
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
ഒറ്റപ്പെടൽ എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. അങ്ങനെ ഒരു ഒറ്റപ്പെടലിലാണ് പെൻഷൻ ആയി കഴിഞ്ഞപ്പോൾ ഞാൻ കോഴിക്കോട് എത്തിച്ചേർന്നത്. എന്‍റെ സുഹൃത്തും കാൻസറിനെ വര്‍ഷങ്ങളായി മരുന്നുകൊണ്ടും മനസിന്‍റെ ധൈര്യംകൊണ്ടും നേരിടുന്ന ഡോക്ടർ പി.എ ലളിത അവരുടെ ഹോസ്പിറ്റലിലേക്ക് എന്നെ വിളിച്ചത്. ആർ.സി.സിയിൽ 'ആശ്രയ' എന്ന സംഘടനയിൽ പ്രവർത്തിച്ച കുറച്ചു പരിചയമേ ആശുപത്രിയുമായി എനിക്കുണ്ടായിരുന്നൊള്ളൂ. അങ്ങനെ ഞാൻ കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. പരിചയമില്ലാത്ത മേഖല ആണെങ്കിലും കുറച്ചു ദിവസങ്ങൾകൊണ്ട് അതെല്ലാം മാറിക്കിട്ടി. ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ജോലി നോക്കുന്ന ഒരുപാടുപേരെ പരിചയപ്പെടുവാൻ സാധിച്ചു. ജോലിക്കിടയിൽ സന്തോഷം നിറഞ്ഞ പല മുഖങ്ങളും ഹോസ്പിറ്റലിൽ കണ്ടുവെങ്കിലും ഒരു വര്‍ഷത്തിനുള്ളിൽ ഓർമ്മയിൽ മായാതെ നിൽക്കുന്ന വാടിയ മുഖങ്ങളും ഞാൻ അവിടെ കണ്ടു.
തുടക്കത്തിൽ ഓങ്കോളജിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. കാൻസർ എന്ന വാക്ക് ഉച്ചരിക്കാത്ത ഒരു വാർഡ്. ആദ്യദിനം ഓങ്കോളജി വാര്‍ഡിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഒന്നാം നിലയിൽ എത്തിച്ചേർന്നത് മെഡിക്കൽ ഐ.സി.യു -വിന്‍റെ മുന്നിലായിരുന്നു. അവിടുത്തെ കസേരകളിൽ വാടിയ മുഖങ്ങളും ആകാംഷയോടെയുള്ള കാത്തിരിപ്പും കണ്ടു. ഐ.സി.യൂവിന്‍റെ വാതിൽ തുറക്കുമ്പോൾ കസേരകളിൽ ഇരിക്കുന്നവർ ആകാംഷയോടെ നോക്കുന്ന കാഴ്ച വല്ലാത്തൊരു നൊമ്പരം തന്നെയായിരുന്നു. ഐ.സി.യുവിന്‍റെ വാതിൽ അടയുമ്പോൾ കാത്തിരിപ്പുകൾ വീണ്ടും നീളുന്നു. ഒരു കസേരയിൽ സങ്കടം സഹിക്കാൻ പറ്റാതെ കരയുന്ന ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന അച്ഛനെയും കണ്ടുകൊണ്ടാണ് ഞാൻ ഓങ്കോളജിയിലേക്കുള്ള വാതിൽ തുറന്ന് അകത്തേയ്ക്കു കയറിയത്. അവിടുത്തെ ഇടനാഴിയിൽ വീണ്ടും കാത്തിരിപ്പിന്‍റെ പല മുഖങ്ങൾ. അകത്തെ മുറിയിൽ കാൻസറിനെ തടയാൻ കീമോയിൽ ആശ്വാസം കാണുന്ന രോഗികളുടെ ബന്ധുക്കൾ ആയിരുന്നു അവരെല്ലാം. നിശ്ശബ്ദമായ ആ ഹാളിൽ നിന്ന് കീമോ നൽകുന്ന മുറിയുടെ വാതിൽ തുറന്ന് ഞാൻ അകത്തു കയറി.
