ബാങ്കുവിളിക്കുന്നവരുടെ ജീവിതമറിയാന്‍ സമുദായം ഇനിയെന്നു പഠിക്കും?

By സുമയ്യ പി.കെFirst Published Apr 14, 2017, 1:56 PM IST
Highlights

മകള്‍ ഷെയര്‍ ചെയ്ത ഒരു പെയിന്റിംഗിന്റെ മിസ്റ്റിക് സൗന്ദര്യം കണ്ട് അടിക്കുറിപ്പ് നോക്കുമ്പോഴാണ് കാസര്‍ക്കോട് സ്വദേശിയായ റിയാസ് മൗലവി കൊല്ലപ്പെട്ട വിവരം അറിയുന്നത്. കാലിഗ്രഫിയിലും ചിത്ര രചനയിലും അസാമാന്യ പാടവമുള്ള കരീം ഗ്രാഫി കക്കോവ് വരഞ്ഞിട്ട ഒരു ചിത്രമായിരുന്നു അത്. 

പള്ളിമുറിയില്‍ അക്രമികളുടെ വെട്ടേറ്റ് ചോരവാര്‍ന്നു മരിച്ചു കിടന്ന ഇദ്ദേഹത്തെ സ്വര്‍ഗത്തിലെ പരവതാനിയില്‍ ഉറങ്ങുന്നതായി സങ്കല്‍പ്പിച്ചു വരച്ച ആ ചിത്രം ഒരേ സമയം ഐക്യദാര്‍ഢ്യത്തിന്റെയൂം പ്രതിഷേധത്തിന്റെയും സഹനത്തിന്റെയും സമചിത്തതയുടെയുമെല്ലാം ഭാഷകള്‍ സംസാരിക്കുന്നു, സര്‍ഗാത്മകതയുടെയും സ്വര്‍ഗചിന്തകളുടെയും സൗരഭ്യം പരത്തുന്നു. 

വൈകാരിക വിക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ചില ജേണലിസം പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്. ഇടക്കിടെ എഡിറ്റേഴ്‌സ് ഗില്‍ഡും മറ്റും ഈ വിഷയത്തില്‍ നിര്‍ദേശങ്ങളും പുറത്തിറക്കാറുണ്ട്. അടുത്ത സംഘര്‍ഷമുണ്ടാക്കാന്‍ എന്തെങ്കിലുമൊരു കാരണം കിട്ടിയിരുന്നെങ്കില്‍ എന്നു കാത്തിരിക്കുന്ന സംഘങ്ങളും കേന്ദ്രങ്ങളുമുള്ള കാസര്‍ക്കോട് ആ സൂക്ഷ്മത നല്ലതാവാം. പക്ഷെ ഒരു മനുഷ്യനെ വിശ്വാസത്തിന്റെ പേരില്‍ വെട്ടിക്കൊന്ന, അതു വഴി മാനുഷിക മൂല്യങ്ങളുടെയും ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളുടെയും കഴുത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കത്തിയിറക്കിയ സംഭവം കാര്യമായി ചര്‍ച്ച ചെയ്യാതിരുന്നത് സൂക്ഷ്മതയല്ല. കാട്ടൂരും തേവലക്കരയിലും ആര്‍.എസ്.എസ് കൊലപ്പെടുത്തിയ മറ്റു രണ്ട് മൗലവിമാരുടെ പേരും റിയാസ് വധത്തിനു പിന്നാലെ വീണ്ടും ചര്‍ച്ചയായി. യോഗി ആദിത്യനാഥിന്റെ ജോലിക്കാരുടെ പട്ടിക നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതു കൊണ്ടൊന്നും കാര്യമില്ല, ആര്‍.എസ്.എസിന്റെ സൃഷ്ടിപ്പും വളര്‍ച്ചയും നിലനില്‍പ്പും ന്യുനപക്ഷ വിരോധത്തിലും വിപാടനത്തിലുമൂന്നിയാണ്. അതിനെ പ്രതിരോധിക്കാന്‍ മനുഷ്യത്വവും മതേതരത്വവും ഇന്ത്യയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ചെറുതും വലുതുമായ ശക്തികള്‍ ഒന്നിച്ചു പരിശ്രമിക്കുകയേ വഴിയുള്ളൂ

മരണ ശേഷം ആ വീട്ടിലേക്ക് സമുദായ നേതാക്കളുടെ ഒഴുക്കാണ്.

