Latest Videos

പാട്ടിലെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്‍റെ പ്രായമായിരുന്നു...

By My beloved SongFirst Published Nov 30, 2018, 6:35 PM IST
Highlights

ഓരോ ആലോചന വരുമ്പോഴും ചെക്കനെ കാണാന്‍ ഇരുനില  മാളികമേളില്‍ തിക്കിത്തിരക്കുന്ന അമ്മായിമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴും എന്‍റെ മനസില്‍ ഈ പാട്ട് കയറിവന്നു. പെരുംമഴയില്‍ ചീറ്റലടിക്കുമ്പോള്‍ നനയുന്ന വരജനലഴികള്‍ക്കറിയാം ഇതിന്‍റെ ഈണം. 
 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

പണ്ടെപ്പോഴോ മനസില്‍ കയറിക്കൂടിയതാണീ പാട്ട്. ആകാശവാണിയിലെ 'ഇഷ്ടഗാനങ്ങള്‍'ക്കിടയിലോ ദൂരദര്‍ശനിലെ ചിത്രഗീതത്തില്‍ നിന്നോ ആകണം. കേള്‍ക്കുന്തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതി തോന്നുന്നൊരു പാട്ട്. 

'അല്ലിയിളം പൂവോ, 
ഇല്ലിമുളം തേനോ, 
തെങ്ങിളനീരോ തേന്‍മൊഴിയോ 
മണ്ണില്‍ വിരിഞ്ഞ നിലാവോ'.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരസമ്മിശ്രമായ ഗാനം. താരാട്ടുപാട്ടിന്‍റെ ഈണത്തില്‍, തഴുകിത്തലോടുന്ന ഒരിളം തെന്നല്‍ കടന്നുപോകുന്നതുപോലെ.

ഓരോ പ്രായത്തിലും പുനര്‍വായന അര്‍ഹിക്കുന്ന മഹാകാവ്യങ്ങള്‍

പാട്ടിലെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്‍റെ പ്രായമായിരുന്നു. സിനിമാക്കൊട്ടകകളില്‍ വെച്ച് ഉറങ്ങിപ്പോയ കുട്ടികളെ തോളത്തിട്ട് കൊണ്ടുവന്നിരുന്നൊരു കാലങ്ങളില്‍ മനസില്‍ ആ പാട്ട് പക്ഷേ പതിഞ്ഞിട്ടുണ്ടാകില്ല. പിന്നെപ്പോഴോ ശാന്തികൃഷ്ണയെയും നെടുമുടി വേണുവിനെയും അയല്‍വീട്ടിലെ ടെലിവിഷനില്‍ കണ്ടപ്പോഴും പാട്ടല്ലാതെ സിനിമാക്കഥ മനസില്‍ പതിഞ്ഞില്ല. വീണ്ടും വളര്‍ന്നപ്പോഴാണ് കഥ മനസിലാകുന്നത്. അതെപ്പോഴും അങ്ങനെയാണല്ലോ- ഓരോ പ്രായത്തിലും പുനര്‍വായന അര്‍ഹിക്കുന്ന മഹാകാവ്യങ്ങള്‍.

ഹാഫ് പാവാടയില്‍ നിന്ന് ദാവണിയിലേക്ക് മാറുന്നൊരു കാലത്താണ് ആ പാട്ട് ഇത്രമേല്‍ അസ്ഥിക്ക് പിടിക്കുന്നത്. 

സങ്കടക്കടല്‍ തിരമാലകളില്‍ പെട്ടുഴലുമ്പോഴും ആരും കേള്‍ക്കാതെ ഉറക്കെയുറക്കെ പാടുന്നൊരു ഗാനം. എന്‍റെ കണ്‍കോണിലുറഞ്ഞ് വറ്റുന്നൊരു ബാഷ്പത്തിനൊരു സാന്ത്വനം. ആരും കാണാതെ തുടച്ചുകളയുന്നതിന് പകരം, അതിനെ സാന്ദ്രീകരിക്കുന്നൊരു വശ്യമായ രസതന്ത്രം ഈ പാട്ടിനുണ്ട്. ഒറ്റപ്പെടുത്തലിന്‍റെയോ കുറ്റപ്പെടുത്തലിന്‍റെയോ ചുഴികളില്‍ പെട്ടുഴലുമ്പോഴും എനിക്ക് കൂട്ട്, എന്‍റെയീ മധുരഗാനം. 

