ടിൽ കൃഷി ചെയ്ത് പൊടിച്ചെടുത്ത മസാലക്കൂട്ടുകൾ മാത്രം ഉപയോഗിച്ച് പാകം ചെയ്തത്

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

എനിക്ക് യാത്രകളേക്കാൾ ഉപരി പല ഭക്ഷണരുചികളിൽ ആണ് ഹരം. ഭക്ഷണം കുറച്ചായാലും വേണ്ടില്ല രുചിക്കാണ് മുൻഗണന നൽകാറുളളത്. ഗൾഫിൽ വന്ന് പല തരം രുചികൾ ആസ്വദിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അതിൽ സുഡാനി ഭക്ഷണമാണ് എടുത്ത് പറയേണ്ടത്. അവരുടെ ക്ഷണം സ്വീകരിക്കുമ്പോഴേ നാവിൽ രുചി വരും. അത്രക്ക് ഹൃദ്യമായാണ് അവരുടെ ക്ഷണം. നമ്മളെ ക്ഷണിച്ചിട്ട് ചെന്നില്ലെങ്കിൽ അവരുടെ മുഖത്ത് നിരാശയും സങ്കടവുമാണ്. അബ്ദു എന്ന സുഡാനിയെയും മുത്തവ്വ എന്ന സുഹൃത്തിനെയും അടുത്തറിയും മുമ്പ് പലരെയും പോലെ മറ്റൊരു ധാരണയായിരുന്നു എന്‍റെ മനസ്സിലും. പക്ഷെ, അടുത്തറിഞ്ഞപ്പോള്‍, തികച്ചും കളങ്കമില്ലാത്ത മനുഷ്യർ. അതറിയാൻ അവരുമായി അടുത്തിടപഴകണം.

സ്നേഹിച്ചാൽ നമുക്ക് അവരുടെ ഹൃദയം പറിച്ചു തരും. ദേഷ്യം വന്നാൽ മറ്റൊരു മുഖവും. മുകളിൽ പറഞ്ഞ അബ്ദുവിന്റെ അളിയനാണ് ഈസ. നല്ല തെളിഞ്ഞ  ഐശ്വര്യം വിളയാടുന്ന മുഖം. വെള്ളത്താടി... ശരിക്കും ഒരു മുസ്ലിയാർ രൂപം. എപ്പോഴും തസ്ബീഹ് മാലയിൽ ദിക്റുകൾ ജപിച്ചു കൊണ്ടേയിരിക്കുന്നു. തലയിൽ തനി വെള്ളത്തുണിയിൽ തലപ്പാക്കെട്ട്, വലത്തേ കയ്യിലെ പെരുവിരലിൽ വെൺമയുള്ള ചന്ദ്രകാന്ത കല്ല് പതിച്ച വെള്ളി മോതിരം. അദ്ദേഹം കടന്നു വരുമ്പോഴേ എല്ലാവരും നൽകുന്ന സ്വീകരണം. പതിഞ്ഞ സ്വരത്തിൽ ഹ്വസ്വ  സംഭാഷണങ്ങൾ.

ആരാണീ ഈസ?
ശരിക്കും ഒരു മുസ്ലിയാർ എന്നതിനാൽ ആണോ ഈ ബഹുമാനവും ആദരവും? എന്റെ സുഡാനി സുഹൃത്ത് അബ്ദുവിന്റെ അളിയൻ ആയതു കൊണ്ടാണോ? അബ്ദു നടത്തുന്ന വിശാലമായ പ്രൗഡിയാർന്ന സൂപ്പർ മാർക്കറ്റിന്റെ പാര്‍ട്ണർ വല്ലതും ആയതിനാലാണോ? ചോദ്യങ്ങൾ നിരവധി ഉണ്ടായിരുന്നു. ഈസ എന്ന മനുഷ്യൻ വരുന്നത് അറബികൾ ഉപയോഗിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂസറിൽ. നടന്നു വരുമ്പോഴേ രണ്ടു പേർ ഓടിയെത്തും വണ്ടിയിലെ സാധനങ്ങൾ എടുത്തു കൊണ്ട്. ഫ്ലാറ്റിൽ ചന്ദനത്തിന്റെ ഊദ് പുകഞ്ഞിട്ടുണ്ടാകും. അവിടേക്ക് കടക്കുമ്പോഴേ, മുന്തിയ ഇനം കാപ്പി കുരുവിൽ നിന്നുള്ള കാവ എന്ന പരമ്പരാഗത അറബി പാനീയം വിളമ്പി തുടങ്ങിയിരിക്കും. ഇന്ത്യൻ പാൽ ചായ ആണ് ഈസക്കിഷ്ടം. ഇവിടുത്തെ ഏറ്റവും വലിയ ഹോൾസെയിൽ ശൃംഖലയുടെ മുദീറാണത്രെ ഈ ഈസ. 