ഈ കുറിപ്പ്  റിയാസ് മൗലവിയെക്കുറിച്ചല്ല. മേല്‍പ്പറഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകളുടെ സഹപാഠി പറഞ്ഞതു പോലെ റിയാസ് മൗലവി വിഷയത്തില്‍ തല്‍ക്കാലത്തേക്ക് എന്റെയും പ്രതികരണം ആ ചിത്രം മാത്രമാണ്. മരണ ശേഷം ആ വീട്ടിലേക്ക് സമുദായ നേതാക്കളുടെ ഒഴുക്കാണ്. അവിടെ പട്ടിണിയും ദാരിദ്ര്യവുമാണ് കുടിപാര്‍ത്തിരുന്നതെന്ന്  കണ്ടെത്തിയിരിക്കുന്നു. അതു ഗവേഷണം ചെയ്തു കണ്ടെത്തേണ്ട കാര്യമാണോ. മൗലവിയെന്നോ മുസലിയാര്‍ എന്നോ കേള്‍ക്കുമ്പോള്‍ നടന്‍ വി.കെ ശ്രീരാമനെയോ ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാമിനെയോ പാളയം പള്ളി ഇമാമിനെയോ കോഴിക്കോട് ഖാദിയേയോ മന്ത്രിമാരോളം സ്വാധീന ശക്തിയുള്ള ചുരുക്കം ചില വ്യക്തികളെയോ ഒക്കെയാണ് മനസ്സിലെത്തുക. അവര്‍ ഒരു ശതമാനത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പള്ളികളില്‍ ബാങ്കുവിളിക്കാനോ ഖുത്തുബ നടത്താനോ കുട്ടികളെ പഠിപ്പിക്കാനോ ജോലി നോക്കുന്ന ദരിദ്രരായ, സ്വാധീനമില്ലാത്ത 99% വരുന്ന ജീവനക്കാരുണ്ട്. മൗലവി, മുദരിസ്, മുഅല്ലിം, മുസ്‌ല്യാര്‍, ഉസ്താദ്?, കൊച്ചുസ്താദ്, മൊയ്‌ല്യാര്‍, മൊല്ലാക്ക, മുക്രി, തണ്ണി മുക്രി, അങ്ങിനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന മനുഷ്യര്‍. ഇവരുടെ വീടുകളില്‍ പൊതുവായുള്ള ഘടകം ഇല്ലായ്മകള്‍ തന്നെയാണ്. 

ബീഫ് തിന്നുന്നത് അടിച്ചു കൊല്ലപ്പെടാന്‍ തക്ക അപരാധമായി എണ്ണിത്തുടങ്ങിയിട്ടില്ലാത്ത കാലത്ത്, ഓരോ കവലയിലും നാലും അഞ്ചും കോഴിപ്പീടികകള്‍ വരുന്നതിന് മുന്‍പ് വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴിയെ അറുപ്പിക്കാന്‍ മുസ്ല്യാരുടെ അടുക്കലാണ് കൊണ്ടുപോകാറ്. കോഴിയെ അറുക്കുന്നതിന് ചിലര്‍ 25 പൈസ മുതല്‍  ഒരു രൂപ വരെ പൊരുത്തപ്പെട്ട് കൂലി നല്‍കുമായിരുന്നു. ചുരുക്കം ചിലര്‍ കറി വെക്കുമ്പോള്‍ ഒരു കോഴിക്കാല്‍ കൊടുത്തുവിടും. കൂട്ടുകാരി ഇല്ലുവിന്റെ ഉപ്പ ചെറൂട്ടി മൊല്ലാക്കയും അറുക്കുമായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെ. അവളുടെ ചെറുപ്പത്തില്‍ ഒരു ദിവസം പോലും അവരുടെ വീട്ടില്‍ കോഴിക്കറി വെച്ചിട്ടില്ല. 

Photo: KP Rasheed

ഇവരുടെ വീടുകളില്‍ പൊതുവായുള്ള ഘടകം ഇല്ലായ്മകള്‍ തന്നെയാണ്. 

ദൂരദിക്കുകളില്‍ നിന്ന് വന്ന് പള്ളിയില്‍ സേവനം ചെയ്യുന്ന ഉസ്താദുമാര്‍ക്ക് വീടുകളില്‍ നിന്ന് ഭക്ഷണം നല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പക്ഷെ നാട്ടിലെ പള്ളിയില്‍ തന്നെ ജോലി ചെയ്തിരുന്ന മൊല്ലാക്കക്ക് അതും കിട്ടിയിരുന്നില്ല. 15 രൂപ ശമ്പളവും യാസീന്‍ തീര്‍ക്കുമ്പോള്‍ കിട്ടുന്ന കൈമടക്കും കൊണ്ട് വീട്ടു ചെലവും കഴിഞ്ഞുപോയതു തന്നെ കഷ്ടി. അഭിമാനികളായ അവര്‍ ഇല്ലായ്മ ആരെയും അറിയിച്ചില്ല. പള്ളിക്കയറ്റത്തിനപ്പുറം മണ്ണൊതുക്കുകളിലൂടെ അവളുടെ വീട്ടില്‍ പോയതോര്‍ക്കുന്നു. നീളന്‍ തായ്വാരവും അതിനറ്റത്ത് വടക്കിനിയും ഇരുട്ടുമൂടിയ ഒറ്റമുറിയും ഉള്ള വൃത്തിയുള്ള ഒരു ഓലപ്പുര.  ചുവന്ന മണ്ണ് കുഴച്ച് മിനുസപ്പെടുത്തിയ ചുമരുകള്‍,  പൊടിയുടെ തരിപോലുമില്ലാത്ത അരിത്തിണ്ണ. ആ കൂട്ടുകുടുംബത്തിലെ കുറെയേറെ കുട്ടികളിരുന്ന് പാഠങ്ങള്‍ ഉരുവിട്ട്  പഠിച്ച ആ വൈകുന്നേരം ആ വീടൊരു ഓത്തുപള്ളിപോലെ തോന്നിച്ചു. 

കണക്കില്‍ മിടുമിടുക്കിയായിരുന്നു ഇല്ലു, തര്‍ക്കങ്ങള്‍ രമ്യമായി തീര്‍ക്കുന്നതില്‍ അതിലേറെ. ഇന്നല്ലെങ്കില്‍ നാളെ അവള്‍ എന്തെല്ലാമെല്ലാമാകുമെന്ന് ടീച്ചര്‍മാരും കുട്ടികളും പറയുമായിരുന്നു, അവള്‍ക്കതിനുള്ള ആഗ്രഹവും അര്‍ഹതയുമുണ്ടായിരുന്നു. എന്നിട്ടും പത്താം ക്‌ളാസ് പാതിയില്‍ അവള്‍ പഠിപ്പു നിര്‍ത്തി. പഠിച്ചാല്‍ നരകത്തില്‍ പോകുമെന്ന ഭീഷണിക്കാലം പിന്നിട്ടിരുന്നു, പെണ്ണ് നിഴലിനെപ്പോലും കാണരുതെന്നും പഠിച്ച പെണ്ണുങ്ങളാണ് കുഴപ്പക്കാരികളെന്നും വിധിക്കുന്ന ശിരോമണികള്‍ അന്നുമുണ്ടായിരുന്നിരിക്കണം, പക്ഷെ വാട്ട്‌സാപ്പും യൂട്യൂബും പോയിട്ട് ടെലിഫോണ്‍ പോലും ആര്‍ഭാടമായിരുന്ന കാലത്ത് അവരുടെ കുത്തിത്തിരിപ്പുകളൊന്നുമല്ല, മറിച്ച് പട്ടിണിയാണ് അവളുടെ പഠിപ്പു മുടക്കിയത്. മൊല്ലാക്കക്ക് കിട്ടുന്നതു കൊണ്ട ചെലവു കഴിയാതെ വന്നപ്പോള്‍ അവള്‍ വീടുകളില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. 

Photo: KP Rasheed

മൊല്ലാക്കയുടെ മാസ ശമ്പളം അരി കിലോ ഗ്രാമിന് നാല്‍പതു കടന്ന ഇക്കൊല്ലവും നാലായിരത്തഞ്ഞൂറാണ്

പാട്ട വിളക്കും പെട്രോമാക്‌സും വെളിച്ചമിട്ടിരുന്ന, ഓലയും ഓടും മേഞ്ഞ സ്രാമ്പികള്‍ വലിയ മിനാരങ്ങളും മിനുമിനുത്ത ഗ്രാനൈറ്റ് തറകളും എല്‍.ഇ.ഡി വെളിച്ചവുമുള്ള വലിയ പള്ളികളാവുകയും വരുമാനത്തിന് ഷോപ്പിംഗ് കോംപ്‌ളക്‌സുകളുയരുകയും ചെയ്യുമ്പോഴും അതിനൊത്ത് ഉയര്‍ച്ചയില്ലാത്ത ഒന്ന് അവിടുത്തെ ജീവനക്കാരുടെ വേതനമാണ്. 

റമദാന്‍ മാസത്തെ എതിരേല്‍ക്കാന്‍ യൂട്യുബ് ഫെയിമുകളായ മൗലവിമാരുടെ പ്രഭാഷണ പരമ്പരകള്‍ അരങ്ങുപൊടിക്കുന്ന നാളുകളാണ്. സുപ്രിംകോടതി വക്കീലന്‍മാരെ പോലെ  മണിക്കൂറിന് ഫീസുവാങ്ങുന്ന മൗലവിമാര്‍ക്കാണ് ഡിമാന്റ്. ഇവരുടെ ചിത്രങ്ങളും മഹത്വങ്ങളുമെഴുതിയ,തമിഴ്‌നാട്ടിലെ കട്ടൗട്ട് സംസ്‌കാരത്തെ ഓര്‍മിപ്പിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളുമാണ് നാലുമുക്കിലും. അതും ശാക്തീകരണമാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ഒരു മണിക്കൂറിന് അര ലക്ഷം ഫീസുവാങ്ങുന്ന മൗലവിയുടെ പ്രസംഗം നടക്കുന്ന പള്ളിയിലെ മൊല്ലാക്കയുടെ മാസ ശമ്പളം അരി കിലോ ഗ്രാമിന് നാല്‍പതു കടന്ന ഇക്കൊല്ലവും നാലായിരത്തഞ്ഞൂറാണ്.

ഓത്തുപള്ളി കണക്കെ വൈകുന്നേരം ഉച്ചത്തില്‍ പാഠങ്ങളുരുവിടുന്ന കുറെയേറെ മക്കളുടെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. അവിടുത്തെ തലേക്കെട്ടുകാരനായ ഗൃഹനാഥന്‍ ഇല്ലാതായിട്ടുവേണോ നിങ്ങള്‍ക്ക് അവരുടെ ഇല്ലായ്മകളിലേക്ക് കയറിച്ചെല്ലാന്‍?

click me!