ഈ സിസേറിയന്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല...

By Hospital DaysFirst Published Feb 15, 2019, 6:09 PM IST
Highlights

ചോരയിൽ പൊതിഞ്ഞ ഇത്തിരി പോന്ന കുഞ്ഞിനെ കാണിച്ചു "സുന്ദരി മോൾ ആണ് കേട്ടോ" എന്ന് ഒരു മയക്കത്തിൽ എന്നവണ്ണം ഞാൻ കേട്ടു. ഒരു ഉമ്മ കൊടുത്തോ എന്നു പറഞ്ഞു ഡോക്ടർ കുഞ്ഞിനെ മുഖത്തോടു ചേർത്തെങ്കിലും വായ ഒക്കെ അനക്കാൻ പറ്റാത്ത ഒരു തരം തരിപ്പ്. ദേഹം മുഴുവൻ തരിക്കുന്നു. ഇടയ്ക്കിടക്കുള്ള വിറയൽ താങ്ങാനാകുന്നതിലും അപ്പുറം ആകുന്നു. ഹൃദയം പടപടാ അടിക്കുന്നത് വ്യക്തമായി അറിയാം. കയ്യും കാലും മരവിച്ച അവസ്ഥ... 

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

"യൂട്രസിൽ വെള്ളം കുറവാണ്.. കൂടാതെ ഇയാളുടെ ഹാർട്ട് ബീറ്റിലും വേരിയേഷൻ ഉണ്ട്. നോർമൽ ഡെലിവേറിയേക്കാൾ സിസേറിയൻ ആണ് നല്ലത്. ഡെലിവറി ടൈം ഒരു ബോഡിക്കും മനസിനും ഉണ്ടാകുന്ന മാറ്റങ്ങൾ ഡോക്ടർമാർക്ക് പോലും പ്രെഡിക്ട് ചെയ്യാൻ പറ്റില്ല. കുട്ടിക് സിസേറിയൻ ആണ് ആസ് ആ ഡോക്ടർ മൈ ഒപ്പീനിയൻ... നമുക്കു ഒരാഴ്ചകൂടി നോക്കാം. ഒരാഴ്ച കഴിഞ്ഞ് ഏത് നക്ഷത്രം വേണം എന്ന് നോക്കി അത് അനുസരിച്ചു വരൂ. അന്ന് പെയിൻ തന്നു നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.. അതിനിടയിൽ അനക്കം ഒട്ടും തോന്നുന്നില്ലെങ്കിൽ അപ്പോൾ വരണം..'' ഡോക്ടർ പറഞ്ഞു.

ഇത്തവണയും ഡോക്ടർ സ്കാനിംഗ് തൊട്ടതും കുഞ്ഞിക്കുരുന്നു കുസൃതി കാട്ടാൻ തുടങ്ങി

യൂട്രസിൽ വെള്ളം കുറവായതിനാൽ കുഞ്ഞിന്റെ അനക്കം ഡോക്ടർ നോക്കുമ്പോൾ ലഭിക്കുകയില്ല. പരിശോധന സമയത്തൊന്നും  ഉള്ളിലെ കുട്ടിക്കുരുന്ന് അനങ്ങാറില്ല.. അനക്കം ഉണ്ടാകാറുണ്ട് എന്ന എന്റെ അനുഭവത്തെ ഡോക്ടർ എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തലാണ് പതിവ്. ഇത്തവണയും ഡോക്ടർ സ്കാനിംഗ് തൊട്ടതും കുഞ്ഞിക്കുരുന്നു കുസൃതി കാട്ടാൻ തുടങ്ങി.. അനങ്ങുന്നില്ല... അതിന്റെ മറുപടിയാണ് മുകളിൽ കേട്ടത്.

അവിട്ടത്തിന്റെ അന്ന് രാവിലെ ഹോസ്പിറ്റലിൽ എത്തി. അവിടെ അഡ്മിറ് ആകണം. യൂട്രസ്സിലെ വെള്ളത്തിന്റെ അളവ് നോക്കി വേണം എല്ലാം തീരുമാനിക്കാൻ. ഡോക്ടർ ലേബർ റൂമിൽ ചെല്ലാൻ പറഞ്ഞു. കുഞ്ഞിന്റെ അനക്കം ഗ്രാഫ് ചെയ്തു നോക്കണം.

ഉള്ളിലുള്ള കുസൃതിക്കുരുന്നു വികൃതി തുടങ്ങി.. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും കൈയും കാലും ഇട്ടു അടിച്ച  കൊച്ചിന്റെ ആ സമയത്തെ ഗ്രാഫിൽ അനക്കമില്ല.. ഡോക്ടർ പറഞ്ഞു, ഇപ്പോൾ തന്നെ സിസേറിയൻ നടത്തിക്കളയാം.. കുഞ്ഞിന് അനക്കമില്ല ഗ്രാഫിൽ. യൂട്രസിൽ വെള്ളവും നന്നേ കുറവ്. അന്നു പോയി അഡ്മിറ്റ് അകാൻ പറഞ്ഞുവെങ്കിലും പോയുടനെ സിസേറിയൻ ടേബിളിൽ കിടക്കേണ്ടി വരും എന്നു കരുതാത്തതിനാൽ തന്നെ നടുപ്പുറത്ത് അനസ്തേഷ്യ കുത്തി വെച്ചതും കീറിയതും കുഞ്ഞിനെ പുറത്തെടുത്തതും ഒക്കെ ചടപടെ കഴിഞ്ഞു..  

ഡോക്ടർ രണ്ടുതവണ പേരിനെന്ന പോലെ കയറി ഇറങ്ങി

ചോരയിൽ പൊതിഞ്ഞ ഇത്തിരി പോന്ന കുഞ്ഞിനെ കാണിച്ചു "സുന്ദരി മോൾ ആണ് കേട്ടോ" എന്ന് ഒരു മയക്കത്തിൽ എന്നവണ്ണം ഞാൻ കേട്ടു. ഒരു ഉമ്മ കൊടുത്തോ എന്നു പറഞ്ഞു ഡോക്ടർ കുഞ്ഞിനെ മുഖത്തോടു ചേർത്തെങ്കിലും വായ ഒക്കെ അനക്കാൻ പറ്റാത്ത ഒരു തരം തരിപ്പ്. ദേഹം മുഴുവൻ തരിക്കുന്നു. ഇടയ്ക്കിടക്കുള്ള വിറയൽ താങ്ങാനാകുന്നതിലും അപ്പുറം ആകുന്നു. ഹൃദയം പടപടാ അടിക്കുന്നത് വ്യക്തമായി അറിയാം. കയ്യും കാലും മരവിച്ച അവസ്ഥ... 

ഡോക്ടർ അടുത്തേക്ക് വന്നു. തരിപ്പ് കുറച്ചു നേരം കൊണ്ട് പോകുമെന്ന് ആശ്വസിപ്പിച്ചു. വീണ്ടും മറ്റൊരു ഡോക്ടറോട് പറഞ്ഞു ഹാർട്ട് ബീറ്റിൽ വാരിയേഷൻ ഉള്ള കുട്ടിയാണ്.  ഐ സി യൂ -വിലേക് മാറ്റാം. കുഴപ്പം ഒന്നും ഇല്ല എന്നാലും ഒരു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ എന്നു പറയുന്നതും കേട്ടു. അങ്ങനെ ആദ്യമായി ഇന്‍റൻസിവ് കെയർ യൂണിറ്റിലേക്ക്.. അത്യാഹിത വിഭാഗക്കാരെ കയറ്റുന്ന ഭീകര താവളത്തിലെക്ക് പ്രവേശിപ്പിച്ചു. നാലു ബെഡ് ഉള്ള ഒരു ചില്ലു റൂമിൽ പ്രതിഷ്ഠിച്ചു. അതിനപ്പുറത്തേക്ക് പിന്നെയും വേർതിരിച്ച ചില്ലു റൂമുകൾ.

പ്രധാനമന്ത്രിക്കുള്ള രണ്ടു ബ്ലാക്ക് കാറ്റ്സ് പോലെ  ഐ സി യൂ എന്നാൽ ഏതു നേരവും നമ്മളെ നോക്കി കുത്തിയിരിക്കുന്ന സിസ്റ്റര്‍മാരും ഡോക്ടർമാരും ഉണ്ടാകും എന്ന മൂഢധാരണ അവിടെ മാറി കിട്ടി.. ആവശ്യത്തിന് ഒരു നേഴ്സിനെ വിളിക്കാൻ ബെഡ്ഡിന്റെ സൈഡിലെ സ്റ്റീൽ കമ്പി ആട്ടി ശബ്ദമുണ്ടാക്കി വേണം ശ്രദ്ധ പിടിക്കാൻ...

മുലപ്പാൽ നൽകുന്നതിനായി നേഴ്സ് കുഞ്ഞിനെ കൊണ്ടു വന്നു. തരിപ്പ് കുറഞ്ഞു തുടങ്ങിയിരിക്കുന്നു. 'ഉണ്ണിക്കുട്ടാ മോനൂനു പാൽ കുടിക്കണ്ടേ... അമ്മേടെ ചക്കരക്കുട്ടനല്ലേ..' സിസ്റ്റർ കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കുന്നു. ഈശ്വരാ, അപ്പോൾ പെണ്‍കുഞ്ഞ് അല്ലേ.. അനസ്തേഷ്യയുടെ മയക്കത്തിൽ ഞാൻ കേട്ടത് തെറ്റിപ്പോയത് ആണോ. ആണാണോ, പെണ്ണാണോ.. എന്റെ കുഞ്ഞുവാവ ഏതാണെന്ന് അറിയാതെ അങ്കലാപ്പിൽ കിടക്കുമ്പോൾ ആണ് അപ്പുറത്ത് അലർച്ച കേട്ടത്, 'ജാനു അമ്മേ കണ്ണു തുറക്കൂ..' സിസ്റ്റേഴ്സ് വിളിക്കുന്നത് കേൾക്കാം. പോയി കേട്ടോ.. കാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർ ഉണ്ടാകും. ചെന്നു വിളിക്ക്. കൺഫേം ചെയ്യണ്ടേ?' എന്നൊക്കെ പറയുന്നത് കേൾക്കാം... ജാനു അമ്മ മരണപെട്ടു എന്നു സാരം... 

