പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഈണങ്ങള്‍

By My beloved SongFirst Published Jan 29, 2019, 4:00 PM IST
Highlights

ഉമ്പായിക്ക പാടുമ്പോൾ ഹൃദയത്തിൽ മഞ്ഞുരുകുകയും  മനോഹരമായ ആകാശം മഴവില്ലഴകിനാൽ ചേർന്ന് പുഞ്ചിരി തൂവുകയും ചെയ്യാറുണ്ട്. ഉമ്പായിക്കയുടെ സ്വരമാധുര്യത്തെ വർണ്ണിക്കാൻ വാക്കുകൾ തികയാതെ വരുന്നത് ഞാനിപ്പോൾ അറിയുന്നു. എത്ര മനോഹരമാണ് ആ നിമിഷങ്ങളെന്ന് വർണ്ണിക്കാൻ എല്ലാ കടലുകളുടെയും തുള്ളികളെ എടുത്തെഴുതേണ്ടി വരും. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

ഉറങ്ങാത്ത എന്റെ രാത്രികളും പകലുകളും അനശ്വരമാക്കാൻ എപ്പോഴാണ് ഗസൽ സംഗീതത്തിന്റെ ലാസ്യമയാർന്ന വരികളുമായി  ഉമ്പായിക്ക  ഹൃദയത്തിലേക്ക് കടന്ന് വന്നതെന്നറിയില്ല 

ശ്യാമ സുന്ദര പുഷ്പമേ
എന്റെ പ്രേമ സംഗീതമാണ് ഞാൻ
ധ്യാനലീനമിരിപ്പു  ഞാൻ 
ധ്യാനലീനമിരിപ്പു ഞാൻ 
ഗാനമെന്നെ മറക്കുമോ 
എന്റെ ഗാനമെന്നിൽ മരിക്കുമോ 

ഉമ്പായിക്ക പാടുമ്പോൾ ഹൃദയത്തിൽ മഞ്ഞുരുകുകയും  മനോഹരമായ ആകാശം മഴവില്ലഴകിനാൽ ചേർന്ന് പുഞ്ചിരി തൂവുകയും ചെയ്യാറുണ്ട്. ഉമ്പായിക്കയുടെ സ്വരമാധുര്യത്തെ വർണ്ണിക്കാൻ വാക്കുകൾ തികയാതെ വരുന്നത് ഞാനിപ്പോൾ അറിയുന്നു. എത്ര മനോഹരമാണ് ആ നിമിഷങ്ങളെന്ന് വർണ്ണിക്കാൻ എല്ലാ കടലുകളുടെയും തുള്ളികളെ എടുത്തെഴുതേണ്ടി വരും. തന്‍റെ ജീവിത യാത്രക്കിടയിൽ ഉമ്പായി എന്ന  മഹാപ്രതിഭ മലയാളത്തെ അനശ്വരമാക്കിയത് പ്രണയത്തിന്റെയും വിരഹത്തിന്റെയും മനോഹരമായ വരികൾ കൊണ്ടായിരുന്നു. 

മലയാള ഗസൽ ലോകത്തെ ആ മഹാ പ്രതിഭ ഭാവസാന്ദ്രമാക്കി. ജീവന്റെ അനശ്വരതയിൽ നിന്നും കടമെടുത്തതാണ് അദ്ദേഹത്തിന്റെ സംഗീതം എന്ന് തോന്നിപ്പോകും... ആഴമേറിയ വരികളുടെ ഗർത്തങ്ങളിൽ തട്ടി പല തവണ ഞാൻ വീണു പോയിട്ടുണ്ട്. 

സുനയനെ സുമുഖീ 
സുമവദനെ സഖീ 

സംഗീത ആസ്വാദകരുടെ കേൾവിയിലും മനസ്സിലും ഈ ഗാനം ഇന്നും ജീവന്റെ ഓജസ്സോടെ അലയടിക്കുന്നു 

ഹൃദയമുരുകി നീ 
കദനം നിറയുമൊരു കഥ പറയാം 
തകരുമെൻ സങ്കല്പത്തിൻ തന്ത്രികൾ 
മീട്ടി തരളമധുരമൊരു പാട്ട് പാടാം 
പാട്ട് പാടാം 

പറഞ്ഞു തീർന്നിട്ടില്ലാത്ത പ്രണയത്തിന്റെ കിസ്സകളും സൗന്ദര്യവും നിറഞ്ഞു കവിഞ്ഞ ഉമ്പായി ഗസലുകൾ മനസുകളിൽ ഓളങ്ങൾ സൃഷ്‌ടിക്കുന്നവയാണ്. ദിവ്യപ്രണയത്തിന്റെ സുഗന്ധം മനസിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ ഉമ്പായിക്ക ഹൃദയത്തിൽ വല്ലാതെ സ്ഥാനം പിടിക്കുന്നു. അതിന്റെ ലഹരി പ്രാണനോളം ചേർക്കപ്പെട്ട തേജസായി മാറുകയും ചെയ്യുന്നു. 

വീണ്ടും പാടാം സഖീ ഒരു വിരഹ 
ഗാനം വിഷാദ ഗാനം ഞാൻ 
നീലത്താമര വിരിയും നിന്നുടെ 
നീര്മിഴി നിറയില്ലെങ്കിൽ 
നീര്മിഴി നിറയില്ലെങ്കിൽ 

ഉമ്പായിക്ക ഹൃദത്തിലേക്കിങ്ങനെ പാടി കൊണ്ടിരിക്കുകയാണ്. ഉമ്പായിക്ക ഒരിക്കലും ശോഭ മങ്ങാത്ത സംഗീത താരകമാണ്. 

പാടുക സൈഗാൾ പാടൂ 
നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ 
സ്വപ്ന നഗരിയിലെ പുഷ്പ ശയ്യയിൽ നിന്നാ 
മുക്ത സൗന്ദര്യത്തെയാരും 
ഉണർത്തരുതേ ആരും ഉണർത്തരുതേ 

ഒ എൻ വി യുടെ വരികളെ മലയാള സംഗീത ആസ്വാദക ഹൃദയത്തിൽ ഇത്രമേൽ അനശ്വരമാക്കിയത് ഉമ്പായിക്കയുടെ ശബ്ദ ഭാവങ്ങളുടെ മായാജാലമായിരുന്നു. 

ഒരു പുഷ്പം മാത്രമെൻ 
പൂങ്കുലയിൽ നിർത്താം ഞാൻ 
ഒടുവിൽ നീ എത്തുമ്പോൾ 
ചൂടിക്കുവാൻ 

കാത്തിരിപ്പിന്റെ അനശ്വരതയ്ക്ക് വർണ്ണാഭമായ ആകാശത്തിന്റെ ഭംഗിയുണ്ട് പാടിത്തീർന്നിട്ടും അവസാനിക്കാത്ത ഒരായിരം ഗാനങ്ങൾ ചെപ്പിലൊളിപ്പിച്ചു 
പ്രിയ ഗായകൻ നമ്മോട് വിടവാങ്ങിയിരിക്കുന്നു. പ്രിയ ഗായകാ, അങ്ങെന്റെ രാത്രികൾക്ക് തീ പിടിപ്പിച്ചിരിക്കുന്നു. എന്റെ ഹൃദയത്തിൽ പുഴ കെട്ടിയിരിക്കുന്നു. എന്റെ മനസ്സ് ആ സംഗീതത്തിലാകെ നനഞ്ഞു കുതിർന്നിട്ടുണ്ട്. ഈ തുള്ളികൾ വറ്റി പോകരുതെന്ന്  ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ അങ്ങ് പാടിയത് എന്റെ ഹൃദയത്തിലേക്കാണ്. ഓരോ ഗസലുകളും ഹൃദയത്തില്‍ ആര്‍ദ്രമാക്കുകയും, സംഗീതത്തിന്റെയോ അതോ ആലാപനത്തിന്‍റേയോ മാന്ത്രികത കൊണ്ട് പുതപ്പിക്കുകയാണ്.

ഹാര്‍മ്മോണിയത്തില്‍ അങ്ങയുടെ വിരലുകള്‍ ചലിക്കുമ്പോള്‍ ഹൃദയത്തിലേക്ക് അനേകം നൂലുകളുള്ളൊരു മഴ തീര്‍ക്കുകയാണ്. പ്രിയ ഗായകാ, അങ്ങേക്ക് മരണമില്ല.


 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!