ഇത് എന്‍റെ ആദ്യ യാത്രയുടെ ഓര്‍മ്മയാണ്!

By Web TeamFirst Published Dec 16, 2018, 7:44 PM IST
Highlights

മുറിയിലെത്തി... അന്ന് ആദ്യമായിട്ടാണ് ഞാൻ എയർകണ്ടീഷൻ വെച്ച റൂമിൽ കിടന്നുറങ്ങുന്നത്. പിറ്റേന്ന്, വെള്ളിയാഴ്ച പൊതുവെ സൗദിയിൽ ഒഴിവ് ദിവസം എന്നെ കാണാൻ നാട്ടുകാർ ഒരുപാട് വന്നു. നാട്ടുവിശേഷങ്ങൾ പറഞ്ഞും മറ്റും സമയം കളഞ്ഞു.

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

2004 -ലെ ജൂണ്‍ മാസത്തിലാണ് എന്‍റെ പ്രവാസജീവിതം ആരംഭിക്കുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും ഇന്ത്യൻ എയർലൈൻസിന്‍റെ ഒരു ചെറിയ വിമാനത്തിൽ ഗോവയിലൂടെ ബോംബൈ (ഇന്ന് മുംബൈ) എയർപോർട്ടിലേക്ക് ആയിരുന്നു ആദ്യ യാത്ര. ജീവിതത്തിൽ ആദ്യമായി വിമാനയാത്ര നടത്തുന്നതിന്‍റെ അമ്പരപ്പ് നല്ലപോലെ ഉണ്ടായിരുന്നു. എന്നാലും, കുറേയൊക്കെ കൂട്ടുകാർ പറഞ്ഞു തന്നിരുന്നു. അതെല്ലാം മനസിലാക്കി ആ യാത്ര ബോംബെ എയർപോർട്ടിൽ അവസാനിച്ചു. 

രാവിലെ പുറപ്പെട്ട് ഉച്ചക്ക് മുമ്പ് തന്നെ മുംബൈ എയർപോർട്ടിൽ എത്തി. ജിദ്ദയിലേക്ക് ഉള്ള വിമാനം വൈകിട്ടാണ്. അതുവരെ എയർപോർട്ടിൽ തന്നെ കഴിച്ചു കൂട്ടണം. നല്ല തണുപ്പായിരുന്നു, എല്ലാം സഹിച്ചു. വൈകുന്നേരമായി, ജിദ്ദയിലേക്കുള്ള വിമാനം പുറപ്പെടാൻ സമയമായി. എമിഗ്രേഷൻ കഴിഞ്ഞു.  വിമാനത്തിൽ കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ വലിയ ആകാശപ്പക്ഷി മെല്ലെ മെല്ലെ മേലോട്ട് ഉയർന്നു. 
 
ജിദ്ദയിലെത്താൻ നാലു മണിക്കൂർ വേണം. മെല്ലെ നിദ്രയിലാണ്ടു. വിമാനത്തിലെ സ്പീക്കറിൽ എന്തൊക്കെയോ പറയുന്നതും കേട്ടാണ്  ഉണർന്നത്.  വിമാനം ജിദ്ദ നഗരത്തോട് അടുത്തുകൊണ്ടിരിക്കുന്നു. ജനലിലൂടെ താഴേക്ക് നോക്കി. ഇരുട്ടിൽ മിന്നാമിനുങ്ങിന്‍റെ വെളിച്ചം പോലെ ചെറിയ ചെറിയ മിന്നിത്തിളങ്ങൽ... ഞാൻ കണ്ണിമവെട്ടാതെ നോക്കിയിരുന്നു. ആദ്യത്തെ കാഴ്ചയാണ് എനിക്കത്. വിമാനം താഴുന്നതിനനുസരിച്ച് ജിദ്ദ നഗരം തെളിഞ്ഞു വന്നുകൊണ്ടിരുന്നു. 

ഒരു ചെറിയ കുലുക്കത്തോടെ വിമാനം ജിദ്ദയിൽ ഇറങ്ങി. എയർപോർട്ട് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി. എന്നെ കാത്ത് ജ്യേഷ്ഠനും ബന്ധുക്കളും അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം പുറപ്പെട്ടു. തെരുവ് വിളക്കുകൾ കൊണ്ട് വർണപ്രഭ തീർത്ത നഗരവീഥിക്ക് ഇരുവശത്തും കൂറ്റൻ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ, വലിയ വലിയ ഷോപ്പിങ് സമുച്ചയങ്ങൾ, വിലകൂടിയ ആഡംബര വാഹനങ്ങൾ... എങ്ങും ഒരു ആഘോഷത്തിന് എന്നപോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ജിദ്ദ എന്ന നഗരം ഞാൻ ആദ്യമായി കണ്ടു.

നാട് വിട്ടുനില്‍ക്കുന്ന വേദന ഞാൻ പതിയെ അറിഞ്ഞുതുടങ്ങി

മുറിയിലെത്തി... അന്ന് ആദ്യമായിട്ടാണ് ഞാൻ എയർകണ്ടീഷൻ വെച്ച റൂമിൽ കിടന്നുറങ്ങുന്നത്. പിറ്റേന്ന്, വെള്ളിയാഴ്ച പൊതുവെ സൗദിയിൽ ഒഴിവ് ദിവസം എന്നെ കാണാൻ നാട്ടുകാർ ഒരുപാട് വന്നു. നാട്ടുവിശേഷങ്ങൾ പറഞ്ഞും മറ്റും സമയം കളഞ്ഞു. അന്ന് വൈകിട്ട് നേരെ ഞാൻ ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോയി. കേട്ടിട്ടുണ്ട്, ഫോട്ടായിൽ കണ്ടിട്ടുണ്ട്, പരിശുദ്ധ മക്കയെയും കഅബ ശെരിഫിനെയും... അതാണ് നേരിട്ട് കാണാൻ പോകുന്നത്. ആകെ ഒരു അമ്പരപ്പായിരുന്നു ആ കാഴ്ച. ഇന്നും ആ അനുഭവം മറന്നിട്ടില്ല. പരിശുദ്ധ ഉംറ നിർവഹിച്ചു. തിരിച്ചു റൂമിലേക്ക്...

ജിദ്ദയിലെ ഗുലയിൽ എന്ന സ്ഥലത്താണ് താമസം. ഇനി ഇക്കാമയ്ക്കുള്ള ഓട്ടത്തിലാണ്. അതു കിട്ടിയാൽ ജോലിക്കുള്ള ഓട്ടം. ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറഞ്ഞു സ്പോണ്‍സര്‍മാർ ഇക്കാമയുടെ നടപടികൾ നീട്ടികൊണ്ടിരുന്നു. അവസാനം രണ്ടു മാസം കഴിഞ്ഞു താമസരേഖ കിട്ടി. ഉടനെ തന്നെ ഒരു ചെറിയ ജോലിയും. ജോലിയും താമസവും സുഖം... പ്രവാസം തുടങ്ങുന്നതേ ഉള്ളൂ. 

നാട് വിട്ടുനില്‍ക്കുന്ന വേദന ഞാൻ പതിയെ അറിഞ്ഞുതുടങ്ങി. നാട്ടിലെ ഓരോ വിശേഷങ്ങൾ അറിയുമ്പോഴും പ്രവാസിയുടെ ഉള്ളിലൊരു നഷ്ടബോധം വരും. സന്തോഷനിമിഷങ്ങളില്‍ നാട്ടിലുണ്ടാകാത്തതല്ല ഒരു പ്രവാസിയുടെ വേദന. മറിച്ച്, ദുഖകരമായ വാർത്തകൾ അറിയുമ്പോഴാണ് ശരിക്കും വേദന അറിയുന്നത്. നാട്ടിലെ മരണവാർത്തകൾ, അതിൽ കുടുംബത്തിലെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങള്‍... അതും ഞാൻ ഈ ചെറിയ സമയത്തിനുള്ളിൽ അനുഭവിച്ചു. 

വീട്ടിലെയും കുടുംബത്തിലെയും വിവാഹങ്ങൾ, സൽക്കാരങ്ങൾ അങ്ങനെ സന്തോഷത്തിന്‍റെ നിമിഷങ്ങൾ എല്ലാം നഷ്ടപ്പെട്ടു. ഓരോന്നും വരുമ്പോൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും എന്‍റെ മനസ് പാകാമായി തുടങ്ങിയിരുന്നു. ഓരോ പ്രവാസിയുടെ മനസും ഇത്തരം പാകപ്പെടലാണ്. 

വിരസമായ പ്രവാസത്തിൽ നിന്നും മെല്ലെ മെല്ലെ ഞാനത് ആസ്വദിച്ചു തുടങ്ങി. ഒഴിവു ദിവസങ്ങൾ കൂട്ടുകാരോടൊപ്പം ജിദ്ദയിലെ പ്രധാന വിനോദ സ്ഥലങ്ങൾ കറങ്ങിയും ചെറിയ ഷോപ്പിംഗ് നടത്തിയും... ഇടയ്ക്ക് ചിലരൊക്കെ നാട്ടില്‍ പോകുന്നുണ്ടാകും. പ്രിയപ്പെട്ടവർക്ക് വേണ്ട കുറെ സമ്മാനങ്ങൾ വാങ്ങി പെട്ടിയിലാക്കി പോകുമ്പോൾ അവരുടെ കയ്യിൽ വീട്ടിലേക്കുള്ള ചെറിയ സമ്മാനങ്ങള്‍ കൊടുത്തയക്കും. അതു വീട്ടിൽ കിട്ടി എന്നറിയുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെ.

അപ്പോഴാണ്, സ്പോണ്‍സറുമായി ചില പ്രശ്നങ്ങൾ

വർഷം ഒന്നു കഴിഞ്ഞു പ്രവാസം തുടര്‍ന്നു. നാട്ടിൽ നിന്നും വന്ന ഞാൻ ആകെ മാറി. വീട്ടിലേക്ക് വിളിക്കുമ്പോൾ ആദ്യമൊന്നും ചോദിക്കാത്ത ചോദ്യങ്ങൾ വന്നുതുടങ്ങി, 'നീ എന്നാ വരുന്നത്? ഇനി എത്ര മാസം കൂടി കഴിഞ്ഞാൽ നീ വരും?' ഈ ചോദ്യങ്ങൾ എന്നെ നാടിനെയും വീടിനേയും നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്‍റെ മനസ് നാടിനെ കാണാൻ കൊതിച്ചു തുടങ്ങി. ചെറിയ ചെറിയ ഷോപ്പിങ് ഒക്കെ നടത്തി. നാട്ടിൽ പോവുന്നതിനെ കുറിച്ചു കൂട്ടുകാരുമായി സംസാരിച്ചു തുടങ്ങി. 

അങ്ങിനെ റീ എൻട്രി വിസ അടിക്കാൻ പോയി. അപ്പോഴാണ്, സ്പോണ്‍സറുമായി ചില പ്രശ്നങ്ങൾ. വിസ അടിക്കാൻ വൈകുന്നു. വീട്ടുകാർ നിരന്തരം വിളിക്കുന്നുണ്ട്. എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നു. പരിഹരിക്കാൻ മാർഗമില്ല... കുറച്ചു ദിവസത്തെ അനിശ്ചിതത്വതിന് ശേഷം ആ പ്രശ്നം പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. ഞാൻ കരിപ്പൂർ എയര്‍പോര്‍ട്ടിലേക്ക് ജിദ്ദയിൽ നിന്ന് നേരിട്ടുള്ള ഒരു ടിക്കറ്റും എടുത്തു. യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 

ഇനി യാത്രയാണ് രണ്ടര വർഷം കഴിഞ്ഞ എന്‍റെ പ്രവാസം... ഞാൻ നാട്ടിലേക്ക് പോകുന്നു, മനസ് നിറയെ നാടും വീടും. എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. രണ്ടര വർഷം മുമ്പ് വന്ന വഴി... ആ വഴി തിരിച്ചു പോകുകയാണ്. അന്ന് കണ്ട കാഴ്ചകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ, പ്രവാസം മനസിനെ പക്വതപ്പെടുത്തിയിരുന്നു. ഞാൻ മാറി, എന്‍റെ രൂപം മാറി. എന്‍റെ ആയുസ്സിന്‍റെ രണ്ടര വർഷം ഞാൻ ഈ മരുഭൂമിയിൽ ജീവിച്ചു തീർത്തിരിക്കുന്നു. ഇനി എത്ര കാലം ഇവിടെ ഇങ്ങനെ... 

അവരുടെ സന്തോഷമാണ് ആ ഒച്ചയും ബഹളവും

എയർപോർട്ട് സ്പീക്കർ ശബ്ദിച്ചു. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം യാത്രക്ക് സജ്ജമായി. യാത്രക്കാൻ മൂന്നാം നമ്പർ ഗേറ്റിന് എത്താൻ.  ഞാൻ വേഗത്തിൽ നടന്നു. ഓരോ യാത്രക്കാരെയും പരിശോധിച്ചു കടത്തിവിടുന്ന എയർപോർട്ട് ജീവനക്കാർ...

വിമാനത്തിൽ മലയാളികളുടെ ഒച്ചയും ബഹളവും... സന്തോഷത്തിന്‍റെ ഒച്ചപ്പാട്... സ്വന്തം മക്കളെ കാണാൻ പോകുന്നവർ, പ്രിയതമയെ കാണാൻ പോകുന്നവർ, വീടും നാടും മാതാപിതാക്കളെയും കാണാൻ പോകുന്നവർ... അവരുടെ സന്തോഷമാണ് ആ ഒച്ചയും ബഹളവും. അതിനിടയിലും ദുഃഖവും പേറി, മനസ് മുഴുവൻ വിങ്ങിപ്പൊട്ടി യാത്ര പോകുന്നവരും ഉണ്ടാകും. എന്നാലും അവിടെ സന്തോഷമാണ് ഏറെയും. 

വേദനയുടെ യാത്രപോകലും, സന്തോഷത്തിന്‍റെ തിരികെ വരലുമാണ് ഓരോ പ്രവാസിയുടെയും ജീവിതം.

click me!