പണ്ടേ പ്രേത സിനിമകൾ കണ്ടാൽ പേടിക്കുന്നതിനാൽ അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി.   ഇത്തിരി പേടിയുടെ അസുഖം ഉണ്ടെന്നറിയിച്ചപ്പോൾ അവിടെ ഇരിക്കാം ഉറങ്ങുന്നത് വരെ എന്ന് ഒരു നേഴ്സ് ഉറപ്പു തന്നു. ഡോക്ടർ രണ്ടുതവണ പേരിനെന്ന പോലെ കയറി ഇറങ്ങി. എന്തു നല്ല ഒബസെർവേഷൻ.. ഐ സി യു എന്ന അജ്ഞാത വാസം ഒന്നര ദിവസത്തിനു ശേഷം അവസാനിപ്പിച്ചുകൊണ്ട് റൂമിലേക്ക് മാറി. 

മാമി ''മോളൂട്ടി അമ്മ വന്നിട്ടാ... ഇതാ മോളെ പിടിക്ക്'' എന്നും പറഞ്ഞു കുഞ്ഞിനെ കയ്യിൽ തന്നു... അടിയിലെ തുണി തെന്നി മാറിയപ്പോൾ മെല്ലെ ഒന്നു ഇടം കണ്ണിട്ടു നോക്കി. സംശയമില്ല. പെണ്‍കുഞ്ഞു തന്നെ.

അമ്മ മനസ്സുണ്ടായാല്‍ മാത്രം മതി അമ്മയാകാന്‍

അപ്പോൾ 'ഉണ്ണിക്കുട്ടനും ചക്കരകുട്ടനും' എവിടെ... അതൊക്കെയും ആ നേഴ്സ് സ്നേഹത്തോടെ എല്ലാ കുഞ്ഞുങ്ങളെയും വിളിക്കുന്നത് ആവാം. അനസ്തേഷ്യയുടെ മയക്കത്തിൽ ഞാൻ കേട്ട ചുന്ദരി മോൾ എന്ന കേൾവി തന്നെ ആയിരുന്നു ശരി. ഒത്തിരി സന്തോഷത്തോടെ ഒന്നര ദിവസത്തിനു ശേഷം അതുവരെ മോളോ മോനോ എന്നു തിരിച്ചറിയാതെ ഒന്നും വിളിക്കാനാവാതെ പകച്ചു നിന്നിരുന്ന ഈയുള്ളവൾ ഉള്ളിൽ തികട്ടി വന്ന മുഴുവൻ മാതൃ ഭാവവും ആവാഹിച്ചു അവളെ തന്റെ പൊന്നോമനയെ  "മോളു" എന്നു മനസിൽ തട്ടി വിളിച്ചു.

അങ്ങനെ അഞ്ചു ദിവസത്തെ മരുന്നും ഇഞ്ചക്ഷനും ഒക്കെ അവസാനിച്ചു.. ആശുപത്രി വാസത്തിനു  പരിസമാപ്തി കുറിച്ചു. വീട്ടിൽ എത്തി. പത്തു മാസം ചുമന്ന് ഒടുവിൽ ഒരു വഴിയും ഇല്ലാതെ സിസേറിയൻ ചെയ്യപ്പെടുകയും അതിന്റെ   വേദനയും മരവിപ്പും വിറയലും മുറിവ് ഉണങ്ങാനുള്ള ഇഞ്ചക്ഷനും ഒക്കെ ആടി തകർത്തു വീട്ടിൽ എത്തിയപ്പോൾ ചിലരുടെ വക വേറെ ചില ഡയലോഗ്.. ''പ്രസവ വേദന അറിയാത്ത പെണ്ണൊന്നും ഒന്നും അമ്മയല്ല" പോലും.. പിന്നെ, എന്താണാവോ എന്തൊരോ...

അമ്മ മനസ്സുണ്ടായാല്‍ മാത്രം മതി അമ്മയാകാന്‍.. പിന്നെ, ഈ സിസേറിയന്‍ അത്ര സുഖമുള്ള ഏര്‍പ്പാടുമല്ല..

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

click me!