സ്കൂളിൽ പോയി ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ കട്ടിലിൽ അഭയം പ്രാപിച്ച കുട്ടി
കീമോ കൊടുക്കുന്ന മുറിയിൽ സിസ്റ്റർമാർക്കിടയിൽ തൂവെള്ള കിടക്കകളിൽ തളർന്ന മനസും പുഞ്ചിരിക്കാൻ മറന്നുപോയ പല പ്രായത്തിലുള്ള വാടിയ മുഖങ്ങളുമാണ് എന്നെ വരവേറ്റത്. ചിരിക്കുന്ന മുഖവുമായി അവരുടെ അടുത്തു ചെന്നപ്പോൾ വാടിയ മുഖത്ത് പുഞ്ചിരി വിരിഞ്ഞേയില്ല. എനിക്ക് പറയുവാൻ വാക്കുകൾ കിട്ടിയില്ല. മറുപടിക്കു വാക്കുകള്‍ അവരുടെ കയ്യിലും ഇല്ലായിരുന്നു. ഡോക്ടറും സിസ്റ്റർമാരും അവരോടു പലതും സംസാരിക്കുന്നതു കണ്ടു.
അവരുടെ ഇടയിൽ വച്ചാണ് ടി.വിയും കണ്ടു കിടക്കുന്ന ആറു വയസു തോന്നിക്കുന്ന കൊച്ചു മിടുക്കൻ കുട്ടിയെ ഞാൻ ആദ്യമായി കണ്ടത്. അവന്‍ കാർട്ടൂണും കണ്ടു കിടക്കുകയാണ്. ഇടയ്ക്കു ചിരിക്കുന്നുമുണ്ട്. കീമോക്കുവേണ്ടിയുള്ള കിടപ്പായിരുന്നു അത്. അടുത്തു തന്നെ വാടിയ മുഖത്തോടെ അവന്‍റെ ഉമ്മയും ഇരിക്കുന്നുണ്ടായിരുന്നു. അവരോട് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. കാർട്ടൂൺ കണ്ട് ചിരിച്ചു കിടക്കുന്ന ആ കുട്ടിയെ കണ്ടപ്പോൾ വല്ലാതെ വേദന തോന്നി. അവനെ കാർന്നു തിന്നുന്ന മാരകമായ രോഗത്തെക്കുറിച്ച് അവൻ അറിയുന്നില്ല. സ്കൂളിൽ പോയി ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ കട്ടിലിൽ അഭയം പ്രാപിച്ച കുട്ടി. കുറച്ചു സമയം അതെല്ലാം കണ്ടുകൊണ്ട് കീമോ നൽകുന്ന മുറിയിൽ നിന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയും അച്ഛനും താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി പോകുന്നുണ്ടായിരുന്നു. ഐ.സി.യു -വിന്‍റെ വാതിൽ തുറന്ന് തൂവെള്ള തുണിയിൽ മൂടിയ ആ കുട്ടിയുടെ അമ്മയേയും കൊണ്ടു സ്‌ട്രെച്ചർ ലിഫ്റ്റിലേക്കു കയറുന്നതു കണ്ടു. ആദ്യ ദിനത്തിലെ ആദ്യ കാഴ്ചകൾ. സ്വന്തം ദുഃഖങ്ങൾ മറന്നുപോയ ഒരു ദിനം .
