സിനിമ കഴിഞ്ഞെന്ന് കരുതി നിങ്ങളെല്ലാം എണീറ്റു നടക്കുമ്പോഴും ഞാനയാളെ കാണുന്നുണ്ടായിരുന്നു...

By My beloved SongFirst Published Jan 1, 2019, 4:59 PM IST
Highlights

ജാനു അവിടെയിട്ടു പോയ വസ്ത്രങ്ങള്‍ മടക്കി തന്റെ പെട്ടിയിലേക്ക് വെക്കുന്നതോട് കൂടി സിനിമ കഴിഞ്ഞെന്ന് കരുതി നിങ്ങളെല്ലാം എഴുന്നേറ്റു നടക്കുമ്പോഴും ഞാനയാളെ കാണുന്നുണ്ടായിരുന്നു. കെ.രാമചന്ദ്രന്‍ തേങ്ങി കരയുന്നത് ഞാന്‍ മാത്രം കണ്ടിട്ടുണ്ട്. കുറച്ചു കഴിഞ്ഞ് അവിടെ നിന്നെഴുന്നേറ്റ്അയാള്‍ ഒരു യാത്ര പുറപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അജിത്ത് രുഗ്മിണി എഴുതുന്നു

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്


പാട്ടുകളുടെ ലിസ്റ്റില്‍ നിന്നും എനിക്കിഷ്ടപ്പെട്ടതേതെങ്കിലും തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ നിസ്സംശയം '96' സിനിമയിലെ 'ലൈഫ് ഓഫ് റാം'  പാട്ടിലേക്കെത്തും. കാരണമെന്തെന്നല്ലേ?

എന്നെ പാട്ടിലാക്കിയ പാട്ടാണത്.

ബഷീര്‍ 'അനുരാഗത്തിന്റെ ദിനങ്ങളില്‍' പറയുന്നത് ''ആദ്യാനുരാഗത്തിന്റെ പരാജയം നമ്മളെ അനുരാഗത്തില്‍ നിന്ന് മാന്യമായ ഒരകലത്തിലേക്ക്, അമാന്യമായ അകലങ്ങളിലേക്ക് നീക്കി നിര്‍ത്തുന്നു''വെന്നാണ്. മാന്യമായ/ അമാന്യമായ ആ അകലങ്ങളില്‍ ഒറ്റക്കൊറ്റക്ക് ഞാനും കെ.രാമചന്ദ്രനുമെല്ലാം കാടുകയറിയും കടല്‍ മോഹിച്ചും മഴ നനഞ്ഞും അനുരാഗത്തിനെ ഓര്‍ത്തെടുത്തു കഴിയുന്നുണ്ട്. മറക്കാന്‍ ശ്രമിക്കുന്നുണ്ട്.

''വാഴായെന്‍ വാഴ്വെയ് വാഴവേ
താഴാമല്‍ മേലെ പോകിറേന്‍
തീരാ ഉള്‍ ഊട്രൈ തീണ്ടവേ
ഇന്‍ട്രേ ഇങ്കെ മീല്‍ഗിരേന്‍
ഇങ്കേ ഇന്‍ട്രേ ആഴ്ഗിരേന്‍'' 

എന്ന് പ്രദീപ് കുമാര്‍ പാടുമ്പോള്‍ കെ.രാമചന്ദ്രനൊപ്പം പുറത്തു കടക്കുന്ന മറ്റു കാമുകന്മാരെ ആരു കാണാനാണ്?

കെ.രാമചന്ദ്രന്‍ എന്നെ പാട്ടിലാക്കിയതെങ്ങനെയെന്നല്ലേ? 

ഞാന്‍ പറഞ്ഞിട്ടില്ലേ, നിങ്ങളുടെ കാരണങ്ങളലല്ല പലപ്പോഴും ഞാന്‍ പാട്ടിലാവുന്നതിന്റെ വേരെന്ന്. ചിലപ്പോഴൊന്നും കാരണങ്ങളേയില്ല. അതുകൊണ്ടാണ് അന്‍വര്‍ സിനിമയിലെ 'മൗല മേരെ മൗല മേരെ'  പാട്ടിനവസാനം രൂപ് കുമാര്‍ റാത്തോഡ് ''ദില്‍ യഹീ ബോലാ മേരാ ദില്‍ യഹീ ബോലാ യാരാ..' വരിയിലേക്ക് തെന്നി വീഴുന്ന സെക്കന്റിന് വേണ്ടി കാത്ത് നിന്ന് ആ പാട്ട് പ്രിയപ്പെട്ടതാക്കുന്നത്. പുലിവാല്‍ക്കല്യാണത്തിലെ 'ഗുജറാത്തി കാല്‍ത്തള കെട്ടിയ...' എന്ന പാട്ടിന്റെ ഓഡിയോ എടുത്ത് അനുപല്ലവി കഴിഞ്ഞുള്ള 'ഭരസെ ഭരസേ, തിര്‍സ് തിരസേ..' എന്ന ഒറ്റവരി ചൊല്ലുന്ന ഇന്‍വിസിബിള്‍ ഗായകനെ ഇഷ്ടപ്പെടുന്നത്. 'ഒരേ കടല്‍'സിനിമയിലെ ആഘോഷിക്കപ്പെട്ട ഫീമെയില്‍ വേര്‍ഷന്‍ 'യമുന വെറുതേ രാപ്പാടുന്നു'  കേള്‍ക്കുന്നതിനേക്കാള്‍ ഔസേപ്പച്ചന്റെ വേര്‍ഷന്‍ കേള്‍ക്കുന്നത്, സ്റ്റീവ് ലോപ്പസിലെ ലൈം ലൈറ്റിലുള്ള 'തെരുവുകള്‍ നീ' കേള്‍ക്കുന്നതിനേക്കാള്‍ പാര്‍വ്വതിയുടെ 'ചിറകുകള്‍ ഞാന്‍ നീ ദൂരമായ്..'  കേള്‍ക്കുന്നത്. ഇഷ്ടം എന്ന സിനിമയില്‍ 'കളി പറയും നിനവുകളില്‍ കഥയെഴുതും കനവുകളില്‍' എന്ന പാട്ടുപാടിയ സുനില്‍ വിശ്വചൈതന്യ എന്ന ഗായകന്റെ പിന്നീടുള്ള കൂട്ടപ്പാട്ടുകളില്‍ പോയി അയാളെ വേര്‍ത്തിരിച്ചെടുക്കുന്നത്. ഹസാരോണ്‍ ക്വാഹിഷേന്‍ ഐസിയിലെ 'മന്‍യേ ബാവരാ, തുജ്ബിന്‍ മാനേനാ..' ഖവാലി കേട്ടുകേട്ടിരുന്ന് എന്നെ മറക്കുന്നത്, 2016 ഫെബ്രുവരി 14 ന്, പ്രണയദിനത്തില്‍, കൊച്ചി-മുസിരിസ് ബിനാലെയില്‍ അരങ്ങേറിയ ഷഹബാസ് അമന്റെ  രണ്ടര മണിക്കൂര്‍ നേരത്തെ 'Song of Love' പെര്‍ഫോമന്‍സിന്റെ യൂ ട്യൂബ് ലിങ്കില്‍ കയറി, അയാള്‍ 'മരണമെത്തുന്ന നേരത്ത് ' പാടിപ്പകുതിയിലെത്തുമ്പോള്‍ ക്യാമറയില്‍ തെളിയുന്ന, പ്രണയപരവശയായി ഒരു നിമിഷത്തേക്ക് മുഖത്ത്  തനിക്ക്നഷ്ടപ്പെട്ടതിനെ പ്രതിഫലിപ്പിക്കുന്ന, ചുവന്ന പൊട്ടുതൊട്ടൊരാ അനോണിമസ് കേള്‍വിക്കാരിയെ പാട്ടില്‍ തേടിപ്പിടിക്കുന്നത്.

കെ.രാമചന്ദ്രന്‍ എന്നെ പാട്ടിലാക്കിയതെങ്ങനെയെന്നല്ലേ? 

ഞങ്ങളെല്ലാം യാത്രക്കാരാണ്.

ആദ്യാനുരാഗത്തില്‍ നിന്നും അകലത്തില്‍ ജീവിക്കുമ്പോള്‍, കാറ്റുതൊടാത്തിടത്ത് അവളെ കാണണമെന്നാഗ്രഹിക്കുമ്പോള്‍ വെള്ളത്തിലേക്കൂളിയിട്ട് പോവാറുണ്ട് ഞങ്ങള്‍. ഇടക്കിടക്ക് അടിത്തട്ടില്‍ അന്നയെ തിരഞ്ഞിറങ്ങിയ റസൂലിനെ കണ്ടുമുട്ടാറുണ്ട്. ഒരേ കഥയാണ് ഞങ്ങള്‍ക്കെല്ലാം.

കെ.രാമചന്ദ്രന്‍ തേങ്ങി കരയുന്നത് ഞാന്‍ മാത്രം കണ്ടിട്ടുണ്ട്.