പാടിപ്പാടി വെളുപ്പിച്ച രാവുകളേറെ. ഒരേ പാട്ട് നിങ്ങളെ വരിഞ്ഞുമുറുക്കി, സഹനത്തിന്‍റെ കാവലാളായി നില്‍ക്കുന്നൊരു രാത്രി സങ്കല്‍പ്പിച്ച് നോക്കൂ. 'കേട്ട് കേട്ട് ബോറാക്കല്ലേ' ഒരു കൂട്ടുകാരി ഹോസ്റ്റല്‍ കാലത്ത് പറഞ്ഞതോര്‍ക്കുന്നു. സന്തോഷനിമിഷങ്ങളില്‍ എന്‍റെ മനസിന്‍റെ പിന്നണിഗാനം ഈ പാട്ടാണ്. മഴപ്പാറ്റലുകളില്‍ നനയാതെ, ഉച്ചവെയിലില്‍ വാടാതെ എന്നെ കൂടെ കൂട്ടിയിരിക്കുന്നൊരു ഗാനം. കാത്തു കാത്തൊരു പ്രിയന്‍റെ വരവും കാത്ത്, കൊയ്‌തൊഴിഞ്ഞ വയലുകളിലേക്ക് നോക്കിയിരുന്നൊരു കല്യാണപ്പെണ്ണിന്‍റെ മനസിലും ഈ വരികളായിരുന്നു. 

കാറ്റത്തുലയുന്ന ടാപ്പോലകള്‍ കണ്ട് പുന്നെല്ല് തിന്നാതെ തത്തകള്‍ ഭയന്നുമാറി

ഓരോ ആലോചന വരുമ്പോഴും ചെക്കനെ കാണാന്‍ ഇരുനില  മാളികമേളില്‍ തിക്കിത്തിരക്കുന്ന അമ്മായിമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴും എന്‍റെ മനസില്‍ ഈ പാട്ട് കയറിവന്നു. പെരുംമഴയില്‍ ചീറ്റലടിക്കുമ്പോള്‍ നനയുന്ന വരജനലഴികള്‍ക്കറിയാം ഇതിന്‍റെ ഈണം. 

പാടിപ്പാടി ഞാനും പാട്ടും വേര്‍തിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞുപോയ രാപ്പകലുകള്‍. 

തവിട്ടുനിറമുള്ള ഓലചുറ്റിയ ടേപ്പ് കാസറ്റുകള്‍ സിഡിക്ക് വഴിമാറിയൊരു കാലത്തെ അവധിക്കാലം എന്‍റെ പ്രിയഗാനം ഓലയായി പുറത്തുവന്ന് പുഞ്ചപ്പാടത്തെ ആകാശവേലികളായി മാറി. കാറ്റത്തുലയുന്ന ടാപ്പോലകള്‍ കണ്ട് പുന്നെല്ല് തിന്നാതെ തത്തകള്‍ ഭയന്നുമാറി. എന്‍റെ പ്രിയഗാനം ആ ഓലകളില്‍ മരിച്ചുകിടന്നു.  

പാട്ടുനിര്‍ത്തിയാല്‍ ചിണുങ്ങിക്കരയുന്ന അവളെ ചിരിപ്പിക്കാന്‍ എല്ലാവരും ആ പാട്ട് പഠിച്ചു

എങ്കിലും എന്നില്‍ ഊറിക്കൂടിയ പാട്ടിനെ ഞാന്‍ ഉലയിലൂതി ജ്വലിപ്പിച്ചു. ആശിച്ച് മോഹിച്ച് ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ ഞാനാദ്യമായി എന്‍റെ പാട്ട് താരാട്ടുപാട്ടാക്കി. കുഞ്ഞിക്കണ്ണുകള്‍ തുറന്നടച്ചും കൈകാലിട്ടടിച്ചും അവളെന്നെ പ്രോത്സാഹാപ്പിച്ചു. പാട്ടുനിര്‍ത്തിയാല്‍ ചിണുങ്ങിക്കരയുന്ന അവളെ കുടുകുടെ ചിരിപ്പിക്കാന്‍ എല്ലാവരും പിന്നെ ആ പാട്ട് പഠിച്ചു. 

താരാട്ടിന്‍റെ, ബാല്യത്തിന്‍റെ, ഒറ്റപ്പെടലിന്‍റെ, ആകാംക്ഷയുടെ, പ്രണയത്തിന്‍റെ, പരിഭവത്തിന്‍റെ, സഹനത്തിന്‍റെ, മാതൃത്വത്തിന്‍റെ രുചിയുള്ള പാട്ട് എന്നെ ഞാനാക്കിയതില്‍ ഒരു വേള വലിയ പങ്ക് വഹിച്ചിട്ടുണ്ടാകാം. എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന പ്രിയഗാനമേ, നിന്നില്‍ക്കൂടി എല്ലാവരും എന്നെക്കാണട്ടെ.

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!