അടുത്ത ദിവസമാണ് റൂമുകൾ സന്ദർശിക്കുവാൻ പോയത്. പലരെയും കണ്ടു. അതിൽ സന്തോഷവും സങ്കടവും നിറഞ്ഞ മുഖങ്ങളും കണ്ടു. റൂം സന്ദർശനത്തിന്‍റെ ഇടയിലാണ് ഞാൻ ചന്ദ്രമതിയെ പരിചയപ്പെടുന്നത്. ആദ്യദിനം കതകിൽ തട്ടി അകത്തു കടന്നപ്പോൾ അവർ ഭർത്താവിന്‍റെ അടുത്ത് ചാരി ഇരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ വാടിയ ഒരു പുഞ്ചിരി അവരുടെ മുഖത്തു തെളിഞ്ഞു. മുടിയെല്ലാം പോയെങ്കിലും അവരുടെ സൗന്ദര്യത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. കുറച്ചു സമയം അവരുമായി സംസാരിച്ചു. മോളും മോനും വിദേശത്തു നിന്ന് വരുന്ന സന്തോഷത്തിലായിരുന്നു അവർ. മരണം മാടി വിളിക്കുന്നത് അവർ അറിഞ്ഞിരുന്നോ ആവോ? അടുത്ത ദിവസങ്ങളിൽ കണ്ടപ്പോൾ അവർ വല്ലാതെ ക്ഷീണിച്ചുതുടങ്ങിയിരുന്നു. സംസാരിക്കാൻ കഴിയാതെ വാടിയ മുഖവുമായി കിടക്കുന്ന അവരുടെ കൈ മടിയിൽ വച്ചു ഭർത്താവും അരികിൽ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത അദ്ദേഹത്തിന്‍റെ മുഖവും വാടിത്തുടങ്ങിയിരുന്നു. ധൈര്യമെല്ലാം ചോർന്ന് ഒറ്റപ്പെട്ട ആദ്ദേഹത്തിന്‍റെ വാടിയ മുഖം മറക്കാൻ പറ്റുന്നില്ല. അടുത്ത ദിവസം അറിഞ്ഞു അവരും ഈ ലോകത്തോട് വിടപറഞ്ഞു എന്ന്. ഓരോ ദിവസവും കാണുന്ന കാഴ്ചകളിൽ ദുഖവും സന്തോഷവും ഇടകലർന്നുണ്ടായിരുന്നു.
ഇനി എത്ര വാടിയ മുഖങ്ങൾ എന്‍റെ വഴിയിലൂടെ കടന്നുപോകുമെന്ന് അറിയില്ല
വീണ്ടും ഞാൻ ആ കൊച്ചു മിടുക്കനെ കണ്ടു. കീമോ കഴിഞ്ഞ് ഉപ്പ വട്ടം എടുത്തു വണ്ടിയിൽ കയറ്റുവാൻ കൊണ്ട് പോകുന്നു. പുറകെ അവന്‍റെ ഉമ്മയെയും കണ്ടു. "ഇപ്പോൾ മോനെ എടുക്കുമ്പോൾ അവനു വലിയ വേദനയാണ്'' സങ്കടത്തോടെ അവർ എന്നോട് പറഞ്ഞു. ഓടിച്ചാടി സ്കൂളിൽ പോയി പഠിച്ചു നടക്കേണ്ട കുട്ടി. ഇനി അവനെ ഞാൻ ഏതു രൂപത്തിലായിരിക്കും കാണുക. ഓങ്കോളജിയിൽ ഇടയ്ക്കു വന്നു പോകുന്ന സന്ദർശകനായി മാറി അവൻ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്‍റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. താമസിയാതെ അവനെ മെഡിക്കൽ ഐസിയൂവിലേയ്ക്ക് മാറ്റി.
ഒരു ദിവസം ഞാൻ ചെന്നപ്പോൾ ഐ.സി.യുവിന്‍റെ പുറത്ത് കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അവന്‍റെ ഉമ്മ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു, "എനിക്കെന്‍റെ മോന്‍റെ അടുത്ത് കുറച്ചു നേരം ഇരിക്കണം. ഒന്ന് സഹായിക്കാമോ?'" ആ ദയനീയമായ ചോദ്യം എന്‍റെ മനസ്സിൽ വല്ലാതെ തട്ടി. ഏതു നിമിഷവും മരണം അവനെ തേടി വരുമെന്ന് അവർക്കു അറിയാമായിരുന്നു. ഐസിയൂവിൽ അങ്ങനെ ആരെയും കയറ്റാറില്ല. സ്പെഷ്യൽ പെർമിഷൻ എടുത്ത് അവരുടെ ആഗ്രഹം ഞാൻ നിറവേറ്റി.