ഒരിക്കല്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്തു പിടിച്ച് നടന്ന് നീങ്ങിയ വഴികളും,  പകുത്തെടുക്കുന്ന ഹെഡ്‌സെറ്റില്‍ കേട്ടുകൊണ്ടേയിരുന്ന പാട്ടുകളുംതുടങ്ങി ലോകത്തിന്റെ മുഴുവന്‍ ചലനങ്ങളും ഓര്‍ത്ത് മണിക്കൂറുകളോളം പിങ്ക് നിറമുള്ള കുട കറക്കി കടല്‍ നോക്കി നില്‍ക്കാന്‍, പിന്നെയങ്ങിറങ്ങിച്ചെല്ലാന്‍..

'താനേ...താനേ... താനിനേ
താനേ...താനേ... താനിനേ'

എന്ന താളത്തില്‍ എത് ആള്‍ക്കൂട്ടത്തിലും ഒറ്റക്കിരിക്കാനാവുന്നതാണ് ആ അകലം. ഞങ്ങളുടെ ഫോണ്‍ നോക്കിയാലറിയാം, അവളെടുത്തു തരുമായിരുന്ന പോലെ സെല്‍ഫികള്‍ കൊണ്ടത് നിറഞ്ഞിരിക്കുന്നുണ്ട്. കെ. രാമചന്ദ്രന്റെ കയ്യില്‍ നിന്നും അരിമണി കൊത്തിത്തിന്നുന്ന പ്രാവുകള്‍, ദര്‍ബാര്‍ ഹാളിന്റെ ഗ്രൗണ്ടില്‍ വന്നിറങ്ങി എന്റെ പങ്ക് കൈപ്പറ്റുന്നുണ്ട്. റാം ചാരിയുറങ്ങുന്ന ആ മരമുത്തശ്ശി കനോലി പ്ലോട്ടില്‍ എന്റെ ഉറക്കത്തിന്റെ കാവലാണ്.

'96' റിലീസായ ദിവസങ്ങളില്‍ ചുറ്റും ജാനു-റാം പ്രണയത്തെക്കുറിച്ചുള്ള എഴുത്തുകള്‍ നിറഞ്ഞപ്പോഴും എന്നെ തൊട്ടു നിന്നത് റാമിന്റെ സോളോ ജീവിതം വിവരിക്കുന്ന ആ പാട്ടാണ്. കെ.രാമചന്ദ്രന്റെ വര്‍ത്തമാനത്തിലെ ജീവിതമതാണല്ലോ. അവിടെ നിന്നും പുറകിലേക്കാണല്ലോ കഥ പോവുന്നത്. ജാനു പിന്നേയും കെ രാമചന്ദ്രനെ കാണുകയും അവരാ പഴയ പ്രണയകഥ ഓര്‍ത്തെടുക്കുകയും ചെയ്യുമ്പോള്‍, ഇനിയെങ്കിലും അവരൊരുമിക്കുമെന്ന് ആശിക്കാന്‍ പാകത്തില്‍ ഇതുവരേയുള്ള സിനിമകള്‍ നമ്മളെ മാറ്റി തീര്‍ത്തിട്ടുണ്ട്. അവസാനം ജാനു അവിടെയിട്ടു പോയ വസ്ത്രങ്ങള്‍ മടക്കി തന്റെ പെട്ടിയിലേക്ക് വെക്കുന്നതോട് കൂടി സിനിമ കഴിഞ്ഞെന്ന് കരുതി നിങ്ങളെല്ലാം എഴുന്നേറ്റു നടക്കുമ്പോഴും ഞാനയാളെ കാണുന്നുണ്ടായിരുന്നു. കെ.രാമചന്ദ്രന്‍ തേങ്ങി കരയുന്നത് ഞാന്‍ മാത്രം കണ്ടിട്ടുണ്ട്. കുറച്ചു കഴിഞ്ഞ് അവിടെ നിന്നെഴുന്നേറ്റ്അയാള്‍ ഒരു യാത്ര പുറപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

മഴ, കടല്‍ക്കര, യാത്ര, കാട് എന്നീ വാക്കുകളൊക്കെത്തന്നെ കാലങ്ങള്‍ക്കിപ്പുറവും ആവര്‍ത്തിച്ച് അനുരാഗത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്താണെന്നല്ലേ? 

''Love is one of the clearest examples of that double instinct which causes us to dig deeper into our own selves and, at the same time, to emerge from ourselves and to realize ourselves in another: death and re-creation, solitude and communion.' എന്ന് ഒക്‌ടോവിയോ പാസ്.

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!