ഒട്ടകത്തെ മേക്കുന്ന സുഡാനികൾ വിശ്വാസ്യത കൊണ്ടാണ് മുന്നിൽ

അവിടെ സത്യസന്ധമായ ജീവിതം, ഇന്നും ആ ജോലി തുടരുന്നു. പല ഭാഗങ്ങളിലും വലിയ ഗ്രോസറി ഷോപ്പുകൾ തുറന്നിട്ടുണ്ട്. കുടുംബങ്ങളിലെ ഓരോരുത്തരെയും കൊണ്ട് വരാൻ തുടങ്ങി. കുടുംബക്കാർക്ക് എല്ലാം സമൃദ്ധിയിലേക്ക് സ്വപ്നം കാണാൻ പാതകൾ തുറന്നിട്ടു അദ്ദേഹം. വെളിച്ചം പോലും സ്വപ്നമായ അദ്ദേഹത്തിന്റെ സുഡാനിലെ കൊച്ചു ഗ്രാമത്തിൽ വികസനങ്ങളിൽ പോലും പങ്കാളി. വൈദ്യുതി ലഭ്യമാകാൻ സർക്കാരിനെ കാത്ത് നിൽക്കാതെ പോസ്റ്റുകൾ, ധന സഹായം. ഗ്രാമത്തിൽ വൻ കൃഷി വ്യവസായം. ആടും ഒട്ടകങ്ങളും നിരവധി. ട്രാക്ടറുകൾ, വാഹനങ്ങൾ ലോറികൾ, കെട്ടിട സമുച്ചയങ്ങൾ. മകനെ അമേരിക്കയിലയച്ചു ഡോക്ടറാക്കി. ഇങ്ങനെ ഗ്രാമത്തെയും കുടുംബാഗംങ്ങളെയും എല്ലാവരെയും ഇഷ്ടപ്പെടുകയും സഹായിക്കുകയും ചെയ്യുന്ന ആളാണീ ഈസ.
ഈസയെ  കുറിച്ചെന്തിനിത്രയും പറയണം?

സുഡാനികളെ അറിയാത്തവർക്കായി അടുത്തറിഞ്ഞിട്ടില്ലാത്തവർക്കായി... അവരുടെ തൊലിപ്പുറത്തെ കറുപ്പ് നോക്കി അവരെ വെറുത്ത, അവരുടെ ഹൃദയത്തെ അറിഞ്ഞിട്ടില്ലാത്ത അന്ധൻമാർക്ക് വേണ്ടി. ഒട്ടകത്തെ മേക്കുന്ന സുഡാനികൾ വിശ്വാസ്യത കൊണ്ടാണ് മുന്നിൽ. മരുഭൂമിയുടെ നടുവിൽ വെച്ച് മേയ്ക്കുന്ന ഒട്ടകത്തിന് വില പറഞ്ഞപ്പോൾ, 'എനിക്ക് ജോലി നൽകിയ ഒട്ടക കൂട്ടത്തിന്‍റെ മുതലാളി അറിഞ്ഞില്ലെങ്കിലും, ഇത് ദൈവം കാണുന്നുണ്ടാകും. ഈ കളവു കൊണ്ട് എനിക്ക് ജീവിക്കണ്ട' എന്ന് പറഞ്ഞ സുഡാനിയുടെ വീഡിയോ ഇവിടെ എല്ലാവരും കണ്ടിട്ടുണ്ട്. രഹസ്യ കാമറയിൽ പകർത്തിയതായിരുന്നു ആ വീഡിയോ. വിശ്വാസവും ദൃഢ നിശ്ചയവും, അതിനേക്കാളുപരി മറ്റുള്ളവർക്കില്ലാത്ത ആരോഗ്യവും അതിനൊക്കയേക്കാൾ വലിയ മനസ്സുമായാണ് അവർ ഏതു തൊഴിലും ചെയ്യുന്നത്.

മുത്വവ്വ സുഡാനിയുടെ രുചിയുടെ വേറിട്ട അനുഭവങ്ങൾക്കിടയിൽ ഈ ഞാനും ഉണ്ടാകും

എല്ലാ വെള്ളിയാഴ്ചകളിലും ഒട്ടകം മേക്കുന്നവനും പണം ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് കൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. പാക്കറ്റ് പൊടികൾ ഒന്നും വാങ്ങില്ല. പരമ്പരാഗതമായി വീട്ടിൽ കൃഷി ചെയ്ത് പൊടിച്ചെടുത്ത മസാലക്കൂട്ടുകൾ മാത്രം ഉപയോഗിച്ച് പാകം ചെയ്തത്. ഇറച്ചി പോലും ഫ്രീസറിൽ വെച്ചത് ഇവർ ഉപയോഗിക്കില്ല. അതുകൊണ്ട് തന്നെ അത്രയേറെ രുചി. കൂടെ കഴിക്കാന്‍, ഈസയും അബ്ദുവും ഉണ്ടാകും. മുത്വവ്വ സുഡാനിയുടെ രുചിയുടെ വേറിട്ട അനുഭവങ്ങൾക്കിടയിൽ ഈ ഞാനും ഉണ്ടാകും. വെള്ളിയാഴ്ചകളിലെ ബിരിയാണി ഒഴിവാക്കി ഇവരോടൊപ്പം. അൽപമായാലും പറഞ്ഞറിയിക്കാൻ വയ്യാത്ത സ്നേഹവും രുചിയും അറിയാൻ. ചുരുക്കത്തിൽ, ഭക്ഷണം സ്നേഹത്തിൽ പൊതിഞ്ഞ് വിളമ്പി കിട്ടുമ്പോഴാണ് നമുക്ക് രുചിക്കുക. അത് ഞാൻ തൊട്ടറിയുന്നു... പലപ്പോഴും ഇവരാല്‍ ക്ഷണിക്കപ്പെടുമ്പോൾ.

click me!