അതിൽ ഒരാൾ പറഞ്ഞു, 'ആ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും'

By My beloved SongFirst Published Dec 29, 2018, 4:02 PM IST
Highlights

അധികം വൈകാതെ ഞാൻ പഠനത്തിനായി ബാംഗ്ലൂർക്ക് പോയി. ആദ്യത്തെ ആഴ്ചയിൽ ഹോസ്റ്റലിലെ സീനിയേഴ്സിന്റെ കൂടെ അന്താക്ഷരി കളിച്ചുകൊണ്ടിരിക്കുമ്പോളാണ് ഞാൻ "തുമ്പീ വാ..." പാട്ട് പാടുന്നത്. ഉടനെ, അതിൽ ഒരാൾ പറഞ്ഞു, "ആ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും". 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

പാട്ടുകൾ ഇഷ്ടമല്ലാത്തവരുണ്ടോ? എന്നും രാവിലെ ഉണരുമ്പോൾ ഏതെങ്കിലും  പാട്ടുകൾ മനസ്സിലുണ്ടാവും. അന്നത്തെ ദിവസം മുഴുവൻ അതും മൂളിയാവും നടക്കുന്നത്. ഓരോ പാട്ടും ഓരോ ഓർമ്മകളാണ്. ബാല്യവും കൗമാരവും താണ്ടിയ ഓരോ ഓർമ്മകൾ. 'ഓളങ്ങൾ' എന്ന ചിത്രത്തിലെ 'തുമ്പീ വാ' എന്ന പാട്ട് കുട്ടിക്കാലത്ത് ചിത്രഗീതത്തിൽ കാണുമ്പോൾ, അതിലെ കുട്ടികളെ പോലെ പാർക്കിലൊക്കെ പോയി ചുറ്റി നടക്കാൻ കൊതിയാകുമായിരുന്നു. പക്ഷേ, ഇപ്പോൾ ആ പാട്ട് ഒരു വേദനിപ്പിക്കുന്ന ഓർമ്മയാണ് തരുന്നത്. 

വീട്ടിൽ എത്തിയപ്പോൾ തന്നെ ഞാൻ പത്രം എടുത്തു നോക്കി

പ്ലസ് ടു പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത്, ഒരു ദിവസം വൈകുന്നേരം നൊവേന കൂടി തിരികെ വീട്ടിൽ വരുന്ന വഴിയാണ് സുമി ചേച്ചിയെ കണ്ടത്. നാട്ടുകാരിയും ബന്ധുവും ഒക്കെയാണ് സുമിച്ചേച്ചി. ജോലി കഴിഞ്ഞ് വരുന്നതാണ്. "ഇന്ന് താമസിച്ചോ ചേച്ചി?" എന്ന് കുശലം ചോദിച്ചതിന് മറുപടിയായി ചേച്ചി പറഞ്ഞു, "എന്റെ ഒരു കൂട്ടുകാരി മരിച്ചു, ബാംഗ്ലൂരിൽ വച്ച്. ആക്‌സിഡന്‍റ് ആയിരുന്നു. ആ വീട്ടിൽ പോയി വരുന്ന വഴിയാണ്. അതാ താമസിച്ചത്". "ആക്‌സിഡന്റോ??" 

ബാംഗ്ലൂരിൽ എനിക്ക്  അഡ്മിഷൻ എടുത്തിരുന്ന സമയം ആയിരുന്ന കൊണ്ട്, കൂടെയുണ്ടായിരുന്ന അമ്മക്ക് ആധിയായി. "അതേ, ഹോസ്റ്റലിൽ കയറാനുള്ള സമയം അടുത്തത് കൊണ്ട്, തിരക്ക് പിടിച്ച് റോഡ് ക്രോസ്സ് ചെയ്തതാണ്. ഒരു ബസ് വന്നിടിച്ചു എന്നാ അറിഞ്ഞത്. വയറിലൂടെ കയറിയിറങ്ങി, വയറു ചതഞ്ഞരഞ്ഞു എന്ന് പറയുന്നു". ഇത് കേട്ടത് മുതൽ ആകെ ഒരു വല്ലായ്‌ക.

സുമിചേച്ചിയുടെ കൂട്ടുകാരി എന്ന് പറയുമ്പോൾ ഏറിയാൽ ഇരുപത്തിനാല് വയസ്സ്. പാവം, എന്തൊക്കെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വച്ചിട്ടാവും പോയത്... വീട്ടിൽ എത്തിയപ്പോൾ തന്നെ ഞാൻ പത്രം എടുത്തു നോക്കി, ഫോട്ടോയുണ്ട്. ഒരു സുന്ദരിച്ചേച്ചി. കുറച്ചു ദിവസം കൂടി ആ ചേച്ചി ഒരു വേദനയായി മനസ്സിൽ കിടന്നു. പിന്നീട്, എല്ലാമെന്ന പോലെ ഇതും മറവിയിലേക്ക് പോയി. 

സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവച്ച് കൊണ്ട്, ഈ ഭൂമിയിൽ നിന്ന് പോയ പെണ്ണ്

അധികം വൈകാതെ ഞാൻ പഠനത്തിനായി ബാംഗ്ലൂർക്ക് പോയി. ആദ്യത്തെ ആഴ്ചയിൽ ഹോസ്റ്റലിലെ സീനിയേഴ്സിന്റെ കൂടെ അന്താക്ഷരി കളിച്ചുകൊണ്ടിരിക്കുമ്പോളാണ് ഞാൻ "തുമ്പീ വാ..." പാട്ട് പാടുന്നത്. ഉടനെ, അതിൽ ഒരാൾ പറഞ്ഞു, "ആ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും". കാരണം തിരക്കിയപ്പോൾ, "ഇവിടെ പി.ജി -ക്ക് പഠിക്കുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു. രണ്ടു മൂന്ന് മാസം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചു. ആ ചേച്ചി രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടതാ. ചിരിച്ചു കളിച്ച്, ബൈ പറഞ്ഞാണ് പോയത്. സ്റ്റെപ്പ് ഇറങ്ങിയപ്പോൾ ചേച്ചി പാടിക്കൊണ്ട്‌ ഇരുന്ന പാട്ടാണ്, 'തുമ്പീ വാ...' അത് പാടുമ്പോൾ ചേച്ചി അറിഞ്ഞില്ലല്ലോ, അവസാനം ആയി പാടുവാണെന്ന്". ചേച്ചിയുടെ പേരൊക്കെ ചോദിച്ചപ്പോൾ, ആള് സുമി ചേച്ചിയുടെ കൂട്ടുകാരി തന്നെ. ഞാൻ ആദ്യം എഴുതിയ പോലെ, അന്ന് രാവിലെ ഉണർന്നപ്പോൾ മുതൽ ആ ചേച്ചിയുടെ മനസ്സിൽ ആ പാട്ട് ആയിരുന്നിരിക്കും!

അന്ന് മുതൽ ഈ പാട്ട് വേദനയുടേതാണ്. നൂറായിരം സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവച്ച് കൊണ്ട്, ഈ ഭൂമിയിൽ നിന്ന് പോയ പെണ്ണ്. പാട്ട് കേൾക്കുമ്പോൾ ഓർമ്മയിൽ വരുന്ന ആ ചേച്ചി, മരണം കൊണ്ട് പോലും, ആരുമല്ലാത്ത എന്റെ ഓർമ്മയിലും കയറിപ്പറ്റി. 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!