ദയനീയമായി കിടക്കുന്ന ആ കുട്ടിയുടെ കിടപ്പ് ഓർമ്മയിൽ നിന്ന് മായുന്നേ ഇല്ല. അവസാന നിമിഷങ്ങളിൽ അവൻ ഉമ്മയെ കൺകുളിർക്കെ കണ്ടു. സങ്കടം പുറത്തു കാണിക്കാതെ 'മോൻ ഉറങ്ങിക്കോളൂ' എന്ന് പറഞ്ഞ് അവർ അവന്‍റെ നെറ്റിയിൽ ഉമ്മ കൊടുത്തു. ഉമ്മയുടെ കയ്യിൽ അവൻ മുറുകെ പിടിച്ചു. ഉമ്മ മോന്‍റെ കയ്യിൽ തലോടി കൊണ്ടിരുന്നപ്പോൾ അവൻ മയക്കത്തിലേക്ക് പോയ്കൊണ്ടിരുന്നു. മൂക്കിൽ നിന്ന് ചോര പൊടിയുവാൻ തുടങ്ങിയപ്പോൾ ഞാൻ ഉമ്മയെ പുറത്തേയ്ക്കു കൊണ്ടുപോന്നു. താമസിയാതെ ആ കൊച്ചു മിടുക്കനും ഈ ലോകത്തോട് യാത്ര പറഞ്ഞു. കുറച്ചു നാൾ കഴിഞ്ഞ് ആ ഉമ്മ എന്നെ വിളിച്ചിരുന്നു. "നിങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ മോന്‍റെ അവസാന നിമിഷങ്ങളിൽ അവന്‍റെ കൂടെ ഇരിക്കുവാൻ പറ്റിയത്. എന്നെ കണ്ട് ആ സന്തോഷത്തിലാണ് എന്‍റെ മോൻ കണ്ണടച്ചത്. മറക്കില്ല ഒരിക്കലും."
ഉമ്മയുടെ കയ്യിൽ അവൻ മുറുകെ പിടിച്ചു
ഇപ്പോഴും ഇടയ്ക്കു വിളിക്കാറുണ്ട് അവര്‍. വാട്ട്സാപ്പ് പ്രൊഫൈലിൽ ഫോട്ടോയിൽ അവന്‍റെ മുഖം മാറി മാറി വരുന്നത് കാണാം. ഇതുവരെ, എത്രയോ മുഖങ്ങൾ കണ്ടു... അതില്‍, അവന്‍റെ മുഖം മാത്രം എനിക്ക് മറക്കാൻ പറ്റുന്നില്ല .
വല്ലാതെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾക്കിടയിൽ കാൻസറിനെ തോൽപ്പിച്ചു ചിരിക്കുന്ന മുഖവുമായി ഐ.സി.യുവിലെ സ്ഥിരം അതിഥിയായി കിടക്കുന്ന ഡോക്ടർ ലളിത വേറിട്ടൊരു കാഴ്ചയായിരുന്നു. ഇനി എത്ര വാടിയ മുഖങ്ങൾ എന്‍റെ വഴിയിലൂടെ കടന്നുപോകുമെന്ന് അറിയില്ല. വേദനകള്‍ക്കിടയില്‍ ഇത്തിരിയെങ്കിലും ആശ്വാസമായെങ്കില്‍ ഞാനെന്ന് പ്രതീക്ഷിച്ച്, ചിരിക്കുന്ന മുഖവുമായി അവരുടെ ഇടയിലൂടെ ഞാൻ യാത്ര തുടരുന്നു.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം