'കുമ്പളങ്ങി നൈറ്റ്സി'ല്‍ കാണാത്ത വേറെയും ജീവിതങ്ങളുണ്ട് കുമ്പളങ്ങിയില്‍

By Nazeer HussainFirst Published Feb 24, 2019, 7:16 PM IST
Highlights

മൃതദേഹം അടക്കുന്നതിന് തൊട്ടു മുമ്പ് വരെ മോട്ടോർ വച്ച് വെള്ളം വറ്റിച്ചുകൊണ്ടിരുന്നു. മൃതദേഹം അടക്കി പെട്ടെന്ന് തന്നെ കുഴി മൂടുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ ആ കുഴിയിൽ വെള്ളം നിറഞ്ഞു കാണും എന്ന് എനിക്ക് മനസിലായി. മാന്യമായി മൃതദേഹം അടക്കം ചെയ്യാൻ പോലും കഴിയാത്ത ചില സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടെന്ന് അന്നാണറിഞ്ഞത്.

ക്ഷമിക്കണം ഇതൊരു കുമ്പളങ്ങി സിനിമ റിവ്യൂ അല്ല, മറിച്ച് ഞാനറിയുന്ന കുമ്പളങ്ങി ദ്വീപ് - ഗ്രാമത്തെ കുറിച്ചുള്ള ചില ഓർമകളാണ്. സിനിമയെ കുറിച്ച് ആയിരക്കണക്കിന് പേർ പറഞ്ഞു കഴിഞ്ഞല്ലോ..

"സെമിത്തേരിയിൽ കുഴി കുത്താൻ പറ്റണില്ല അച്ചോ, രണ്ടടി കുഴിക്കുമ്പോഴേക്കും വെള്ളം കേറണ്..." മരിച്ചു കിടക്കുന്ന ആളുടെ കാൽക്കൽ വേദപുസ്തകവും പിടിച്ച് അന്ത്യ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്ന അച്ചനോട് കുഴിവെട്ടുകാരൻ തോമസ് ചേട്ടൻ വന്ന് പറഞ്ഞു.

"ഇതൊക്കെ ഇപ്പോഴാണോ നോക്കുന്നത് എന്റെ തോമസേ, നിങ്ങൾ പോയി പള്ളിയിൽ നിന്ന് ആ മോട്ടോർ എടുത്തു കൊണ്ട് വന്ന് വെള്ളം വറ്റിക്കാൻ നോക്ക്, ഇനി വൈകിയാൽ ഇന്നെടുക്കാൻ പറ്റില്ല, പോകുമ്പോൾ ഒന്ന് രണ്ടു പേരെ കൂടെ വിളിക്ക്, മോട്ടോർ നിനക്ക് ഒറ്റക്ക് പൊക്കിക്കൊണ്ട് വരാൻ പറ്റില്ല.."

ഞാനും തോമസ് ചേട്ടനും കൂടെയാണ് മോട്ടോറെടുക്കാൻ പള്ളിയിലേക്ക് പോയത്. അന്നാണ് ജൂൺ, ജൂലൈ മാസങ്ങളിൽ രണ്ടടി കുഴിക്കുമ്പോൾ വെള്ളം കേറുന്ന സെമിത്തേരി ആദ്യമായി ഞാൻ കാണുന്നത്.

മൃതദേഹം അടക്കി പെട്ടെന്ന് തന്നെ കുഴി മൂടുകയും ചെയ്തു

1989 -ൽ എന്റെ ഒരു കൂട്ടുകാരന്റെ അച്ഛൻ മരിച്ചതറിഞ്ഞു കുമ്പളങ്ങിയിൽ ഉള്ള അവന്റെ വീട്ടിൽ പോയതായിരുന്നു ഞാൻ. എന്റെ വീട്ടിൽ നിന്ന് വെറും പത്ത് മിനിറ്റ് നടന്നു പോകാനുള്ള ദൂരമേ പെരുമ്പടപ്പിലേക്ക് ഉള്ളൂ. അവിടെ നിന്ന് ചങ്ങാടമോ, ബോട്ടോ എടുത്താൽ അഞ്ച് മിനിറ്റിൽ കുമ്പളങ്ങിയിൽ എത്തും. പക്ഷെ, അതുവരെ ഞാൻ അവിടെ പോയിരുന്നില്ല.

മൃതദേഹം അടക്കുന്നതിന് തൊട്ടു മുമ്പ് വരെ മോട്ടോർ വച്ച് വെള്ളം വറ്റിച്ചുകൊണ്ടിരുന്നു. മൃതദേഹം അടക്കി പെട്ടെന്ന് തന്നെ കുഴി മൂടുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ ആ കുഴിയിൽ വെള്ളം നിറഞ്ഞു കാണും എന്ന് എനിക്ക് മനസിലായി. മാന്യമായി മൃതദേഹം അടക്കം ചെയ്യാൻ പോലും കഴിയാത്ത ചില സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടെന്ന് അന്നാണറിഞ്ഞത്.

ക്ഷമിക്കണം ഇതൊരു കുമ്പളങ്ങി സിനിമ റിവ്യൂ അല്ല, മറിച്ച് ഞാനറിയുന്ന കുമ്പളങ്ങി ദ്വീപ് - ഗ്രാമത്തെ കുറിച്ചുള്ള ചില ഓർമകളാണ്. സിനിമയെ കുറിച്ച് ആയിരക്കണക്കിന് പേർ പറഞ്ഞു കഴിഞ്ഞല്ലോ..

കേരളത്തിലെ ഇടനാടും മലനാടും തുടങ്ങുന്നതിനു മുമ്പ് കടലിനും ഇടനാടിനും ഇടയ്ക്ക് കിടക്കുന്ന കുറെ കായലുകളും ആ കായലുകളുടെ ഇടയ്ക്ക് അവിടവിടെയായി ചിതറിക്കിടക്കുന്ന കുറെ കൊച്ചു ദ്വീപുകളും തുരുത്തുകളും കരികളും ഉണ്ട്. എറണാകുളം പോലെ ഇടനാട് തുടങ്ങുന്നതിനു മുമ്പ് അറബിക്കടലിനും എറണാകുളത്തിനും ഇടയ്ക്ക് ഞങ്ങൾ കൊച്ചി എന്ന് പൊതുവായി വിളിക്കുന്ന മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, കണ്ണമാലി, ഗൂഗിൾ മാപ്പുകാരൻ "ചെല്ലണം" എന്ന് തെറ്റായി എഴുതുന്ന ചെല്ലാനം, കതൃക്കടവ്, കണ്ടക്കടവ്, കണ്ണമാലി തുടങ്ങിയ അനേകം സ്ഥലങ്ങൾ ഇങ്ങനെയുള്ളവയാണ്. ഈ സ്ഥലങ്ങളിൽ തന്നെ തെക്ക് പടിഞ്ഞാറു ഭാഗത്തായി കൊച്ചിക്കാർ തന്നെ അപൂർവമായി പോകുന്ന സ്ഥലങ്ങളാണ് കുമ്പളങ്ങിയും, പള്ളുരുത്തി നമ്പ്യാപുരത്തിനു പടിഞ്ഞാറു കിടക്കുന്ന കളത്തറയും കുതിരക്കൂർ കരിയും മറ്റും. അതിൽത്തന്നെ വേറെ ഉള്ളവരുടെ തമാശയ്ക്ക് പാത്രീഭവിച്ചവരാണ് കുമ്പളങ്ങിക്കാർ.

"എടാ കുമ്പളങ്ങിക്കാർ ഐസ് കട്ടയ്ക്ക് പെയിന്റ് അടിച്ച കഥ കേട്ടിട്ടുണ്ടാ?"
"നീ അവര് ഐസ് കട്ട എടുത്തത് കറി വച്ച കഥ കേട്ടിട്ടില്ലേ?"
"പിന്നെ, ഹെലികോപ്റ്റർ വന്നപ്പോൾ വലിയ വണ്ട് ആണെന്ന് കരുതി കല്ലെറിയാൻ നോക്കിയത്, ഇവന്മാർ ശരിക്കും മണ്ടന്മാരാണല്ലേ.."
എന്റെ സ്കൂൾ സമയത്ത് കേട്ടിരുന്ന തമാശകളാണ്, അന്ന് ഇതെല്ലം കേട്ട് ചിരിച്ചിട്ടും ഉണ്ട്, ഭൂമിശാസ്ത്രപരമായി മാത്രം അല്ല, സാംസ്കാരികമായും ദൂരെ മാറ്റി നിർത്തപ്പെട്ടവർ ആയിരുന്നു അവർ.

പക്ഷെ, യാഥാർഥ്യം അകലെയായിരുന്നു എന്നെനിക്ക് മനസിലായത് പതിനാറു കൊല്ലമായി പണി തീരാതെ കിടന്നിരുന്ന പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിന്റെ പതിനാറടിയന്തിരം കുമ്പളങ്ങിക്കാർ പ്രതിഷധമായി ആഘോഷിച്ച് കണ്ടപ്പോഴാണ്. എല്ലാ പള്ളികളിലും അമ്പലങ്ങളിലും പതിനാറടിയന്തിര സദ്യ നടന്നു. ആ സമരം ഫലിച്ചു എന്ന് തോന്നുന്നു, അല്ലെങ്കിൽ അവരുടെ നാട്ടുകാരനായ കെ വി തോമസ് എം പി ആയതു കൊണ്ടാണോ ആവോ, പാലം പണി പെട്ടെന്ന് തീർന്നു. ആ പാലം അവർക്ക് അത്യാവശ്യമായിരുന്നു.

അതിനു മുൻപ് വി എ ടി എന്ന ബസ് സർവീസ് ആയിരുന്നു കുമ്പളങ്ങിയിലേക്ക് ഉണ്ടായിരുന്നത്. പെരുമ്പടപ്പിൽ എത്തുമ്പോൾ ബസിലെ എല്ലാവരും ഇറങ്ങും. എന്നിട്ട് രണ്ടു വലിയ വള്ളങ്ങളുടെ മുകളിൽ ഉറപ്പിച്ച വലിയ ഒരു ചങ്ങാടത്തിലേക്ക് ബസ് കയറ്റും. യാത്രക്കാർ എല്ലാം ചങ്ങാടത്തിന്റെ അരികിൽ നിന്ന് യാത്ര ചെയ്യും. കൊച്ചിൻ കോളേജിൽ പഠിക്കുമ്പോഴാണ് പാലം ഇല്ലാത്തത് കൊണ്ട്, എത്ര ബുദ്ധിമുട്ടിയാണ് ഇവർ കോളേജിൽ വന്നിരുന്നത് എന്നറിയുന്നത്. ഗോശ്രീ പാലം വരുന്നതിനും മുമ്പ് വൈപ്പിൻ കരക്കാരോട് എറണാകുളത്ത് എത്താൻ ഉണ്ടായിരുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ചോദിച്ചാൽ ഏകദേശ ധാരണ കിട്ടും.

അന്നത്തെ സംഭവത്തിന് ശേഷം ഞാൻ എന്‍റെ സൈക്കിളിൽ കുമ്പളങ്ങിയിലൂടെ കുറെ സഞ്ചരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചില പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയും. പലപ്പോഴും പെരുമ്പടപ്പിൽ നിന്ന് ചങ്ങാടത്തിൽ കയറി, കുമ്പളങ്ങി മുഴുവൻ കവർ ചെയ്തു, കുമ്പളങ്ങിയുടെ മറ്റേ അറ്റത്തുള്ള എഴുപുന്ന ഫെറി കടന്നു, കിഴക്കോട്ട് പോയി. പഴയ ദേശീയ പാതയായ, അരൂരിൽ നിന്ന് തോപ്പുംപടി വഴി പോകുന്ന (old)NH47 വഴി തിരിച്ച് വീട്ടിലെത്തി. ഈ റൂട്ടിൽ ചെറിയൊരു മാറ്റം വരുത്തിയാൽ തുറവൂർ എത്തും, 'കുമ്പളങ്ങി നൈറ്റ്സ്' എഴുതിയ ശ്യാമിന്റെ സ്ഥലം.

മിക്കവാറും വല കരയിലും എറിയുന്നവൻ കായലിലും കിടക്കും

കുമ്പളങ്ങിയോട് ഏകദേശം ഭൂപ്രദേശത്തിൽ സാമ്യം ഉള്ള സ്ഥലമായിരുന്നു പള്ളുരുത്തിക്ക് പടിഞ്ഞാറുള്ള കളത്തറ ദ്വീപ്. ശാസ്ത്ര സാഹിത്യ പരിഷത്തിൽ വച്ച് പരിചയപ്പെട്ട ജോഷിയുടെ വീട് അവിടെ ആയിരുന്നു. നമ്പ്യാപുരം മുസ്ലിം പള്ളിയുടെ പടിഞ്ഞാറു കായലിന്റെ അരികെ പോയി വള്ളക്കാരനെ കൂവി വിളിച്ച് ഇപ്പുറം വരുത്തി സൈക്കിളും ഞാനും മറിഞ്ഞു വീഴാതെ നോക്കി, ബാലൻസ് ചെയ്ത് നിന്ന് കൊണ്ടാണ് അക്കരയ്ക്ക് പോകുന്നത്. സിനിമയിൽ ഒരു സീനിൽ വള്ളത്തിൽ നിൽക്കുന്ന കഥാപാത്രം കുറച്ച് ആവേശഭരിതൻ ആകുമ്പോൾ വള്ളം അങ്ങോട്ടും ഇങ്ങോട്ടും ചരിയുന്ന ഒരു സീനിൽ വള്ളക്കാരൻ വിളിക്കുന്ന "ഡാ ഡാ" എന്നൊരു വിളി ഞാൻ കുറെ കേട്ടിട്ടുള്ളതാണ്..

ജോഷിയുടെ അപ്പച്ചൻ മീൻ പിടിത്തക്കാരൻ ആയിരുന്നു. ഇങ്ങനെ പിടിക്കുന്ന മീൻ അമ്മ അടുത്തുള്ള മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. 'കായലിലെ ഒരു ചെറിയ തുരുത്ത്' എന്നു വേണമെങ്കിൽ അയാളുടെ വീട് ഇരിക്കുന്ന സ്ഥലത്തെ വിളിക്കാം. മഴക്കാലത്ത് നനയാതെ അവിടെ എത്താൻ പറ്റില്ല.

അവിടെ ഉള്ള മിക്ക ആളുകളും മീൻപിടിത്തം നടത്തി ജീവിക്കുന്ന, ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികൾ ആയിരുന്നു. കുറച്ച് കൂടി പടിഞ്ഞാറോട്ടു നടന്ന് ഒരു ഇടവഴി കടന്നാൽ കാട്ടിപ്പറമ്പ് സെന്‍റ് ജോസഫ് പള്ളിയായി. അതിനും ഒരു റോഡിനപ്പുറം അറബിക്കടലാണ്.

ജോഷിയുടെ അച്ഛന്റെ വള്ളത്തിൽ ഇരുന്നു വളളം തുഴയാൻ പഠിക്കാൻ നടത്തിയ ശ്രമങ്ങളും, വല എടുത്തു പൊക്കാൻ നോക്കിയതും ഒക്കെയാണ്, മീൻ പിടിത്തം ഒരു ചെറിയ കളിയല്ല എന്ന് മനസിലാക്കി തന്നത്. സിനിമയിലെ വലയെറിയുന്ന സീൻ പിടിക്കാൻ എന്തിന് 18 ടേക്ക് വേണ്ടി വന്നു എന്ന് എനിക്ക് ശരിക്കും അറിയാം. അറിയാത്തവൻ വലയെറിയാൻ നോക്കിയാൽ താഴെ കനം കൂടിയ കറുത്തീയം കെട്ടിയ വലയുടെ ഭാരവും ചുറ്റുന്നതിന്റെ ആക്കവും കൊണ്ട്, മിക്കവാറും വല കരയിലും എറിയുന്നവൻ കായലിലും കിടക്കും...

ജോഷിയുടെ അപ്പച്ചന്റെ കയ്യിൽ ആയിരുന്നു എന്റെ ബാപ്പയുടെ കയ്യിനെക്കാൾ തഴമ്പ് ഞാൻ കണ്ടിട്ടുള്ളത്. കൈ മാത്രമേ അങ്ങനെ പരുക്കൻ ആയി ഉണ്ടായിരുന്നുള്ളൂ. ഹൃദയം നിറയെ സ്നേഹമുള്ളവർ ആയിരുന്നു, ആ വീട്ടിലും ആ ദ്വീപിലെ വേറെ എല്ലാ വീടുകളിലും ഉള്ളവരും.

ആ വീട്ടിലും കുറെ ആൺകുട്ടികൾ ആയിരുന്നു. ചിലർ മീൻ പിടിക്കാൻ പോയി, ചിലർ കാർപെന്‍റിക്ക് പോയി. ജോഷി പെയിന്‍റിങ് പണിക്ക് പോയി. എങ്ങനെ എങ്കിലും ആ തുരുത്തിൽ നിന്ന് രക്ഷപ്പെടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന പോലെ എനിക്ക് തോന്നി. പക്ഷെ, എനിക്ക് നേരെ തിരിച്ചായിരുന്നു, രുചികരമായ മീൻകറി, അമ്മയുടെയും അപ്പച്ചന്റെയും മറ്റു വീട്ടുകാരുടെയും സ്നേഹം, എത്ര ചൂടുള്ള ഉച്ചയിലും കായലിൽ നിന്ന് അടിക്കുന്ന തണുത്ത കാറ്റേറ്റ് ഉള്ള ഉറക്കം. ഭൂമിയിലെ സ്വർഗം എന്നൊക്കെ പറയാൻ തോന്നുന്ന സ്ഥലം. പക്ഷെ, അമേരിക്കയിൽ വല്ലപ്പോഴും വരുന്നവർ അല്ലെങ്കിൽ ടി വിയിൽ മഞ്ഞ് കാണുന്നവർ അമേരിക്ക എന്തൊരു സുന്ദരൻ സ്ഥലമാണ് എന്ന് പറയുന്നത് പോലത്തെ കാര്യം മാത്രമാണത്. ഇടയ്ക്ക് വരുന്നവർക്ക് മഴക്കാലത്തും മറ്റും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാവില്ല. അവിടുള്ള കക്കൂസുകൾ കായലിലേക്ക് കയറ്റിപ്പണിത ഒരു മരത്തിന്റെ അറ്റത്തുള്ള ചെറിയ മറവുകൾ മാത്രമായിരുന്നു. മഴക്കാലത്തു കായലും പറമ്പും വീടും തമ്മിൽ തിരിച്ചറിയാൻ തന്നെ പ്രയാസമായിരുന്നു.

പക്ഷെ, മട്ടാഞ്ചേരിയിൽ തോട്ടികൾ താമസിച്ച് ഞാൻ കണ്ടിരുന്നില്ല

അങ്ങനെ അവിടെ താമസിച്ച ഒരു രാത്രിയിലാണ് കായലിൽ കൈ ഇട്ടിളക്കുമ്പോൾ ചെറിയ പച്ചനിറത്തിൽ വെള്ളം തിളങ്ങുന്നത് ജോഷി കാണിച്ചു തന്നത്. അതിന് ശേഷം ഈ സിനിമയിലാണത് കാണുന്നത്.

ജോഷി പ്രീ ഡിഗ്രി വരെ പഠിച്ച്, പല പിഎസ്‌സി പരീക്ഷകൾ പാസ്സായി അവിടെ നിന്ന് മാറിപ്പോയി. ഇപ്പോൾ സൗജന്യമായി മറ്റുള്ള കുട്ടികൾക്ക് പിഎസ്‌സി ട്രെയിനിങ് കൊടുക്കുന്നു. അതിനു ശേഷം കളത്തറയിലും അനേകം മാറ്റങ്ങൾ വന്നു. അങ്ങോട്ട് പാലം വന്നു, പടിഞ്ഞാറേക്കുള്ള ഇടവഴി വലിയ റോഡായി മാറി. പല സ്കൂളുകൾ വന്നു.

എന്റെ വീടിന്‍റെ ഇരുന്നൂറു മീറ്റർ പടിഞ്ഞാറായിരുന്നു തീട്ടപ്പറമ്പ്. അതിനു തൊട്ടടുത്തായിരുന്നു പട്ടികജാതി പട്ടികവർഗ കോളനി. അവിടങ്ങളിൽ കക്കൂസ് ഇല്ലാതിരുന്ന എല്ലാവരും വെളിക്കിരുന്നത് ഈ തീട്ടപ്പറമ്പിൽ ആയിരുന്നു. മട്ടാഞ്ചേരിയിൽ നിന്ന് വന്ന ഞങ്ങൾക്ക് അതൊരദ്ഭുതം ആയിരുന്നു. മട്ടാഞ്ചേരിയിൽ അഞ്ച് വീട്ടുകാർക്ക് ഒരു കക്കൂസും ഒരു കിണറും ആയിരുന്നു. കക്കൂസുകൾ പാട്ടക്കക്കൂസുകൾ ആയിരുന്നു. തോട്ടികൾ ആയിരുന്നു നിറഞ്ഞ തീട്ട പാട്ടകൾ മാറ്റിയിരുന്നത്. പക്ഷെ, മട്ടാഞ്ചേരിയിൽ തോട്ടികൾ താമസിച്ച് ഞാൻ കണ്ടിരുന്നില്ല.പള്ളുരുത്തിയിൽ വന്ന് തീട്ടപ്പറമ്പിന് അടുത്തുള്ള കോളനി കണ്ടപ്പോഴാണ് ഇവർ എവിടെയാണ് താമസിച്ചിരുന്നത് എന്ന് മനസിലായത്. സെപ്റ്റിക് ടാങ്കുകൾ വന്നു കഴിഞ്ഞും കോർപറേഷനിൽ കാണകോരലും മറ്റുമാണ് ഇവർ പ്രധാനമായും ചെയ്തിരുന്നത്. എന്റെ അയല്പക്കത്ത് താമസിച്ചിരുന്ന പലർക്കും അവിടെ ബന്ധുക്കൾ ഉണ്ടായിരുന്നു. ചിലരുടെ വീടുകളിൽ പോയിരുന്നത് ഈ തീട്ട പറമ്പു കടന്നിട്ടാണ്.

എന്റെ ബാപ്പ രണ്ടാമത്തെ ഒരു സ്ഥലം വാങ്ങുന്നത് ഈ തീട്ടപ്പറമ്പിന്റെ പടിഞ്ഞാറ് വശത്താണ്. ഉമ്മയെ തയ്യൽ പഠിപ്പിച്ച ടീച്ചറുടെ വക സ്ഥലം ആയിരുന്നു. തീട്ടപ്പറമ്പിന് അടുത്ത് സ്ഥലം വാങ്ങുന്നത് ഒരു നാണക്കേടായി ഞങ്ങൾ കരുതി. അളിയന് ഗൾഫിൽ പോകാൻ പണം വേണ്ടിവന്നപ്പോൾ ആദ്യം ചെയ്തത് ആ സ്ഥലം വിൽക്കുകയായിരുന്നു. സെന്റിന് പതിനായിരം കൊടുത്ത് വാങ്ങിയ സ്ഥലം പതിനഞ്ചിനോ മറ്റോ വിറ്റു.

