കാറ്റു കേറും കാട്ടിലെല്ലാം പിന്നെ ഞാന്‍ ഒറ്റയ്ക്ക് നടന്നു...

By My beloved SongFirst Published Nov 21, 2018, 5:38 PM IST
Highlights

അർത്ഥം അറിയാത്ത ചില വാക്കുകളെ മറച്ചു കൊണ്ട് എന്‍റെ കണ്ണ് അപ്പോൾ നിറഞ്ഞു വന്നു. കടശിക്കടവിലെ മുസ്ലിം പള്ളിയിലേക്ക് ഉച്ചകഴിയുമ്പോൾ നടന്നു പോകുന്ന എന്‍റെ അതേ പ്രായത്തിലുള്ള കുട്ടികളെ ഞാൻ ആ സങ്കടത്തിൽ സങ്കൽപ്പിച്ചു. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

മഴയും മഞ്ഞും കാറ്റും കൈയ്യടക്കി വച്ച ഉദയഗിരി മേടിന്റെ ഉച്ചിയിലേയ്ക്ക് എന്റെ പാട്ടോര്‍മ്മകള്‍ ഓടിക്കിതച്ചു കയറി മുട്ടില്‍ കൈകുത്തി നോവിറ്റിച്ച മുഖവുമായി കുനിഞ്ഞു നില്‍ക്കുന്നു. 

ഓര്‍ത്തോര്‍ത്തു  നില്‍ക്കെ ആ നില്‍പ്പില്‍ എനിക്ക് രൂപമാറ്റം സംഭവിച്ച് നോവിനു പകരം മുഖത്ത് ചിരിയുടെ നേര്‍പ്പ് നിറയുന്നു. 

എനിക്ക് പത്ത്  വയസ്സുണ്ടാവും. കാരണം, കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയുടെ ഭാരം കുടഞ്ഞു കളയാന്‍ തുനിയുന്നതിന്റെ തിളക്കം ആ ചിരിക്കിടയിലും എന്റെ കണ്ണില്‍ ഒറ്റയ്ക്കു മാറിനില്‍ക്കുന്നുണ്ട്.

മേടിന്റെ ഉച്ചിയിലെ മുസ്ലിം കുടുംബത്തിലെ പാട്ടുപ്രേമിയായ ചേട്ടന്റെ കൈയ്യില്‍ നിന്നും മാപ്പിളപ്പാട്ടിന്റെ കാസറ്റ് വാങ്ങിക്കൊണ്ട് വരാന്‍ വീട്ടില്‍ നിന്നും അയച്ചതാണ് എന്നെ.

ഞാന്‍ അതിനു മുന്‍പില്‍ താടിയില്‍ കൈയ്യൂന്നി മുടി ചെവിക്കുപിന്നില്‍ ഒതുക്കി തയ്യാറെടുത്തിരുന്നു

അന്ന്, ആ കാസറ്റും വാങ്ങി ചൂള മരത്തിന്റെ സൂചിയിലകള്‍ ആടുന്നതും നോക്കി തണുക്കാതെ കൈ ചേര്‍ത്തുകെട്ടി ഇറങ്ങി വരുമ്പോള്‍ എനിക്ക് ഊഹമൊന്നും ഉണ്ടായിരുന്നില്ല എന്നെ എന്നും നിയന്ത്രിക്കാന്‍ കഴിയുന്നൊരു പാട്ടിനെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരികയാണ് ഞാന്‍ എന്ന്.

വീട്ടിലെ ടേപ്പ് റെക്കോര്‍ഡറില്‍ മാപ്പിള പാട്ടുകള്‍ എന്ന കാസറ്റ് ഓടിതുടങ്ങുമ്പോള്‍ മാപ്പിളപ്പാട്ട് എന്താണ് എന്നറിയാന്‍ ഞാന്‍ അതിനു മുന്‍പില്‍ താടിയില്‍ കൈയ്യൂന്നി മുടി ചെവിക്കുപിന്നില്‍ ഒതുക്കി തയ്യാറെടുത്തിരുന്നു. 

'ഓത്തുപള്ളീല്‍ അന്ന് നമ്മള്‍ പോയിരുന്ന കാലം' എന്ന പാട്ട് എന്റെ പാട്ടായി ജീവിച്ചു തുടങ്ങിയത് അപ്പോള്‍ മുതലാണ്.

അര്‍ത്ഥം അറിയാത്ത ചില വാക്കുകളെ മറച്ചു കൊണ്ട് എന്റെ കണ്ണ് അപ്പോള്‍ നിറഞ്ഞു വന്നു. കടശിക്കടവിലെ മുസ്ലിം പള്ളിയിലേക്ക് ഉച്ചകഴിയുമ്പോള്‍ നടന്നു പോകുന്ന, എന്റെ അതേ പ്രായത്തിലുള്ള കുട്ടികളെ ഞാന്‍ ആ സങ്കടത്തില്‍ സങ്കല്‍പ്പിച്ചു. കൂട്ടിനൊരു കളിക്കൂട്ടുകാരന്‍ ഇല്ലാതെ ഞാനെന്റെ ആദ്യ പ്രണയ വേദനയില്‍ നൊന്തു.

തുരുമ്പാണി കൊണ്ട് പേര് കോറി ഞാന്‍ എന്‍റേതാക്കിയ വാഴക്കൂട്ടങ്ങള്‍ക്കിടയിലൂടെ എന്നോട് കൂടാറുള്ള  ആകാശത്തിലെ നീല മേഘങ്ങളെ കെട്ടിയണച്ചു കരയാന്‍ എന്റെ നെഞ്ച് അപ്പോള്‍  പിടച്ചു. അയലത്തെ പറമ്പിലെ കയ്പ്പന്‍ നെല്ലിക്കയുടെ ചവര്‍പ്പ് ഒറ്റയ്ക്ക് കുടിച്ചുതീര്‍ത്ത് ഇല്ലാ കാമുകന്റെ ഏകാന്തവേദനയ്ക്ക് ശമനമാക്കാന്‍ ഞാന്‍ കൊതിച്ചു. മയില്‍പ്പീലിയ്ക്ക് കലയ്ക്കുന്ന കൂട്ടുകാര്‍ക്ക് കൊടുത്ത പരിഹാസങ്ങളോട് എനിക്ക് വല്ലാതെ അമര്‍ഷം തോന്നി. ഞാന്‍ നൊന്ത് നൊന്ത് കരഞ്ഞു, വഴക്ക് കേള്‍ക്കാതിരിക്കാന്‍ കണ്ണുനീരില്ലാതെ കരളുകൊണ്ടു കരഞ്ഞു.

ആ പാട്ടിനേയും കൂട്ട് പിടിച്ചു ഞാന്‍ അന്നുമുതല്‍ കൂടുതല്‍ കൂടുതല്‍ ഒറ്റയ്ക്കായി.  വേദനയ്ക്കായി ഞാനൊരു മയില്‍പ്പീലി എന്റെ പുസ്തകത്തില്‍  എടുത്തുവച്ചു. പെറ്റ് പെരുകില്ല എന്നുറപ്പുള്ള സത്യത്തെ ഞാന്‍ ആകാശം കാണാതെ ഒളിച്ചു വച്ചു. 

കണ്ട ചിരികളില്‍ ചൂരല്‍ തിണര്‍പ്പു നീലിച്ച ആ കൂട്ടുകാരനെ തേടിനടന്നു

കാറ്റു കേറും കാട്ടിലെല്ലാം ഞാന്‍ ഒറ്റയ്ക്ക് നടന്നു. കൂട്ടം കൂടിയിടത്ത് നിന്നെല്ലാം  ഞാന്‍ തേയിലക്കൂട്ടത്തിലെ കാറ്റാടി ചോട്ടിലേക്ക് ഒറ്റയ്ക്ക് ഒളിച്ചിരുന്ന് ആകാശമെണ്ണി. വയലറ്റ് പൂവിറ്റിച്ച കാട്ടുചെടിയെ എന്റെ കോളാമ്പി ചെടിയെന്നു ചേര്‍ത്തുപിടിച്ചു ഉമ്മ വച്ചു. ഓരോ മാങ്ങാക്കാലത്തും ഉപ്പുകൂട്ടി പുളിയിറക്കി അപ്പഴങ്കഥകളെ മറക്കാതെ കരഞ്ഞു. 

കണ്ടമുഖങ്ങളില്‍, കണ്ട ചിരികളില്‍ ചൂരല്‍ തിണര്‍പ്പു നീലിച്ച ആ കൂട്ടുകാരനെ തേടിനടന്നു. ഇലഞ്ഞിയും കോളാമ്പിയും പൂക്കള്‍ പൊഴിക്കുമ്പോഴെല്ലാം, കാലം പെയ്തുപോകുന്നതോര്‍ക്കാതെ ഇന്നും തേടി നടക്കുന്നു. 

'നീയൊരുത്തന്‍ ഞാനൊരുത്തി 
നമ്മള്‍ തന്നിടയ്ക്ക് .......'

ഇക്കാലമത്രയും നിറഞ്ഞ എന്റെ കണ്ണുനീരിനും എന്റെ പ്രണയത്തിനും മേല്‍ ഒരേ മണവും  ഒരേ നിറവും  ഒരേ ചവര്‍പ്പും ഒരേ നെടുവീര്‍പ്പും പടരുമ്പോള്‍ ഒരു കളിത്തോണി പിന്നെയും പിന്നെയും അകന്നു പോകുന്നു. ആകാശമേഘങ്ങളെല്ലാം ഒറ്റ നീലയില്‍ ഘനീഭവിക്കുന്നു. എനിക്ക് വേണ്ടി മാത്രമായി ഒരു പാട്ട് ചൂളമരത്തിന്റെ ചൂളം വിളിക്കും തണുപ്പിനും മീതെ ഒഴുകിപ്പരക്കുന്നു.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം


 

click me!