ഇമ്രാന്‍ ഖാന്‍റെ 'കേരള കണക്ഷന്‍' ; മനാഫ് ഓര്‍ത്തെടുക്കുന്ന ഇമ്രാന്‍ ഖാന്‍

By Vipin PanappuzhaFirst Published Jul 26, 2018, 6:51 PM IST
Highlights
  • പിഎംഎല്‍, പിപിപി തുടങ്ങിയ പരമ്പരാഗത കക്ഷികളെ മറികടന്ന് പാകിസ്ഥാനെ ലോക ജേതാക്കളായ ക്രിക്കറ്റ് ഇതിഹാസം ഇമ്രന്‍ഖാന്‍റെ പാര്‍ട്ടി പിടിഐ ഭരണത്തോട് അടുക്കുന്നു
  • ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദം മനാഫ് ഇടവനക്കാട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി ഓര്‍ത്തെടുക്കുന്നു

പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ പുതുയുഗ പിറവിയാണ്. പിഎംഎല്‍, പിപിപി തുടങ്ങിയ പരമ്പരാഗത കക്ഷികളെ മറികടന്ന് പാകിസ്ഥാനെ ലോക ജേതാക്കളായ ക്രിക്കറ്റ് ഇതിഹാസം ഇമ്രന്‍ഖാന്‍റെ പാര്‍ട്ടി പിടിഐ ഭരണത്തോട് അടുക്കുന്നു. പാകിസ്ഥാന്‍ പട്ടാളത്തിന്‍റെ സഹായത്തോടെയാണ് വിജയം, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തെര‍ഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ല എന്നീ രാഷ്ട്രീയ വാദങ്ങള്‍ മുന്നിലുണ്ടെങ്കിലും. ക്രിക്കറ്റിലെ വിജയഗാഥ 22 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലും ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിക്കുകയാണ്.  ഇമ്രന്‍ഖാന്‍റെ ഈ വിജയത്തെ ദുബായില്‍ ഇരിന്നു കാണുകയാണ് അദ്ദേഹവുമായി ദീര്‍ഘമായ സൗഹൃദം പുലര്‍ത്തുന്ന മനാഫ് ഇടവനക്കാട്.

ദുബായിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മനാഫിന്‍റെ ഇമ്രാന്‍ ഖാനുമായുള്ള ബന്ധത്തിന് ഒരു വ്യാഴവട്ടത്തിന്‍റെ പഴക്കമുണ്ട്. ഇമ്രാന്‍ ഖാന്‍റെ പാക് അശ്വമേധം ആരംഭിക്കും മുന്‍പ് തന്നെ അദ്ദേഹമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ട് മനാഫ് ഇങ്ങനെ കുറിച്ചു.

ഇതുവരെയുള്ള വിശകലനങ്ങൾ നോക്കിയാൽ ഇമ്രാൻ ഖാന്റെ PTI യ്ക്ക് വിജയസാധ്യത ഏറെയാണ്. അതായത്‌ അയൽരാജ്യത്തെ അടുത്ത പ്രധാനമന്ത്രി ഒരുപക്ഷെ ഇദ്ദേഹമാണ് ! സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുമായി സൗഹൃദം സ്ഥാപിക്കാനുള്ള യോഗമൊന്നും നുമ്മക്കില്ല. 
ഈ പഴയ സൗഹൃദം പക്ഷെ ഇടയ്ക്കിടയ്ക്ക് 'പാകിസ്ഥാനിലോട്ടു പൊക്കോ' എന്ന ഭീഷണിക്കാലത്തു ഉപകാരപ്പെടുമോ എന്ന് കണ്ടറിയണം.

ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദം മനാഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി ഓര്‍ത്തെടുത്തു, 2006 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പാകിസ്ഥാന്‍ പാര്യടനം നടക്കുന്ന സമയം. അന്ന് മത്സരങ്ങളുടെ ആഗോള പ്രക്ഷേപണാവകാശം ടെന്‍ സ്പോര്‍ട്സിനായിരുന്നു. അന്ന് ടെന്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്‍റായിരുന്നു ഞാന്‍, അന്ന് കളിക്ക് ഒപ്പമുള്ള വിശകലന പരിപാടിയായിരുന്നു സ്ട്രൈറ്റ് ഡ്രൈവ്. അതിലെ ഒരു അതിഥിയായിരുന്നു ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ നിന്നും സഞ്ജയ് മഞ്ചരേക്കറും, ഇംഗ്ലണ്ടിന്‍റെ നാസര്‍ ഹുസൈനുമായിരുന്നു മറ്റ് വിശകലന വിദഗ്ധര്‍. ഏതാണ്ട് ഒന്നരമാസത്തോളം നീണ്ട പരമ്പരയുടെ വിശകലന പരിപാടികള്‍ ദുബായില്‍ വച്ചായിരുന്നു എടുത്തത്.

ഈ കാലത്താണ് ഇമ്രാനുമായി അടുക്കാനുള്ള ഇടവന്നത്. ഒരു കമ്യൂണിക്കേറ്റര്‍ എന്ന നിലയില്‍ അസാധ്യമായ ഒരു വ്യക്തിത്വമാണ് ഇമ്രാന്‍റെത് എന്ന് അന്നെ തോന്നിയിട്ടുണ്ട്. വിദേശ വിദ്യാഭ്യാസത്തിന്‍റെ ഒരു ഗുണം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ കാണാം. ഒപ്പം പറയുന്ന വിഷയങ്ങളെക്കുറിച്ച് ഉള്ള അറിവും. പാകിസ്ഥാനെക്കുറിച്ച് പറയുമ്പോള്‍ എന്നും കണ്‍സേണായി സംസാരിക്കുമായിരുന്നു അദ്ദേഹം. അവിടുത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, അഴിമതി, സാമൂഹ്യമായ അസമത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വലിയതോതില്‍ തന്നെ ഞങ്ങളുമായി പങ്കുവയ്ക്കുമായിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായി ഇന്ത്യ- പാകിസ്ഥാന്‍ വിഷയങ്ങള്‍ സംസാരത്തില്‍ ഒരിക്കലും കടന്നുവന്നില്ല എന്നതും ശ്രദ്ധിച്ചിരുന്നു. 

ആ കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രശസ്തി. പാകിസ്ഥാനിലെ തന്നെ മികച്ച ക്യാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം പാകിസ്ഥാനിലെ പ്രശ്നങ്ങളിലുള്ള ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ തന്നെ അത് മാറും എന്ന ശുഭാപ്തിവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അത് 12 വര്‍ഷത്തിനിപ്പുറം പാകിസ്ഥാനില്‍ ഒരു രാഷ്ട്രീയ മാറ്റമായി മാറും എന്ന് കരുതിയിരുന്നില്ല. ഉഷ്മളമായ ആ സൗഹൃദകാലത്തിന് ശേഷം പിന്നീട് ഒരിക്കല്‍ കൂടിയെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. അത് പിന്നീട് ഒരിക്കല്‍ ദുബായ് വിമാനതാവളത്തില്‍ വച്ചാണ് ലണ്ടനിലേക്ക് വിമാനം കാത്തുനില്‍ക്കുന്ന അദ്ദേഹവുമായി പരിചയം പുതുക്കിയപ്പോള്‍ ഒരു അപരിചത്വവും കാണിക്കാതെയാണ് ഇടപെട്ടത്. 
 

click me!