അവനിപ്പോഴും സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ടാകട്ടേ...

Published : Dec 25, 2018, 02:02 PM IST
അവനിപ്പോഴും സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ടാകട്ടേ...

Synopsis

ഹൃദയം പൊടിയുന്ന വേദനയിൽ ഇതെല്ലാം പറയുമ്പോഴും ഒരു പുഞ്ചിരി അയാളുടെ മുഖത്തുണ്ടായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും അമീറിന്‍റെ ചലനശേഷിക്ക് ഒരു പുരോഗതിയും ഉണ്ടായില്ല.

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

പ്രവാസജീവിതത്തിലെ ഹോസ്പിറ്റൽ ജോലിക്കിടയിടയിലാണ് ഞാൻ അമീറിനെ കാണുന്നത്. തിരക്ക് പിടിച്ച ഒരു നൈറ്റ് ഡ്യൂട്ടിയിൽ കാർ ആക്സിഡന്‍റ് ആയിട്ടാണ് അമീർ ഞങ്ങളുടെ ഐ.സി.യുവിൽ അഡ്മിറ്റ് ആകുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍ പലതും കഴിഞ്ഞു... ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോക്ടർമാർക്ക് പോലും യാതൊരു ഉറപ്പും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അമീർ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമീർ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. നിറഞ്ഞ വേദനകൾക്കിടയിലും അയാളുടെ മുഖത്തുണ്ടായിരുന്ന ഒരു നിഷ്കളങ്കമായ പുഞ്ചിരി ഞങ്ങളെ എല്ലാം അദ്‌ഭുതപ്പെടുത്തിയിരുന്നു.
   

ആഴ്ചകൾ കഴിഞ്ഞിട്ടും അമീറിന്‍റെ ചലനശേഷിക്ക് ഒരു പുരോഗതിയും ഉണ്ടായില്ല

അയാൾ പതിയെ സംസാരിച്ചു തുടങ്ങിയപ്പോഴാണ് കാർ ആക്സിഡന്‍റിന്‍റെ പൂർണമായ കഥ ഞങ്ങൾക്ക് മനസിലായത്. അഞ്ചു വർഷത്തെ പ്രവാസജീവിതത്തിനു ശേഷം സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് അവധി ആഘോഷിക്കാൻ പോയതായിരുന്നു അമീർ. വീട്ടിൽ അച്ഛനെ കാത്തിരിക്കുന്ന മൂന്നു കുഞ്ഞുമക്കൾക്ക് അഞ്ചു വർഷം കൊണ്ട് പട്ടിണി കിടന്നുണ്ടാക്കിയ കാശുകൊണ്ട് വാങ്ങിയ സമ്മാനപ്പൊതികളുമായി കാറിൽ എയർപോർട്ടിലേക്ക് പോകുമ്പോഴാണ് ദുരന്തം ഒരു ഒട്ടകത്തിന്‍റെ രൂപത്തിൽ അമീറിന്‍റെ കാറിനു മുന്നിൽ എത്തിയത്.

നൂറായിരം സ്വപ്നങ്ങളുമായി തന്നെ കാത്തിരിക്കുന്ന വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് പോകാൻ ഇറങ്ങിയ അമീർ ഹോസ്പിറ്റലിൽ എത്തിപ്പെട്ടു... അപ്പോഴും അയാൾക്കത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഹൃദയം പൊടിയുന്ന വേദനയിൽ ഇതെല്ലാം പറയുമ്പോഴും ഒരു പുഞ്ചിരി അയാളുടെ മുഖത്തുണ്ടായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും അമീറിന്‍റെ ചലനശേഷിക്ക് ഒരു പുരോഗതിയും ഉണ്ടായില്ല. പിന്നീട് നടന്ന വിദഗ്ധ പരിശോധനയിൽ ഡോക്ടർമാർ അമീറിന്‍റെ സ്വപ്‌നങ്ങൾ ഒക്കെയും തകർത്തു കളഞ്ഞ വിധി എഴുതി. അമീറിന് കഴുത്തിന് താഴേക്ക് പൂർണമായും ചലനശേഷി നഷ്ടമായിരിക്കുന്നു. പിന്നീട്, അയാളുടെ കുറെ സുഹൃത്തുക്കളുടെ സഹായത്തോടെ ബംഗ്ലാദേശിലേക്ക് അമീറിനെ മാറ്റാനുള്ളതെല്ലാം ശരിയാക്കി.

നിഷ്കളങ്കമായ പുഞ്ചിരി കുറെ നാളത്തെ എന്‍റെ ഉറക്കം കളഞ്ഞിരുന്നു

എയർപോർട്ടിലേക്ക് പോകാൻ സ്‌ട്രെച്ചറിൽ കിടക്കുമ്പോഴും ഇതൊന്നും അറിയാതെ നാട്ടിൽ പോകുന്നതിന്‍റെ സന്തോഷത്തിലായിരുന്നു അമീർ. നിറഞ്ഞ സന്തോഷത്തോടെ ഞങ്ങളോട് യാത്ര പറഞ്ഞ അമീറിന്‍റെ മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരി കുറെ നാളത്തെ എന്‍റെ ഉറക്കം കളഞ്ഞിരുന്നു.

ഇന്ന് ഒരുപക്ഷെ, ഈ ലോകത്തിൽ അമീർ ഉണ്ടായിരിക്കില്ല... എങ്കിലും  വെറുതെ പ്രാർത്ഥിക്കും എല്ലാം ശരിയായി വരണേ എന്ന്‌.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

PREV
click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി