Latest Videos

ഇന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു, 'നന്ദുവിനെ നോക്കൂ, ആ ജീവിതം കാണൂ...'

By Sumam ThomasFirst Published Feb 4, 2019, 2:45 PM IST
Highlights

അർബുദമാണെന്ന് തുറന്ന് പറഞ്ഞപ്പോൾ അതിന് സൈബർ ലോകം നൽകിയ സ്വീകാര്യതയും വളരെ വലുതായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയവർക്ക് നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചോദനമായി. ധാരാളം പേർ കാൻസറിന്റെ പിടിയിലാണെന്നും രോഗത്തോട് പൊരുതാൻ തീരുമാനിച്ചു എന്നും പ്രഖ്യാപിച്ച് മുന്നോട്ട് വന്നു. ഇന്ന് ആർ സി സി -യിലെ കൗൺസലിംഗ് മുറികളിൽ ഡോക്ടേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേര് നന്ദു മഹാദേവ എന്നാണ്. 

'പ്രണയിനിയായി വന്നതാണെങ്കിലും അവൾക്ക് മുന്നിൽ അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ പറ്റുമോ? അതുകൊണ്ട് അവളുമായി യുദ്ധത്തിലാണ്. പക്ഷേ, ഇപ്പോൾ ജയിച്ചു നിൽക്കുന്നത് ഞാനാണ്' -പറയുന്നത് തിരുവനനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്ത് ചെങ്കോട്ടുകോണം സ്വദേശിയായ നന്ദു മഹാദേവ. സൈബറിടത്തിൽ ഈ പേര് കേൾക്കാത്തവർ  ചുരുക്കമായിരിക്കും. കാരണം കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ജീവിതം തീർന്നു എന്ന് തകർന്നു പോകുന്ന അനവധി പേർക്കിടയിൽ നന്ദു അതിജീവനത്തിന്റെ ആൾരൂപമാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് നന്ദു ജീവിതം പറയുന്നു.

കൃത്യം ഒരു വർഷം മുമ്പാണ് ഇടതുകാൽ മുട്ടിലെ വേദനയായി അർബുദം നന്ദുവിനെ തേടിയെത്തിയത്. ആശുപത്രിയിൽ കാണിച്ചപ്പോൽ സാധാരണ മുട്ടുവേദനയെന്ന് പറഞ്ഞു. എന്നാൽ വേദന സഹിക്കാൻ വയ്യാത്ത സാഹചര്യത്തിൽ വീണ്ടും ഡോക്ടറെ കണ്ടു. അവസാനം ടെസ്റ്റുകൾക്കും പരിശോധനകൾക്കും അവസാനം 'സർക്കോമാ' എന്ന അർബുദമാണെന്ന് കണ്ടെത്തി. ഒരു വർഷത്തെ ദുരിതം ആരംഭിച്ചത് ഇങ്ങനെ. 

കൺപീലികൾ വരെ കൊഴിഞ്ഞു പോയി അവസ്ഥയിലെത്തിയിരുന്നു

''എല്ലാവരെയും പോലെ ആദ്യം ഇത് കേട്ടപ്പോൾ ഞാനും തകർന്നു പോയി. സങ്കടപ്പെട്ടു. അച്ഛനെയും അമ്മയെയും എല്ലാവരെയും ഓർത്തു. പിന്നീട് അതിനെക്കുറിച്ച് എല്ലാവരോടും സംസാരിച്ചു. എല്ലായിടത്തു നിന്നും കേട്ടത് നെഗറ്റീവ് മാത്രം. അർബുദം ബാധിച്ചവരെല്ലാം അങ്ങനെയായിരുന്നു. ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ലെന്നായിരുന്നു അവരുടെ ചിന്ത. നെറ്റിൽ സെർച്ച് ചെയ്തപ്പോഴും അതിജീവനത്തിന്റെയോ പോസിറ്റീവ് വാർത്തകളോ ഒന്നുമില്ലായിരുന്നു.'' ഒരു നിമിഷം നിർത്തി നന്ദു  തുടർന്നു. ''ഞാൻ അങ്ങനെയാകരുതെന്ന് എനിക്ക് തോന്നി. എന്റെ അവസ്ഥയെ സ്വീകരിക്കാൻ തീരുമാനിച്ചു. ഈശ്വരനാണ് അതിനെനിക്ക് കരുത്ത് നൽകിയത്. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു. അങ്ങനെ തകർന്ന് ഇല്ലാതാകാൻ എനിക്ക് മനസ്സില്ലായിരുന്നു.'' നന്ദു ചിരിയോടെ കൂട്ടിച്ചേർക്കുന്നു.

''സുഖമില്ലാതായ ആദ്യനാളുകൾ അതിഭീകരമായ വേദനയായിരുന്നു. ചെറിയ കാറ്റടിക്കുമ്പോൾ പോലും നോവും. ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാൻ സാധിക്കാതെ, അനങ്ങാനാകാതെ ദിവസങ്ങൾ. എന്നിട്ടും വാശിയോടെ  ചികിത്സ തുടർന്നു. ചികിത്സിച്ച ഡോക്ടർമാർക്ക് വരെ അത്ഭുതമായിരുന്നു എന്റെ ധൈര്യം കണ്ടിട്ട്. കൺപീലികൾ വരെ കൊഴിഞ്ഞു പോയ അവസ്ഥയിലെത്തിയിരുന്നു. കണ്ണ് തുറക്കാനും അടയ്ക്കാനും വരെ ബുദ്ധിമുട്ട്. എനിക്ക് നൽകിയ കീമോ മരുന്നിന്റെ പേര് റെഡ് ഡെവിൾ എന്നായിരുന്നു. ഏറ്റവും ഡോസ് കൂടിയത്. കീമോ പൂർത്തിയായിക്കഴിഞ്ഞപ്പോൾ ഡോക്ടർമാരെ വരെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ രക്തത്തിലെ കൗണ്ട് ശരിയായി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് പതിയെ ആരോഗ്യം മെച്ചപ്പെട്ടു വന്നു. മുടിയും താടിയും തിരിച്ചു വന്നു.'' - നന്ദു പറയുന്നു.

എല്ലാം അവസാനിച്ചു എന്ന് കരുതിയവർക്ക് നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചോദനമായി

ആറ് മാസം മുമ്പാണ് ഇടതുകാൽ മുറിച്ചു മാറ്റിയത്.  ഇടതുകാൽ എടുത്തുകൊണ്ട് പോയി നന്ദുവിനെ തോൽപിക്കാമെന്ന് കരുതിയ അർബുദത്തിന് അവിടെയും തെറ്റി. ഇതുകൊണ്ടൊന്നും തന്നെ തോൽപിക്കാനാവില്ലെന്ന് നന്ദു ചിരിയോടെ പറയുന്നു. 

എന്നാൽ പൂർണ്ണമായും രോഗത്തിൽ നിന്ന് മുക്തി നേടി എന്ന് പറയാൻ സാധിക്കില്ല. അസുഖമാണെന്ന് തുറന്നു പറഞ്ഞ സമയത്ത് തനിക്കൊപ്പം നിന്ന ഒരുപാട് പേരുണ്ടെന്ന് നന്ദു പറയുന്നു. കുടുംബം, കൂട്ടുകാർ, കാണാത്ത, അറിയാത്ത ഒരുപാട് പേർ കൂടെ നിന്നു.  ജീവിതം തീർന്നു പോയി എന്ന് വിചാരിക്കുന്നവരാണ് കാൻസർ രോഗികൾ. വെറുതെ ആരെയും ഉപദേശിക്കാനും ആശ്വസിപ്പിക്കാനും എല്ലാവർക്കും സാധിക്കും. എന്നാൽ സ്വന്തം ജീവിതം ചൂണ്ടിക്കാണിച്ചിട്ട് അവരെ ആശ്വസിപ്പിക്കാനും ഉപദേശിക്കാനും സാധിച്ചാൽ അതല്ലേ നല്ലത്? നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍റെ ലക്ഷ്യവും അത് തന്നെയായിരുന്നു. 

അർബുദമാണെന്ന് തുറന്ന് പറഞ്ഞപ്പോൾ അതിന് സൈബർ ലോകം നൽകിയ സ്വീകാര്യതയും വളരെ വലുതായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയവർക്ക് നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചോദനമായി. ധാരാളം പേർ കാൻസറിന്റെ പിടിയിലാണെന്നും രോഗത്തോട് പൊരുതാൻ തീരുമാനിച്ചു എന്നും പ്രഖ്യാപിച്ച് മുന്നോട്ട് വന്നു. ഇന്ന് ആർ സി സി -യിലെ കൗൺസലിംഗ് മുറികളിൽ ഡോക്ടേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേര് നന്ദു മഹാദേവ എന്നാണ്. ജീവിതം തീർന്നു എന്ന് വിലപിച്ച് എത്തുന്നവർക്ക് മുന്നിൽ ഒരു ഇരുപത്തഞ്ച് വയസ്സുകാരൻ എങ്ങനെയാണ് അർബുദത്തെ വരുതിയിലാക്കിയതെന്ന് അവർ ക്ലാസ്സുകളെടുക്കുന്നു. അവന്റെ ജീവിതത്തിലേക്ക് ചൂണ്ടി, 'നോക്കൂ, അവനെ മാതൃകയാക്കൂ' എന്ന് പറയുന്നു. 

നമ്മുടെ അവസ്ഥയെ സ്വീകരിക്കാൻ തയ്യാറായാൽ തന്നെ നമ്മൾ ജയിച്ചു എന്ന് തന്നെ കരുതാം

''സമൂഹത്തിൽ എല്ലാവർക്കും അർബുദത്തെ പേടിയാണ്. എന്റെ ജീവിതം കൊണ്ട് എനിക്കാ പേടി മാറ്റണം. എന്റെ ആശയങ്ങളും ചിന്തകളും അത്തരം രോഗികളിലേക്കെത്തണം. ഏത് പ്രതിസന്ധിയെയും നേരിടാൻ മനസ്സൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം. എന്നെ വിളിക്കുന്നവരോടും ഞാൻ അതുതന്നെയാണ് പറയുന്നത്. എപ്പോഴും സന്തോഷമായിരിക്കുക. നമ്മുടെ അവസ്ഥയെ സ്വീകരിക്കാൻ തയ്യാറായാൽ തന്നെ നമ്മൾ ജയിച്ചു എന്ന് തന്നെ കരുതാം. രോഗത്തെപ്പറ്റി ആശങ്കപ്പെടാതെ, ഞാനിപ്പോൾ മരിക്കുമെന്ന് ഓർത്തോർത്ത് വ്യാകുലപ്പടാതെ ജീവിക്കുക. എപ്പോഴാണ് മരിക്കുക എന്ന് ആർക്കും നിർവ്വചിക്കാൻ സാധിക്കില്ല.''

  
 

click me!