പക്ഷെ, എല്ലാവർക്കും കക്കൂസും മറ്റും വന്നു കഴിഞ്ഞ് ഈ തീട്ടപ്പറമ്പ് ഗവണ്മെന്‍റ് ഒരു കളിസ്ഥലം ആക്കി മാറ്റി. കുട്ടികൾ അവിടെ ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ തുടങ്ങി. പിന്നീട് മാർക്കറ്റ് വന്നു, സർക്കാർ ആശുപത്രി വന്നു. സ്ഥലത്തിന്റെ വില വളരെ കൂടി. ഇപ്പൊൾ സെന്റിന് മൂന്നോ നാലോ ലക്ഷം കുറഞ്ഞത് കാണും എന്ന് തോന്നുന്നു.

പക്ഷെ, അതിന്റെ കൂടെ ഒന്ന് കൂടി സംഭവിച്ചു, അവിടെ താമസിച്ചിരുന്നവർ സ്ഥലങ്ങൾ വിറ്റു കൂടുതൽ ദൂരങ്ങളിലേക്ക് പോയി. ഇങ്ങിനെ ഡെവലപ്പ് ചെയ്ത സ്ഥലത്ത് കൂടുതൽ പണമുള്ള നഗരവാസികൾ കുടിയേറി. അവിടെ ഉണ്ടായിരുന്നവർ പള്ളുരുത്തിക്ക് കൂടുതൽ പടിഞ്ഞാറു മാറി കോണം എന്ന സ്ഥലത്തേക്കും, ചിലർ കുമ്പളങ്ങിയിലേക്കും അരൂർക്കും മാറിത്താമസിച്ചു. ഇനി കുമ്പളങ്ങിയും പുരോഗതി പ്രാപിച്ചു കഴിയുമ്പോൾ ഇവർ ഇവിടെയും വിട്ട് കൂടുതൽ ദൂരത്തേക്ക് പലായനം ചെയ്യും.

ഈ സിനിമ ഒരു വിശ്വ മാനവികതയുടെ അതിമനോഹരമായ കഥയാണ്

പുരോഗതിയുടെ ഒരു അളവുകോൽ ഒരു സ്ഥലത്ത് പുരോഗതി വന്ന് അവിടെ ഉള്ള ആളുകൾ കുറച്ചു കൂടെ നല്ല സൗകര്യത്തോടെ, കൂടുതൽ വിദ്യാഭ്യാസവും ജോലിയും കിട്ടി ജീവിക്കുക എന്നതാണ്. പക്ഷെ, നമ്മുടെ നാട്ടിലെ പല പുരോഗതികളും ഒരു പ്രദേശത്ത് വന്നു കഴിയുമ്പോൾ നമ്മൾ കാണുന്നത് പ്രദേശ വാസികളിൽ പാവപ്പെട്ട ഭൂരിഭാഗവും സ്വന്തം സ്ഥലം വിറ്റു കുറച്ചു കൂടി അകലെ പഴയ ജീവിത നിലവാരം ഉള്ള സ്ഥലങ്ങളിലേക്ക് മാറുന്നതായിട്ടാണ്. ഇങ്ങനെ വിട്ടുപോവുന്ന സ്ഥലത്തേക്ക് നഗരങ്ങളിൽ നിന്ന് കൂടുതൽ വിദ്യഭ്യാസവും ജോലിയും ഉള്ള പുതിയ ആളുകൾ കടന്നു വരുന്നു. ചുരുക്കത്തിൽ പുരോഗതിയുടെ ഫലം ചില ക്ലാസുകൾ മാത്രം അനുഭവിക്കുന്ന പുരോഗതികളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികളെ അവിടെത്തന്നെ നിലനിർത്തിക്കൊണ്ടുള്ള പുരോഗതിയെക്കുറിച്ചുകൂടി നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു..

ഈ സിനിമ ഒരു വിശ്വ മാനവികതയുടെ അതിമനോഹരമായ കഥയാണ്, വളരെ മനോഹരമായി എഴുതി ചിത്രീകരിച്ച ഒന്ന്. അതിൽ കുമ്പളങ്ങി ഒരു പശ്ചാത്തലം ആയി വരുന്നു എന്ന് മാത്രം. കുമ്പളങ്ങിയുടെ കഥകൾ പറയാൻ ഒരു സിനിമ മാത്രം മതിയാവില്ല...

click me!